‘‘അപ്പോൾ വേറൊന്നും മനസിൽ വന്നില്ല. ആ സ്ത്രീയുടെ വസ്ത്രങ്ങളെല്ലാം ടയർ കേറി കീറിപ്പറിഞ്ഞ് കിടക്കുവാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്. അവർക്കൊരു പ്രയാസം ഉണ്ടാകരുതല്ലോ. പിന്നെ എല്ലാവരും കൂടി ഓട്ടോയിൽ കയറ്റി അവരെ ആശുപത്രിയിലേക്ക് വിട്ടു. എനിക്ക് അപ്പോൾ അടുത്തുള്ള കടയിലെ പയ്യൻ ഒരു മുണ്ട് കൊണ്ടുവന്നു തന്നു.’’- കൊച്ചിയില്‍ വാഹനാപകടത്തിൽപ്പെട്ട് വസ്ത്രം കീറിപ്പോയ സ്ത്രീക്ക് സ്വന്തം ഉടുമുണ്ടഴിച്ച് നൽകിയ ഷാജി പറയുന്നു.
53 വയസ്സുകാരനായ ഷാജിക്ക് താൻ ചെയ്തത് വലിയ സംഭവമാണെന്നൊന്നും തോന്നിയില്ല. ‘അപ്പോൾ അങ്ങനെ തോന്നി, അത് ചെയ്തു’ എന്ന് ഷാജി പറയുന്നു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയുടെ നല്ല മനസിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.
‘‘വലിയ ശബ്ദം കേട്ടാണ് ഞാനും അവിടെയുണ്ടായിരുന്ന മറ്റുള്ളവരും ഓടിയെത്തിയത്. അത്തരമൊരു കാഴ്ച ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. അവരുടെ ശരീരത്തിൽ തൊട്ടാണ് ടയർ നിന്നിരുന്നത്. അവിടെ നിന്ന് എഴുന്നേൽപ്പിച്ചപ്പോൾ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്. പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം മറയ്ക്കാനാണ്.
ഞാൻ മുണ്ടുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും അപ്പോൾ ഓർത്തില്ല. പിന്നെ കടയിൽ പോയി വസ്ത്രം എടുത്തുകൊണ്ടു വന്നു കൊടുക്കാനുള്ള സാഹചര്യമല്ലല്ലോ അപ്പോഴുള്ളത്. എല്ലാവരും കൂടി അവരെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവരെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്ന് മാറ്റി എന്നാണ് കേട്ടത്’’- സംഭവത്തെക്കുറിച്ച് ഷാജി വിവരിക്കുന്നു.
സ്റ്റാച്യൂ ജംക്‌ഷനിൽ എറണാകുളത്തേക്ക് തിരിയുന്നിടത്തു വച്ച് ഇന്നലെയായിരുന്നു അപകടം. മുളന്തുരുത്തി സ്വദേശിയായ 56 കാരിയുടെ സ്കൂട്ടർ ബസിനടിയിൽ പെടുകയായിരുന്നു. ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ച് പോകുന്നതു കണ്ട് നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് ബസ് നിർത്തിയത്. ചായ വിതരണത്തിനിടെ ഷാജിയും അവിടേക്ക് ഓടിയെത്തി.
അമ്മയും ഷാജിയും ഭാര്യയും ബികോമിനു പഠിക്കുന്ന മകനും നാലാം ക്ലാസിൽ പഠിക്കുന്ന മകളും അടങ്ങിയതാണ് കുടുംബം. 40 വര്‍ഷമായി തൃപ്പൂണിത്തുറ സ്റ്റാച്യൂ മേഖലയിലെ കടകളിലും ബാങ്കുകളിലുമൊക്കെ ചായ കൊടുക്കലാണ് ഷാജിയുടെ ജോലി. മുമ്പ് അമ്മയും ചായ വിതരണത്തിനു കൂടെയുണ്ടായിരുന്നു. അമ്മയ്ക്ക് പ്രായമായതോടെ ഷാജി ഒറ്റയ്ക്കാണ് ഇപ്പോൾ ജോലിക്ക് ഇറങ്ങുന്നത്.
രാവിലെ 9 മണിയോടെ ചായയുമായി വിവിധ സ്ഥാപനങ്ങളിലെത്തി 12 മണിയോടെ തിരികെ വീട്ടിലെത്തി പാത്രങ്ങളൊക്കെ കഴുകി വൈകിട്ടത്തെ ചായ വിതരണത്തിനു വേണ്ട സാധനങ്ങളൊക്കെ വാങ്ങിക്കുന്നതാണ് ഷാജിയുടെ ഒരു ദിവസം. വൈകിട്ട് മൂന്നു മണിയോടെ വീണ്ടും ചായ വിതരണത്തിന് ഇറങ്ങി വൈകിട്ട് ആറു മണി വരെ തുടരും.
‘‘ജീവിച്ചു പോകാനുള്ളത് ഇതിൽ നിന്ന് കിട്ടും. കോടീശ്വരനാകാൻ പറ്റില്ല എന്നേയുള്ളൂ. ഈ വണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയല്ലേ, അതങ്ങനെ പോകും’’- ഷാജി സ്വന്തം ജീവിതത്തെ ഇങ്ങനെ ചുരുക്കുന്നു.