‘പിൽക്കാലത്തുള്ള എന്റെ എല്ലാ അനുഭവങ്ങളും ആ മുറിവിനെ തൊട്ടും തലോടിയുമുള്ള പ്രയാണങ്ങളാണ്’: എന്‍.ജി. നയനതാര സംസാരിക്കുന്നു Arundhati Roy's 'Mother Mary Comes to Me' Arrives in Malayalam
Mail This Article
ലോകത്തിന് കേരളം നൽകിയ വലിയ പേരുകളിലൊന്നാണ് അരുന്ധതി റോയ്. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ആക്ടിവിസ്റ്റ്... എന്നിങ്ങനെ വിലാസങ്ങൾ പലതാണ് അരുന്ധതിക്ക്. ബുക്കർ പ്രൈസിന്റെ പെരുമയോളം വളർന്ന ‘The God of Small Things’നും (1997) വർഷങ്ങള്‍ക്കു ശേഷം എത്തിയ ‘The Ministry of Utmost Happiness’ (2017) നും മറ്റനേകം നോൺഫിക്ഷൻ പുസ്തകങ്ങൾക്കും ശേഷം അരുന്ധതി എഴുതിയ കൃതിയാണ് ‘മദർ മേരി കംസ് ടു മീ’. ആത്മകഥാംശം തുളുമ്പുന്ന രചന. അമ്മയുമായുള്ള തന്റെ സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ചാണ് ‘മദർ മേരി കംസ് ടു മീ’യിൽ അരുന്ധതി റോയി തുറന്നെഴുതിയിരിക്കുന്നത്.
ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന തന്റെ ഓര്‍മ്മകളെ പുസ്തകത്തില്‍ അരുന്ധതി രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള വായനാസമൂഹം ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞ ‘മദർ മേരി കംസ് ടു മീ’ ഇപ്പോഴിതാ മലയാളത്തിലേക്കെത്തിയിരിക്കുന്നു. കഴിഞ്ഞ വർഷം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച പുസ്തകം പ്രശസ്ത വിവർത്തകയും മാധ്യമ പ്രവർത്തകയുമായ എന്‍.ജി. നയനതാരയാണ് മലയാളത്തിലേക്ക് മാറ്റിയെഴുതിയിരിക്കുന്നത്.
‘മദർ മേരി കംസ് ടു മീ’ വിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ അരുന്ധതി റോയ് അനുഭവങ്ങളെക്കുറിച്ച് എന്‍.ജി. നയനതാര ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
‘‘അരുന്ധതി റോയിക്ക് ബുക്കർ പ്രൈസ് കിട്ടുമ്പോൾ ഞാൻ ഏഴാം ക്ലാസ്സിലാണ്. മരിച്ചുകിടന്നു വായിക്കുന്ന കാലമൊക്കെയാണെങ്കിലും, ആ പുസ്തകമല്ല എന്റെ മനസ്സിലാദ്യം പതിഞ്ഞത്. അരുന്ധതി റോയി അക്കാലത്തെ ഫോട്ടോകളിൽ അണിഞ്ഞിരുന്ന കുപ്പായങ്ങളാണ്. ‘നീ വലുതാകുമ്പോൾ ഇങ്ങനത്തെ ഡ്രസ്സുകൾ ഇടണം’ എന്ന അച്ഛന്റെ ഒരു അഭിപ്രായമായിരുന്നു അതിനു കാരണം. അന്നത്തെ പന്ത്രണ്ടുവയസ്സുകാരിക്ക് അതിലൊരു വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും, ജീവിതത്തിലൊരിക്കൽപ്പോലും അത്തരം ഉടുപ്പുകളണിഞ്ഞില്ലെങ്കിലും, ഒരു ഐക്കണായി അവർ മനസ്സിൽ വളർന്നു. പിന്നീട് ഒരുപാടു കാലം കഴിഞ്ഞ്, ഡിഗ്രി സെക്കൻഡിയറിനു പഠിക്കുമ്പോഴാണ് ‘ദ ഗോഡ് ഓഫ് സ്മോൾ തിംഗ്സ്’ വായിക്കുന്നത്. തിരുവനന്തപുരം വിമൻസ് കോളെജ് ലൈബ്രറിയിലെ പൊടിമണമുള്ള അലമാരകൾക്കിടയിലിരുന്ന്. എന്തിനേക്കാളും ആഴത്തിൽ എസ്തയുടെയും റാഹേലിന്റെയും കുട്ടിക്കാലത്തിന്റെ മുറിവുകൾ എന്റെയുള്ളിലും ചോരയിറ്റിക്കുന്നത് അറിഞ്ഞുകൊണ്ട്. ആ കുട്ടിക്കാലം മറ്റൊരു രൂപത്തിൽ മുന്നിൽ അവതരിക്കുമെന്ന് അന്നു ഞാൻ അറിഞ്ഞതേയില്ല.
‘മദർ മേരി കംസ് ടു മി’യിൽ, ‘‘മുള്ളുകളുള്ള ഒരു ചെറിയ ജീവിയായിരുന്നു ഞാൻ’’ എന്ന് അരുന്ധതി എഴുതുമ്പോൾ, ആരും കാണാത്ത മുൾക്കുപ്പായത്തിലൊളിച്ചിരുന്ന കാലങ്ങളെ വെറുതേ ഓർത്തു. അതിലെ നീറ്റലുകളനുഭവിക്കാത്ത മനുഷ്യക്കുഞ്ഞുങ്ങളുണ്ടാവുമോ എന്നും. ഇല്ലാത്തവരുടേത് അപൂർവമായ ഭാഗ്യമാണ്. ‘മുറിവേറ്റ ബാല്യകാലത്തിന് ഒരു ഗീത’മായിട്ടാണ് ‘മദർ മേരി’ എന്റെയുള്ളിലുള്ളത്. പിൽക്കാലത്തുള്ള എല്ലാ അനുഭവങ്ങളും ആ മുറിവിനെ തൊട്ടും തലോടിയുമുള്ള പ്രയാണങ്ങളാണ്. മുറിവുണങ്ങുമെന്ന പ്രതീക്ഷകളും ഉണങ്ങാതിരിക്കട്ടെയെന്ന വിചിത്രമായ തോന്നലുകളുമാണ്’’. – നയൻതാര പറയുന്നു.
സ്വന്തം ഭാഷ ഒരു ഭാരം
വിവർത്തകരെ സംബന്ധിച്ചിടത്തോളം, സ്വന്തം ഭാഷ ഒരു ഭാരമാണ്. എഴുത്തിൽ സ്വയമേവ നിർമ്മിച്ചുവച്ചിരിക്കുന്ന ശൈലിയുമതെ. വെറുതേയൊരു രസത്തിന്, ഇതിൽ ചില വാചകങ്ങൾ ബഷീർ വിവർത്തനം ചെയ്താലെങ്ങനെയുണ്ടാകുമെന്ന് ആലോചിക്കുമായിരുന്നു. ഏതു വിത്തിനെയും, അതിന്റെ ചെടിയായി രൂപാന്തരപ്പെടുത്തിയെടുക്കുന്ന മണ്ണിന്റെ ജോലിയേ വിവർത്തകർക്കുള്ളൂ എന്നു തോന്നാറുണ്ട്. ആദ്യത്തെ മൂന്നധ്യായങ്ങൾ വായിച്ച ശേഷം, പുസ്തകം മുഴുവൻ വായിക്കേണ്ട എന്നു തീരുമാനിച്ച് വായനയ്ക്കൊപ്പം തന്നെ വിവർത്തനം ചെയ്യുകയായിരുന്നു. ഓരോ വാക്കും മനസ്സിലുണർത്തുന്ന വൈകാരികതയുടെ അന്തരീക്ഷത്തെ മറ്റൊരു വായനയിൽ നഷ്ടപ്പെട്ടാലോ എന്ന പേടിയായിരുന്നു ഒന്ന്. വായിച്ചു, മനസ്സിൽ വന്നതുപോലെ തന്നെ ടൈപ്പു ചെയ്തു. പല വിവർത്തനങ്ങളിലും വില്ലനാകാറുള്ള, ഭാഷയുടെ ഒടിവും മടവും കൃത്രിമത്വവും പരമാവധി ഒഴിവാകാനും ഇത് സഹായിച്ചിട്ടുണ്ടെന്നാണു വിശ്വാസം. മൊട്ടക്കുന്നിൽ സ്കൂൾ പണിയുമ്പോൾ മേരി റോയ് കൊടുത്ത നിർദ്ദേശം പോലെ, അരുന്ധതി എന്ന മാസ്റ്റർ ഉള്ളിലിരുന്നു പറഞ്ഞുകൊണ്ടേയിരുന്നു: “ഒരു മരംപോലും മുറിക്കരുത്, ഒരു ചെരിവുപോലും നികത്തരുത്.” വലിയ വാചകങ്ങൾ കീറാമുട്ടിയേ ആയിരുന്നില്ല. ചെറിയ ചെറിയ വാചകങ്ങളുടെ താളം ആവർത്തിച്ചാവർത്തിച്ച് മനസ്സിലുറപ്പിച്ച് അതിനു തക്ക വാക്കുകൾ കണ്ടെടുക്കുന്നതായിരുന്നു വലിയൊരു പ്രതിസന്ധി. വിവർത്തനത്തെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ സങ്കല്‍പം, അത് എഴുത്തുകാരി(രൻ) നമ്മുടെ ഭാഷയിൽ എഴുതുന്നതുപോലെ സുഗമമാവണം എന്നതാണ്. അതിനുവേണ്ടി ഭാഷയിൽ എത്രതന്നെ പണിയെടുത്താലും അത് വെറുതേയാവില്ലെന്നാണു തോന്നുന്നത്.
അരുന്ധതിയെന്ന നക്ഷത്രം
വിമൻസ് കോളെജിന്റെ പൊടിമണമുള്ള വായനാമുറിയിൽ, തിളങ്ങുന്ന കണ്ണുകളും അഴകുള്ള മുടിയും, ഒരിക്കലും ഞാനണിയാത്ത കുപ്പായങ്ങളുമുള്ള അരുന്ധതിയെന്ന സാഹിത്യലോകത്തെ നക്ഷത്രത്തെ നോക്കിയിരുന്ന ഞാൻ, ഇരുപതു വർഷങ്ങൾക്കിപ്പുറം, മറ്റൊരു നഗരത്തിൽ, കമ്പ്യൂട്ടറിനു മുന്നിലിരുന്ന്, അരുന്ധതിയെന്ന കുട്ടിയെ കാണുന്നു. അവളുടെ കാടൻ ജീവിതം ഉടലിലുണ്ടാക്കിയ ചെറിയ മുറിവുകളെ. അവളുടെ അഭയങ്ങളെ. നദിയെ.
ആ കുട്ടി, നമ്മുടെയുള്ളിലുള്ള ‘ഇന്നർ ചൈൽഡ്’ തന്നെയാണല്ലോ എന്നു തോന്നുന്നു. ‘സാരമില്ലെ’ന്നു ചേർത്തുപിടിക്കാൻ തോന്നുന്നൊരു കുരുന്ന്.
അതിലാരിലാണ് മനസ്സുടക്കി നിൽക്കുന്നതെന്ന്, ആരെയാണ് സ്നേഹിക്കുന്നതെന്ന്, ആലോചിക്കുകപോലും വേണ്ടെന്നാണു തോന്നുന്നത്.
സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ സ്വത്തവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികസമരത്തിലൂടെയും ‘പള്ളിക്കൂടം’ എന്ന സ്കൂളിന്റെ സ്ഥാപകയെന്ന നിലയിലും പ്രശസ്തയായ മേരി റോയ് ആണ് അരുന്ധതിയുടെ അമ്മ. മദ്യപാനിയായ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ഊട്ടിയിലും പിന്നീട് സ്വന്തം നാടായ അയ്മനത്തിലും ജീവിതം കഴിച്ചുകൂട്ടുകയും കടുത്ത നീതിനിഷേധങ്ങൾക്ക് ഇരയാവുകയും ചെയ്ത, മുൻകോപക്കാരിയും ആസ്ത്‌മാരോഗിയുമായ മേരി. അമ്മയുടെ കോപവും ബന്ധുക്കളുടെ അവജ്ഞയും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട, സ്നേഹമെന്നതു കിട്ടാക്കനിയായ കുഞ്ഞ് അരുന്ധതിയും സഹോദരനും. കുട്ടിക്കാലത്തിന്റെ സ്മരണകളെയും ശൈഥില്യങ്ങളെയും അതിജീവിക്കാനുള്ള അവരുടെ ശ്രമങ്ങൾ, അതിലെ, വിജയപരാജയങ്ങൾ... അതിസാന്ദ്രമാണ് ‘മദർ മേരി കംസ് ടു മീ’യുടെ ആഖ്യാനം. അരുന്ധതിയുടെ രചനാമാന്ത്രികത ഒട്ടും ചോർന്നു പോകാതെയാണ് ഈ കൃതി നയനതാര മലയാളത്തിലാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് സ്വദേശിയായ എൻ.ജി. നയനതാര പ്രശസ്ത കഥാകൃത്ത് നടരാജൻ ബോണക്കാടിന്റെയും ടി. ഗിരിജയുടെയും മകളാണ്. ഇന്ത്യാ ടുഡേ, ഡെക്കാൺ ക്രോണിക്കിൾ എന്നിവിടങ്ങളിൽ മാധ്യമപ്രവർത്തകയായിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയിൽ പബ്ലിക്കേഷൻസ് ഓഫീസർ.
എന്റെ പൂക്കളും നീയും, അപു ആറ് ബി, ഗൂഗിൾ കുട്ടപ്പൻ, പച്ചിലക്കുടുക്ക (ബാലസാഹിത്യം) ഒരച്ഛൻ മകൾക്കയച്ച കത്തുകൾ, മസാല ലാബ്, സചേതനം നമ്മുടെ ഭരണഘടന, Trails of the Broken, മദർ മേരി കംസ് ടു മി (വിവർത്തനങ്ങൾ) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.
പ്രശസ്ത കവിയും നോവലിസ്റ്റുമായ അബ്ദുൾസലാം ആണ് ജീവിതപങ്കാളി. മകൻ: മിയാൻ മൽഹാർ.
