ADVERTISEMENT

കുറച്ചു ദിവസം മുൻപാണു കൊച്ചിയിലെ സംരംഭകയായ വീട്ടമ്മയുടെ ടെലഗ്രാമിലേക്കു പരിചയമില്ലാത്ത നമ്പരിൽ നിന്ന് മെസേജ് വന്നത്. മുഖം വ്യക്തമല്ലാത്ത തരത്തിൽ ‘ബ്ലർ’ (Blur) ആക്കിയ ആ ചിത്രത്തിനൊപ്പം ‘Is this you ?’ എന്ന ചോദ്യവുമുണ്ടായിരുന്നു.

മുഖത്തിനൊപ്പം നഗ്നശരീരമാണ് ഉള്ളതെന്നു അവ്യക്തമായി മനസ്സിലാകുന്നുണ്ടെങ്കിലും തന്റെ അത്തരമൊരു ചിത്രം എങ്ങനെ പുറത്തുവന്നു എന്ന വെപ്രാളത്തിൽ അവർ ലിങ്കിൽ ക്ലിക് ചെയ്തു. തന്റെ നഗ്നവിഡിയോ കണ്ട് ഒരു നിമിഷം അവർ സ്തബ്ധയായി നിന്നു. പത്തു മിനിറ്റിനുള്ളിൽ അടുത്ത മെസേജ് എത്തി, ‘ഈ വിഡിയോ ഭർത്താവിന് അയയ്ക്കേണ്ടെങ്കിൽ 25000 രൂപ ഉടൻ കിട്ടണം...’

ADVERTISEMENT

കേട്ടപാടേ പണം അയച്ചു നൽകിയെങ്കിലും പിന്നാലെ അടുത്ത വിഡിയോകളും അയച്ചു ഭീഷണി തുടർന്നു. മൂന്നു ദിവസത്തിനുള്ളിൽ 40 ലക്ഷത്തിലധികം രൂപ കൈമാറിയ ശേഷമാണ് വ്യാജവിഡിയോ കാട്ടി പണം തട്ടുന്നു എന്ന പരാതിയുമായി അവർ പൊലീസിനെ സമീപിച്ചത്.

അടുത്ത സംഭവം നടന്നതു കോഴിക്കോടാണ്. പ്ലസ് വൺ വിദ്യാർഥിനിയുടെ ഫോണിലേക്കു വന്നത് ആൺകുട്ടിയെ ചുംബിക്കുന്ന ചിത്രമാണ്. 1000 രൂപ ഉടൻ അയച്ചു നൽകിയില്ലെങ്കിൽ ക്ലാസ്സിലെ മറ്റു കുട്ടികൾക്ക് അയയ്ക്കുമെന്ന ഭീഷണി വന്നതോടെ അമ്മയുടെ അക്കൗണ്ടിൽ നിന്നു രഹസ്യമായി പണമയച്ചു. ഇതു ശ്രദ്ധയിൽ പെട്ടു ചോദ്യം ചെയ്തപ്പോൾ മകൾ പറഞ്ഞതൊന്നും ആ അമ്മ വിശ്വസിച്ചില്ല. മകളുടെ ‘വഴി തെറ്റിയ’ സഞ്ചാരത്തിന്റെ തെളിവാണ് അതെന്നു പറഞ്ഞു മുറിക്കകത്തു പൂട്ടിയിട്ടു അവർ.

ADVERTISEMENT

അടുത്ത സംഭവം കൊല്ലത്തു നിന്നാണു റിപ്പോർട്ട് ചെയ്തത്. വിവാഹം നിശ്ചയിച്ചിരുന്ന പെൺകുട്ടിയും സുമുഖനായ ഒരു ചെറുപ്പക്കാരനും കൂടി മൂന്നാറിൽ വച്ചെടുത്ത ഫോട്ടോ പ്രതിശ്രുത വരന്റെ നമ്പരിലേക്ക് ആരോ അയക്കുന്നു. ഭാവിവധുവിന്റെ സ്വഭാവശുദ്ധിയിൽ സംശയം തോന്നിയ യുവാവ് നേരേ ചെന്നു കാര്യം തിരക്കുന്നു.

അങ്ങനെയൊരാളെ അറിയില്ലെന്നു മാത്രമല്ല മൂന്നാറിൽ പോയിട്ടു പോലുമില്ല എന്നു പെൺകുട്ടി പറഞ്ഞെങ്കിലും സംഗതി കൈവിട്ടുപോയി.

ADVERTISEMENT

മൂന്നു സംഭവങ്ങളിലും സമാനമായി ഒരു കാര്യമുണ്ട്, സ്വന്തം ചിത്രം എങ്ങനെ ഇത്തരമൊരു സാഹചര്യത്തിൽ ഉപയോഗിക്കപ്പെട്ടു എന്നു മൂന്നു പേർക്കും അറിയില്ല.

കെണി ഇങ്ങനെ

ടെലഗ്രാം വഴിയാണ് ഇത്തരത്തിലുള്ള പല തട്ടിപ്പുകളും നടക്കുന്നത്. ഡിപി ആയി വച്ചിരിക്കുന്ന ചിത്രം എഐ പ്രോംപ്റ്റുകൾ ഉപയോഗിച്ച് ആർക്കൊപ്പവും നഗ്നചിത്രമോ നഗ്നവിഡിയോയോ ആക്കി മാറ്റിയാണ് തട്ടിപ്പിന്റെ തുടക്കം.

നിങ്ങളുടെ തന്നെ അക്കൗണ്ടിലേക്കു മുഖം ബ്ലർ ആക്കിയ നഗ്നവിഡിയോ ‘ഇതു നിങ്ങളാണോ’ എന്ന ചോദ്യത്തോടെ വരുമ്പോൾ ആരായാലും ക്ലിക് ചെയ്തുപോകും. ആ ലിങ്കിലൂടെ ഓപ്പണാകുന്ന വിഡിയോയിൽ നിങ്ങളുടെ മുഖമാണെന്നു കണ്ടു ഞെട്ടും മുൻപ് ഒരു കാര്യം ഓർക്കുക. ആ ഫോട്ടോയോ വിഡിയോയോ ഫോണിലേക്ക് ഡൗൺലോഡ് ആകുന്നതിനൊപ്പം നിങ്ങളുടെ ഫോണിലെ ഡാറ്റ ഉപയോഗിക്കാനുള്ള ലിങ്ക് കൂടിയാകും അത്.

നിങ്ങളുടെ ഫോൺ ഗാലറിയിലെ നിങ്ങളുടെ തന്നെ പലവിധ ചിത്രങ്ങളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ചിത്രങ്ങളും ഇത്തരത്തിൽ ഡീപ് ഫേക് നഗ്നചിത്രമോ വിഡിയോയോ ആക്കി അയച്ചാകും തട്ടിപ്പിന്റെ അടുത്ത ഘട്ടം. അവ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നാകും ആവശ്യം. അത്തരം ഫോട്ടോയും വിഡിയോയും പുറത്തു വന്നാൽ പ്രശ്നമാകുമെന്നോർത്തു പണം നൽകുമെങ്കിലും ഭീഷണി അടുത്ത ഘട്ടത്തിലേക്കു പോകും. നിങ്ങളുടെ ഫോണിലെ കോണ്ടാക്ടുകൾ ഉപയോഗിച്ച് അവർക്കു ചിത്രങ്ങളയച്ചും തട്ടിപ്പു തുടരും.

ഇത്തരത്തിൽ ഡീപ് ഫേക് വിഡിയോകൾ വഴി ബ്ലാക്മെയിൽ ചെയ്യപ്പെടുന്നവരിൽ കുട്ടികൾ വരെയുണ്ട്. 1000 രൂപ മുതൽ 25000 രൂപ വരെയാണ് ആദ്യം ആവശ്യപ്പെടുക. ഫോൺ ഡാറ്റയിലെ ബാങ്കിടപാടുകൾ പരിശോധിച്ചാണ് എത്ര പണം അക്കൗണ്ടിലുണ്ടെന്നു തട്ടിപ്പുകാർ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ 45 ലക്ഷം രൂപ വരെ തട്ടിപ്പുകാർക്കു ട്രാൻസ്ഫർ ചെയ്ത കേസും പരിഗണനയിലുണ്ട്. മക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ഫോട്ടോ വച്ച് വിഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവരിൽ നിന്നു പണം തട്ടിയത്.

cybersafetydeepfakescamintelegram

അപകടം തിരിച്ചറിയാം

ഇന്നു മിക്കവരും എഐ ചിത്രങ്ങളുണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൽ അമിതതാത്പര്യം കാണിക്കുന്നുണ്ട്. 25 വയസ്സുകാരിയെപ്പോലെ, പർവതാരോഹകയെപ്പോലെ, അധ്യാപികയുടെ വേഷത്തിൽ, സെലിബ്രിറ്റിക്കൊപ്പം എന്നൊക്കെ പ്രോംപ്റ്റുകൾ നൽകി ചിത്രങ്ങളുണ്ടാക്കാനായി ഫോൺ ഗാലറിയിൽ നിന്നാണു ചിത്രങ്ങൾ അപ്‍‌ലോഡ് ചെയ്യുന്നത്.

ലോകത്തിന്റെ പല ഭാഗത്തിരുന്നും ഇത്തരത്തിൽ കോടിക്കണക്കിനാളുകൾ പ്രോംപ്റ്റുകൾ നൽകി ചിത്രങ്ങളുണ്ടാക്കുന്നുണ്ടാകും. ഇത്തരത്തിൽ ഉണ്ടാക്കുന്ന / ഉണ്ടാക്കപ്പെടുന്ന ചിത്രങ്ങൾ എഐയുടെ പ്രോപർടിയായി മാറും.

30 വയസ്സു തോന്നിക്കുന്ന, കട്ടിമീശമുള്ള യുവാവിനൊപ്പം കപ്പിൾ ഫോട്ടോയാക്കി തരാമോ എന്നു ചോദിച്ചു നിങ്ങളുടെ ഫോട്ടോ നൽകിയാൽ ഏതാനും സെക്കൻഡുകൾക്കകം ഒറിജിനലിനെ വെല്ലുന്ന കപ്പിൾ ഫോട്ടോ എഐ നിർമിച്ചു നൽകും. പക്ഷേ, ഫോട്ടോയിലുള്ള 30 വയസ്സുള്ള ചുരുണ്ട മുടിക്കാരൻ ലോകത്തിന്റെ ഏതെങ്കിലും കോണിലുള്ള, മുൻപ് ഇത്തരത്തിൽ എഐ ചിത്രം നിർമിക്കാൻ സ്വന്തം ഫോട്ടോ എഐക്കു നൽകിയ യഥാർഥവ്യക്തി തന്നെയാകും.

ഇത്തരത്തിലുള്ള വ്യക്തി തന്നെയാണു നിങ്ങളുടെ നഗ്നവിഡിയോയിൽ ഉള്ളതെന്നും അയാളെ നിങ്ങളുടെ സുഹൃത്തിനു പരിചയമുണ്ടെന്നും കരുതൂ. അതുണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. കുടുംബകലഹങ്ങൾ മാത്രമല്ല, ധനഷ്ടവും മാനഹാനിയും കൂടിയാകും ഫലം. ‌

എഐ പ്രോംപ്റ്റ് ഉപയോഗിച്ചാണു നഗ്നഫോട്ടോയും വിഡിയോയും ഉണ്ടാക്കുന്നതെന്ന് ആദ്യമേ പറഞ്ഞല്ലോ. വിഡിയോയിലോ ഫോട്ടോയിലോ ഉള്ളതു പോലൊരൊൾ ശരിക്കുമില്ലെങ്കിൽ രക്ഷപ്പെട്ടു. അതല്ലെങ്കിൽ തെളിയിക്കാൻ നിയമവഴികൾ നോക്കേണ്ടിവരും.

സൈബർ സേഫ്റ്റി ടിപ്സ്

  • എഐ പ്രോംപ്റ്റ് ഉപയോഗിച്ച് ഒരിക്കലെങ്കിലും സ്വന്തം എഐ ചിത്രം നിർമിച്ചിട്ടുള്ളവരാണു പരാതിയുമായി വരുന്നവരിൽ ഭൂരിഭാഗവും. ഇത്തരം ആപ്പുകൾക്കു ഫോൺ ഗാലറി ആക്സസ് നൽകുമ്പോൾ ‘റെസ്ട്രിക്ടഡ്’ (Restricted) ആക്കിവയ്ക്കുക.
  • ഫോട്ടോയോ വിഡിയോയോ ഡൗൺലോഡ് ചെയ്യാനായി വരുന്ന ലിങ്കുകൾ ക്ലിക് ചെയ്യരുത്. ഇതു നിങ്ങളാണോ, ഇതു നിങ്ങളുടെ സുഹൃത്താണോ... എന്നൊക്കെ ചോദിച്ചു വരുന്ന ഒരു ലിങ്കും തുറക്കരുത്. പരിചയക്കാരുടെ നമ്പരുകളിൽ നിന്നു വരുന്ന ഇത്തരം മെസേജുകളും നേരിട്ടു വിളിച്ച് ഉറപ്പാക്കിയ ശേഷം മാത്രം തുറക്കുക.
  • ചാറ്റിങ് ആപ്പുകളിലും മറ്റും ഓട്ടോ ഡൗൺലോഡ് ഓപ്ഷൻ ഓഫ് ചെയ്യുക.
  • മോതിരം ധരിച്ചതോടെ കഷ്ടകാലം മാറി എന്ന മട്ടിലൊക്കെ സെലിബ്രിറ്റികൾ പറയുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വരും. പ്രസ്തുത മോതിരം കിട്ടാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യൂ എന്നുകണ്ടു ചാടിക്കയറി ക്ലിക് ചെയ്യരുത്.
English Summary:

AI scams are on the rise, with individuals being blackmailed using deepfake videos created from their own images. These sophisticated scams, often initiated through platforms like Telegram, exploit personal photos to generate explicit content and demand money, leading to significant financial and emotional distress.

ADVERTISEMENT