സവാരിക്ക് വിളിച്ച ഓട്ടോഡ്രൈവര്‍ മദ്യപിച്ചിരുന്നു എന്ന് ആരോപിച്ച് വിഡിയോ ചെയ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫസ്മിന സാക്കിറിനെതിരെ വന്‍ വിമര്‍ശനം. ഇതോടെ ഫസ്മിന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ ഡീലീറ്റ് ചെയ്തു.
വിഡിയോയില്‍ ഓട്ടോഡ്രൈവറോട് ഫസ്മിന ഒരു സ്ഥലത്ത് തന്നെ വിടാന്‍ പറയുന്നു. എന്നാല്‍ ആ സ്ഥലം അറിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ ZUDIO യുടെ സമീപം വിടാന്‍ ഫസ്മിന പറയുന്നു. എന്നാൽ ഓട്ടോ ഡ്രൈവര്‍ ZUDIO എന്നത് സ്റ്റുഡിയോ എന്നാണ് കേട്ടത്. സുഡിയോ എന്താണെന്ന് അദ്ദേഹത്തിന് മനസിലാവാത്തതിനാല്‍ ഒരുപാട് സ്റ്റുഡിയോ ഒരുപാട് ഉണ്ടല്ലോ മോളെ എന്ന് മറുപടിയും നൽകി.
ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ഇയാള്‍ക്ക് വീട്ടിലിരുന്നുകൂടെ എന്നും പറഞ്ഞാണ് ഫസ്മിനയുടെ വിഡിയോ. മദ്യപിച്ച് ഓട്ടോ ഡ്രൈവര്‍ അപമാര്യാദയായി പെരുമാറി എന്ന ആരോപണത്തോടെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ മറ്റൊരു യുട്യൂബര്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തി അദ്ദേഹത്തിന് പറയാനുള്ള കാര്യം ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
"ഓട്ടോ ഓടി കിട്ടുന്ന വരുമാനം കൊണ്ടുമാത്രമാ ഞാന്‍ ജീവിക്കുന്നേ. ഞാനിത് കടമെടുത്ത വണ്ടിയാ... നാട്ടിലെ എല്ലാ പിള്ളാരും ഇതറിഞ്ഞു. ഞാന്‍ വലിയ മാനസിക വിഷമത്തിലാണ്. മദ്യപാനിയാണെന്ന് പറഞ്ഞ് ഇപ്പോള്‍ ആരും ഓട്ടോയില്‍ കയറുന്നില്ല. സുഡിയോ എന്താണെന്ന് എനിക്കറിയില്ല. അതാണ് പറ്റിയത്. ഞാന്‍ കരുതിയത് സ്റ്റുഡിയോ ആണെന്നാണ്. അതാണ് കുറേ സ്റ്റുഡിയോ ഉണ്ട് അതിലേതാ മോളെ എന്ന് തിരികെ ചോദിച്ചത്. ഞാൻ മദ്യപിക്കാറില്ല. മദ്യപിക്കുന്ന ആളാണെന്നു തെളിയിച്ചാൽ ഈ ഓട്ടോയും ഒരു ലക്ഷം രൂപയും തരാം."- ഓട്ടോ ഡ്രൈവര്‍ പറയുന്നു.
ഇതോടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും വ്ലോഗർമാരും ഫസ്മിന സാക്കിറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സംഭവം കൈവിട്ടുപോയെന്ന് മനസ്സിലാക്കിയതോടെ ഫസ്മിന സാക്കിര്‍ വിഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു.