ഡാന്‍സ് ഫ്ലോറില്‍ ചടുലമായ മെയ്വഴക്കത്തോടെ ഒഴുകി നടക്കുന്ന പെണ്‍കുട്ടി, അന്നും ഇന്നും നൃത്തത്തിനു അതേ അഴക്. കൊറിയോഗ്രാഫറും റിയാലിറ്റി ഷോ താരവുമായ രഞ്ജിനി കുഞ്ചുവിന്റെ ചുവടുകള്‍ക്കു അത്രയ്ക്ക് ഗ്രെയ്സാണ്. കുറേ നാളുകള്‍ കൂടി രഞ്ജിനിയെ കണ്ടവരൊക്കെ മൂക്കത്ത് വിരല്‍ വച്ചു, പഴയ ഗുണ്ടുമണി ആളാകെ മാറി മെലിഞ്ഞു കൂടുതല്‍ സുന്ദരിയായിരിക്കുന്നു. മുന്‍പത്തെക്കാള്‍ എനര്‍ജിയോടെ പാട്ടിനു ചുവടുകള്‍ വയ്ക്കുകയാണ് രഞ്ജിനി. രണ്ടു വര്‍ഷത്തെ ക്ഷമയും സമര്‍പ്പണവും ത്യാഗവും ഒക്കെയാണ് രഞ്ജിനിയുടെ വെസ്റ്റ് ലോസ് യാത്രയ്ക്ക് പിന്നില്‍. ആ കഥ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് താരം.
രണ്ടു വര്‍ഷം, കുറഞ്ഞത് പതിനൊന്നര കിലോ!
2024 ല്‍ തുടങ്ങിയ പ്രയാണമാണ്.. രണ്ടു വര്‍ഷത്തോളം സമയം എടുത്താണ് ഞാന്‍ വണ്ണം കുറച്ചത്. എനിക്ക് പിസിഒഡിയുടെ കുറേ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കോഴിക്കോട് ധന്വന്തിരിയില്‍ പിസിഒഡിക്ക് നാലു വര്‍ഷത്തോളം ട്രീറ്റ്മെന്റ് എടുത്തിരുന്നു. ആര്‍ത്തവം കറക്ടായിരുന്നില്ല. ചികിത്സ എടുക്കുമ്പോള്‍ കുറച്ചു വണ്ണം കുറയും. ദിവസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും കൂടും.
ഡാന്‍സ് ചെയ്യുമെങ്കിലും വര്‍ക് ഔട്ടോ, വെയ്റ്റ് ട്രെയ്നിങ്ങോ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. കാര്‍ഡിയോ മാത്രം വല്ലപ്പോഴും ചെയ്തിരുന്നു. ഒരു പ്രായം കഴിയുമ്പോള്‍ ശരീരത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും. അങ്ങനെ വണ്ണം കൂടി 74 കിലോയില്‍ എത്തി. 164 സെന്റിമീറ്ററാണ് എന്റെ ഉയരം, 10 കിലോയോളം അമിതഭാരം ആയിരുന്നു. സംഗതി കൈവിട്ടു എന്നു തോന്നിയപ്പോഴാണ് ‘75 ഡെയ്സ് ഹാര്‍ഡ് ചലഞ്ച്’ ഞാന്‍ ചെയ്തു തുടങ്ങുന്നത്.
ദിവസം രണ്ടു നേരം വര്‍ക് ഔട്, വീട്ടില്‍ നിന്നുതന്നെ ഭക്ഷണം, വൈകുന്നേരം ഏഴിനു ശേഷം ഭക്ഷണം കഴിക്കാതിരിക്കുക, പഞ്ചസാര, പായ്ക്കറ്റ് ഭക്ഷണം, ജങ്ക് ഫൂഡ് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ‘75 ഡെയ്സ് ഹാര്‍ഡ് ചലഞ്ചി’ലൂടെ ലക്ഷ്യമിട്ടത്. ആദ്യത്തെ 21 ദിവസം കടന്നുകിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. മധുരത്തോടുള്ള താല്‍പര്യം ഒക്കെ നന്നായി നിയന്ത്രിക്കേണ്ടി വരും. 21 ദിവസം കഴിയുന്നതോടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇതോടെ എന്റെ വണ്ണം കുറഞ്ഞു തുടങ്ങി.
74 ല്‍ നിന്ന് പെട്ടെന്നു വണ്ണം കുറഞ്ഞപ്പോള്‍ മസില്‍ ലോസ് ആയി. ചര്‍മം അയഞ്ഞതോടെ ജിമ്മില്‍ സ്ട്രെങ്ത്ത് ട്രെയ്നിങ് ചെയ്തു തുടങ്ങി. പ്രോട്ടീന്‍ നിറഞ്ഞ ആഹാരം കൂടുതല്‍ മെനുവില്‍ ഉള്‍പ്പെടുത്തി. വെയ്റ്റ് ട്രെയ്നിങ് ചെയ്തു തുടങ്ങുമ്പോള്‍ സ്ട്രെസ് നന്നായി കുറയും. ശരീരത്തിലും മനസ്സിലും പോസിറ്റീവ് എനര്‍ജി നിറയുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. ആദ്യം 74 ല്‍ നിന്ന് 68 കിലോയിലേക്കു എത്തി. പിന്നെ 64 ആയി, ഇപ്പോള്‍ 62.5 കിലോയില്‍ എത്തി നില്‍ക്കുന്നു. വെയ്റ്റ് ലോസ് ആയ ശേഷം വയറുവേദന, ബാക് പെയ്ന്‍ ഒന്നും ഇല്ല. ആര്‍ത്തവത്തിന്റേതായ ബുദ്ധിമുട്ടുകളും മാറി.
കുറുക്കുവഴികള്‍ വേണ്ട...
ഞാന്‍ നന്നായി യാത്ര ചെയ്യുന്ന ഒരാളാണ്. അതുകൊണ്ടുതന്നെ ഡയറ്റ് എപ്പോഴും നോക്കാന്‍ പറ്റിയെന്നു വരില്ല. പക്ഷേ, ജങ്ക് ഫൂഡ്, മധുരം എപ്പോഴും നിയന്ത്രിച്ചേ പറ്റൂ.. വല്ലപ്പോഴും ചീറ്റിങ് ഒക്കെ നല്ലതാണ്. ശരീരം നന്നായി പരിപാലിക്കുന്ന വിധം എനിക്ക് മനസ്സിലായി തുടങ്ങി. കുറുക്കുവഴികളിലൂടെ പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോഴാണ് അതുപോലെ തിരിച്ച് വണ്ണം കൂടുക. സമയം എടുത്തു ശരീരഭാരം കുറയ്ക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്.
ക്രാഷ് ഡയറ്റിനേക്കാളും സുസ്ഥിരമായ ഡയറ്റ് ആണ് ബെസ്റ്റ്. കീറ്റോ, ഇന്റര്‍മിറ്റന്റ് തുടങ്ങി ഒരുവിധം എല്ലാ ഡയറ്റും പരീക്ഷിച്ച ഒരാളാണ് ഞാന്‍. ഒന്നും എനിക്ക് വര്‍ക്ക് ആയില്ല. മുപ്പത് വയസ് കഴിയുമ്പോള്‍ കാര്‍ഡിയോ ചെയ്യുന്നതു കൊണ്ട് വലിയ ഫലം കിട്ടിയെന്ന് വരില്ല. പകരം വെയ്റ്റ് ട്രെയ്നിങ് ആണ് ചെയ്യേണ്ടത്. മസില്‍ ലോസ്, മുട്ടുവേദന പോലുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.
വീട്ടില്‍ എന്നും വെജ് തന്നെയായിരിക്കും. വര്‍ക് ഔട്ടിന്റെ ഭാഗമായി പ്രോട്ടീന്‍ നിര്‍ബന്ധം ആയതുകൊണ്ട് ചിക്കനും മുട്ടയുമൊക്കെ മെനുവില്‍ ഉള്‍പ്പെടുത്തും. വെള്ളം കുടിക്കാന്‍ നല്ല മടിയുള്ള ആളായിരുന്നു. ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കും. ആ ശീലം ഞാന്‍ പൂര്‍ണ്ണമായും മാറ്റി. ഇപ്പോള്‍ ധാരാളം വെള്ളം കുടിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് പൂര്‍ണ്ണമായും ഒഴിവാക്കി.
ഞാനൊരു ഐസ്ക്രീം കൊതിച്ചിയാണ്. മധുരം നന്നായി കഴിക്കുന്ന ആളായിരുന്നു. വണ്ണം കുറഞ്ഞിട്ടും ഇപ്പോഴും ഷുഗര്‍ കട്ട് തുടരുന്നുണ്ട്. അക്കാര്യത്തില്‍ ഒരു കോംപ്രമൈസുമില്ല. വണ്ണം കുറഞ്ഞ ശേഷമുള്ള എന്റെ ഡാന്‍സ് പെര്‍ഫോമന്‍സിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്ലാസിക്കല്‍ ഡാന്‍സ് 10 മുതല്‍ 15 മിനിറ്റ് ഒക്കെ പെര്‍ഫോം ചെയ്യുമ്പോള്‍ നല്ല എനര്‍ജി വേണം. ഇപ്പോള്‍ സ്റ്റേജില്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. എനര്‍ജി ലെവലില്‍ വ്യത്യാസം വന്നു, ശരീരം നല്ല രീതിയില്‍ ഫ്ലക്സിബിള്‍ ആയി.
ഇപ്പോള്‍ കൂട്ടുകാരൊക്കെ ഇനി വണ്ണം കുറയ്ക്കല്ലേ എന്നു പറഞ്ഞു എന്നെ ചീത്ത വിളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം എന്താ പറ്റിയേ വല്ലാതെ ക്ഷീണിച്ചല്ലോ എന്ന് ചോദിച്ചവരുണ്ട്. ഇപ്പോള്‍ മെലിച്ചില്‍ അല്ല, ശരീരം ടോണ്‍ഡ് ആവുകയാണ് ചെയ്തത്. 60 കിലോയിലേക്ക് എത്തുകയാണ് എന്റെ ആഗ്രഹം, അതിനുവേണ്ടി മനപൂര്‍വം ശ്രമിക്കുന്നില്ല, നാച്ചുറലായിട്ട് നടക്കട്ടേ..
അയ്യോ ഇത്രയൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ലല്ലോ എന്ന് ടെന്‍ഷനടിക്കുന്നവരാണ് കൂടുതലും. ഡയറ്റ് എടുക്കുമ്പോഴേക്കും പലര്‍ക്കും ഫലം കണ്ടു തുടങ്ങണം. ഒന്നു- രണ്ടു മാസം കൊണ്ട് 10 കിലോയൊക്കെ കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. അങ്ങനെ ശ്രമിക്കുമ്പോഴാണ് നിരാശയും സ്ട്രെസും ഒക്കെ വരുന്നത്. ഇതോടെ മടുത്ത് ഡയറ്റും വര്‍ക് ഔട്ടും ഒക്കെ അവസാനിപ്പിച്ച് പഴയ ശീലങ്ങളിലേക്ക് പോകും. മുന്‍പത്തെക്കാള്‍ മോശം അവസ്ഥയില്‍ എത്തുകയും ചെയ്യും. എന്റെ അഭിപ്രായത്തില്‍ ക്ഷമയോടെ സമയം എടുത്ത് വെയ്റ്റ് ലോസ് പ്ലാന്‍ ചെയ്യൂ...
രഞ്ജിനിയുടെ ഒരു ദിവസത്തെ ഡയറ്റ് ചാര്‍ട്ട്
∙ രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കും. കറുത്ത മുന്തിരി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കഴിക്കുന്നത് വിളര്‍ച്ച മാറാന്‍ വളരെ നല്ലതാണ്.
∙ ബ്രേക്ഫാസ്റ്റിന് മില്ലറ്റ് പുട്ട് അല്ലെങ്കില്‍ റാഗി പുട്ടാണ് ഇഷ്ടം. വീട്ടിലുണ്ടാക്കുന്ന വെജിറ്റബിള്‍ കറിയോ, ചന്ന മസാലയോ ആണ് പുട്ടിന് കൂട്ട്. രണ്ടോ- മൂന്നോ മുട്ട പുഴുങ്ങിയത് കൂടിയുണ്ടെങ്കില്‍ പ്രോട്ടീന്‍ സമ്പന്നമായി.
∙ ഉച്ചയ്ക്ക് കഴിവതും ചോറ് ഒഴിവാക്കും. പകരം മില്ലെറ്റ് വേവിച്ച് വെജിറ്റബിള്‍ കറിക്കൊപ്പം കഴിക്കും. ഗോതമ്പ്, മൈദ തുടങ്ങിയവ എന്റെ മെനുവില്‍ ഇല്ല.
∙ വൈകുന്നേരം എനിക്കൊരു കാപ്പി മസ്റ്റാണ്. അതാണ് ഇപ്പോഴും ഒഴിവാക്കാന്‍ പറ്റാത്ത ഒരേയൊരു കാര്യം.
∙ ഡിന്നര്‍ ലളിതമായിരിക്കും. വെജ് സാന്‍ഡ്വിച്ച് ആയിരിക്കും സ്ഥിരം മെനു. രാവിലെ മുട്ട മിസ് ചെയ്താല്‍ വൈകിട്ടത്തെ മെനുവില്‍ ഉള്‍പ്പെടുത്തും. ഗട്ട് ഹെല്‍ത്തിനു വേണ്ടി ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാറുണ്ട്. എന്താണെങ്കിലും ഡിന്നര്‍ ഏഴു മണിക്ക് മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കും.
∙ ദിവസവും 2.5 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കും.
∙ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കി. എപ്പോഴെങ്കിലും മധുരം കഴിക്കാന്‍ തോന്നിയാല്‍ ഡേറ്റ്സ് അല്ലെങ്കില്‍ 85% ഡാര്‍ക് ചേക്ലേറ്റ് ആണ് എന്റെ ചോയ്സ്.