ADVERTISEMENT

സംസ്കൃത അധ്യാപികയായ പ്രിൻസി ടി. ജെ.  രാജ്യാന്തര പഞ്ചഗുസ്തി താരമായതിനു പിന്നിൽ ജീവിതത്തോടു മല്ലിട്ട കഥയുണ്ട്...

ജിമ്മിന്റെ വാതിൽ തുറന്ന പ്രിൻസി ടീച്ചർ എത്തിയത് രാജ്യാന്തര പഞ്ചഗുസ്തി മത്സരലോകത്തേക്കാണ്. തൃശൂർ പൂമല യുപി സ്കൂളിൽ പിടി മാഷായിരുന്ന സാബു ഈപ്പൻ  സ്കൂളിന്റെ അടുത്തു തന്നെ ജിം തുടങ്ങി. അതേ സ്കൂളിൽ സംസ്കൃതം അധ്യാപികയാണ് പ്രിൻസി ടീച്ചർ. ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമ്പത്തിയഞ്ചുകാരിയായ ടീച്ചർ ജിമ്മിൽ ചേർന്നത്. അവിടെ  നിന്നു പഞ്ചഗുസ്തിയിലെ രാജ്യാന്തര താരമായി മാറിയ കഥയാണ് ടീച്ചർ പറയുന്നത്.

ADVERTISEMENT

‘‘തടി കുറയ്ക്കാനാണു ജിമ്മിലെത്തിയത്. പിന്നീടു നിർത്താൻ തോന്നിയതേയില്ല. വാർഷികത്തിനു പഞ്ചഗുസ്തി മത്സരത്തിൽ വെറുതേ പങ്കെടുത്തതു മാഷ് ശ്രദ്ധിച്ചു. മൂന്നാം സ്ഥാനമാണ് അന്നു കിട്ടിയത്. എങ്കിലും പഞ്ചഗുസ്തിയിൽ  സാധ്യതയുള്ളൊരാളാണെന്ന് മാഷ് നോട്ടമിട്ടു വച്ചു. കോലഞ്ചേരിയിൽ സ്റ്റേറ്റ് ലെവൽ മത്സരത്തിനും തള്ളിയുന്തി വിട്ടു. അതായിരുന്നു തുടക്കം.

പിന്നീടു നാഷനൽ ലെവലിലും തുർക്കിയിൽ ഇന്റർ നാഷനൽ മത്സരത്തിലേക്കും പോയി. അതിന്റെ അടുത്ത വർഷം മലേഷ്യയിലും മത്സരിച്ചു ജയിച്ചു.’’ കൈക്കരുത്തിനാൽ നേടിയ വിജയകഥ  ടീച്ചർ പറയുന്നു.  

ADVERTISEMENT

‘അടി’യിലും ‘അടവി’ലും പതറാതെ

‘‘തുർക്കിയിലെ പഞ്ചഗുസ്തി മത്സരവേദിയിലെ വലിയ സ്ക്രീനിൽ എന്റെ പേര് ഡിസ്പ്ലേ ചെയ്തതു കണ്ടപ്പോൾ തന്നെ വലിയ സന്തോഷം തോന്നി. പ്രിൻസി ടി. ജെ., താണിക്കൽ പൂവത്തിങ്കൽ, തൃശൂർ. ഏഴുവർഷം ചാംപ്യനായിരുന്ന ബ്രസീൽകാരി ക്രിസ് സൂസ ആയിരുന്നു എതിരാളി.  അവരെ പരാജയപ്പെടുത്തിയ സന്തോഷത്തിൽ നിൽക്കുകയാണ് ഞാൻ. അവരാണെങ്കിൽ ദേഷ്യം കൊണ്ട് കണ്ണുകാണാൻ വയ്യാത്ത അവസ്ഥയിലും. അവരെനിക്കിട്ട് രണ്ടടി തന്നു. അടി പാഴ്സലായി വീട്ടിൽ കൊണ്ടുപോകുന്ന രീതി തൃശൂര് ഭാഗത്തില്ല. അതുകൊണ്ടു കിട്ടിയതു തിരികെ കൊടുത്തു.  അങ്ങനെ ആ പോരാട്ടം സമനിലയിൽ അവസാനിച്ചു. പക്ഷേ, അവരു മിടുക്കിയായിരുന്നു കേട്ടോ. അടുത്ത രണ്ടു റൗണ്ടിലും അവരാണു ജയിച്ചത്. ’’

ADVERTISEMENT

ഹൈദരാബാദിൽ 2022 ലെ നാഷനൽ പഞ്ചഗുസ്തി മത്സരത്തിലെ വിജയമാണ് തുർക്കിയിലെ വേദിയിലെത്തിച്ചത്. അത്രയും പണം മുടക്കി പോകാൻ സത്യത്തിൽ വലിയ താൽപര്യമില്ലായിരുന്നു. പക്ഷേ, ജിമ്മിലെ സാബു മാഷ് പോയി മത്സരിക്കണമെന്നു നിർബന്ധിച്ചു. ഒടുവിൽ പോകാൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസം ഇറയത്ത് തെന്നി വീണ് എന്റെ കാലൊടിഞ്ഞു. ഞാൻ പ്ലാസ്റ്ററിട്ടിരിക്കുന്ന അതേ സമയത്ത് തന്നെ ഭർത്താവ് ബിജുവും തെന്നി വീണു. അദ്ദേഹത്തിന്റെ കയ്യാണ് ഒടിഞ്ഞത്.  

ഒടുവിൽ  ഒടിവൊന്നും കാര്യമാക്കാതെ പോയൊന്നു  പൊരുതാൻ തീരുമാനിച്ചു. തുർക്കിയിൽ പോയി വന്നപ്പോൾ രണ്ടുലക്ഷം രൂപയോളം ചെലവായി. പിന്നീട്  മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രാജ്യാന്തര പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ വിജയം നേടി. ചെലവു താങ്ങാൻ കഴിയാത്തതിനാൽ പിന്നെ വിദേശ മത്സരങ്ങൾക്കു പോയിട്ടില്ല. നാട്ടിലെ ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കാറുണ്ട്. ഈ വർഷത്തെ സ്റ്റേറ്റ് ലെവൽ മത്സരം  തൃശൂർ ടൗൺ ഹാളിലാണ്.  ’’  

നേരത്തേ തുടങ്ങിയ അഭ്യാസമുറകൾ

‘‘കുഞ്ഞിലേ തന്നെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്താണു ശീലം. അൽപം സാഹസികതയൊക്കെ ഇഷ്ടമാണ് താനും.  എന്തെങ്കിലും ലക്ഷ്യം വച്ചാൽ അതു പൂര്‍ത്തിയാക്കും വരെ മടുക്കാതെ ശ്രമിക്കും.  മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം. അടാട്ട് അച്ഛന്റെ വീട്ടിലാണ് അന്നു താമസം. ഞങ്ങൾ തൃശൂർ ക്രിസ്ത്യാനികൾ അമ്മയുടെ സഹോദരനെയാണ് ‘അച്ഛൻ’ എന്നു വിളിക്കുന്നത്.

നഴ്സറിയിൽ നിന്ന് ഉപ്പുമാവ് വാങ്ങാൻ പാത്രം കഴുകാനോ മറ്റോ കിണറിനരികെ പോയതാണ്. കയറിലേക്ക് എത്തിപ്പിടിക്കാൻ നോക്കി. എത്തിയില്ല. വക്കത്തു കയറി നിന്നു വീണ്ടും ഏന്തിവലിഞ്ഞു. നേരേ കിണറ്റിലേക്കു വീണു. അമ്മ സെലീലയോ അപ്പൻ ജേക്കബോ ഒപ്പമില്ല. അമ്മായിയേ എന്നോ മറ്റോ വിളിച്ചതു ചെറിയ ഓർമയുണ്ട്.

വൈകുന്നേരം ചായ സമയമാണല്ലോ. അനക്കം കേട്ടു വേണ്ടപ്പെട്ടവരും അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിന്റെ പ ണിക്കെത്തിയവരും ചേർന്ന് രക്ഷിച്ചു. അത്യാവശ്യം വെള്ളം കുടിച്ച് അവശനിലയിലായിരുന്നു ഞാൻ.  ‘പെണ്ണ് നല്ല ചങ്കുറപ്പുള്ള കുട്ടിയാണല്ലോ’ എന്ന് രക്ഷിക്കാനെത്തിയവരിൽ ആരോ കമന്റ് ചെയ്തത് ഇപ്പോഴും ഒാർമയിലുണ്ട്.’’

princy-teacher-story
ഭർത്താവ് ബിജു ടി എൻ, മകൻ അദ്വൈത് രാജ് എന്നിവർക്കൊപ്പം പ്രിൻസി

അനുഭവങ്ങളുടെ മനക്കരുത്ത്

‘‘പുറനാട്ടുകര കേന്ദ്രീയ വിദ്യാപീഠത്തിലാണ് പ്ലസ്‌ടു മുതൽ എംഎ വരെ പഠിച്ചത്. സ്പോർട്സിൽ സജീവമായിരുന്നു. കോളജ് കായികമേളയിൽ വ്യക്തിഗത ചാംപ്യനായിരുന്നു.  റിങ് ടെന്നീസ്, ബാഡ്മിന്റൻ, ഡിസ്കസ് ത്രോ എല്ലാം കയ്യിലുണ്ടായിരുന്നു. ബിരുദം രണ്ടാം വർഷമാണു ബിജു കേന്ദ്രീയ വിദ്യാപീഠത്തിലെത്തുന്നത്. ഒരു ദിവസം റിങ് ടെന്നിസ് കളിക്കുന്നതിനിടെ എന്റെ കൈക്കുഴ തെറ്റി. ബിജു അപ്പോൾ എവിടെ നിന്നോ വന്നതാണ്. കൈ തിരുമ്മി  നേരെയാക്കി. ആ പരിചയം പിന്നെ, പ്രണയമായി.

പിന്നീട് മതവും ജാതിയുമൊക്കെ തടസ്സമായി വന്നു. വ ലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്നു തോന്നിയപ്പോൾ ഒരുമിക്കേണ്ട എന്നു പോലും ‍ഞങ്ങൾ തീരുമാനിച്ചു.  പക്ഷേ, സ്നേഹമല്ലേ, അതങ്ങനെ പോവില്ലല്ലോ. പിരിയാൻ തീരുമാനിച്ച ഞങ്ങൾ വീണ്ടും അടുത്തു.

ബിജു നല്ല മനസ്സിനുടമയാണ്. എല്ലാവർക്കു വേണ്ടിയും നിസ്വാർഥമായി കാര്യങ്ങൾ ചെയ്യും. അദ്ദേഹം ഇപ്പോൾ ബിസിനസ് ചെയ്യുന്നു. വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ച സമയത്ത് ഈ ബന്ധത്തിൽ നിന്നു പിന്മാറാൻ വഴക്കുകൾ, ഉപദേശങ്ങൾ, മനസ്സ് മാറ്റാനുള്ള ശ്രമങ്ങൾ അങ്ങനെ പലതും നടന്നു. ഒടുവിൽ എന്നെ ധ്യാനത്തിനു വരെ വിട്ടു.  

സ്നേഹിക്കുന്നു എന്നതിനപ്പുറം എന്നെ മനസ്സിലാക്കുന്നയാളാണ് ബിജു. അതായിരുന്നു ധൈര്യം. അങ്ങനെ വീടുവിട്ടിറങ്ങി.  ഞങ്ങൾ ഒരുമിച്ചു ജീവിതം തുടങ്ങി. രണ്ടു മക്കളുണ്ട്. മൂത്തയാൾ അദ്വൈത് രാജ് ഓട്ടമൊബീൽ ഡിസൈനറാണ്. മകൾക്രിസ്മ ബിബിഎ രണ്ടാം വർഷ വിദ്യാർഥിനി.

ബിജു കൂടെയുണ്ടെന്ന ധൈര്യത്തിലാണ് പഞ്ചഗുസ്തിക്കും ഇറങ്ങിയത്.  സ്നേഹത്തിന്റെ ആഴത്തിൽ പടർന്ന വേരുകൾ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരു കൊടുങ്കാറ്റിനെയും പേടിക്കേണ്ട കാര്യമില്ല.’’ പഞ്ചഗുസ്തിയുടെ പഞ്ചോടെ പ്രിൻസി പറഞ്ഞു നിർത്തി.

From Classroom to Championship: Princy T.J. Arm Wrestling Triumph:

Arm wrestling star Princy T.J.'s journey from Sanskrit teacher to international competitor is a testament to her strength and determination. Facing life's challenges head-on, she transformed her passion for fitness into a remarkable athletic career, inspiring many along the way.

ADVERTISEMENT