‘‘അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു തോപ്പിൽഭാസി. ഞാൻ കുട്ടിയായിരുന്നപ്പോൾ ഭാസി മാമൻ അച്ഛനോടു പറഞ്ഞു. ‘ഇവളെയും നമുക്കു മാല എന്നു വിളിക്കാം.’ അദ്ദേഹത്തിന്റെ മകളുടെ പേരും മാല എന്നാണ്. ഭാസി മാമന്റെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേര് എന്ന സവിശേഷതയും മാലയ്ക്കുണ്ട്. അങ്ങനെ പാർവതി എന്ന പേരിനൊപ്പം മാലയും ചേർന്നു.’’- ജീവിതത്തിൽ സന്തോഷം നേടിയ വഴികൾ പറയുകയാണ് മാല പാർവതി.
കലാതാൽപര്യം ആദ്യമേ കൂടെയുണ്ടായിരുന്നോ?
1987ലാണ് ആദ്യസിനിമ മേയ്മാസപ്പുലരിയിൽ അഭിനയിക്കുന്നത്. പ്രീഡിഗ്രി പഠിക്കുമ്പോൾ എഴുത്തുകാരി ചന്ദ്രമതി ടീച്ചറുടെ നാടകത്തിൽ അഭിനയിച്ചു.
വിവാഹശേഷം മകൻ പിറന്ന സമയത്താണ് ശ്യാമപ്രസാദിന്റെ ‘മരണം ദുർബലം’ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവുകൊണ്ട് അന്നതു സ്വീകരിച്ചില്ല.
ആ കഥ എന്റെ അമ്മൂമ്മയെക്കുറിച്ചുള്ളതായിരുന്നു. കുമാരനാശാന്റെ ഭാര്യ ആയിരുന്നു അമ്മൂമ്മ ഭാനുമതിയമ്മ. അതിൽ രണ്ടു മക്കൾ. പിന്നീട് കുമാരനാശന്റെ മരണശേഷമാണു ഗ്രന്ഥകാരനായ സി.ഒ.കേശവനുമായുള്ള രണ്ടാം വിവാഹം. ആ ബന്ധത്തിൽ പിറന്ന നാലു മക്കളിൽ മൂത്തയാളാണ് എന്റെ അമ്മ. അപ്പൂപ്പൻ കുമാരനാശാന്റെ ജീവ ചരിത്രകാരൻ കൂടിയാണ്.
സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നുവല്ലേ?
അമ്മ ഇടയ്ക്ക് പറയുമായിരുന്നു. ‘നിനക്കു ഹീലിങ് ഹാൻഡ്സ്’ ഉണ്ട്. അങ്ങനെയാണ് സൈക്കോളജിയിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഞ്ചു വർഷം സൈക്കോളജിസ്റ്റായി ജോലി ചെയ്തു. അമ്മ കെ. ലളിത തിരുവനന്തപുരത്തെ തിരക്കുള്ള ഗൈനക്കോളജിസ്റ്റായിരുന്നു. അച്ഛൻ അഡ്വ. ത്രിവിക്രമൻ ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയും. അച്ഛന്റെയും അമ്മയുടെയും വേർപാടിനു ശേഷം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു താമസം മാറി.
കല്യാണവും കോളിളക്കം സൃഷ്ടിച്ചതായിരുന്നു?
ഞാനും സതീശനും എസ്എഫ്ഐ പ്രവർത്തകരായിരുന്നു. സതീശൻ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്നു. ഞാൻ വിമൻസ് കോളജിലെ ചെയർപേഴ്സണും. അന്നു പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങൾ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണു കഥാസാരം.
സംഭവം അറിഞ്ഞതിൽ പിന്നെ, വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. പെണ്ണുകാണാൻ വന്നൊരാൾ സംസാരം തുടങ്ങിയതു തന്നെ ഈ അപവാദകഥയിൽ നിന്നാണ്. ‘ഈ പ്രായത്തിൽ അങ്ങനെ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസ്സിലാക്കാൻ കഴിയും.’ അദ്ദേഹം ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. പക്ഷേ, അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ എനിക്കു മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാൾ പറയും. ഉറപ്പാണ്. അങ്ങനെയാണ് അന്നു തോന്നിയത്.
‘സത്യം അറിയാവുന്ന ഒരേയൊരാൾ സതീശാണ്. അതു കൊണ്ട് സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ’. പലതും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സതീശന് എന്റെ അവസ്ഥ മനസ്സിലായി. ഞങ്ങൾ റജിസ്റ്റർ വിവാഹം ചെയ്തു. പിന്നെ, ഒന്നരവർഷത്തിനു ശേഷം സതീശനു സിഡിറ്റിൽ ജോലി കിട്ടിയ ശേഷം ചടങ്ങുപ്രകാരം വിവാഹിതരായി ഒരുമിച്ചു ജീവിതം തുടങ്ങി. ആ സംഭവത്തോടെ ഞാൻ സജീവപ്രവർത്തനങ്ങളിൽ നിന്നു പിൻവാങ്ങി. സതീശൻ ഇപ്പോഴും പാർട്ടി അനുഭാവിയാണ്.
വിവാഹശേഷമാണല്ലേ കരിയറിൽ സജീവമാകുന്നത് ?
ശശികുമാറിന്റെ ആശയമായ ചാനലിലെ മോണിങ് ഷോ അവതരിപ്പിച്ചു തുടങ്ങിയതു നല്ലൊരു അടിത്തറ നൽകി. വായന സജീവമാക്കി നിർത്താൻ അതു സഹായിച്ചു. പല ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പിന്നീടു ടെലിവിഷൻ രംഗത്തു നിന്നു കാര്യമായ വരുമാനം കിട്ടാത്ത അവസ്ഥ വന്നു. കിട്ടിയ സർക്കാർ ജോലി വേണ്ടെന്നു വച്ചിട്ട് അവതാരകയാകാൻ ഇറങ്ങിയതാണ്.
ഒരാളുടെ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല. വിഷാദം പതിയെ പിടിമുറുക്കുന്നതു ഞാൻ തിരിച്ചറിഞ്ഞു. അതിനിടയിൽ എൽഎൽബി പഠിക്കാൻ പോയി. അങ്ങനെ ദിശതെറ്റി നിന്ന കാലത്താണ് യോഗാധ്യാപികയായ താര സുദർശനിൽ നിന്നു യോഗ പഠനം ആരംഭിച്ചത്. പതിയെ വെളിച്ചം മനസ്സിലുറച്ചു.
മോണിങ് ഷോ വഴിയുള്ള പരിചയത്തിൽ നിന്നു സുരേഷ് ഗോപിയാണു 2007 ൽ ഷാജി കൈലാസിന്റെ ‘ടൈം’ എന്ന സിനിമയിലേക്കു നിർദേശിക്കുന്നത്. അങ്ങനെ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക്. പിന്നീടു ലാൽജോസിന്റെ ‘നീലത്താമര’യിലൂടെ സിനിമയിൽ സജീവമായി. അന്നും അഭിനയത്തിൽ ആത്മവിശ്വാസമുണ്ടായിട്ടല്ല, എംടിസാറിനെ നേരിൽ കണ്ടു സംസാരിക്കാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത.
അക്കാലത്താണ് എം.ജി. ജ്യോതിഷിന്റെ ‘അഭിനയ’ എന്ന നാടകക്കളരിയിലേക്കെത്തുന്നത്. ഞാൻ പല രീതിയിൽ അഭിനയിച്ചു കാണിച്ചിട്ടും ജ്യോതിഷിന് തൃപ്തിയാകുന്നില്ല. ‘‘ആ കണ്ണുകൾ എന്നെയിങ്ങനെ നോക്കരുത്’’ എന്ന ഒറ്റഡയലോഗാണ് പറയേണ്ടത്.
ഒടുവിൽ കറക്ടായി പറഞ്ഞതിന്റെ പിറ്റേന്നു നോക്കുമ്പോൾ എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു. ശരിക്കും അഭിനയം നമ്മളെ അടിമുടി മാറ്റും. എത്രയെത്ര ഇമോഷൻസിലൂടെയാണു നാം കടന്നു പോവുക.
സിനിമയ്ക്കൊപ്പം നാടകത്തിലും സജീവമാണ്. ഭഗവത്ജ്വഹം അടക്കം ജ്യോതിഷ് സംവിധാനം ചെയ്ത നാലു നാടകങ്ങളിൽ ഇതുവരെ അഭിനയിച്ചു.ജീവിതത്തിൽ ആരെയും വിഷമിപ്പിക്കാതിരിക്കാൻ നാം എപ്പോഴും അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരിക്കും. ഇതിനിടയിൽ ഒന്നുറക്കെ കരഞ്ഞാൽ നല്ലൊരു സുഖം കിട്ടില്ലേ. അതു തന്നെയാണ് അഭിനയത്തിലും കിട്ടുന്നത്. ഞാൻ ഞാനായത് അഭിനയത്തിൽ വന്ന ശേഷമാണ്.
എപ്പോഴും സന്തോഷമായിരിക്കുന്നതിന്റെ രഹസ്യം?
കോളജിൽ പഠിക്കുന്ന കാലത്തു പോലും ബസിൽ കയറിയേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കിൽ വീട്ടിൽ നിന്നു കാർ തരും. വിവാഹശേഷം ജീവിതം വേറൊരു തരത്തിൽ മാറി. ചെറിയൊരു വാടകവീട്ടിൽ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എക്സ്ട്രീമും കണ്ടു ജീവിച്ചൊരാളാണു ഞാൻ.
പ്രശസ്തി, പണം അതിൽ ഒന്നും ഒരുപരിധിയിലധികം കാര്യമില്ലെന്നു ജീവിതത്തിന്റെ ഒരു പോയിന്റിൽ മനസ്സി ലാകും. നല്ല വ്യക്തികൾ, സൗഹൃദങ്ങൾ, മനുഷ്യനോടു മര്യാദ്യക്ക് പെരുമാറുക അതൊക്കെയല്ലേ പ്രധാനം. തൃപ്തിയും കംപാഷനുമാണു ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണു സന്തോഷത്തിന്റെ രഹസ്യവും. എന്റെയീ ജീവിതത്തിൽ ഇതുവരെ ഞാൻ പൂർണതൃപ്തയാണ്.
(2023 നവംബര്‍- ഡിസംബര്‍ ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)