മുബൈയിൽ നിന്നുള്ള ഫിറ്റ്‌നസ് ഇൻഫ്ലുവൻസര്‍ ഡോളിയുടെ ഡയറ്റ് വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 145 കിലോയിൽ നിന്ന് 90 കിലോയിലേക്ക് ശരീരഭാരം എത്തിച്ച അദ്ഭുതകരമായ വെയ്റ്റ് ലോസ് യാത്രയാണ് ഡോളി പങ്കുവച്ചത്. വെറും 7 ഇനം ഭക്ഷണം ഒഴിവാക്കിയതുകൊണ്ടാണ് 55 കിലോയോളം കുറച്ചത്.
കഠിനമായ വ്യായാമവും കലോറി നിയന്ത്രിച്ചുള്ള ചിട്ടയായ ഭക്ഷണശൈലിയുമെല്ലാം ഡോളിയെ അടിമുടി മാറ്റി. അമിതവണ്ണത്തിൽ നിന്നും ആരോഗ്യകരമായ ജീവിതത്തിലേക്ക് മാറുന്നതിനായി പ്രധാനമായും 7 തരം ആഹാരങ്ങളാണ് ഈ മുംബൈ സ്വദേശിനി ഒഴിവാക്കിയത്.
1. പഞ്ചസാര പാനീയങ്ങൾ
പഞ്ചസാര പാനീയങ്ങളുടെ അമിത ഉപയോഗം അധിക കലോറിക്കും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പകരം നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഗ്രീൻ ടീ എന്നിവ ശീലമാക്കി.
2. വൈറ്റ് ബ്രഡ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി അമിത വിശപ്പുണ്ടാക്കുന്ന മൈദ കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡിന് പകരം മൾട്ടിഗ്രെയിൻ ബ്രെഡും ഓട്സും തിരഞ്ഞെടുത്തു.
3. ചിപ്പ്സും പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളും
ഉയർന്ന അളവിൽ ഉപ്പും കലോറിയുമുള്ള പാക്കറ്റ് ചിപ്സ്, ലഘുഭക്ഷണങ്ങൾ ഡോളി മാറ്റിവച്ചു. ഇതി പകരമായി വറുത്ത മഖാനയും നട്സും കഴിച്ചു തുടങ്ങി.
4. ഫാസ്റ്റ് ഫൂഡ്
കൊഴുപ്പും ഉപ്പും നിറഞ്ഞ ഫാസ്റ്റ് ഫൂഡുകൾ പൂർണ്ണമായും ഉപേക്ഷിച്ച് വീട്ടിലുണ്ടാക്കുന്ന പനീർ സാൻഡ്‌വിച്ചും വെജിറ്റബിൾ റോളുകളും ശീലമാക്കി.
5. ഐസ്ക്രീം
മധുരവും കലോറിയും നിറഞ്ഞ ഐസ്‌ക്രീമുകൾക്ക് പകരം ഗ്രീക്ക് തൈര്, പഴങ്ങൾ, ഫ്രോസൺ ബനാന സ്മൂത്തികളും ഡാർക്ക് ചോക്ലേറ്റും കഴിച്ച് മധുരത്തോടുള്ള ആഗ്രഹം നിയന്ത്രിച്ചു.
6. മദ്യം
നിർജ്ജലീകരണത്തിനും മുഖത്തെ വീക്കത്തിനും കാരണമാകുമെന്ന് പറഞ്ഞ് ഡോളി മദ്യം ഉപേക്ഷിച്ചു. പകരം നാരങ്ങ ചേർത്ത വെള്ളം, പഞ്ചസാര ചേർക്കാത്ത പഴച്ചാറുകൾ, ഡീറ്റോക്സ് വാട്ടറും ഫ്രഷ് ജ്യൂസുകളും കുടിക്കാൻ തുടങ്ങി.
7. സംസ്കരിച്ച ഭക്ഷണങ്ങൾ
സോഡിയവും പ്രിസർവേറ്റീവുകള്‍ അടങ്ങിയ പ്രോസസ്ഡ് ഫൂഡ് പൂർണ്ണമായി ഒഴിവാക്കി. പകരം മുട്ട, ടോഫു, പനീർ, തൈര്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ പ്രകൃതിദത്ത പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിലേക്ക് മാറി.
ഒപ്പം ഡോളി ദിവസവും വ്യായാമത്തിന് സമയം കണ്ടെത്തി. കൃത്യമായ ഉറക്കവും ധാരാളം വെള്ളം കുടിക്കുന്ന ശീലവും കൂടി ചേർന്നപ്പോഴാണ് ഡോളിക്ക് 55 കിലയോളം ഭാരം കുറയ്ക്കാൻ സാധിച്ചത്.
ആളുകൾ പലപ്പോഴും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവർ ചെയ്യുന്ന പ്രയത്നങ്ങൾക്ക് സ്ഥിരത ഇല്ലാത്തത് കൊണ്ട് പലപ്പോഴും വലിയ മാറ്റങ്ങൾ വരുത്താറില്ല. എന്നാൽ ജീവിതശൈലിയില്‍ കൊണ്ടുവന്ന മാറ്റം ശാശ്വതമായ ഭാരക്കുറവിന് സഹായിക്കുമെന്ന് ഡോളി സ്വന്തം അനുഭവത്തിലൂടെ പറയുന്നു.