ADVERTISEMENT

ദ്യം പതിഞ്ഞതു സുരാജിന്റെ മുഖമല്ല, ശബ്ദമാണ്. ജഗപൊഗ എന്ന സീരിയലിൽ താരങ്ങളുടെ ശബ്ദം അനുകരിക്കാനാണ് വെഞ്ഞാറമൂട് നിന്നു സുരാജ് ബസ് കയറുന്നത്. ജഗപൊഗ അക്കാലത്തെ ഹിറ്റ് സീരിയലുകളിലൊന്നായിരുന്നു. താരഡ്യൂപ്പുകള്‍ അഭിനയിക്കുന്ന സീരിയൽ. ജയൻ, ജഗതി, മോഹൻലാൽ... തുടങ്ങി ഒരുപാടു താരശബ്ദങ്ങൾ, ഡ്യൂപ്പൂകൾക്കു വേണ്ടി സുരാജ് ഡബ് ചെയ്തു.

ജഗപൊഗയുടെ സംവിധായകൻ ധന്വന്തരിയോടു സുരാജ് ഒരു മോഹം പറഞ്ഞു– അഭിനയിക്കാൻ ഒരു കഥാപാത്രം തരാമോ? ധന്വന്തരി ഒന്നാലോചിച്ചിട്ടു മറുപടി കൊടുത്തു– ‘ഇതു താരങ്ങളുടെ രൂപവും ശബ്ദവും അനുകരിച്ചുള്ള സീരിയൽ അല്ലേ, കഥാപാത്രങ്ങളേക്കാൾ ഡ്യൂപ്പുകളാണുള്ളത്. നരേന്ദ്രപ്രസാദിന്റെ ഒഴിവുണ്ട്.’ അതായിരുന്നു തുടക്കം.

ADVERTISEMENT

2001 ൽ ജഗപൊഗ സിനിമയായി. ശബ്ദമായി, പിന്നെ, ഡ്യൂപ്പായി തുടങ്ങിയ യാത്ര ഇന്നെത്തി നിൽക്കുന്നത് ജയിലർ 2 ൽ രജനികാന്തിനൊപ്പം വില്ലൻ വേഷത്തിലാണ്. കന്നടയിലും തമിഴിലും തെലുങ്കിലും വേഷങ്ങൾ... രാജ്യാന്തര, സംസ്ഥാന പുരസ്കാരങ്ങൾ. നടനെന്ന ഗോപുരത്തിലേക്കുള്ള പടികൾ നടന്നു കയറിയതിനെക്കുറിച്ചു സുരാജ് വെഞ്ഞാറമൂട് ഒാർമിച്ചു തുടങ്ങി.

ജഗപൊഗയെക്കുറിച്ച് ഒാർക്കാറുണ്ടോ?

ADVERTISEMENT

നരേന്ദ്രപ്രസാദ് സാറായി അഭിനയിച്ചത് ഒാർക്കുമ്പോൾ ഇന്നും മുഖത്തു ചൊറിച്ചിൽ വരും. ഏകലവ്യനിലെ സ്വാമി വേഷമാണ്. താടി തട്ടിക്കൂട്ടു പരിപാടി ആയിരുന്നു. താടിക്കഷണങ്ങൾ പറിഞ്ഞു പോവാതിരിക്കാൻ കാര്യമായി തന്നെ പശ തേച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ചൊറിയാൻ തുടങ്ങി. കുടക്കമ്പി പോലെ ഒരു സാധനം കിട്ടി. അതു താടിക്ക് അകത്തു കൂടി കയറ്റി ചൊറിഞ്ഞു. താടിയുള്ളതുകൊണ്ട് മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല. കഞ്ഞി മിക്സിയിലിട്ട് അടിച്ച് സ്ട്രോ ഇട്ട് കുടിക്കും.

വീട്ടിൽ അന്ന് ഒരു കുഞ്ഞു ബ്ലാക്ക് ആന്റ് വൈറ്റ് ടിവി യെയുള്ളൂ. ജഗപൊഗയുടെ എപ്പിസോഡ് വരും മുൻപ് കയ്യിലുള്ളതും കടം വാങ്ങിച്ചതും കൊണ്ട് കളർ ടിവി വാങ്ങി. ജഗപൊഗ കാണാൻ അയൽക്കാരൊക്കെ എത്തി. ഞാൻ ഏറ്റവും പിന്നിൽ ഒരു കസേരയിട്ട് ഇരിക്കുകയാണ്. ‘പ്രേക്ഷകരുടെ പ്രതികരണം’ അറിയാൻ ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ‘നരേന്ദ്രപ്രസാദ്’ വന്നു. ഞാൻ അമ്മയുടെ മുഖത്തേക്കു നോക്കി. ചിരിയൊക്കെയുണ്ട് പക്ഷേ എന്നെ നോക്കുന്നില്ല, ഞാൻ അമ്മയോടു ചോദിച്ചു– ‘‘അമ്മാ, അതാരന്നു മനസ്സിലായാ?’’

ADVERTISEMENT

‘‘സിനിമയിലെ നരേന്ദ്രപ്രസാദ്.’’– അമ്മയുടെ മറുപടി. ‘‘അതല്ലമ്മാ, അഭിനയിച്ചതാരാന്ന് ’’?

‘‘അതാര് മക്കളെ? മനസ്സിലായില്ല...’’ ഞാൻ തകർന്നു.‌ അമ്മയ്ക്കു പോലും സ്വന്തം മകനെ തിരിച്ചറിയാൻ പറ്റിയില്ല. എനിക്ക് നിരാശ തോന്നി. ധന്വന്തരി സാറിനോട് പറഞ്ഞു– ‘ഇനി ഞാനില്ല സാർ’. പക്ഷേ അദ്ദേഹം വിട്ടില്ല. അടുത്ത എപ്പിസോഡിൽ ദാദാസാഹിബ് സിനിമയിലെ മമ്മൂക്കയെ അനുകരിക്കാൻ പറഞ്ഞു. കുറച്ചു നാൾക്കു ശേഷം ആദ്യ കഥാപാത്രവും തന്നു–പ്രബുദ്ധൻ.

അവിടെ നിന്നെത്തി നിൽക്കുന്നത് ജയിലർ 2 ൽ...

തിരുവനന്തപുരം സാഗരയുടെ ഗാനമേള ട്രൂപ്പിൽ രജനി സാറിനെ അനുകരിച്ചു പാടുന്ന ഒരു കലാകാരനുണ്ടായിരുന്നു. പടയപ്പയിലെയും അരുണാചലത്തിലെയും പാട്ടുകൾ രജനിസാറിന്റെ ശബ്ദത്തിൽ പാ ടും. അതു കേട്ടു വാപൊളിച്ചിരുന്നിട്ടുണ്ട്. ആ ഡ്യൂപ്പിന്റെ പോലും ഫാന്‍ ആയിരുന്നു ഞാൻ. രജനിസാറിനെ നേരിട്ടു കാണാൻ പറ്റുമെന്നു കരുതിയിട്ടില്ല. സിനിമകളി ൽ അഭിനയിച്ച ശേഷവും അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പറ്റുമെന്നും പ്രതീക്ഷിച്ചില്ല. ഈശ്വരാനുഗ്രഹം കൊണ്ടു ജയിലർ 2 ലേക്ക് എത്തി.

കേരളത്തിലെ ലൊക്കേഷനിൽ വച്ചാണു രജനി സാറിനെ കാണുന്നത്. ആദ്യ കാഴ്ചയിൽ, ഇതാണോ ആരാധകരെ ആവേശത്തിന്റെ ആകാശത്തിലേക്ക് ഉയർത്തുന്ന രജനികാന്ത് എന്നു തോന്നിപ്പോയി. കസേരയിൽ പുസ്തകവും വായിച്ചിരിക്കുന്ന ചെറിയ മനുഷ്യൻ. ഒരിത്തിരി മടിയോടെ ‌അടുത്തേക്ക് ചെന്നു. അദ്ഭുതപ്പെടുത്തിക്കൊണ്ട് സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു– സാർ ഒന്നു കാണണം, ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. ഒരുമിച്ച് അഭിനയിക്കാൻ പറ്റി. അദ്ദേഹം അതുകേട്ട് എന്നെ ചേർത്തു പിടിച്ചു. ഫാൻബോയ് മൊമന്റ്!

മികച്ച നടനുള്ള നാഷനൽ അവാർ‌ഡും ഹാസ്യ നടനുള്ള സംസ്ഥാന അവാർ‌ഡും ഒരേ വർഷം...

അതൊരു വലിയ ഭാഗ്യമാണ്. ഡോക്ടർ ബിജു സാർ സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്നു സാർ എന്നോടു പറഞ്ഞു. അവാർഡ് പ്രഖ്യാപനത്തിന്റെ തലേ ദിവസം. രാത്രിയിൽ ഞാൻ അമ്മയോടു പറഞ്ഞു– അമ്മാ, പ്രാർഥിക്കണേ, നാളെയാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. അമ്മയുടെ മറുപടി–‘‘മക്കളെ ഞാൻ നന്നായി പ്രാർഥിച്ചു. മികച്ച കൊമേഡിയൻ നീ തന്നെ...’’

ഞാൻ ഞെട്ടി. ‘‘അമ്മാ അങ്ങനെ അല്ല. ഞാൻ കോമഡി അല്ലാത്ത കാര്യങ്ങള് രണ്ടു മൂന്നു സിനിമകളിൽ ചെയ്തിട്ടുണ്ട്. അതിനാണ് അവാർഡ് വേണ്ടത്.’’

‘എനിക്കു നീ ചിരിപ്പിക്കുന്നതാണ് ഇഷ്ടം’ അമ്മ മറുപടിയും പറഞ്ഞു. പിറ്റേന്ന് അവാർ‌ഡ് പ്രഖ്യാപിച്ചു. അമ്മയുടെ പ്രാർഥന ദൈവം കേട്ടു. ഞാൻ മികച്ച കൊമേഡിയനായി. മികച്ച നടനുള്ള അവാർ‌ഡ് കിട്ടണേ എന്ന എന്റെ പ്രാർഥന ദൈവം അവധിക്കു വച്ചെന്ന് പിന്നെയാണ് മനസ്സിലായത്. മൂന്നു മാസം കഴിഞ്ഞ് നാഷനൽ അവാർ‌ഡ് വന്നു. മികച്ച നടനുള്ള അവാർഡ് എനിക്കായിരുന്നു. ഒരേ വർഷം മികച്ച നടനുള്ള നാഷനൽ അവാർഡും മികച്ച കൊമേഡിയനുള്ള സംസ്ഥാന സർക്കാരിന്റെ അവാർ‌ഡും കിട്ടുന്നത് അപൂർ‌വതയായിരുന്നു.

201‍0 ൽ മുപ്പതോളം സിനിമകൾ. 2025 ൽ നാലോ അ ഞ്ചോ മാത്രം. സെലക്ടീവായതെങ്ങനെ?

ഒരേ റോൾ കുറേ ചെയ്തു കഴിയുമ്പോൾ ബോറടിക്കും. നടന്റെ കൂട്ടുകാരൻ, നായകന്റെ കൂട്ടുകാരൻ, ചായക്കടക്കാരൻ ഇങ്ങനെ ഒരേ റോളിന്റെ ആവർത്തനങ്ങൾ. എന്നെ കാണുമ്പോഴേ ആൾക്കാർക്ക് കഥാപാത്രത്തിന്റെ സ്വഭാവം പിടികിട്ടും. അതു നെഗറ്റീവായിത്തുടങ്ങി. പല കോമഡികളും ചിരിയില്ലാതെ ചീറ്റിപ്പോയി. ക്യാരക്ടർ റോളുകൾ ചെയ്യണമെന്നു തോന്നിയത് അപ്പോഴാണ്. അന്നൊന്നും സ്ക്രിപ്റ്റ് ചോദിക്കാനുള്ള ധൈര്യമില്ല. ലാൽജോസ് സാറിന്റെ പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും സിനിമയുടെ തിരക്കഥയാണ് ആദ്യമായി വായിക്കുന്നത്. അതൊരു തെളിച്ചമായിരുന്നു. കഥാപാത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി ചെയ്യാൻ പറ്റി.

‘ദശമൂലം ദാമുവിന്റെ’ ഡയലോഗ് ഉണ്ട്– ‘‘ധൈര്യം തന്ന് കൊല്ലാൻ നോക്കുന്നോടാ’’– ജീവിതത്തിൽ ധൈര്യം തന്ന് കുഴിയിൽ ചാടിച്ചവരുണ്ടോ?

കൂടെ നിൽക്കുന്നവരെ ഒരുപാടു വിശ്വസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ വിശ്വസിച്ചില്ലെങ്കില്‍ മുന്നോട്ടു പോകാനാവില്ല. പക്ഷേ, ചിലർ ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യത്തിനു ധൈര്യം തന്നു പറഞ്ഞു വിടും. അതും കേട്ടു മുന്നോട്ടു പോവും. കുഴിയിൽ ചാടും. ഉദാഹരണത്തിന് ഈ ബിസിനസ് ചെയ്യ് ഗംഭീരമായിരിക്കും എന്നൊക്കെ പറഞ്ഞ് തള്ളിവിടും. എനിക്ക് ഒരു െഎഡിയയും ഉണ്ടാവില്ല. എന്നിട്ടും അതു കേട്ട് ചാടി വീഴും. പൈസയും പോവും. അങ്ങനെ പല അനുഭവങ്ങളുമുണ്ട്.

പക്ഷേ, ഞാനിപ്പോഴും ഒരുപാടു പേരെ വിശ്വസിക്കാറുണ്ട്. സിനിമ തന്നെ അങ്ങനെയല്ലേ, സംവിധായകനെ, ക്യാമറാമാനെ, തിരക്കഥാകൃത്തിനെ ഒക്കെ വിശ്വസിച്ചാണു സിനിമയ്ക്കു കൈ കൊടുക്കുന്നത്. എ ല്ലാവരെയും സംശയത്തോടെ നോക്കിയാൽ മുന്നോട്ടു പോവാനാവില്ല.

കുടുംബമാണു കരുത്തെന്നു പറയാറുണ്ടല്ലോ?

വീട്ടുകാരുടെ സപ്പോർട്ട് കൊണ്ടാണ് ഒട്ടും ടെൻഷനില്ലാതെ അഭിനയിക്കാനായത്. മിമിക്രി അവതരിപ്പിക്കാൻ തുടങ്ങിയ കാലത്തേ അങ്ങനെയാണ്. അ ച്ഛൻ‌ ആകെ ഒന്നേ പറഞ്ഞിട്ടുള്ളൂ. ‘‘നീ അന്റാർട്ടിക്കയിൽ പോയി പരിപാടി അവതരിപ്പിച്ചാലും കുഴപ്പമില്ല, ആറു മണിക്കു മുൻപു വീട്ടിൽ കയറണം.’’ അന്ന് അമ്മയാണു സഹായിച്ചത്.

അച്ഛനെ സോപ്പിട്ടും ഞാൻ വൈകുന്നത് അച്ഛനെ അറിയിക്കാതെയും എനിക്കൊപ്പം നിന്നു. കല്യാണം കഴിച്ചപ്പോൾ ആ റോൾ ഭാര്യ സുപ്രിയ ഏറ്റെടുത്തു. വീട്ടിലെ ഒരു ടെൻഷനും അറിയിച്ചില്ല. മക്കളുടെ പഠനം, സ്കൂളിലെ കാര്യങ്ങൾ... എല്ലാം ഒറ്റയ്ക്ക് ചെയ്തു. മൂത്ത മകൻ കാശിനാഥൻ ആർടിഫിഷ്യൽ ഇന്റലിജൻസിൽ എൻജിനീയറിങ് വിദ്യാർഥി. രണ്ടാമത്തെയാൾ വാസുദേവ് പത്താം ക്ലാസിൽ. മോൾ ഹൃദ്യ ഏഴാം ക്ലാസിൽ.

25 വർഷത്തിനിടയിൽ സ്വഭാവത്തിൽ വന്ന മാറ്റം?

പേടി മാറി. മുൻപും പല ഭാഷകളിൽ അഭിനയിക്കാനുള്ള അവസരം വന്നിട്ടുണ്ട്. മലയാളമേ അറിയൂ എന്നതുകൊണ്ടു പോയില്ല. ഭയം കൊണ്ടാണ് ജീവിതത്തിൽ പല നേട്ടങ്ങളും നമുക്ക് കിട്ടാതെ പോവുന്നത്. പേടി മായ്ച്ചു കളഞ്ഞതോടെ, ഏതു ചമ്മലും നെഞ്ചും വിരിച്ച് ഏറ്റെടുക്കാനുള്ള ധൈര്യം വന്നു. ആകെ ഒരു ജന്മം അല്ലേയുള്ളൂ, ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. അതോടെ മറ്റൊരു കാലത്തിലേക്കു കടന്നതെന്ന് തോന്നാറുണ്ട്.’’

സുരാജ് സംസാരിക്കുമ്പോൾ ആ മാറ്റത്തെക്കുറിച്ചാണ് ഒാർത്തത്– തമിഴിൽ വിക്രത്തിനൊപ്പം വീര ധീര സൂരൻ കഴിഞ്ഞ് കെൻ സംവിധാനം ചെയ്ത നൂറു കോടി ഹിറ്റടിച്ച ചിത്രം യൂത്ത്. ധനുഷിനൊപ്പം ‘കര’. ശിവരാജ് കുമാറിനൊപ്പം കന്നടയിൽ ഡാഡ്... ഇതിനിടയിൽ കോമഡിയുടെ ചേരുവ ‘മറന്നുപോവാതിരിക്കാൻ’ മോഹിനിയാട്ടം. വീണ്ടും തമിഴിലേക്കും തെലുങ്കിലേക്കും. അതുകഴിഞ്ഞ് കോമഡിയുടെ വെടിക്കെട്ടുമായി മലയാളത്തിൽ... സിനിമയുടെ, പ്രേക്ഷകരുടെ ഹൃദയമിടിപ്പറിഞ്ഞു തുടരുന്ന നടന്റെ യാത്ര.

ഫോട്ടോ: ഹരികൃഷ്ണൻ, കോസ്റ്റ്യൂം– Gospel of design മേക്കപ്പ്- അഫ്സൽ. ഫർണിച്ചർ– Artisanns Guild

Suraj Venjaramoodu's Early Struggles and Breakthrough in Jagapoga:

Suraj Venjaramoodu's journey from mimicry artist and dubbing artist to a critically acclaimed actor is an inspiring tale of perseverance and talent. His evolution from early roles to national awards and international collaborations highlights his dedication and strategic career choices.

ADVERTISEMENT