കടലനുഭവങ്ങളുടെ ചൂടും ചൂരും മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തിയ പുതുതലമുറ എഴുത്തുകാരനാണ് ക്യാപ്റ്റൻ ഗോവിന്ദൻ. ‘കടല്‍ചൊരുക്ക്’, ‘നങ്കൂരബാലൻ’, ‘മസിൽ ബാരൽ’ എന്നീ കഥാസമാഹാരങ്ങളിലൂടെയും ‘പെഗാസസ്’ എന്ന നോവലിലൂടെയും ഒരു ‘കപ്പൽപ്പാടകലെ’ എന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരത്തിലൂടെയും ഇതിനോടകം വായനക്കാർക്ക് സുപരിചിതനായ ഈ കോട്ടയം സ്വദേശി ഇപ്പോൾ മറ്റൊരു മേഖലയിലും തന്റെ സജീവസാന്നിധ്യമറിയിച്ചു കഴിഞ്ഞു. അക്ഷരങ്ങളുടെ തുടിപ്പറിയുന്ന ഗോവിന്ദന്റെ കൈകൾ പഞ്ചഗുസ്തിയുടെ കരുത്തിനെയും ഉൾപ്പേറുന്നു. ഗോവയില്‍ നടന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗെയ്മിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിച്ച് രണ്ടു വെങ്കലമെഡലുകളാണ് ഗോവിന്ദന്‍ സ്വന്തമാക്കിയിരിക്കുന്നത്.
പഞ്ചഗുസ്തിയുടെ വഴിയേയുള്ള തന്റെ യാത്രയെക്കുറിച്ച് നാവികൻ കൂടിയായ ഗോവിന്ദന്‍ ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു...
പഞ്ചാംഗമില്ലാത്ത പഞ്ചഗുസ്തി
കുറച്ചു പണ്ടാണ്. ദേവീവിലാസം സ്‌കൂളിൽ പഠിച്ചിരുന്ന കാലം. കമ്പിനി പറമ്പിലെ ക്രിക്കറ്റു കളി. സ്‌കൂളിലെ ഹാൻഡ് ബോളു കളി. ചില്ലറ ഷോട്ട്പുട്ട് ത്രോ. കണക്കു പരീക്ഷക്ക് കിട്ടുന്ന തോൽവി - അങ്ങനെയായിരുന്നു അക്കാലം. ഒരു ദിവസം രാവിലെ അമ്മയുണ്ടാക്കിയ ഉലുവാ ദോശയും മുളക് ചമ്മന്തിയും അടുക്കളപ്പടിയിലിരുന്നു കൊണ്ട് കഴിക്കുന്നതിനിടെയാണ് മലയാള മനോരമ പത്രത്തിലെ പടം എന്റെ കണ്ണിൽ പെട്ടത്. പാലായിലുള്ള സെബാസ്റ്റ്യൻ ചേട്ടൻ ലോകോത്തര നിലവാരമുള്ള പഞ്ചഗുസ്‌തി മത്സരത്തിൽ മെഡലടിച്ച പടം സ്പോർട്ട്സ് പേജിൽ. പുള്ളിക്കാരൻ വിജയശ്രീമാനായി കൈ പൊക്കി നിൽക്കുന്നു. പടത്തിലേക്കു ചുമ്മാ നോക്കിയിരുന്നു. പത്രം മടക്കി വച്ച് ഞാൻ സ്‌കൂളിലേക്കു പോയി. പ്ലസ് ടു , കോളേജ് വർഷങ്ങൾ ചില്ലറ രാഷ്ട്രീയവും, വായനോട്ടവുമായി പോയി. കോളേജ് പഠനത്തിനിടെ എനിക്കു ജോലികിട്ടി. മർച്ചൻറ് നേവിയിൽ. സ്വസ്ഥജീവിതത്തിന്റെ അന്ത്യം. മൂടോടെ കടലിലേക്കു പറിച്ചു നടപ്പെട്ടു. കുറച്ചു വർഷങ്ങൾ. ഇതിനിടെ പ്രണയ ജ്വരബാധിതനും കല്യാണിതനും ഗൃഹനാഥനുമായി. ചില്ലറ ചെറുകഥകളും കൾസുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. ജീവിതരീതി മൂലം ശരീര ഭാരം 115 കിലോയായി. കപ്പൽ ജോലിക്കു പോകും മുൻപ് ഞങ്ങൾക്ക് മെഡിക്കൽ ചെക്കപ്പ് എന്ന പതിവുണ്ട്. അതിലെ പ്രധാന ഭാഗമാണ് ബോഡി മാസ് ഇൻഡക്സ്. അതിന്റെ റേഷ്യോ ശരിയല്ലയെങ്കിൽ ശരിയാകും വരെ ജോലിക്കു പോകാൻ കഴിയില്ല. അങ്ങിനെ ശരാശരി മലയാളിയുടെ അടവു ഞാനും പുറത്തെടുത്തു. ജിമ്മിൽ ചേരുക.
വഴിത്തിരിവായ വിഡിയോ
ഒരുപാടു ജിമ്മുകൾ കയറിയിറങ്ങി. അവിടെയൊക്കെ നടന്ന സംഭവങ്ങൾ എല്ലാം ഓരോരോ കഥകളാണ്. അതു മറ്റൊരു സാഹചര്യത്തിൽ വിവരിക്കാം. വണ്ണം കുറക്കുവാനുള്ള പൊടിക്കൈകൾ തേടി യൂട്യൂബിൽ പല വഴികളും പരതി. അതിനിടെയാണ് ഒരു വിഡിയോ എന്റെ ഫീഡിൽ പ്രത്യക്ഷപ്പെടുന്നത്. അതിഭീകര മസിലുള്ള ഒരാളെ അയാളുടെ പകുതി പോലുമില്ലാത്ത ഒരു മലയാളി പഞ്ചഗുസ്തിയിൽ തോൽപ്പിക്കുന്ന വിഡിയോ. അത് സാക്ഷാൽ രാഹുൽ പണിക്കരും ശ്രീമാൻ ലാറി വീൽസുമാണന്ന് വലിയ അതിശയത്തോടെ ഞാൻ മനസ്സിലാക്കിയത് ചവിട്ടുവരിക്കവലയിലെ സിസ്റ്റ്രിക്റ്റ് ഫൈവ് ജിമ്മിന്റെ മൂലക്കു കിടക്കുന്ന പഞ്ചഗുസ്‌തി മേശക്കരികിൽ വച്ചാണ്. ദേവീവിലാസം സ്‌കൂളിലെ ഡെസ്‌കിൽ കൂട്ടുകാർ തമാശക്കു പഞ്ച് പിടിക്കുന്നതു കണ്ടിട്ടുണ്ട് എന്നല്ലാതെ അതുവരെ ഈ കായിക മത്സരത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നാണ് വാസ്തവം.
വഴികാട്ടിയവർ
ആദ്യമായിട്ട് D5 ലെ പഞ്ചഗുസ്തി മേശക്കരികിൽ നിന്നപ്പോൾത്തന്നെ ഒരു തരം അടിമപ്പെടലും വിധേയത്വവും തോന്നി. ആദ്യം ജിമ്മിൽ ചെന്നാൽ പഞ്ചഗുസ്‌തി മേശയിൽ മറ്റുള്ളവർ കൂട്ടിയിട്ടിരിക്കുന്ന തൂവാലകളും വെള്ളക്കുപ്പികളും താക്കോലുകളും മൊബൈൽ ഫോണുകളും പതിയെ മറ്റൊരിടത്തേക്ക് മാറ്റുന്നതു പതിവായി. ചുമ്മാ തൂത്തും തുടച്ചും വെക്കും. എന്നെങ്കിലും ആ വിചിത്രരൂപമുള്ള മേശയിൽ എതിരാളിയുമായി കണ്ണിൽ കണ്ണിൽ നോക്കി മത്സരിക്കുന്നതു സ്വപ്നം കാണും. വ്യായാമത്തിനുശേഷം വെറുതേ ആ മേശക്കരികിൽ നിൽക്കും. പഞ്ചഗുസ്‌തിക്കായി ആദ്യം കൈപിടിപ്പിക്കുന്നത് മൈക്കിൾ കുര്യാക്കോസ് എന്ന മൈക്കിളാശാനാനും ജിമ്മിന്റെ ഉടമസ്ഥനായ മോബിൻ ആശാനും കൂടെയാണ്. ചുമ്മാ ബലാബലം നോക്കി എതിരാളിയുടെ കൈയിൽ പിടിച്ചു താഴ്‌ത്തുക എന്നതിലുപരി ഇതിന്റെ സാങ്കേതികവശങ്ങളുടെ കഥ പറഞ്ഞത് അവരാണ്. അങ്ങനെ പതിയെ പഞ്ചഗുസ്തിക്കായുള്ള പരിശീലനം തുടങ്ങി. അപ്പോഴാണ് മനസ്സിലായത് പഞ്ചഗുസ്തിയുടെ വ്യായാമക്രമങ്ങൾ സാധാരണ രീതിയിൽനിന്നും വ്യത്യസ്തമാണന്ന്. അങ്ങനെ ഒരു സുപ്രഭാതത്തിൽ D5 ലെ മോബിൻ ആശാൻ ഒരു ഫോൺ നമ്പർ തന്നു. പാലായിലുള്ള ഈവോ ഫിറ്റ്‌സനിലെ ഉണ്ണിരാജ് മാഷിന്റെ ഫോൺ നമ്പർ. ആഴ്ചയിൽ ഒരു ദിവസം പരിശീലനം പാലായിൽ. ബാക്കിയുള്ള ദിവസങ്ങളിൽ D5ൽ. പതിയെ പതിയെ ദിവസങ്ങൾ കഴിഞ്ഞു. പ്രോ പഞ്ചാലീഗിലെ മത്സരങ്ങൾ കണ്ടു തുടങ്ങി. ഈസ്റ്റ് vs വെസ്റ്റ് മത്സരങ്ങൾ കണ്ടു. ഡെന്നിസ് സൈപ്ലങ്കോവ് , ഡെവൻ ലാരറ്റ്, ലെവാൻ, വിത്താലി , രാഹുൽ പണിക്കർ, മസാഹിർ, യുവരാജ്, ആഭാസ് റാണ, സ്‌റ്റീവ്,കിംകിമാ, ഡെനിക്ക് , എബിൻ കുര്യൻ - ഇങ്ങനെ ഒട്ടനവധി പേരുകൾ. ഇൻസ്റ്റാ ഫീഡുമുഴുവൻ ഇവരുമായി ബന്ധപ്പെട്ട വിഡിയോകളായി.
പരിശീലനമുറകൾ
പാലായിലെ ജിമ്മിൽ പഞ്ചഗുസ്തിക്കായി ഒരുക്കിയ പരിശീലനമുറകൾ ഉണ്ണി ആശാൻ കൂടെനിന്നു പഠിപ്പിച്ചു. നാഷണൽ ചാമ്പ്യൻമാരായ റിനോ തോമസ് (റിനോ ആശാൻ), രാജേഷ് കൈമൾ (കൈമൾ ജി ), സജിത്ത് ആശാൻ , ജൂഡോ സ്റ്റേറ്റ് ഗോൾഡ് മെഡൽ നേടിയ ജെയ്സൺ, ജെറിൻ, അർജുൻ , മുന്ന മനോജ്, അങ്ങനെ ഒരുപാടുപേർ. ഓരോരുത്തർക്കും ഓരോരോ അടവുകൾ, രീതികൾ. കായികബലവും ബുദ്ധിയും ഒരേപോലെ ഉപോഗിക്കുന്ന മത്സരങ്ങളിലൊന്നാണ് ഇതെന്ന് പതിയെ മനസ്സിലായി. എന്റെ പകുതിയില്ലാത്ത കുട്ടികൾ ആദ്യമാദ്യം എന്നെ തോൽപ്പിച്ചു. ഇവോ ജിമ്മിലെ പഞ്ചഗുസ്തി ടേബിളിൽ ഞങ്ങളുടെ ഒന്നായ പരിശ്രമത്തിന്റെ വിയർപ്പും വേദനയും പതിയെ സന്തോഷങ്ങളായി. പാലായിലേക്കുള്ള യാത്ര എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. ഒടുക്കം നല്ല മഴയുള്ള ഒരു ദിവസം അതു സംഭവിച്ചു. ഞാനാദ്യമായി ഒരാളുടെ കൈ തറപറ്റിച്ചു. പിന്നെയും ദിവസങ്ങൾ. വലിക്കുന്ന ഭാരം കൂടി വന്നു. ഞാനറിയാതെ എന്റെ ശരീരഭാരം കുറഞ്ഞു. തീവ്ര പരിശീലനത്തിന്റെ നാളുകൾ. ഒടുക്കം ഗോവയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗേമ്സിൽ പങ്കെടുക്കാനുള്ള അവസരം എന്നെത്തേടിയെത്തി.
ഇന്ത്യൻ ജേഴ്സിയിൽ
PAFI (People’s Armwrestling Federation India) യുടെ കേരള ചുമതലയുള്ള ജോജി സാറിന്റെ സഹായത്തോടെ ഇന്ത്യൻ ടീമിനൊപ്പം ഗോവയിലേക്കു യാത്ര ചെയ്തു. മത്സരം കടുത്തതായിരുന്നു. ഇടതിനും വലതിനും വെവ്വേറെ മത്സരങ്ങളായിരുന്നു. മത്സരിച്ചു. ഇന്ത്യയുടെ ജേഴ്‌സിയുമായി വേദിയിലേക്കു കയറുമ്പോൾ ഉണ്ടാവുന്ന ആ തരിപ്പ് . ജീവിതത്തിലെ ഏറ്റവും സുവർണമായ നിമിഷങ്ങളിലൊന്ന് . ഒടുക്കം രണ്ടു വെങ്കലമെഡലുകൾ കഴുത്തിൽ വീണു. എല്ലാം ഒരു മാജിക്ക് പോലെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. ജീവിതത്തിലും കടലിലും എഴുത്തിലും പഞ്ചഗുസ്തിയിലും എന്റെ കഴിവുകളെ കണ്ടുപിടിച്ചത് ഒരു പരിചയവുമില്ലാത്ത ആൾക്കാരാണ്. നാട്ടുഭാഷയിൽ പറഞ്ഞാൽ വെറുതേക്കാർ. പിന്നീട് അവർ ജീവിതത്തിന്റെ ഭാഗമായി. കൂടെനിൽക്കും എന്നു തോന്നിയവരിൽ ചിലർ കളിയാക്കി. തള്ളിപ്പറഞ്ഞു. ഒഴിവാക്കി. ഇതെല്ലാം ഒരു സ്പോർട്ട്സ്മാൻ സ്പിരിറ്റിൽ കാണുവാൻ പഞ്ചഗുസ്‌തി എന്നെ പഠിപ്പിച്ചു. ഒരു കാര്യമുണ്ട്. നമ്മൾ ചെയ്യുന്ന കാര്യം - അത് ഇഷ്‌ടപ്പെട്ടാൽ ബാക്കിയെല്ലാം തനിയെ ഗുണമായി ഭവിക്കും. എന്റെ കൂടെ നിന്ന എല്ലാവരോടും സ്‌നേഹം മാത്രം. പിന്നെ,ജീവിതം ഒന്നേയുള്ളു. മറ്റുള്ളവരുടെ സ്വസ്ഥജീവിതത്തെ ഹനിക്കാതെ, അത് ആഘോഷിക്കണം. ചാകാറാകുമ്പോൾ ബക്കറ്റ് ലിസ്‌റ്റ് ഉണ്ടാക്കിയിട്ട് എന്തുകാര്യം. കാരണം മത്സരങ്ങളും അവസരങ്ങളും ഒരുപാടാണല്ലോ!