ADVERTISEMENT

ഇടവപ്പാതി തുടങ്ങിയാൽ വടക്കൻ കേരളത്തിലെ പാടവരമ്പത്തും നാട്ടുവഴികളിലും കുഞ്ഞുദൈവങ്ങളെ കണ്ടുതുടങ്ങും.

ചോപ്പ് ഉടയാട ചാർത്തി, ചായില്യം കൊണ്ടു  മുഖത്തെഴുതി,  മെയ്യാഭരണങ്ങളണിഞ്ഞു, വെള്ളിത്താലികൾ ഇടകിയാടുന്ന തിരുമുടി മേലേ തലയുയർത്തി നിൽക്കുന്ന നാഗബിംബവുമായി ചെണ്ടയുടെ  അകമ്പടിയോടെ  ആടിവേടൻ വീടുവീടാന്തരം സന്ദർശനത്തിനിറങ്ങുന്ന കാലമാണത്.

ADVERTISEMENT

ഇടവം  മുതൽ  തുലാമാസം പത്താം തീയതി വരെ മലബാറിൽ തെയ്യാട്ടങ്ങൾക്ക് അവധിക്കാലമാണ്. അക്കാലത്താണു കുട്ടിത്തെയ്യങ്ങൾ അഥവാ കർക്കടക തെയ്യങ്ങളുടെ വരവ്. അതിൽ പ്രധാനമാണ് ആടിവേടൻ. ആടി മാസത്തിലെ വേടൻ തെയ്യം എന്നർഥത്തിലും ശ്രീപാർവതിയും (ആടി) പരമേശ്വരനും (വേടൻ) എന്ന അർഥത്തിലും  ആടിവേടൻ എന്നു പ്രയോഗിക്കാറുണ്ട്. പക്ഷേ, ഇരു തെയ്യങ്ങളും ഒന്നിച്ച് ഇറങ്ങാറില്ല.  വടക്കൻ കേരളത്തിൽ ആധിവ്യാധികളകന്ന് ഐശ്വര്യപൂർണമായി ചിങ്ങമെത്തണമെങ്കിൽ   ആടിവേടൻ വന്നേ തീരൂ.

മണികിലുക്കി ചുവട് വച്ച്

ADVERTISEMENT

വീടുകളുടെ മുറ്റത്തെത്തിയാൽ ഒറ്റച്ചെണ്ടത്താളത്തിനും ആടിവേടൻ പാട്ടിനുമൊപ്പിച്ചു കയ്യിലെ കുടമണികിലുക്കി വട്ടത്തിൽ ചുവടുകൾ വച്ചു  കളിയാടും. ഇതോടെ വിനാശകാരികളായ ജ്യേഷ്ഠകൾ വീടുവിട്ടൊഴിയുകയും ശ്രീയുടെയും സമ്പത്തിന്റെയും അധിദേവതയായ ലക്ഷ്മീ ദേവി കുടിയേറുകയും ചെയ്യുമെന്നാണു വിശ്വാസം.

‘‘വേടൻ തെയ്യം കെട്ടി കുട്ടികളെത്തുമ്പോൾ വീട്ടുകാർ  നിലവിളക്കു കൊളുത്തി സ്വീകരിക്കും. ആധിയും വ്യാധിയും ഒഴിയാൻ ഗുരുസി (ഗുരുതി) തയാറാക്കി ഉഴിഞ്ഞു മറിക്കും. വേടനു കറുത്ത ഗുരുസിയാണ്. അതു തെക്കോട്ടു വേണം ഉഴിഞ്ഞു മറിക്കാൻ. ആടി വരുമ്പോൾ ചുവന്ന ഗുരുസി, ഉഴിഞ്ഞു വടക്കോട്ടു മറിക്കുകയാണു പതിവ്. ’’ തെയ്യം കെട്ട് കലാകാരൻ ഒ.സി. കണ്ണൻ ഓർമിപ്പിക്കുന്നു. കണ്ണന്റെ വീട്ടിലെ കുഞ്ഞുങ്ങൾ വേടൻ തെയ്യം കെട്ടൽ പതിവുണ്ട്.

ADVERTISEMENT

‘‘കൊച്ചുകുട്ടികളാണു വേടന്റെയും ആടിയുടെയും വേഷമണിയുക. കുഞ്ഞു ദൈവങ്ങൾ  ഏറെദൂരം നടന്നു തളരുമ്പോൾ മുതിർന്നവർ കൈകളിലെടുത്തു നടക്കും. വേടൻ തെയ്യം കെട്ടുന്നതു മലയ സമുദായക്കാരും  ആടിയുടെ  വേഷം കെട്ടുന്നതു വണ്ണാൻ സമുദായക്കാരുമാണ്.’’ തെയ്യം എൻസൈക്ലോപീഡിയയ്ക്കായി അഞ്ചു വർഷം തുടർച്ചയായി  തെയ്യം ചിത്രങ്ങൾ പകർത്തുന്ന ഫൊട്ടൊഗ്രഫർ  ശ്രീകുമാർ എരുവട്ടി പറയുന്നു.

aadivedan-story-new

‘‘പാശുപതാസ്ത്രം കരസ്ഥമാക്കാൻ അർജുനൻ കഠിന തപസ്സ് തുടങ്ങി.’’ ആടിവേടന്റെ ഐതിഹ്യം  പറയുന്നു ചിത്രകാരനും  കലാഗവേഷകനുമായ കെ.കെ. മാരാ ർ. തെയ്യങ്ങളുടെ  മുഖത്തെഴുത്തിനെയും വേഷഭൂഷാദികളെക്കുറിച്ചുമാണു തലശ്ശേരിക്കാരനായ മാരാർ മാഷ്ടെ പ്രധാന ഗവേഷണം.‘‘ അർജുനനെ പരീക്ഷിക്കണം എന്നു നിശ്ചയിച്ച ശിവഭഗവാൻ പാർവതീ സമേതനായി വേടന്റെയും വേടത്തിയുടെയും രൂപത്തിൽ കാട്ടിലെത്തി.  ഈ സമയം മൂകൻ എന്ന അസുരൻ കാട്ടുപന്നിയായി അർജുനനെ ആക്രമിക്കാനെത്തി.  

അർജുനൻ കാട്ടു പന്നിക്കു നേരെ അമ്പു തൊടുത്തതും മറ്റൊരമ്പുകൂടി കാട്ടുപന്നിയുടെ ദേഹത്തു കൊണ്ടു. ആരുടെ അമ്പ് കൊണ്ടാണ് കാട്ടുപന്നി വീണതെന്നു വേടനും അർജുനനും തമ്മിൽ തർക്കമായി. പിന്നെയതു യുദ്ധമായി. അർജുനൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വേടനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

അതോടെ താൻ പൂജിക്കുന്ന ശിവലിംഗത്തിൽ കാട്ടുപൂക്കൾ അർപ്പിച്ചു അർജുനൻ പ്രാർഥിച്ചു. പക്ഷേ, ആ പൂക്കളെല്ലാം വേടന്റെ കാൽപാദങ്ങളിൽ പതിച്ചു. സത്യം മനസ്സിലാക്കിയ അർജുനൻ ഭഗവാനോടു മാപ്പപേക്ഷിച്ചു. ശിവപാർവതിമാർ സംപ്രീതരായി. ശിവഭഗവാൻ അർജുനനു പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു.  ’’     

‘‘സ്കൂളിൽ പോകുന്ന തിരക്ക് ഉണ്ടെങ്കിലും പാരമ്പര്യം നഷ്ടപ്പെട്ടു പോകരുത് എന്നു കരുതി തെയ്യമിറങ്ങേണ്ട ദിവസങ്ങളിൽ  ക്ലാസ് ഒഴിവാക്കി, തെയ്യം കെട്ടാൻ അവകാശമുള്ള വീട്ടുകാർ കുട്ടികളെ ഒരുക്കിയിറക്കും.’’ തന്റെ ഫോട്ടോ യാത്രകളിലെ അറിവ് തെയ്യം ഫൊട്ടോഗ്രഫർ ശശികുമാർ പട്ടുവം പങ്കുവയ്ക്കുന്നു.

ചെമ്പരത്തി ചന്തമോടെ

‘‘മുൻകാലങ്ങളിൽ ആൺകുട്ടികൾ മാത്രമായിരുന്നു കുട്ടിത്തെയ്യം കെട്ടുക. എന്നാൽ, കാലത്തിന്റെ മാറ്റം പെൺകുട്ടികളുടെ മുഖശ്രീയിലും ചായില്യം പുരളാൻ അവസരം ഒരുക്കുന്നുണ്ട്. ’’ തെയ്യത്തോടുള്ള അഭിനിവേശം ഫൊ ട്ടോഗ്രഫിയിലേക്ക് നയിച്ച കണ്ണൂർകാരൻ അശ്വിൻ രാധാകൃഷ്ണൻ എന്ന ഡിഗ്രി വിദ്യാർഥി പറയുന്നു.

നാടെങ്ങും ഇലകൾ മഴയിൽ  കുളിച്ചു കൂടുതൽ പച്ചയണിഞ്ഞു നിൽക്കുമ്പോഴാണു കടും ചുവപ്പണിഞ്ഞ് ആടിവേടൻ തെയ്യമിറങ്ങുന്നത്.

പച്ചപ്പട്ടണിഞ്ഞ പാടവരമ്പത്തൂകൂടിയും പച്ചപ്പ്  അതിരിട്ട നാട്ടു വഴികളിലൂടെയും  ചെമ്പരത്തിപ്പൂ ചന്തത്തോടെ ആടിവേടൻ നടന്നു തീർത്ത  വഴികളിലൂടെയാണു  പൊന്നിൻ ചിങ്ങത്തിന്റെ വരവ്.

Aadi Vedan: The Monsoon Child Theyyam of North Kerala:

Aadi Vedan is a prominent child Theyyam that graces North Kerala during the monsoon season, specifically from the beginning of 'Edavappathi' until the tenth of 'Thulam'. This vibrant folk art form, characterized by its colorful attire and auspicious significance, is believed to ward off evil spirits and usher in prosperity.

ADVERTISEMENT