കുഞ്ഞൻ കാർ അത്ര നിസ്സാരമല്ല: ഡൈകാസ്റ്റ് ഹോബിയുടെ ത്രില്ലും രസവും അറിയാം Exploring the World of Diecast Hobby in Kerala
Mail This Article
മലയിടുക്കിലെ മണ്‍പാതയിലൂടെ കിതച്ചും മുരണ്ടും പിന്നെ റിവേഴ്സ് എടുത്ത് ഇരമ്പിപ്പാഞ്ഞും നീങ്ങുന്ന ജീപ്പ്. ഒരു വശത്തു കലങ്ങിയൊഴുകുന്ന പുഴ. മറുവശത്ത് ഉയരത്തിൽ മലഞ്ചെരിവുകൾ. കയറ്റം കയറി മുകളിലെത്തി ജീപ്പ് സേഫ് ആയി പാർക് ചെയ്യുമ്പോൾ ചുറ്റും നെഞ്ചിടിപ്പോടെ കണ്ടുനിന്നവർ ആഹ്ലാദത്തോടെ കയ്യടിക്കുന്നു.
ഏതോ സാഹസിക ട്രെക്കിങ് ക്യാംപാണു രംഗമെന്നു തോന്നിയോ ? അല്ലേയല്ല. റിമോട് കൺട്രോളിലോടുന്ന കുഞ്ഞൻ വണ്ടികളുടെ മത്സരയിനം മാത്രമാണിത്. കുഞ്ഞൻ വണ്ടികളുടെ ഒട്ടും ചെറുതല്ലാത്ത അത്ഭുതലോകത്താണ് ഇന്നു മലയാളികൾ.
വിദേശത്തുനിന്നും മറ്റും വരുന്നവർ മക്കൾക്കു സമ്മാനമായി കൊണ്ടുവന്നിരുന്ന കുഞ്ഞൻ കാറുകളാണ് ഈ ട്രെൻഡിനു തുടക്കമിട്ടത് എന്നു വേണമെങ്കിൽ പറയാം. സൂപ്പർമോഡൽ വാഹനങ്ങളുടെ ലുക്കും ഫീച്ചറുകളും തികഞ്ഞ കുഞ്ഞൻ പതിപ്പ് ശേഖരിക്കുന്നതു പലരും ശീലമാക്കിയിരുന്നെങ്കിലും എന്തു വില കൊടുത്തും എക്സ്ക്ലൂസീവ് മോഡലുകൾ എത്തിക്കാൻ ഇന്നു പലർക്കും മടിയില്ല.
ചെറുവാഹനങ്ങൾ ശേഖരിക്കുന്ന ഈ ഹോബിയുടെ പേരാണ് ഡൈകാസ്റ്റ് കലക്‌ഷൻ. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇവ ഓടിച്ച് ട്രെക്കിങ് നടത്തുന്നതു പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ഇവരുടെ ചില രസങ്ങൾ മാത്രം.
കുഞ്ഞൻ ‘അത്ര’ ചെറുതല്ല
യഥാർഥ വാഹനങ്ങളുടെ കെട്ടിലും മട്ടിലും ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞൻ ‘കളിപ്പാട്ട’ങ്ങളാണ് ഡൈകാസ്റ്റ് മോഡലുകൾ. ആഡംബര വാഹനങ്ങളുടെ വലുപ്പത്തിന്റെ അനുപാതം പാലിച്ച് പുറത്തിറക്കുന്ന സ്കെയിൽ മോഡലുകൾക്കു വലിയ ഡിമാൻഡാണ്. 200 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ മോഹവിലയുള്ള മോഡലുകളുമുണ്ട്.
എത്ര മോഡലുകൾ കയ്യിലുണ്ടെങ്കിലും പുതിയതു പുറത്തിറങ്ങുമ്പോൾ കൗതുകം തോന്നുമെന്നു പറയുകയാണ് 30 വർഷത്തിലധികമായി ഡൈകാസ്റ്റ് കലക്‌ഷൻ നടത്തുന്ന കോട്ടയം കഞ്ഞിക്കുഴിയിലെ ബിസിനസുകാരനായ ബിനു ജേക്കബ്.
‘‘ഹോട് വീൽസ് കലക്ട് ചെയ്തായിരുന്നു തുടക്കം. കിട്ടുന്ന മോഡലുകളെല്ലാം വാങ്ങും. എണ്ണം കൂടിക്കൂടി വന്നതോടെ എക്സ്ക്ലൂസീവ് മോഡലുകളിലേക്കു മാറി.
200ലധികം ബെൻസ് മോഡലുകളുണ്ട് കയ്യിൽ.
റോൾസ് റോയ്സും ബുഗാട്ടിയും ലംബോർഗിനിയും വേറേ. കാറും ബൈക്കും ട്രക്കും ബസും മുതൽ വിമാനവും ഫൈറ്റർ ജെറ്റും വരെയായി 1500ലേറെ എണ്ണമുണ്ട് കയ്യിൽ. ഓർഡർ ചെയ്തു രണ്ടു വർഷത്തിലേറെ കാത്തിരുന്നു കയ്യിലെത്തിയ ബുഗാട്ടിയാണ് കൂട്ടത്തിലെ സ്റ്റാർ. 1:18 സ്കെയിലിലുള്ള വലിയ മോഡലുകളും 1:43 സ്കെയിലിലുള്ള ചെറിയ മോഡലുകളും കലക്‌ഷനിലുണ്ട്.
ഡിസ്പ്ലേ മുഖ്യം
വാഹനങ്ങളെല്ലാം ചിട്ടയോടെ അടുക്കിവയ്ക്കും. ലിവിങ് റൂമിൽ മൂന്നു ഷെൽഫുകൾ നിറയെ ബെൻസ് മോഡലുകളാണ് ഡിസ്പ്ലേ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവ സെല്ലാറിലെ ഷെൽഫുകളിലാണ്. ഡയരോമ (Diorama) പോലെ വാഹനങ്ങൾ സെറ്റ് ചെയ്യുന്നതും ഹരമാണ്. വർക് ഷോപ്, വീട്, കാർ ഷോറൂം എന്നിങ്ങനെ മിനിയേച്ചർ ഉണ്ടാക്കി വാഹനങ്ങൾ അവയിൽ പാർക് ചെയ്യുന്ന രീതിയാണത്. സ്വന്തം കാറുകളുടെ മിനിയേച്ചറും ഉണ്ടാക്കിയിട്ടുണ്ട്...
ബിനു ജോണിന്റെ ഡൈകാസ്റ്റ് വിശേഷങ്ങളും കേരളത്തിൽ ട്രെൻഡാകുന്ന ഡൈകാസ്റ്റ് ഹോബിയുടെ അപൂർവ കഥകളും പുതിയ ലക്കം (മെയ് 9– 22) വനിതയിൽ വിശദമായി വായിക്കാം.
