ADVERTISEMENT

‘നീറുമെൻ പ്രാണനിൽ നീ, ആശതൻ തേനൊഴുക്കി...’ മീനു എനിക്ക് ആരാണെന്നു ചോദിച്ചാൽ യൂസഫലി കേച്ചേരിയുടെ ഈ വരികളാണ് ഉത്തരം. പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ച് എഴുത്തുകാരനും അധ്യാപകനുമായ ടിനോ തോമസ് സംസാരിച്ചു തുടങ്ങി.

‘‘മദ്രാസ് സർവകലാശാലയിലെ എംഫിൽ പഠനത്തിന്റെ ആദ്യ ദിവസങ്ങളിലൊന്നിൽ സുഹൃത്ത് പറഞ്ഞു.  

ADVERTISEMENT

‘വയലാർ രാമവർമ്മയുടെ കൊച്ചുമകൾ മീനാക്ഷി നമുക്കൊപ്പം പഠിക്കുന്നുണ്ട്’ മനസ്സിലെവിടെയൊ ആ വരികൾ വീണെങ്കിലും അന്നു പ്രത്യേകിച്ചൊന്നും തോന്നിയില്ല. സുഹൃത്തുക്കൾ ചേർന്നുള്ള മഹാബലിപുരം യാത്രയാണ് അതുവരെ സമാന്തരമായി സഞ്ചരിച്ചിരുന്ന ഞങ്ങളെ പ്രണയത്തിന്റെ ഒറ്റവരയാക്കി മാറ്റിയത്.

വലിയൊരു കുടുംബത്തണലിൽ വളർന്നയാളാണ് മീനു. എനിക്കാണെങ്കിൽ സ്വന്തം കാര്യത്തിൽപ്പോലും ഉറപ്പില്ലാതിരുന്ന കാലം. പ്രണയം വിടർന്നെങ്കിലും ഇനി എങ്ങനെ മുന്നോട്ട് എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. ഇഷ്ടപ്പെടുന്ന ഒരാളെ ബുദ്ധിമുട്ടിലാക്കാൻ തോന്നില്ലല്ലോ ’’ പ്രണയത്തിന്റെ പ്രഭാതകാലം ഓർത്തെടുക്കുമ്പോൾ പഴയ ഇരുപത്തിനാലുകാരന്റെ ആശങ്ക ടിനോയുടെ ശബ്ദത്തിൽ നിഴലിച്ചു.

ADVERTISEMENT

‘‘ഓരോ മനസ്സിലും പ്രണയം കയ്യൊപ്പിടുന്നത് ഓരോ തരത്തിലാകും. എന്റെയുള്ളിൽ ടിനോ പതിഞ്ഞത് ശബ്ദത്തിലൂടെയാണ്. എന്റെ അമ്മയും ഇച്ചായനും ഏറെക്കുറേ ഒരുപോലെയാണ്. അതിപ്പോൾ സ്നേഹിക്കുന്നതിലായാലും ശകാരിക്കുന്നതിലായാലും’’  ഒാർമകളുടെ ഒാരം പറ്റി വരുന്ന ചിരിയോടെ മീനാക്ഷി പറഞ്ഞു.

സ്നേഹം കൊണ്ടാറ്റിയ വിശപ്പ്

ADVERTISEMENT

‘‘ഹോസ്റ്റലിൽ ഒപ്പമുള്ളവര്‍ പുറത്തു ഭക്ഷണം കഴിക്കാ ൻ പോകുമ്പോൾ ചില്ലറത്തുട്ടുകൾ ചേർത്തുവച്ചു ചായയ്ക്കും ഉഴുന്നു വടയ്ക്കും തികയുമോ എന്നു ഞാൻ കൂട്ടി നോക്കും. തികയില്ലെന്നു കാണുമ്പോൾ വെള്ളം കുടിച്ച്, പുസ്തകങ്ങളുടെ കൂട്ടിൽ ചടഞ്ഞിരിക്കും.’’ ടിനോയുടെ ഓർമ വർഷം പലതു പിന്നിലേക്കു പാഞ്ഞു. ‘‘മെസ് ഫീ അടയ്ക്കാതെ, ഹോസ്റ്റലിൽ നിന്നു ഭക്ഷണം കിട്ടില്ലെന്നായപ്പോൾ ഫീസ് അടച്ച്, ഞാൻ പട്ടിണി ആവില്ലെന്നുറപ്പു വരുത്തിയത് ഈ കൂട്ടുകാരിയാണ്.

ഒരിക്കൽ മീനു സംഗീത ഹോട്ടലിൽ നിന്നു മസാല ദോശയും കാപ്പിയും വാങ്ങിത്തന്നു. കാലമെത്ര കഴിഞ്ഞിട്ടും അത്ര രൂചിയുള്ള മസാലദോശ പിന്നീടൊരിക്കലും കഴിച്ചിട്ടില്ല. മീനുവിലൂടെയാണു ഞാൻ ചെന്നൈ കണ്ടത്.  ക്യാംപസിൽ നിന്നു മീനു താമസിക്കുന്ന തരമണിയിലെ ഹോസ്റ്റലിലേക്കുള്ള സബർബൻ ട്രെയിൻ യാത്രകളാണ് ചെന്നൈയിലെ ഏകാന്തതയിൽ നിന്ന് എന്നെ ജീവിതത്തിലേക്കു നയിച്ചുകൊണ്ടിരുന്നത്.

ഹോസ്റ്റലിൽ വിട്ട് മടങ്ങുന്നതിനു മുൻപ് അൻപതിന്റെയോ നൂറിന്റെയോ നോട്ട് മീനു പോക്കറ്റിലേക്ക് വച്ചു തരും. ഭക്ഷണം കഴിക്കാതെ ഉറങ്ങരുതെന്ന് സ്നേഹവും ശകാരവും കലർന്ന സ്വരത്തിൽപ്പറയും. ഷൊർണൂർ കറുകപത്തൂരെ വീട്ടിൽ നിന്ന് ചെന്നൈക്ക് ട്രെയ്ൻ പിടിക്കാനിറങ്ങുമ്പോൾ അരിപ്പാത്രത്തിലോ മറ്റോ സൂക്ഷിച്ചിരിക്കുന്ന നോട്ടുകൾ പെറുക്കിയെടുത്തു പിന്നാലെ വരുന്ന അമ്മയെ ഓർക്കുമപ്പോൾ. കാൻസർ പിടിമുറുക്കുമ്പോഴും അമ്മ തളരാതിരുന്നതു ഞങ്ങൾ മക്കളേയോർത്താണ്.

പ്രണയകാലം

‘‘ഒരിക്കൽ മീനു പറഞ്ഞു, ‘വീട്ടിലൊരു വിവാഹാലോചന വന്നിട്ടുണ്ട്. പക്ഷേ എനിക്കു നിന്നെ ഇഷ്ടമാണ്’ എന്ന്. ‘കേട്ടതിൽ സന്തോഷമുണ്ട്. പക്ഷേ, നിനക്കു യോജിച്ച ആൾ ഞാനല്ല. സ്നേഹം അങ്ങനെയിരിക്കട്ടെ’ എന്നു പറഞ്ഞു ഞാൻ സംഭാഷണം അവസാനിപ്പിച്ചു.’’ ടിനോ പറഞ്ഞു.

‘‘പ്രണയം മുന്നോട്ടു പോയില്ലെങ്കിലും സൗഹൃദം തുടർന്നു. പിന്നീടൊരിക്കൽ ഇച്ചായൻ അദ്ദേഹത്തെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചും സംസാരിച്ചു. ഒഴിഞ്ഞുമാറുന്നതെന്തുകൊണ്ടെന്ന സംശയത്തിനുള്ള ഉത്തരങ്ങളായിരുന്നു അവ.’’ മീനാക്ഷി ടിനോയെ നോക്കി.

‘‘എന്റെ ആശങ്കകൾ അർഥമില്ലാത്തതാണെന്നു ബോധ്യപ്പെടുത്തിയതു മീനുവിന്റെ കുടുംബമാണ്.  ജാതിക്കും മതത്തിനുമപ്പുറം സഹാനുഭൂതിയോടെ അവരെന്നെ ചേർത്തു നിർത്തി. അഞ്ചു വർഷത്തെ പ്രണയകാലം കടന്നു ചാലക്കുടി സബ് റജിസ്ട്രാർ ഓഫിസിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങളൊന്നിക്കുന്നതു കാണാൻ മീനുവിന്റെ അമ്മ സിന്ധു ഒരുപാടാഗ്രഹിച്ചു.

എന്നാൽ, വിവാഹത്തിന് ഒരു വർഷം മുൻപ് അമ്മ ഞങ്ങളെ വിട്ടുപോയി. മീനുവിന്റെ ആഗ്രഹപ്രകാരം മുത്തശ്ശനും അമ്മയും ഉറങ്ങുന്ന മണ്ണിൽ, ആ സ്മാരകത്തിനു മുന്നിൽ ഞങ്ങൾ പരസ്പരം മാല ചാര്‍ത്തി.

ഇന്ന് അക്ഷരങ്ങളുടേയും അറിവിന്റെയും തണലില്‍ ജീവിതം തളിർത്തു‍. മീനു ഡോക്ടറേറ്റ് നേടി. ഞാൻ അധ്യാപകനായി. എന്റെ കഥകളുടേയും കവിതകളുടേയും ആദ്യ വായനക്കാരിയും എഡിറ്ററും മീനുവാണ്. എല്ലാത്തിലുമുപരി ജീവിതത്തിലെ ഏറ്റവും വലിയ സ ന്തോഷം ഇപ്പോൾ ഞങ്ങളുടെ മകളാണ്. നൈൽ നഹലിയേൽ എന്നാണവൾക്കിട്ട പേര്.  

അവൾക്കായി മനോഹരമായൊരു ലോകമൊരുക്കാനുള്ള മത്സരത്തിലാണ് ഞങ്ങൾ. ഇപ്പോൾ നൈലിനൊപ്പം ഒഴുകുകയാണു  ഞങ്ങളുടെ പ്രണയവും’’ ടിനോ പറഞ്ഞവസാനിപ്പിച്ചതും കുഞ്ഞു നൈൽ മോണകാട്ടിച്ചിരിച്ച്, അമ്മയുടെ നെഞ്ചിലേക്കു ചാഞ്ഞു.

From Strangers to Soulmates: Tino and Meenu's Journey:

This Malayalam love story chronicles the journey of writer Tino Thomas and Meenu, the granddaughter of Vayalar Ramavarma. Their relationship blossomed during their studies in Chennai, overcoming financial struggles and societal expectations, leading to a beautiful interfaith marriage and a happy family life.

ADVERTISEMENT