ADVERTISEMENT

മോളി ഇവിടെ നിൽക്കുകയാണോ? ഞാനാ ബിന്ദുക്കൊച്ചിനെ ഒന്ന് ആശുപത്രിയിൽ പോയി കണ്ടിട്ടു വരികയാ. ഈ പൊരിവെയിലത്തു നടന്നതിന്റെയാണോ അതോ അവളോടു സംസാരിച്ചതിന്റെയാണോ എന്നറിയില്ല, എന്റെ തല പെരുക്കുന്നുണ്ട്.’ ഉച്ചവെയിൽ ആറുന്നതിനു മുൻപേ  കൊച്ചുത്രേസ്യ കിതച്ചുകൊണ്ട് വരാന്തയിലേക്കു കയറി. 

മോളി ആന്റി ആകാംക്ഷയോടെ ചോദിച്ചു, ‘‘എന്നിട്ട് ബിന്ദുവിന് എങ്ങനെയുണ്ടു ചേച്ചി ? മുഖത്തെ പൊള്ളലൊക്കെ മാറിയോ?’’ കൊച്ചുത്രേസ്യ കസേരയിലേക്കു തളർന്നിരുന്നു കൊണ്ടു പറഞ്ഞു: ‘പൊള്ളലൊക്കെ മാറുമായിരിക്കും. പക്ഷേ, ഈ ‘റീൽസ് ഭ്രാന്ത് ’ മാറുമെന്ന് എനിക്കു തോന്നുന്നില്ല. മോളിക്കറിയാമോ? അവളുടെ വീടിന്റെ അകത്തു നടക്കുന്നത് ‘ബിന്ദു സ്റ്റുഡിയോസിലെ’ ഷൂട്ടിങ്ങാണ്. വലിയ സിനിമാ ഡയറക്ടർ ആണെന്നാ ഭാവം.’

ADVERTISEMENT

‘‘അവൾ എന്തു ചെയ്തെന്നാ കൊച്ചുത്രേസ്യ ചേച്ചി പറയുന്നത്?’’  മോളി ആന്റി ചോദിച്ചു.

 ‘മകന്റെ ബെർത്ഡേക്ക്  വെറൈറ്റി  കാണിക്കാൻ പോയതാ.  ഇൻസ്റ്റാഗ്രാമിലൊക്കെ കാണുന്ന പോലെ തീ കത്തുന്ന ജ്യൂസ്— അതെന്തോ ‘ഫ്ലേമിങ് ജ്യൂസ്’ എന്നാ പറയുന്നത്— അത് ഉണ്ടാക്കുന്നതു വിഡിയോ എടുക്കാൻ നോക്കിയതാ.

ADVERTISEMENT

ഒരു കയ്യിൽ ജ്യൂസും മറുകയ്യിൽ പിന്നെ എന്തോ ഒരു ഗ്യാസും, ജ്യൂസ് കത്തിയോ എന്നറിയില്ല, ബിന്ദുവിന്റെ മുൻഭാഗത്തെ മുടി അങ്ങു കത്തിക്കയറി!

ഭാഗ്യത്തിനു  ജോയിച്ചൻ അവിടെ ഉണ്ടായിരുന്നതു കൊണ്ടു വലിയ അപകടം ഒഴിവായി. ആശുപത്രിയിൽ ചെന്നു സംസാരിക്കാറായപ്പോൾ അവൾ ചോദിച്ചത് എന്താന്ന് അറിയാമോ?. ‘മുടി കത്തുന്ന വിഡിയോ കറക്ടായി കിട്ടിയോന്ന്.’  

ADVERTISEMENT

അതിനുശേഷം ആശുപത്രിയിൽ നിന്നാണെന്നു തോന്നുന്നു. ബിന്ദു ഒരു വിഡിയോയും കൂടി ഇട്ടിരുന്നു. ‘കീപ് എവേ ഫ്രം ദ് ഫ്ലെയിം, ലവ് ദ് ഫ്ലേവർ’ എന്നായിരുന്നു ബിന്ദു കൊടുത്ത ക്യാച്ച്‌ലൈൻ. അപകടമൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അതിൽ പറയുന്നത്.’ കൊച്ചുത്രേസ്യ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

തെറ്റുപറ്റാത്തവരായി ആരുണ്ട്?  

‘‘അതു നല്ല കാര്യമല്ലേ. പറ്റിയ തെറ്റ് അംഗീകരിക്കുന്നതും അതു മറ്റുള്ളവർക്കു സംഭവിക്കാതിരിക്കാൻ സഹായം ആകുമല്ലോ.’’ മോളി ആന്റിയുടെ പ്രതികരണം കേട്ടു കൊച്ചുത്രേസ്യക്കൊരു സംശയം, മോളിയും ബിന്ദുവിന്റെ ഫോളോവർ ആണോ? അതൊന്നുറപ്പിക്കാൻ വേണ്ടി കൊച്ചുത്രേസ്യ ഒരു നമ്പരിറക്കി.  

‘ബിന്ദുവിന്റെ വിഡിയോയിൽ കണ്ടാൽ കറിയൊക്കെ നല്ലതാണെന്നു തോന്നും. പക്ഷേ, ജോയിച്ചൻ വയ്ക്കുന്ന ചിക്കൻ കറിയുടെ ഏഴയലത്തു വരില്ല അവളുടെ ഒരു ഡിഷും.’ കൊച്ചുത്രേസ്യ ചേച്ചിയുടെ പ്രതികരണത്തോടു മോളി ആന്റി വലിയ യോജിപ്പു പ്രകടിപ്പിച്ചില്ല.

‘‘വല്ലപ്പോഴും അടുക്കളയിൽ കയറി ഒരു വിഭവം നന്നായി ഉണ്ടാക്കാനൊക്കെ ആർക്കും പറ്റും. പക്ഷേ, ഇതു നിത്യതൊഴിൽ ആകുമ്പോൾ ആ ക്വാളിറ്റി ഉണ്ടാകുമോ? ചേച്ചിക്കു  തന്നെ അറിയാവുന്ന കാര്യമല്ലേ അത്. ഒന്നാലോചിച്ചു നോക്കിക്കേ...’’ മോളി ആന്റി പറഞ്ഞതിൽ തനിക്കിട്ടൊരു കുത്തു കൂടി ഉണ്ടോയെന്നു കൊച്ചുത്രേസ്യ സംശയിച്ചു.   

‘അതിപ്പം  എന്റെ ചേട്ടായിക്കു  പാചകം പണ്ടേ അത്ര വശമില്ല. അപ്പോൾ ഞാൻ തന്നെ ചെയ്തല്ലേ പറ്റൂ. അങ്ങേര് ഇന്നേ വരെ ഞാനുണ്ടാക്കുന്ന ഭക്ഷണത്തിനു യാതൊരു കുറ്റവും പറഞ്ഞിട്ടില്ല. ബിന്ദുവിനു വേണ്ടി മോളി ഇത്രയും വാദിക്കുന്നത് എന്തിനാണെന്നാണ് എനിക്കു മനസ്സിലാകാത്തത്.’

അൽപം ബാക്ഫൂട്ടിലായ ചമ്മൽ മറച്ചു സംതൃപ്തജീവിതം നയിക്കുന്ന മഹിളാരത്നത്തെപോലെ കൊച്ചുത്രേസ്യ  പറഞ്ഞു.

മറ്റുള്ളവരുടെ സന്തോഷങ്ങൾ

‘‘ഞാൻ ബിന്ദൂനു വേണ്ടി വാദിച്ചതൊന്നുമല്ല ചേച്ചി.  ഞാൻ പറഞ്ഞതൊക്കെ എല്ലാ സ്ത്രീകൾക്കും വേണ്ടിയാ. സത്യത്തിൽ എനിക്കീ റീൽസ് പരിപാടിയോട് യാതൊരു ഇഷ്ടവുമില്ല. പക്ഷേ, ബിന്ദൂനൊരു സന്തോഷം കിട്ടുന്നതിനെ ഞാനെന്തിന് എതിർക്കണം?

ആണിനും പെണ്ണിനും തുല്യത വേണം എന്നു പറയുന്നതു പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. കഴിയുന്നതും മറ്റൊരാളുടെ സ്പേസിലും സന്തോഷത്തിലും ഇടപെടാനും അഭിപ്രായം പറയാനും പോകരുത്. അത് ആണായാലും പെണ്ണായാലും. 

എന്റെ  ചേച്ചി സിസിലിയുടെ മോൻ ജെറിൻ പറഞ്ഞപ്പോഴാണ് ഞാനിതൊക്കെ ആലോചിച്ചു തുടങ്ങിയത്.’’ ഇനിയും തർക്കിച്ചാൽ ആകെ ചമ്മുമെന്നും ‘പിന്തിരിപ്പി’യായി മുദ്രകുത്തപ്പെടുമെന്നും  കൊച്ചുത്രേസ്യക്കു മനസ്സിലായി. എങ്കിലും അങ്ങനെ വിട്ടുകൊടുക്കാൻ മനസ്സനുവദിച്ചില്ല.

‘സവാള അരിയുന്നതും ഉപ്പേരി വറുക്കുന്നതും അങ്ങനെ അടുക്കളേൽ നടക്കുന്നതെല്ലാം നാട്ടുകാരെ കാണിക്കുന്നത് അത്ര നല്ല പരിപാടി ആണെന്നു എനിക്കു അഭിപ്രായമില്ല. ആ വീട്ടിൽ ജോയിച്ചനു സമയത്തു ഭക്ഷണം കിട്ടുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. അങ്ങേർക്കു നല്ല പ്രമേഹം ഉള്ളതാ..

വിഡിയോ എഡിറ്റിങ് കഴിയാതെ അവളൊരു ‘വഹ’ വിളമ്പി കൊടുക്കുവേല.’ കൊച്ചുത്രേസ്യ ‘കുലസ്ത്രീ ആവനാഴി’യിൽ നിന്നെടുത്തൊരു ധാർമികാസ്ത്രം തൊടുത്തു വിട്ടു.  

‘‘അതെന്നാ..., തനിയെ വിളമ്പി കഴിച്ചാൽ ജോയിച്ചന്റെ കയ്യേലെ വള  ഊരിപ്പോകുവോ.’’ മോളി ആന്റി ചീറി. അതിനു മറുപടി പറയാതെ കൊച്ചുത്രേസ്യ ബുദ്ധിപരമായി വിഷയത്തിൽ നിന്നങ്ങു വ്യതിചലിച്ചു.  ‘സിസിലിയുടെ മകൻ ജെറിൻ കൊച്ച് ഇപ്പോൾ എന്തുചെയ്യുന്നു. അവന്റെ ജർമൻ പഠിത്തം ഒക്കെ എവിടെ വരെയായി.’ സ്നേഹത്തിൽ തണുപ്പിച്ച കുശലം രംഗത്തിനു കുളിർമയേകുമെന്ന് കൊച്ചുത്രേസ്യ പ്രതീക്ഷിച്ചു.  

‘‘ജെറിൻ കൊച്ചിയിൽ താമസിച്ചാണു പഠിക്കുന്നത്. പാർട് ടൈം ആയി ഓൺലൈൻ ഫൂഡ് ഡെലിവറി ജോലിക്കും പോകുന്നുണ്ട്.’’  മോളി ആന്റി അഭിമാനത്തോടെ പറഞ്ഞു. ‘അതെന്തിനാ മോളി, പഠിക്കാൻ പോയ പയ്യൻ ജോലിക്കു പോകുന്നത്? അതും നിങ്ങളുടെ കുടുംബത്തെ പയ്യൻ?’ കൊച്ചുത്രേസ്യ ഞെട്ടലോടെ ചോദിച്ചു.

‘‘ജർമനിക്കു പോയാലും കോഴ്സ് തീരും വരെ പാർട്‌ടൈം ജോലി ചെയ്യണ്ടേ. ഒരു പ്രാക്ടീസ് ആകും എന്നാണ് ജെറിൻ പറയുന്നത്.’’  മോളി ആന്റി ചിരിയോടെ പറഞ്ഞു. അൽപമൊന്ന് ആലോചിച്ച ശേഷം കൊച്ചുത്രേസ്യ  പറഞ്ഞു. ‘പ്രാക്ടീസ്... അതു നല്ലതാ...’  ജയിക്കില്ലെന്നു നല്ല ഉറപ്പുള്ളതു കൊണ്ടു സ്വയം വെടിനിർത്തൽ പ്രഖ്യാപിച്ചു കൊച്ചുത്രേസ്യ വീട്ടിലേക്കു മടങ്ങി.

The Fine Line Between Content Creation and Obsession:

Reels addiction is a growing concern, as illustrated by a woman's accident while attempting to create a viral video. The article explores the downsides of excessive social media content creation, emphasizing the importance of personal safety, respecting individual space, and the value of practical learning and skill development.

ADVERTISEMENT