രാവിലെ എഴുന്നേറ്റപ്പോൾ മുതൽ മനസ്സിലുള്ളതാണ്, വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതിനു മുൻപ് അലമാര ഒന്ന് അടുക്കി പെറുക്കണം എന്ന്. എന്നാൽ, ഉച്ചകഴിഞ്ഞപ്പോൾ ‘ശോ, ഭയങ്കര ചൂട്...’ കുറച്ചു നേരം ഫോണൊന്നു നോക്കിയിട്ട തുടങ്ങാം എന്നു കരുതി സോഫയിൽ ഇരുന്നു. സമയം പോയതറിഞ്ഞില്ല. കുട്ടികളുടെ സ്കൂൾ ബസിന്റെ ഹോൺ കേട്ടപ്പോഴാണു ശരിക്കും ഞെട്ടിയത്. അലമാര ഇപ്പോഴും പഴയതുപോലെ തന്നെ കിടക്കുന്നു, കൂടെ ‘സമയം കളഞ്ഞല്ലോ’ എന്ന സങ്കടവും!
എന്താണ് ഈ ‘പ്രോക്രാസ്റ്റിനേഷൻ ?’
നമ്മുടെയെല്ലാം ജീവിതത്തിൽ എപ്പോഴെങ്കിലും ഇതുപോലെ സംഭവിച്ചിട്ടുണ്ടാകും. വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാനുണ്ടെന്ന് അറിഞ്ഞിട്ടും, അതു തുടങ്ങുന്നതിനു പകരം നമ്മൾ സമയം കളയും. ഇതിനെയാണ് 'പ്രോക്രാസ്റ്റിനേഷൻ' അഥവാ ‘കാര്യങ്ങൾ മാറ്റിവയ്ക്കുന്ന ശീലം’ എന്ന് വിളിക്കുന്നത്.
‘കാര്യങ്ങൾ മാറ്റിവയ്ക്കുന്നത് അലസതയാണെന്നാണു നമ്മളിൽ മിക്കവരും കരുതുന്നത്. എന്നാൽ, വാസ്തവത്തിൽ ഇത് വെറും മടിയല്ല, മറിച്ചു നമ്മുടെ ഉള്ളിൽ നടക്കുന്ന വൈകാരികമായ വടംവലിയാണ്.
ഇന്നത്തെ തിരക്കേറിയ ലോകത്തു വീട്, ജോലി, കുട്ടികൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഒരേപോലെ ‘പെർഫെക്ട്’ ആയി ചെയ്യണമെന്ന നിർബന്ധം നമുക്കുണ്ട്. ഈ ഉത്തരവാദിത്തങ്ങളുടെ മലവെള്ളപ്പാച്ചിലിനിടയിൽ എവിടെ തുടങ്ങണം എന്നറിയാതെ നമ്മൾ പകച്ചുപോകുന്ന അവസ്ഥയുണ്ടാകാം (Decision Paralysis).
സത്യത്തിൽ, ഈ മാനസിക സമ്മർദത്തിൽ നിന്ന് നമ്മളെ സംരക്ഷിക്കാൻ നമ്മുടെ തലച്ചോർ തന്നെ കണ്ടെത്തുന്ന‘എസ്കേപ് റൂട്ടാണ്’ ഈ മടി.
ഇതിനു പിന്നിലെ ശാസ്ത്രം
നമ്മുടെ തലച്ചോറിലെ രണ്ടു ഭാഗങ്ങൾ തമ്മിലുള്ള യുദ്ധമാണു പ്രോക്രാസ്റ്റിനേഷൻ എന്ന് പറയാം:
1. ലിംബിക് സിസ്റ്റം (Limbic System): നമ്മുടെ തലച്ചോറിലെ ഏറ്റവും പഴയതും പ്രാകൃതവുമായ ഭാഗമാണിത്. പെട്ടെന്നുള്ള സന്തോഷവും ആശ്വാസവുമാണ് ഇതിന് വേണ്ടത്. സങ്കീർണമായ ജോലി കാണുമ്പോൾ, ‘ഇതൊക്കെ ബോറല്ലേ, നമുക്ക് കുറച്ചു നേരം ഇൻസ്റ്റഗ്രാം നോക്കാം’ എന്ന് നമ്മളെ പ്രലോഭിപ്പിക്കുന്നത് ഈ ഭാഗമാണ്.
2. പ്രീഫ്രോണ്ടൽ കോർട്ടക്സ് (Prefrontal Cortex): ഇതു ബുദ്ധിപരമായി ചിന്തിക്കുന്ന ഭാഗമാണ്. കാര്യങ്ങൾ കൃത്യസമയത്തു തീർത്താലുള്ള ഗുണങ്ങളെക്കുറിച്ചും വൈകിയാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പു നൽകുന്നത് ഇതാണ്.
ജോലികൾ മാറ്റിവയ്ക്കുമ്പോൾ വാസ്തവത്തിൽ ലിംബിക് സിസ്റ്റം വിജയിക്കുകയാണ് ചെയ്യുന്നത്. ആ നിമിഷം നമുക്ക് ലഭിക്കുന്ന ആശ്വാസം താൽക്കാലികമാണ്. പിന്നാലെ വരുന്നത് മാനസിക സമ്മർദവും കുറ്റബോധവുമായിരിക്കും.
നമ്മുടെ തലച്ചോർ നമ്മളോടു കളിക്കുന്ന ഈ കുസൃതിയെ എങ്ങനെ സ്മാർട്ടായി നേരിടാം എന്നു നോക്കാം.
3. അഞ്ച് മിനിറ്റ് നിയമം: ഏതൊരു കാര്യവും തുടങ്ങാനാണ് ഏറ്റവും പ്രയാസം. ‘വെറും അഞ്ച് മിനിറ്റ് മാത്രം ഞാനിത് ചെയ്യും’എന്ന് സ്വയം പറയുക. ഒരിക്കൽ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ അതു പൂർത്തിയാക്കാൻ തലച്ചോർ നമ്മളെ സഹായിക്കും.
4. ചെറിയ ഭാഗങ്ങളായി തിരിക്കുക: വലിയൊരു ജോലി കാണുമ്പോൾ ഭയം തോന്നുന്നതു സ്വാഭാവികമാണ്. ഉദാഹരണത്തിന്, ‘വീട് മുഴുവൻ വൃത്തിയാക്കുക’ എന്നതിന് പകരം ‘ഇന്ന് ഈ ഒരു ഷെൽഫ് മാത്രം വൃത്തിയാക്കും’ എന്നു തീരുമാനിക്കുക. ലക്ഷ്യം ചെറുതാകുമ്പോൾ തുടങ്ങാൻ എളുപ്പമാകും.
5. രണ്ട് മിനിറ്റ് ഫോർമുല: രണ്ട് മിനിറ്റിനുള്ളിൽ തീർക്കാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ (ഒരു ഫോൺ കോൾ, ബില്ലടയ്ക്കൽ തുടങ്ങിയവ) കണ്ടാൽ അപ്പോൾ തന്നെ ചെയ്തു തീർക്കുക. ഇത് വലിയ ആത്മവിശ്വാസം നിറയ്ക്കും.
6. കൺമുന്നിൽ ഒരുക്കാം: വ്യായാമം ചെയ്യണമെന്നുണ്ടെങ്കിൽ ജിം ഷൂസ് കൺമുന്നിൽ തന്നെ വയ്ക്കുക. എഴുതണമെന്നുണ്ടെങ്കിൽ ബുക്ക് തുറന്നു വയ്ക്കുക. തുടങ്ങാനുള്ള മടി കുറയ്ക്കാൻ ഇത്തരം ‘വിഷ്വൽ ക്ലൂസ്’ (Visual Cues) സഹായിക്കും.
7.ഡിജിറ്റൽ ശല്യങ്ങൾ ഒഴിവാക്കാം: ജോലി ചെയ്യുമ്പോൾ ഫോൺ അടുത്ത മുറിയിൽ വയ്ക്കാം. ഫോണിൽ വരുന്ന ഓരോ നോട്ടിഫിക്കേഷനും നമ്മുടെ ശ്രദ്ധ തിരിക്കാൻ കാത്തുനിൽക്കുന്ന വിരുന്നുകാരാണ്. അവരെ തൽക്കാലം മാറ്റിനിർത്താം.
8.ഒരു കൂട്ടു കണ്ടെത്താം: നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് സുഹൃത്തിനോടോ വീട്ടുകാരോടോ പറയാം. മറ്റൊരാളോട് പറഞ്ഞുപോയല്ലോ എന്ന ആ ഉത്തരവാദിത്തം നമ്മളെ മടി കൂടാതെ ജോലി ചെയ്യാൻ പ്രേരിപ്പിക്കും.
9. സ്വയം കുറ്റപ്പെടുത്താതിരിക്കാം: കഴിഞ്ഞുപോയ സമയത്തെ ഓർത്ത് വിഷമിക്കരുത്. മടി കാരണം സമയം പോയതിൽ സ്വയം പഴിചാരുന്നത് വീണ്ടും മാനസിക സമ്മർദം കൂട്ടാനേ സഹായിക്കൂ. പുതിയൊരു നിമിഷം കിട്ടിയാൽ ഉടൻ ജോലി തുടങ്ങുക.
‘പിന്നീടാവാം’ എന്ന് കരുതി ഓരോ കാര്യങ്ങൾ മാറ്റിവെക്കുമ്പോൾ സത്യത്തിൽ നമ്മൾ തോൽപ്പിക്കുന്നത് നമ്മുടെ ജോലിയെയല്ല, നമ്മളെത്തന്നെയാണ്. ‘എനിക്കൊന്നിനും കഴിയില്ലേ?’ എന്ന ചോദ്യം പതിയെ നമ്മുടെ ആത്മവിശ്വാസത്തിന്റെ നിറം കെടുത്തും.
മറ്റുള്ളവരുടെ മുൻപിലല്ല, സ്വന്തം കണ്ണാടിക്ക് മുൻപിൽ നമ്മൾ തോറ്റുപോകാതിരിക്കാൻ ഈ ശീലം മാറ്റിയേ തീരൂ.
സ്റ്റാർട്, ആക്‌ഷൻ
അലാം ദൂരേക്കു മാറ്റി വയ്ക്കാം: അലാറം വയ്ക്കുന്ന ഫോണോ ക്ലോക്കോ നിങ്ങളുടെ കയ്യെത്തുന്ന ദൂരത്ത് വയ്ക്കാതെ മുറിയുടെ മറ്റേതെങ്കിലും അറ്റത്ത് കൊണ്ടുപോയി വയ്ക്കുക. അലാം നിർത്തണമെങ്കിൽ നിങ്ങൾക്ക് ബെഡിൽ നിന്ന് എഴുന്നേറ്റേ മതിയാകൂ. ആ നടത്തം നിങ്ങളുടെ ഉറക്കം കളയാൻ സഹായിക്കും.
5-4-3-2-1 മാജിക്: എഴുന്നേൽക്കാൻ മടി തോന്നുമ്പോൾ മനസ്സിൽ അഞ്ചു മുതൽ ഒന്നു വരെ പിന്നോട്ട് എണ്ണുക. ഒന്ന് എന്ന് എണ്ണുമ്പോഴേക്കും ഒരു റോക്കറ്റ് കുതിച്ചുയരുന്നതു പോലെ നിങ്ങൾ ബെഡിൽ നിന്ന് എഴുന്നേറ്റിരിക്കണം. കൂടുതൽ ചിന്തിക്കാൻ തലച്ചോറിനു സമയം കൊടുക്കുന്നതിന് മുൻപു തന്നെ നമ്മൾ ആക്‌ഷനിലേക്ക് കടക്കണം എന്നതാണ് ഇതിന്റെ തന്ത്രം.