ADVERTISEMENT

തിരഞ്ഞെടുപ്പു രാഷ്ട്രീയം പലപ്പോഴും കണക്കുകളുടെ ഭാഷയിലാണു സംസാരിക്കപ്പെടാറുള്ളത്. വിജയവും പരാജയവും വോട്ടും ഭൂരിപക്ഷവും അക്കങ്ങൾ നിരത്തി വിശകലനം ചെയ്യപ്പെടും. വോട്ടെണ്ണൽ കഴിഞ്ഞാൽ ചില പേരുകൾ ആ കണക്കുകളെ മറികടന്നു കൗതുകമായി മാറാറുണ്ട്. അത്തരമൊരു നിശ്ചദാർഢ്യത്തിന്റെ പേരാണ് ഫാത്തിമ തഹിലിയ. രാഷ്ട്രീയ കേരളത്തിൽ വേറിട്ട വ്യക്തികളെക്കുറിച്ചുള്ള ചർച്ചയിൽ ആവർത്തിച്ചു കേൾക്കുന്ന പേര്. അലങ്കരിക്കപ്പെട്ടവൾ, സൗന്ദര്യത്താൽ തിളങ്ങുന്നവൾ എന്നൊക്കെയാണ് ഈ വാക്കിന്റെയർഥം.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തെ പ്രതിനിധീകരിച്ചു വൻഭൂരിപക്ഷത്തോടെ ജയിച്ചതിനു ശേഷം ആദ്യമായി ഒരു മാധ്യമത്തോടു മനസ്സു തുറക്കാൻ എത്തിയ തഹിലിയയുടെ വാക്കുകളിൽ പക്വത നേടിയ രാഷ്ട്രീയ നേതാവിന്റെ ശബ്ദമാണു കേട്ടത്.  

ADVERTISEMENT

‘‘സമൂഹമാധ്യമങ്ങളുടേയും അതിവേഗ കാലത്തിന്റേയും ഇടയിൽ സ്വന്തം ശബ്ദം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകാൻ ശ്രമിക്കുന്ന ജെൻ സി യുവത്വത്തിനു രാഷ്ട്രീയം വെറും അധികാരമല്ല. സംവാദത്തിന്റേയും സഹവർത്തിത്വത്തിന്റേയും ഇടമാണ്’’ തഹിലിയ പറഞ്ഞു തുടങ്ങി.

ആദ്യ മത്സരം. തോൽക്കുമെന്നു പേടി ഉണ്ടായിരുന്നോ?

ADVERTISEMENT

കോഴിക്കോട് നഗരത്തിലുള്ള കുറ്റിച്ചിറയില്‍ നിന്നു പേരാമ്പ്രയില്‍ പോയാണു മത്സരിച്ചത്, അഥവാ സ്ഥാനാര്‍ഥിയായി നിയോഗിക്കപ്പെട്ടത്. കുട്ടിക്കാലം മുതല്‍ പരിചയമുള്ള നാടാണ് പേരാമ്പ്ര. ബന്ധുക്കളും കൂട്ടുകാരും അവിടെയുണ്ട്. നിരവധി തവണ പാര്‍ട്ടി പരിപാടികള്‍ക്കു പോയിട്ടുള്ള സ്ഥലവുമാണ്. കുറ്റിച്ചിറക്കാര്‍ എങ്ങനെയാണോ എന്നോട് ഇടപെടുന്നത് അതേ രീതിയിലുള്ള സ്വീകരണം പേരാമ്പ്രയിൽ കിട്ടി.

കുറ്റിച്ചിറയിലുള്ള വീടുകളിൽ എനിക്ക് ഏതു സമയത്തും കയറിച്ചെല്ലാം. വോട്ടെണ്ണല്‍ കഴിഞ്ഞു നന്ദി പറയാന്‍ പോയപ്പോള്‍ സന്തോഷം കൊണ്ടു പിടിവിടാതെ ചേര്‍ത്തു പിടിച്ച വീട്ടമ്മമാരെ കണ്ടു. എന്നെ അവരിലൊരാളായി സ്വീകരിച്ചതിനു തെളിവു വേറെയെന്തു വേണം.

ADVERTISEMENT

രാഷ്ട്രീയരംഗം മത്സരങ്ങളുടേതു കൂടിയാണ്. സംഘടനാ പ്രവർത്തനവും അങ്ങനെയാണോ?

പെണ്‍കുട്ടികളെ രാഷ്ട്രീയത്തിലേക്കും പൊതുപ്രവര്‍ത്തനത്തിലേക്കും പ്രോത്സാഹിപ്പിക്കുന്ന എന്‍വയണ്‍മെന്റില്‍ നിന്നു വരുന്നയാളല്ല ഞാന്‍. എതിര്‍പ്പുകളും പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. കടമ്പകളൊക്കെ താണ്ടിക്കഴിയുമ്പോഴാണ് നമ്മളെ മറ്റുള്ളവര്‍ പരിചയപ്പെടാനുള്ള സാഹചര്യം ഒരുങ്ങുക.

ലോ കോളജില്‍ പഠിക്കുന്ന സമയത്താണ് എംഎസ്എഫിന്റെ പോഷക സംഘടനയായ ‘ഹരിത’ രൂപീകരിക്കപ്പെട്ടത്. ഹരിത എന്ന വനിതാ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഞാൻ ആദ്യമായി ഏറ്റെടുത്ത ഭാരവാഹിത്വം. യു.സി. രാമന്‍ എംഎല്‍എ ആയി മത്സരിച്ച സമയത്ത് തയാറാക്കിയ ഒരു ഡോക്യുമെന്ററിയില്‍ എന്റെ മുഖം കണ്ടിട്ടാണ് എംഎസ്എഫ് ഭാരവാഹികള്‍ എന്നെ പിക്ക് ചെയ്തതെന്നു തോന്നുന്നു.

നളന്ദ ഓഡിറ്റോറിയത്തില്‍ ഹരിതയുടെ ആദ്യത്തെ മീറ്റിങ് നടക്കുന്നതറിഞ്ഞ്, ചെമ്മീന്‍ ചന്തയ്ക്കു പോകുന്ന പോലെ അതു കാണാന്‍ പോയതാണു ഞാന്‍. അപ്പോള്‍ എന്റെ ഫോണിലേക്കൊരു കോള്‍ വന്നു. ‘ഈ പരിപാടിയില്‍ തഹിലിയ അധ്യക്ഷത വഹിക്കണം’. ഫോണ്‍ വിളിച്ചയാള്‍ പറഞ്ഞു. സ്റ്റേജിലേക്കൊന്നു നോക്കി. പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, എം.കെ. മുനീര്‍ സാഹിബ്, സമദാനി സാഹിബ്, മറ്റു സീറ്റുകളില്‍ വനിതാ ലീഗ് നേതാക്കള്‍ എന്നിങ്ങനെ നേതാക്കന്മാരുടെ നിര. തമിഴച്ചി തങ്കപാണ്ഡ്യന്‍ എന്നൊരു കവിയായിരുന്നു അന്നു മുഖ്യാതിഥി. പിന്നീട് ഡിഎംകെയിൽ ചേർന്നു ലോക്സഭാംഗമായ രാഷ്ട്രീയ നേതാവാണു തമിഴച്ചി തങ്കപാണ്ഡ്യന്‍.

ലോ കോളേജില്‍ അവധിയായിരുന്നതിനാല്‍ ഹരിതയുടെ പ്രോഗ്രാം കാണാം എന്നു കരുതി അവിടെ എത്തിയ ഞാന്‍ അങ്ങനെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തി. അതൊരു നല്ല തുടക്കമായിരുന്നുവെന്ന് തിരിച്ചറിയുന്നു.

രാഷ്ട്രീയത്തിൽ ഉയർച്ച നേടാൻ ഗോഡ്ഫാദര്‍ വേ ണമെന്നു പറയുന്നതു ശരിയാണോ?

രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടാനും ഗൈഡ് ചെയ്യാനും എനിക്കൊരു ഗോഡ് ഫാദര്‍ ഉണ്ടായിട്ടില്ല. വഴി നയിക്കുന്നയാള്‍ എന്നു പറയാനൊരു ആളുണ്ടെങ്കില്‍ അ ത് എന്റെ സംഘടനയുടെ അധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആണ്. ഞാന്‍ ജയിക്കുമോ എന്നു പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, അതിനെ മറികടക്കുന്ന കോൺഫിഡൻസ് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം എന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. അങ്ങനെ നോക്കുമ്പോള്‍ എന്റെ നേതാവും വഴികാട്ടിയും മുസ്‌ലിം ലീഗിന്റെ അധ്യക്ഷനാണ്.

വലിയ വെല്ലുവിളി എന്തായിരുന്നു?

എല്ലാ സ്ത്രീകളും അതിജീവിതകളാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. ഒരു സ്ത്രീ  ഏതെങ്കിലുമൊരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനൊരു അതിജീവനത്തിന്റെ പശ്ചാത്തലമുണ്ടാകും. അനുഭവത്തില്‍ നിന്നാണു ഞാനിതു പറയുന്നത്. മെന്റല്‍ കോണ്‍ഫിഡന്‍സ് ഇല്ലാത്തതുകൊണ്ടാണ് പെണ്‍കുട്ടികളില്‍ പലരും പൊതുരംഗത്തു നിന്നു പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്.  

ഇലക്‌ഷന്‍ സമയത്തു ഞാന്‍ നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനു മുന്നില്‍ മറ്റേതെങ്കിലുമൊരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ തളര്‍ന്നു പോകുമായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ ഇല്ലാതാക്കുന്ന സമൂഹത്തിലാണു ഞാനും നിങ്ങളും ജീവിക്കുന്നത്. 2012ല്‍ ഹരിതയില്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കുന്നയാളാണു ഞാന്‍; അന്നു മുതല്‍ സൈബര്‍ ബുള്ളിയിങ്ങിന്റെ അതിജീവിതയാണ്. ഇന്ന് അതിനെക്കുറിച്ചു ചോദിച്ചാല്‍ യാതൊരു സങ്കടവുമില്ലെന്നാണ് മറുപടി.

സൈബര്‍ ബുള്ളിയിങ്ങിനെ എങ്ങനെ നേരിടണമെന്ന് ഞാന്‍ പരിചയിച്ചു കഴിഞ്ഞു. കൂടെയുള്ളവരും നമുക്കു വേണ്ടപ്പെട്ടവരുമായ ആളുകള്‍ക്ക് ഇതുണ്ടാക്കുന്ന വേദന കാണുമ്പോള്‍ മനസ്സ് ഉലയാറുണ്ട്.

ആരാണ് തഹിലിയയെ ആക്രമിക്കുന്നത്?

എതിര്‍പക്ഷത്തെ രാഷ്ട്രീയക്കാര്‍. ഏതെങ്കിലുമൊരു വിഷയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചാല്‍ സൈബര്‍ പ്ലാറ്റ്‌ഫോമുകളിൽ ആക്രമണം തുടങ്ങും. ഇത്തരം ആക്രമണം ഇനി വിലപ്പോവില്ലെന്ന്  ഓര്‍മിപ്പിക്കാന്‍ ആ ഗ്രഹിക്കുന്നു.

രാഷ്ട്രീയത്തില്‍ പുരുഷാധിപത്യം തടസ്സമായോ?

നമ്മുടേതൊരു പാട്രിയാര്‍ക്കല്‍ സൊസൈറ്റി ആ ണ്. അതിനോടു കലഹിച്ചു കൊണ്ടു മുന്നോട്ടു പോ വുക എന്നതാണ് എന്റെ പോളിസി. ഞാന്‍ എവിടെയും തഴയപ്പെട്ടിട്ടില്ല. റിവാര്‍ഡുകള്‍ നേടാന്‍ കഴിഞ്ഞിട്ടുമുണ്ട്. 

ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുകളില്‍ മാത്രം പുരുഷാധിപത്യത്തിന്റെ ലേബല്‍ ഒട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ലോകത്തെ എല്ലാ സംഘടനകളുടേയും പാറ്റേണ്‍ പരിശോധിക്കേണ്ടി വരും.

ജെൻ സി വോട്ട് ജയത്തിന് അനുകൂലമായോ?

ഓള്‍ഡ് ജനറേഷന്റേയും ജെന്‍ സിയുടെയും നടുവില്‍ നില്‍ക്കുന്ന മില്ലേനിയല്‍ വിഭാഗത്തിലുള്ളയാളാണു ഞാന്‍. അതിനാൽ, എനിക്കു മുന്നിലും പിന്നിലുമുള്ള തലമുറയുടെ ഭാഗമാവാന്‍ സാധിച്ചു. എല്‍ഡിഎഫ് കണ്‍വീനറും മുൻ മന്ത്രിയുമായ ടി. പി. രാമകൃഷ്ണനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

അദ്ദേഹത്തിന്റെ പരാജയവും എന്റെ ജയവും മണ്ഡലത്തില്‍ മാത്രമല്ല കേരളത്തിലാകെ ചര്‍ച്ചയായി. അതിൽ ജെൻ സി  വോട്ട് നിർണായക ഘടകമായിരുന്നു. കസ്റ്റമറി പ്രാക്ടീസില്‍ നിന്നു മാറി നടക്കുന്നതുകൊണ്ടാണ് അവരെ എളുപ്പത്തില്‍ മനസ്സിലാകാത്തത്. പുതുതലമുറയിലെ കുട്ടികൾക്കു പഴ്‌സനല്‍ ചോയ്‌സ് ഉണ്ട്. രാഷ്ട്രീയത്തെ അലേര്‍ട്ട് ആയി അവര്‍ നിരീക്ഷിക്കുന്നുണ്ട്.

പുതുതലമുറയിലെ ട്രെൻഡുകൾ എങ്ങനെയാണു തിരിച്ചറിയുന്നത് ?

പുതുതലമുറയിലെ പെണ്‍കുട്ടികളായാലും ആ ണ്‍കുട്ടികളായാലും അവരുടെ കയ്യില്‍ അന്‍പതു രൂപയാണ് ഉള്ളതെങ്കില്‍ ആ പൈസകൊണ്ട് അവര്‍ റിച്ച് ആയി ജീവിക്കും. പണം സ്വരൂപിച്ചു വയ്ക്കുന്ന കാര്യത്തില്‍ ജെന്‍ സി തലമുറ അൽപം  പിന്നിലാണ്. എങ്കിലും അവര്‍ സംതൃ പ്തരാണ്.

ദൈര്‍ഘ്യമേറിയ പ്രസംഗങ്ങളോട് അവര്‍ക്കു താല്‍പര്യമില്ല. റീലുകള്‍ അനുഭവമായാണ് അവര്‍ ആസ്വദിക്കുന്നത്. കമന്റ് ചെയ്യാനും ഇമോഷന്‍ ഷെയര്‍ ചെയ്യാനും തടസ്സങ്ങളില്ലാത്ത പ്ലാറ്റ്ഫോമുകളിൽ അവർ സജീവമായി ഇടപെടുന്നു.

കുടുംബം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തു സാമൂതിരി രാജാക്കന്മാരുടെ തട്ടകമായ ചാലപ്പുറം പ്രദേശത്തെ കൊടക്കാട്ടകം വീട്ടിലാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. പെരുവയല്‍ പഞ്ചായത്തിൽ പൂവാട്ടു പറമ്പിലാണ് ജനിച്ചു വളര്‍ന്നത്. പഞ്ചായത്ത്  മുൻ മെംബറും യുഡിഎഫ് പ്രവര്‍ത്തകനുമായ അബ്ദു റഹ്‌മാന്റേയും സുബൈദ അബ്ദുറഹ്മാന്റെയും  മൂന്നു മക്കളിൽ മുതിര്‍ന്നയാളാണു ഞാന്‍. ഇളയ സഹോദരന്മാര്‍ രണ്ടുപേര്‍ - ഷഹബാസ് അഹമ്മദ്, ഷമീദ് അഹമ്മദ്.

ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. ആദ്യത്തെ നടപടി?

ആളുകളുടെ മുഖത്തേക്കു നോക്കുന്നതിനേക്കാള്‍ സമയം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുന്നവരാണ് ഏറെയും. അതിനാല്‍ത്തന്നെ, സൈബർ ആക്രമണത്തെ സോഷ്യൽ ആയിട്ടുള്ള അതിക്രമമായിട്ടു തന്നെ മുഖവിലയ്ക്കെടുക്ക്ണം. സൈബര്‍ ബുള്ളിയിങ്, ഫാള്‍സ് ഇന്‍ഫര്‍മേഷന്‍, ഹരാസ്‌മെന്റ്, ഡിജിറ്റല്‍ അറ്റാക്ക് എന്നിവ ശിക്ഷ അർഹിക്കുന്ന ഗൗരവമേറിയ കുറ്റങ്ങളായി പരിഗണിക്കപ്പെടണം. 

ഫേക്ക് ഐഡി ഉണ്ടാക്കി ആരേയും തേജോവധം ചെയ്യാമെന്നുള്ള സാഹചര്യം മാറണം. ആക്രമിക്കപ്പെടുന്നവരില്‍ ഏറെയും സ്ത്രീകളാണ്. മയക്കു മരുന്നിന്റെ അടിമകളായി മാറിയ ചെറുപ്പക്കാരുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീര്‍ വലിയ വിപത്തിന്റെ സൂചനയാണ്. സിന്തറ്റിക് ഡ്രഗ്‌സ് ധാരാളമായി കിട്ടുന്നത് എങ്ങനെയെന്ന് അന്വേഷിക്കണം.

മാതാപിതാക്കളുടെ പ്രതികരണം

onlinemasterpageNew6
1) അഡ്വ. ഫാത്തിമ തഹിലിയയും ഭർത്താവ് അഡ്വ. ശഹ്സാദും, 2) മാതാപിതാക്കൾ അബ്ദു റഹ്‌മാൻ, സുബൈദ അബ്ദു റഹ്മാൻ സഹോദരന്മാരായ ഷഹബാസ് അഹമ്മദ്, ഷമീദ് അഹമ്മദ്, ഭർത്താവ് അഡ്വ. ശഹ്സാദ് കെ. എന്നിവരോടൊപ്പം തഹിലിയ

ഉപ്പയും ഉമ്മയും എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. കഴിഞ്ഞ ദിവസം ഒരു ടിവി ചാനലുകാര്‍ വന്നപ്പോള്‍ ഉപ്പ അവരോട് പറയുന്നതു കേട്ടു: ‘തഹിലിയക്ക് അവളുടേതായ നിലപാടുകളുണ്ട്. പണ്ടു മുതല്‍ അങ്ങനെയായിരുന്നു.’

ഉപ്പ പറഞ്ഞതു ശരിയാണ്. മനസ്സാക്ഷിയോടു നൂറു ശതമാനം നീതി പുലര്‍ത്തിയാലേ ആളുകളോട് ആത്മാര്‍ഥമായി വര്‍ത്തമാനം പറയാന്‍ കഴിയുകയുള്ളൂ എന്നു വിശ്വസിക്കുന്നയാളാണു ഞാന്‍.

അഭിഭാഷക, എംഎൽഎ. പ്രഫഷനിൽ തുടരാനാകുമോ?

2014ലായിരുന്നു എന്റെ വിവാഹം. ചാലപ്പുറം സ്വദേശിയും ഗവ. പ്ലീഡറുമായിരുന്ന അഡ്വ. ആലിക്കോയയുടെ മകന്‍ അഡ്വ. ശഹ്‌സാദാണ് ഭര്‍ത്താവ്. കോഴിക്കോടും ഹൈക്കോടതിയിലുമായാണ് അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. വക്കീല്‍ കുടുംബത്തിലേക്ക് മരുമകളായി എത്തിയ ഞാനും അഡ്വക്കേറ്റ് ആയത് ജീവിതത്തില്‍ വന്നു ചേര്‍ന്ന മറ്റൊരു കൗതുകമാണ്. അതിനൊപ്പം വന്നണഞ്ഞ വേറൊരു അദ്ഭുതമാണ് എംഎല്‍എ സ്ഥാനം. പ്രഫഷൻ ഉപേക്ഷിക്കരുത് എന്നാണ് സീനിയർ അഭിഭാഷകരെല്ലാം പറയുന്നത്. പക്ഷേ, ജനപ്രാതിനിധ്യം വലിയ ഉത്തരവാദിത്തമാണ്. എന്നെ വിശ്വസിച്ചു വോട്ടു നല്‍കിയവര്‍ക്കു വേണ്ടി മുഴുവന്‍ സമയം എംഎല്‍എ ആയി ഞാനുണ്ടാകും.

ADVERTISEMENT