ADVERTISEMENT

പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മുന്നിലുള്ള ഏറ്റവും വലിയ ചോദ്യമാണ് ‘ഏതു കോളജ് തിരഞ്ഞെടുക്കണം?’ എന്നത്. നല്ല ക്യാംപസ് എന്നത് വെറും കെട്ടിടങ്ങളല്ല, മറിച്ച് കരിയറിന് അടിത്തറയിടുന്ന ഇടമാണ്.

കോളജ് തിരഞ്ഞെടുക്കുമ്പോൾ അഡ്മിഷൻ എടുക്കുന്നതിനു മുൻപ് താഴെ പറയുന്ന കാര്യങ്ങൾ കൂടി ഒന്ന് ചെക്ക് ചെയ്തോളൂ.

ADVERTISEMENT

1. കോളജ് വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങൾ

കോളജിനെക്കുറിച്ച് അറിയാനുള്ള ആദ്യ വഴി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റാണ്. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന കോഴ്‌സ് വിവരങ്ങൾ, അക്കാദമിക് കലണ്ടർ, ലാബ്  സൗകര്യങ്ങൾ ഇവ  പരിശോധിക്കുക.  കൂടാതെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആ കോളജിനെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ മനസ്സിലാക്കാം.

ADVERTISEMENT

2. അക്രഡിറ്റേഷനും ഗ്രേഡിംഗും  

വിദ്യാഭ്യാസ സ്ഥാപനം സർക്കാർ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പ രിശോധിക്കുന്ന പ്രക്രിയയാണിത്. ഇതിലൂടെ തന്നെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും എളുപ്പത്തിൽ മനസ്സിലാക്കാം.

ADVERTISEMENT

NAAC: ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും സർവകലാശാലകൾക്കും നൽകുന്ന ഗ്രേഡിങ്ങാണിത്. A++, A+, A ഗ്രേഡുകൾ ഉള്ള കോളജുകൾ മികച്ച നിലവാരം പുലർത്തുന്നവയാണ്.

NBA: എൻജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ പ്രഫഷനൽ കോഴ്സുകൾക്കാണ് ഈ അക്രഡിറ്റേഷൻ നൽകുന്നത്. വിദേശ പഠനത്തിനും ജോലിക്കും NBA അക്രഡിറ്റേഷൻ ഉള്ള കോഴ്സുകൾ വലിയ മുൻഗണന നൽകുന്നു.

3. നാഷനൽ/ഇന്റർനാഷനൽ റാങ്കിങ്

സ്ഥാപനത്തിന്റെ ഗുണനിലവാരം അളക്കാൻ സർക്കാർ ഏജൻസികൾ പുറത്തുവിടുന്ന റാങ്ക് പട്ടികകൾ നോക്കാം.

∙NIRF (India Rankings): കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന റാങ്കിംഗ്.

∙QS World Rankings: രാജ്യാന്തരതലത്തിലുള്ള കോളേജിന്റെ സ്ഥാനം അറിയാൻ ഇത് സഹായിക്കും.

4. കോളജിന്റെ സൽപ്പേരും പാരമ്പര്യവും  

വർഷങ്ങളായുള്ള പാരമ്പര്യവും മികച്ച അക്കാദമിക് റെക്കോർഡും ഉള്ള കോളജുകൾക്കു തൊഴിൽ വിപണിയിൽ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. കോളജിന്റെ അച്ചടക്കം, പഠന അന്തരീക്ഷം, മുൻ വർഷങ്ങളിലെ ഫലം എന്നിവ പരിശോധിക്കുന്നതു സ്ഥാപനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാൻ സഹായിക്കും.

5. മത്സരപരീക്ഷകളിലെ പ്രകടനം

കേവലം ബിരുദം നേടുന്നതിലുപരി, ഉപരിപഠനത്തിനായു ള്ള മത്സരപരീക്ഷകളിൽ (ഉദാഹരണത്തിന്: GATE, CAT, NET, UPSC) ആ കോളജിലെ വിദ്യാർഥികൾ എത്രത്തോളം വിജയിക്കുന്നുണ്ടെന്ന് നോക്കുക. ഇത്തരം പരീക്ഷകൾക്ക് വേണ്ട ലൈബ്രറി സൗകര്യങ്ങളും മികച്ച അധ്യാപകരുടെ പിന്തുണയും അവിടെ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണം.

6. അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും  

ഭൗതിക സാഹചര്യങ്ങൾ പഠനത്തെ വളരെയധികം സ്വാധീനിക്കുന്നു. മികച്ച ലാബുകൾ, വിപുലമായ ലൈബ്രറി, സ്മാർട് ക്ലാസ്റൂമുകൾ എന്നിവ പ്രധാനമാണ്.

അധ്യാപകരുടെ യോഗ്യതയും അനുഭവപരിചയവുമാണ് മറ്റൊരു പ്രധാന ഘടകം. ഡോക്ടറേറ്റ് (PhD) ഉള്ള പ്രഗത്ഭരായ അധ്യാപകർ വിദ്യാർഥികൾക്കു മികച്ച വഴികാട്ടികളാകും.

7. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റും 

പഠനകാലത്തു തന്നെ പ്രായോഗിക പരിശീലനം ലഭിക്കാ ൻ ഇന്റേൺഷിപ് സൗകര്യങ്ങൾ കോളജ് ഒരുക്കുന്നുണ്ടോ എന്നു നോക്കണം. അതുപോലെ തന്നെ പ്രധാനമാണ് പ്ലേസ്‌മെന്റ് സെൽ. മുൻനിര കമ്പനികൾ ക്യാംപസ് സെലക്‌ഷനായി എത്തുന്ന കോളജുകൾ തിരഞ്ഞെടുക്കുന്നതു പഠനം കഴിഞ്ഞാലുടൻ ജോലി ലഭിക്കാൻ സഹായിക്കും.

8. പൂർവവിദ്യാർഥികളുടെ വിജയം  

കോളജിന്റെ ഏറ്റവും വലിയ ആസ്തി അവിടുത്തെ മുൻ വിദ്യാർഥികളാണ്. ആ കോളജിൽ നിന്നു പഠിച്ചിറങ്ങിയവർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ എത്രത്തോളം ഉന്നതിയിൽ എത്തിയിട്ടുണ്ട് എന്നു പരിശോധിക്കുക. ശക്തമായ ഒരു അലുമിനൈ നെറ്റ്‌വർക്ക് ഭാവിയിൽ നിങ്ങൾക്ക് വലിയ സഹായമാകും.

9. പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തിനൊപ്പം തന്നെ കായികം, കല, ക്ലബ് പ്രവർത്തനങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന കോളജുകൾ തിരഞ്ഞെടുക്കുക. ഇതു കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നേതൃപാടവം വളർത്താനും സഹായിക്കുന്നു. ഈ വിവരങ്ങൾ ശേഖരിച്ച ശേഷം സാധ്യമെങ്കിൽ കോളേജ് നേരിട്ട് സന്ദർശിക്കുക. അവിടെ പഠിക്കുന്ന വിദ്യാർഥികളുമായി സംസാരിക്കുന്നത് കൃത്യമായ ചിത്രം ലഭിക്കാൻ നിങ്ങളെ സഹായിക്കും.

ADVERTISEMENT