ADVERTISEMENT

‘എ റൂം ഓഫ് വണ്‍സ് ഓണ്‍’ എന്നത് ലോകപ്രശസ്ത സാഹിത്യകാരി വെർജീനിയ വൂൾഫിന്റെ വിഖ്യാതമായ ഉപന്യാസമാണ്. ഓരോ സ്ത്രീയുടെയും സർഗാത്മക വികാസത്തിന് സ്വന്തമായി ഒരു മുറി വേണമെന്ന സങ്കൽപ്പമാണ് അവർ മുന്നോട്ടു വച്ചത്. അത്തരത്തിൽ, വീട്ടിൽ തന്റേതുമാത്രമായ ഒരു മുറി, തന്റെ ഇഷ്ടങ്ങളുടെ കൂട് പൊലെ ഒരിടം, ഓരോ സ്ത്രീയും കൊതിക്കുന്നു. പലവിധ പരിമിതികളാൽ അത്തരമൊന്നു സാധിക്കാത്തവരാണ് പലരും. എന്നാൽ മറ്റു ചിലരാകട്ടേ, കുട്ടിക്കാലം മുതലേ മനസ്സിൽ താലോലിക്കുന്ന ആ മോഹത്തെ ജീവിതത്തിലെ ഒരു പ്രധാന ലക്ഷ്യമാക്കി ഒപ്പം കൂട്ടുന്നു, സാധിച്ചെടുക്കുന്നു. അങ്ങനെ തന്റേതുമാത്രമായ, തന്റെ ലോകമെന്നു നിർവചിക്കാവുന്ന ഒരിടമാണ് കെ എസ് എം ഡി ബി കോളജ് ശാസ്താംകോട്ടയിലെ മലയാള വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ സംഗീത ഇ.എൽ. യാഥാർത്ഥ്യമാക്കിയത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്കടുത്ത് വെട്ടിക്കവലയിലാണ് സംഗീത ഈ ‘വാക്കിടം’ ‌പടുത്തുയർത്തിയത്.

പുസ്തകങ്ങളെ കണ്ടുകണ്ട് ഉറങ്ങാനും പുസ്തകങ്ങളെ കണികണ്ടുണരാനുമായി വായനയെയും സാഹിത്യത്തേയും അത്രമേല്‍ പ്രണയിക്കുന്ന സംഗീത ഒരുക്കിയെടുത്ത ‘തന്നിടം’. മനോഹരമായ ഒരു ഹോം ലൈബ്രറി. കിനാവിന്റെ പതിപ്പു പോലെ ഒരു മുറി. നിറയേ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെയായി അക്ഷരങ്ങളാൽ അലംകൃതമായ ‘എ റൂം ഓഫ് വണ്‍സ് ഓണ്‍’!

ADVERTISEMENT

‘‘അക്ഷരങ്ങളുടെ ഈ ഇടം അച്ഛന്‍ ഈശ്വരൻ പോറ്റിക്കും അമ്മ ലളിതാംബിക അന്തർജനത്തിനുമായി സമർപ്പിക്കുന്നു. അച്ഛൻ ശാന്തി കർമ്മങ്ങൾക്കു പോയി വരുമ്പോൾ കിട്ടുന്ന നാണയങ്ങൾ അമ്മ കുട്ടിക്കൂറ പൗഡറിന്റെ ഒഴിഞ്ഞ ടിന്നിൽ സൂക്ഷിച്ചുവച്ചു. പശുവിനെ വളർത്തിയും തഴപ്പായ നെയ്തും അമ്മയും ഒപ്പം കൂടി. കണ്ടത്തിലെ ചെളി കൊണ്ടു വീട് വയ്ക്കുന്നത് വരെ ഒരു കടമുറിയിലായിരുന്നു അവരുടെ താമസം. പിന്നീട് വലിയ വീടുകളും കാറുകളുമൊക്കെയുണ്ടായി. കഠിനാധ്വാനത്താൽ എന്തും നേടാമെന്ന് അവർ ഞങ്ങളെ പഠിപ്പിച്ചു.

ഈ കഷ്ടപ്പാടുകൾക്കിടയിലും അച്ഛനും അമ്മയും വായിക്കാൻ ധാരാളം പുസ്തകങ്ങളും മാസികകളും ഞങ്ങൾക്ക് വാങ്ങിച്ചു തന്നു. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന ബാലരമ,പൂമ്പാറ്റ,ബാലമംഗളം , ബാലരമ അമർചിത്രകഥ, മനോരമ,മംഗളം,മനോരാജ്യം,മാതൃഭൂമി ആഴ്ചപ്പതിപ്പ്, വനിത തുടങ്ങിയവയെല്ലാം പത്രക്കാരൻ മുടങ്ങാതെയിട്ടിരുന്നു. എന്റെ വായനയുടെ ആകാശത്തേക്കുള്ള ചവിട്ടുപടികളായിരുന്നു ഇവയെല്ലാം’’. – സംഗീത ഇ. എൽ. ‘വനിത ഓൺലൈനോട്’ പറയുന്നു.

sangeetha-el-3
ADVERTISEMENT

വായന വളർത്തിയ ബാല്യം

ഈ വായനയിൽ ഞങ്ങൾക്ക് കൂട്ടായി കിഴക്കേലേ ബീനച്ചേച്ചിയുമുണ്ടാകും. ചിലപ്പോഴൊക്കെ തെക്കേ അയ്യത്തെ പറങ്കിമാവിൻ മുകളിലായിരിക്കും വായന. അനിയത്തി സൗമ്യയും ജ്യേഷ്ഠൻ ശ്യാമും കൂടെയുണ്ടാകും. മൂത്ത വർക്കും ഇളയവർക്കും വീട്ടിൽ പ്രത്യേക പരിഗണന ഉണ്ടായിരുന്നുവെന്ന് അന്നത്തെകുട്ടി മനസ്സിന് തോന്നിയിരുന്നു. നടുക്കഷണമായതിനാൽ വഴക്കുകളും അടിയും എനിക്ക് കൂടുതലായി കിട്ടിയിരുന്നു. അതിനാലാകാം വായനശാലയിൽ നിന്ന് കൊണ്ടുവന്ന എംടിയുടെ രണ്ടാമൂഴം വായിക്കുമ്പോൾ ഭീമനോട് ഒരുപാട് സ്നേഹവും സഹതാപവും തോന്നിയത്. എവിടെയും രണ്ടാംസ്ഥാനത്തിന് മാത്രം അർഹതയുള്ള രണ്ടാമൂഴക്കാർ...

ADVERTISEMENT

മരം കേറി വായനയ്ക്ക് കൂട്ടായി കൈനിറയെ ആഞ്ഞിലി ചക്കയോ പറങ്കാംപഴമോ മാങ്ങയോ ഒക്കെ കാണും. വെക്കേഷൻ കഴിയുമ്പോഴേക്കും അമ്മ തയ്ച്ചു തന്ന വെള്ള പെറ്റിക്കോട്ടിൽ നിറയെ കറയുടെ ഡിസൈനാകും. സ്വന്തം വീട്ടിലെ ബാലരമ ആണെങ്കിലും അത് ആദ്യം വായിക്കുന്നത് ചിലപ്പോൾ ബീനച്ചേച്ചിയോ രജീഷോ രാജേഷോ ഒക്കെയാകും. ഞങ്ങളുടെ അച്ഛനും അമ്മയും ഒന്നും നമ്മുടെ സ്വന്തമാണെന്നോ ആർക്കും കൊടുക്കരുത് എന്നോ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല. ഈ സ്വഭാവം ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട്. പക്ഷേ അനവധി പുസ്തകങ്ങൾ കടം കൊടുക്കുകയും തിരിച്ചുകിട്ടാതെയാവുകയും ചെയ്തപ്പോൾ ഞാൻ ആർക്കും പുസ്തകങ്ങൾ കൊടുക്കാത്ത ഒരു സ്വാർത്ഥലാഭക്കാരിയായി മാറി. നേരം വൈകുമ്പോൾ ബീന ച്ചേച്ചിയുടെ ഉമ്മ ഖദീജ ടീച്ചറിന്റെ ‘ബീനായേ...’ എന്ന വിളി ഉയരും. ഞങ്ങളുടെ മരം കയറ്റം അവസാനിപ്പിക്കാറായി എന്നുള്ള സൈറൺ ആണ് ആ വിളി. ഓർമ്മകളുടെ കയറ്റിറക്കങ്ങളിൽ വഴിയറിയാതെ പകച്ചു നിൽക്കുന്ന ഇപ്പോഴത്തെ ടീച്ചറിന്റെ അന്നത്തെ ആ ശബ്ദം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു

sangeetha-el-2

വാൽ മുളയ്ക്കാൻ പ്രാർത്ഥിച്ച കപീഷ് ഫാൻ

ബാറ്റൺ ബോസ്, സുധാകർ മംഗളോദയം, കോട്ടയം പുഷ്പനാഥ് തുടങ്ങിയ പേരുകൾ നാലാം ക്ലാസ്സിൽ തന്നെ പരിചിതമായിരുന്നു. മനോരാജ്യത്തിലെ ‘അഞ്ചു സുന്ദരിമാരെ’പ്പോലെ മുടി പോണിടെയ്ൽ കെട്ടി ഞാൻ അവരിൽ ഒരാളായി മാറി. മായാവിയും കപീഷും ഡിങ്കനും നമ്പോലനും ഒക്കെ കൂട്ടുകാർ. കപീഷിനെപ്പോലെ ഇഷ്ടമുള്ളിടത്തേക്ക് നീളുന്ന വാൽ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചു. അമർചിത്രകഥയിലെ ഹനുമാൻ, വാൽ ചുരുട്ടി രാവണനേക്കാൾ പൊക്കത്തിലിരുന്നപ്പോൾ ഞാൻ വാൽ മുളയ്ക്കാൻ പ്രാർത്ഥിച്ചു. കാലത്തിന്റെ കാവ്യനീതി പോലെ പിന്നീട് ധാരാളം വാനരന്മാരുള്ള ശാസ്താംകോട്ടയിലാണ് എനിക്ക് പഠിക്കാൻ കഴിഞ്ഞതും പിൽക്കാലത്ത് ജോലി ലഭിച്ചതും.

രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ, കഥകഥ പൈങ്കിളിയുടെയും കണ്ണുനീർ പൈങ്കിളിയുടെയും കൊരട്ടി മതിലകം അമ്പലത്തിലെ ഉണ്ണിയപ്പവും പായസവും കട്ട് തിന്നാൻ പോയ കുറുക്കന്റെയും കഥ പറഞ്ഞു തന്നു... അക്കാലത്ത് പലചരക്ക് സാധനങ്ങൾ കടയിൽ നിന്നും പേപ്പറിൽ പൊതിഞ്ഞ് ചണച്ചരടുകൊണ്ട് കെട്ടിയാണ് കൊണ്ടു വരിക. കുട്ടിക്കാലത്തെ എന്റെ പ്രധാനജോലി ഇതെല്ലാം അതാത് പാത്രങ്ങളിലേക്ക് അഴിച്ചിടുക എന്നുള്ളതായിരുന്നു. ഓരോ പൊതിയും അഴിക്കുമ്പോൾ കിട്ടുന്ന പേപ്പറുകൾ മുഴുവൻ വായിക്കാനുള്ള അവസരമായിരുന്നു എനിക്കിത്. പകുതിയോ കാൽഭാഗമോ മാത്രം കിട്ടിയിരുന്ന കഥകളെയും വാർത്തകളെയും ഞാൻ എന്റെ മനസ്സുകൊണ്ട് പൂരിപ്പിച്ചു. പശുവിനു കൊടുക്കാനുള്ള പോച്ച പറിക്കാനും അത് തോട്ടിലിട്ട് കഴുകാനും പോകുമ്പോൾ ഈ കഥകളുടെയൊക്കെ പലവിധ പൂർത്തീകരണങ്ങൾ ഭാവനയിൽ കാണുന്നത് എനിക്ക് രസമായിരുന്നു. അങ്ങനെ അങ്ങനെ ബോധപൂർവമല്ലാതെ തന്നെ എന്റെയുള്ളിൽ മലയാളഭാഷയോട് അഗാധമായ ഒരടുപ്പമുണ്ടായി.ആ സ്നേഹമാണ് ഈ ഇടം.

ഓർമപ്പത്തായം

അവസാനവർഷ ഡിഗ്രിക്കു പഠിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു എന്റെ വിവാഹം. പിന്നീടുള്ള പഠനത്തിനും വായനയ്ക്കും കൂട്ടായത് ഭർത്താവ് സന്തോഷ് കുമാറാണ്. വിവാഹശേഷം വന്നു കയറിയത് കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ബാക്കിപത്രമായ ഒരു വീട്ടിലേക്കാണ്. ധാരാളം മുറികളുള്ള ആ വീട്ടിൽ വലിയ തടിപ്പത്തായങ്ങളും ഭാരമേറിയ കട്ടിലുകളുമുണ്ടായിരുന്നു. ബി എഡിനും എം എയ്ക്കും പഠിക്കുമ്പോൾ തെക്കേ മുറിയിലെ നീളമേറിയ ഒരു പത്തായത്തിന്റെ മുകളിലാണ് ഞാൻ ബുക്കുകളും റെക്കോർഡുകളും അടുക്കി വയ്ക്കുന്നത്. പഠനത്തിന്റെ വിരസത അകറ്റാനായി ഞാൻ പത്തായത്തിന്റെ ചെറിയ വാതിൽ ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ പുസ്തകങ്ങൾ അതിനുള്ളിലേക്ക് വീഴുകയും അത് എടുക്കാനായി അതിനുള്ളിലെ ഇരുട്ടിലേക്ക് ഇറങ്ങുകയും ചെയ്തു. അപ്പോഴൊക്കെ എന്തിനോ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധനെയോർത്തു. വെളിച്ചത്തേക്കാളധികം ഇരുട്ട് നിറഞ്ഞതായിരുന്നു ആ മുറി. അതിനാൽ ബി എഡിന്റെ റെക്കോർഡ് വരയും പഠനവും ഒക്കെ അടുക്കളയിലെ വലിയ ഡൈനിങ് ടേബിളിന്റെ പുറത്തായിരുന്നു. അപ്പോഴെല്ലാം സ്വന്തമായി ഒരു മുറി വേണമെന്ന ആഗ്രഹം എന്റെയുള്ളിൽ ബലപ്പെട്ടു. വെർജീനിയ വൂൾഫിന്റെ ‘A room of once ow’ ഉം സാറാ ജോസഫിന്റെ ‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ തുടങ്ങിയ കൃതികൾ ഒക്കെ തന്നെ എന്റെ സ്വപ്നലോകത്തെ ആ ഇടത്തെ മോടി പിടിപ്പിച്ചു കൊണ്ടിരുന്നു... ഒരു പുസ്തകവും വാങ്ങിയില്ലെങ്കിലും പുസ്തകക്കടകളിലും മേളകളിലും പുസ്തകങ്ങളെ തഴുകിത്തലോടി അതിന്റെ മണം ആസ്വദിച്ച് ജീവിക്കുകയായിരുന്നു ഞാൻ. എന്റെ പുതിയ ലൈബ്രറിയിലെ നീളൻ മേശ പലപ്പോഴും ആ പത്തായത്തിന്റെ ഓർമ്മ എന്നിലുണർത്താറുണ്ട്.

സ്വപ്നങ്ങളുടെ ‘മുറി’പ്പൊക്കം

ശ്രീനിവാസൻ സാറുമായി ചേർന്ന് മണ്ണ് വീട് വയ്ക്കുമ്പോൾ മുകളിലത്തെ മുറിയിൽ പുസ്തകങ്ങൾ വയ്ക്കാനായി തീരുമാനിച്ചു അങ്ങനെ ആ മുറിക്ക് ‘പുസ്തകമുറി’ എന്ന പേര് വന്നു. എന്നാൽ റോക്കറ്റ് വേഗതയിൽ കാലം മുന്നോട്ടു കുതിച്ചപ്പോൾ മക്കൾക്ക് സ്വന്തമായി മുറി വേണമെന്ന ആവശ്യകതയുണ്ടായി. പുസ്തകങ്ങൾ വയ്ക്കാനുള്ള ഇടം ഒരു അത്യാവശ്യ കാര്യമായി മാറി. അങ്ങനെയാണ് ശ്രുതിയുടെ ചാനൽ കണ്ട് കൃഷ്ണരാജ് സാറിനെയും സാജിനെയും പരിചയപ്പെടുന്നത്. എന്റെ ഇഷ്ടങ്ങളറിഞ്ഞ് അവർ കൂടുതൽ മനോഹാരിതയോടെ ആ ഇടത്തെ ഒരുക്കിത്തന്നു. ഇപ്പോൾ കുടുംബത്തിനെയും ജോലിസ്ഥലത്തിനെയും ബാലൻസ് ചെയ്യുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ് എന്റെ വായനശാല. എന്റെ സ്വാസ്ഥ്യത്തിന്റെ ഇടം. എന്തിനാണ് ഇത്രയും പൈസ ചെലവഴിച്ച് ലൈബ്രറി യുണ്ടാക്കുന്നത്, ആ പൈസ പിള്ളേരുടെ പേരിലെങ്ങാനും ഇൻവെസ്റ്റ് ചെയ്തൂടെ, കെട്ടിടം നിർമ്മിച്ച മണ്ണിൽ പണം കളഞ്ഞിട്ട് കാര്യമില്ല... തുടങ്ങിയ ഡയലോഗുകൾ കേൾക്കാൻ ഒട്ടും താൽപര്യം ഇല്ലാതിരുന്നതിനാൽ വായനയെ ഇഷ്ടപ്പെടുന്ന വളരെ കുറച്ചു പേരോട് മാത്രമാണ് ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചത്.

എന്റെ ലോകം

അത്താഴത്തിനു ശേഷം മുകളിലത്തെ ഈ വായനാമുറിയിലെത്തിയാൽ കോളജിലേക്കുള്ള ജോലികൾ തീർത്തതിനു ശേഷം ഇഷ്ടമുള്ള പുസ്തകമെടുത്ത് വായന തുടങ്ങും. എത്ര തിരക്കുകൾക്കിടയിലും കുറച്ചെങ്കിലും വായിക്കാനായി ശ്രമിക്കാറുണ്ട്. ഉറക്കം വന്നു തുടങ്ങിയാൽ പിന്നെ വായനശാലയുടെ ചുവപ്പു നിറമുള്ള തറയിലേക്ക് ഒരു തഴപ്പായ വിരിക്കുകയായി... വായിച്ച് വായിച്ച്, പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവച്ച് ഉറക്കത്തിലേക്ക്: സ്വപ്നങ്ങളിലേക്ക്... പുസ്തകങ്ങളെ കണ്ടുകണ്ട് ഉറങ്ങാം...പുസ്തകങ്ങളെ കണികണ്ടുണരാം...

ബാങ്ക് ലോൺ അനുവദിച്ചു കിട്ടുന്നതിലെ നൂലാമാലകളും കാലതാമസവും രോഗപീഢകളും സർജറിയും ചില പതർച്ചകളുണ്ടാക്കിയെങ്കിലും അവസാനം ആ ചുവന്ന തറയിൽ പുസ്തകങ്ങളെ കെട്ടിപ്പിടിച്ച് കിടക്കാൻ കാലമെനിക്കായി ഈ ഇടത്തെ കരുതിവച്ചു.

പുസ്തകങ്ങൾ വാങ്ങാൻ സന്തോഷേട്ടൻ എക്കാലവും എനിക്കു കൂട്ട് നിന്നു. 42 വയസ്സിലാണ് എനിക്കൊരു സ്ഥിരജോലി ലഭിക്കുന്നത്. ഇക്കാലയളവിലെല്ലാം മിക്കവാറും എല്ലാ പുസ്തകമേളകളിലും പോകാനും പുസ്തകങ്ങൾ വാങ്ങാനും അദ്ദേഹം കൂട്ടുവന്നു. മണ്ണ് വീട് വയ്ക്കുന്നത് ഉൾപ്പെടെയുള്ള എന്റെ എല്ലാ ആഗ്രഹങ്ങൾക്കും അദ്ദേഹത്തിന്റെ പൂർണ്ണപിന്തുണയും സഹായവുമുണ്ടായിരുന്നു. അസിസ്റ്റൻറ് പ്രൊഫസർ എന്ന വലിയ പദവിയിൽ കാലമെന്നെ ഇരുത്തിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നതും ഈ മനുഷ്യനാണ്. എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥനാണ്.

sangeetha-el-1

എന്റെ ഊർജം

ഡിഗ്രി പഠനം പൂർത്തിയാക്കിയ ഗൗരിയും പ്ലസ് ടു വിന് പഠിക്കുന്ന ഗൗതമിയുമാണ് മക്കൾ. ‘Gen Z’ തലമുറയുടെ പ്രതീകമായ ഇവരാണ് എന്റെ ഏറ്റവും നല്ല വിമർശകർ. പരമ്പരാഗത കാഴ്ചപ്പാടുകളെയും ഉറച്ചുപോയ ചില ബോധ്യങ്ങളെയും തച്ചുടച്ച് എന്നെ Design ചെയ്യുന്ന എഞ്ചിനീയറും പുതിയ മോൾഡുകളിൽ എന്നെ വാർത്തെടുക്കുന്ന മേസ്തിരിയുമൊക്കെയാണിവർ. വീട്ടിൽ നിന്ന് ലഭിക്കുന്ന ഈ ശിക്ഷണത്താലാകാം ക്ലാസ്സിലെ കുട്ടികളെ വളരെയെളുപ്പം എനിയ്ക്ക് മനസ്സിലാക്കാനും സ്നേഹിയ്ക്കാനും കഴിയുന്നത്..!

ഒരു വർഷം മുൻപ് ലൈബ്രറിയെക്കുറിച്ചുള്ള ചർച്ചകളാൽ നിറഞ്ഞു ഞങ്ങളുടെ വീട്ടിലെ രാത്രികൾ. പുസ്തകങ്ങൾ എവിടെ വയ്ക്കണം, ഭിത്തി അലമാര വേണോ, കസേരകൾ വേണോ, എത്ര റാക്കുകൾ വേണം അങ്ങനെയങ്ങനെ....

‘‘അമ്മ അമ്മയുടെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കൂ...ഒന്നും തടസ്സമാകില്ല’’ - എന്റെ മാലാഖമാർ എനിക്കു കരുത്തും പ്രോത്സാഹനവും നൽകി. വ്യത്യസ്തമായ ആശയങ്ങൾ പറഞ്ഞുതന്നുകൊണ്ട് അനിയത്തി സൗമ്യയും ഒപ്പം കൂടി. ലൈബ്രറി പൂർത്തിയായപ്പോൾ പുസ്തകങ്ങളെയെല്ലാം തരംതിരിച്ചു വയ്ക്കാനും ഇവർ കൂട്ടു വന്നു. എന്റെ കുടുംബത്തിനകത്തു നിന്നുള്ള നിരുപാധികമായ ഈ പിന്തുണയാണ് സ്വപ്നസാക്ഷാത്കാരത്തിന്റെ ഊർജ്ജം.

ബഡ്ജറ്റ് ഫ്രണ്ട്‌ലിയായാണ് സംഗീതയുടെ ‘സ്വപ്നമുറി’യുടെ നിർമാണം. വെറും 5 ലക്ഷം രൂപയ്ക്കാണ് മനോഹരമായ ഈ ഹോം ലൈബ്രറിയുടെ പണി പൂർത്തിയായത്. ഇത്തരമൊരു മോഹം ഉള്ളിൽ സൂക്ഷിക്കുന്നവർക്ക് സംഗീതയുടെ യാത്ര ഊർ‌ജം പകരുന്നു.

Sangitha's 'Room of One's Own': A Literary Haven:

Sangitha E.L., an Assistant Professor at KSMB College Shastamkotta, has realized her dream of creating a personal sanctuary, a 'Room of One's Own,' inspired by Virginia Woolf's renowned essay. This beautifully curated home library is a testament to her deep love for reading and literature, providing a dedicated space for her intellectual pursuits.

ADVERTISEMENT