ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഒാർമയുണ്ട്. വിധിയേക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരിന്നുവെന്ന് ഇന്നും ആലോചിക്കാറുണ്ട്...
വയനാട്ടിലെ ആ പെൺകുട്ടിയിൽ നിന്നാണ് ഈ പംക്തി തുടങ്ങേണ്ടത് എന്ന് എനിക്കു തോന്നുന്നു. വിധി പറഞ്ഞ ഒരുപാട് കേസുകൾ ഉണ്ട്. പ്രതിക്കൂട്ടിലും സാക്ഷികളായും പരാതിക്കാരായും മുന്നിൽ വന്ന ആയിരക്കണക്കിന് ആളുകൾ. അതിൽ ആ പെൺകുട്ടിയുടെ കണ്ണുകൾ ഇന്നും ഒാർമയുണ്ട്. വിധിയെക്കുറിച്ച് അറിഞ്ഞപ്പോൾ ആ പതിമൂന്നുകാരിയുടെ മനസ്സിൽ എന്തായിരുന്നുവെന്ന് ഇന്നും ഞാൻ ആലോചിക്കാറുണ്ട്. ആ മുഖവും വിധിപറഞ്ഞ ദിവസത്തെ സംഭവങ്ങളും എ നിക്കൊരിക്കലും മറക്കാനാവില്ല.
കേരളത്തിൽ പലയിടത്തും ജോലി ചെയ്തിട്ടുണ്ടെങ്കിലും എനിക്കു വാത്സല്യം തോന്നുന്ന ജില്ലയാണു വയനാട്. ആകെ മൂന്നു താലൂക്കുകൾ മാത്രമുള്ള കുഞ്ഞു ജില്ല. കൽപ്പറ്റയും സുൽത്താൻ ബത്തേരിയും മാനന്തവാടിയുമാണ് ആ താലൂക്കുകൾ. റെയിൽ ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്നെങ്കിൽ വയനാടിന്റെ മുഖം തന്നെ മാറിപ്പോയേനെ എന്നും എനിക്കു തോന്നിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഏകദേശം മൂന്നുവർഷക്കാലം പോക്സോ സ്പെഷൽ കോടതി ജഡ്ജിയായും അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായും ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. സർവീസിൽ ഏറ്റവും നല്ലതെന്നു ഞാൻ കണക്കാക്കുന്ന കുറച്ചു വിധിന്യായങ്ങൾ എനിക്ക് എഴുതാൻ കഴിഞ്ഞതും വയനാട് ജോലി ചെയ്തപ്പോഴായിരുന്നു.
ആ പെൺകുട്ടിയിലേക്കു തന്നെ വരാം. ഒാർമവച്ച നാൾമുതൽ അവൾ അനുഭവിക്കേണ്ടി വന്നത് അത്രയും പൊള്ളിപ്പടരുന്ന വേദനകളായിരുന്നു. രണ്ടു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടമായി. അതിനു ശേഷം അച്ഛന്റെ മുഖം അവൾ കണ്ടിട്ടേയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഗർഭിണിയാകാൻ വിധിക്കപ്പെട്ട, അതു വഴി പഠനം പോലും ഉപേക്ഷിക്കേണ്ടി വന്ന പെൺകുട്ടി. കോടതിമുറിയിലും പരിസരത്തും അവൾ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. അവളെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും ജഡ്ജിയുെട പരിമിതിയിൽ നിന്നു കൊണ്ട് ഞാൻ പറഞ്ഞ ഒരു വാക്കിനും സാധിച്ചില്ല. പതിമൂന്നു വർഷത്തിനുള്ളിൽ അവൾക്ക് ഏറ്റ പൊള്ളലുകൾക്ക് ആ ആശ്വാസ വാക്കുകൾ എങ്ങനെ മരുന്നാകാനാണ്?.
കോടതിയിലേക്ക്
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാക്ഷിയെ വിസ്തരിക്കാൻ തുടങ്ങി.
‘‘ നിങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സ്കൂൾ കൗൺസലറുമായി ജോലി ചെയ്യുന്ന ആളാണോ?
‘‘അതെ’’
ഈ കേസിലെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ നിങ്ങളാണോ കൗൺസലിങ് നടത്തിയത്
‘‘അതെ.’’
അതിന്റെ വിവരങ്ങൾ കോടതിയിൽ പറയാമോ?
‘‘ ഒാർഫനേജിലെ അന്തേവാസിയായിരുന്നു പെൺകുട്ടി. അമ്മയുടെ മരണത്തോടെയാണ് അവൾ അവിടെ എത്തിയത്. മഠത്തിനു കീഴിലെ ഹയർസെക്കന്ററി സ്കൂളിൽ അവൾ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. ഒരുപക്ഷേ, മഠത്തിൽ ചേരണം എന്ന അവളുടെ ആഗ്രഹം കൊണ്ടാവാം ആ അനാഥാലയത്തിലെ ഏറ്റവും ശാന്തയായ കുട്ടിയായിരുന്നു അവൾ. പഠനത്തിലും മോശമല്ല. ഒാണത്തിനും വിഷുവിനും വയനാട്ടിലെ അമ്മയുടെ വീട്ടിലേക്ക് അവൾ പോകും. ഏറിയാൽ നാലു ദിവസം. ഉടൻ മടങ്ങി പോരും. അവിടെ അവളുടെ അമ്മയുടെ അമ്മ മാത്രമേയുള്ളൂ. പശുവളർത്തലിൽ നിന്നു കിട്ടുന്ന ആദായം കൊണ്ടാണ് അമ്മൂമ്മ ജീവിച്ചിരുന്നത്.
അമ്മൂമ്മ പശുക്കളുമായി കഷ്ടപ്പെടുന്നതിനെക്കുറിച്ചു പെൺകുട്ടി മഠത്തിൽ പലരോടും പറഞ്ഞിട്ടുണ്ടായിരുന്നു. പശുക്കൾക്കു തൊഴുത്തില്ലെന്നും പശുക്കൾ വൃത്തിയില്ലാത്ത ചുറ്റുപാടിൽ നിൽക്കുന്നതു കൊണ്ടു പാലു വാങ്ങാൻ ആളുകൾ കുറവാണെന്നുമെല്ലാം കൂട്ടുകാരോട് അവൾ പറഞ്ഞിരുന്നു. അമ്മൂമ്മയ്ക്കു പ്രായമായെന്നും പശുവിനെ പരിപാലിക്കാനും കറക്കാനുമൊക്കെയായി ഒരാളുണ്ടെന്നും അവൾ സൂചിപ്പിച്ചിരുന്നു. അയാൾ പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം പഠിച്ച ആളായിരുന്നു. പെൺകുട്ടിയുടെ അതേ പ്രായത്തിൽ അയാൾക്ക് ഒരു മകളുമുണ്ട്.
അവൾക്ക് ഒരു മൂത്ത സഹോദരി കൂടിയുണ്ടായിരുന്നു. പക്ഷേ, അവർ തമ്മിൽ അത്ര അടുപ്പത്തിലായിരുന്നില്ല. എട്ടുവയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നെങ്കിലും സഹോദരബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നില്ല. സഹോദരിയുടെ വിവാഹത്തിനു പോലും അവൾ പോയിരുന്നില്ല. ആ വർഷത്തെ വിഷുവിനു നാട്ടിൽ പോയെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൾ തിരികെ പോന്നു. ചേച്ചിയും ഭർത്താവും ഉള്ളതു കൊണ്ടു പെട്ടെന്നു പോന്നു എന്നായിരുന്നു അവൾ ഒാർഫനേജിൽ പറഞ്ഞത്.
വിഷുവിനു പോയി വന്ന ശേഷമുള്ള പെൺകുട്ടിയുടെ മൗനം ഒാർഫനേജിൽ പലരും ശ്രദ്ധിച്ചിരുന്നു. ഒൻപതാം ക്ലാസ്സിലേക്കു ജയിച്ചതും കഴിഞ്ഞു പോയ ഈസ്റ്റര്‍ ആഘോഷങ്ങളുടെ വർണനകളും ഒന്നും അവളെ സന്തോഷിപ്പിച്ചില്ല. ഭക്ഷണം കഴിക്കുന്നില്ല, എപ്പോഴും ഒറ്റയ്ക്കിരിപ്പാണ്. തുള്ളിച്ചാടി നടന്ന കുട്ടിക്ക് വന്ന മാറ്റം മദർസുപ്പീരിയറും ശ്രദ്ധിച്ചു. മദർ അവളോടു കാര്യങ്ങൾ ചോദിച്ചു. അവള്‍ ഒന്നും പറയാതെ തലയും താഴ്ത്തി നിന്നു.
ഒടുവിൽ സ്കൂൾ തുറന്നു. എല്ലാ കുട്ടികളും വലിയ ഉത്സാഹത്തോടെ സ്കൂളിൽ പോകാൻ തയാറായി. പക്ഷേ, അവൾ പറഞ്ഞതു കേട്ടു കൂട്ടുകാർ മാത്രമല്ല, ഒാർഫനേജ് തന്നെ ഞെട്ടിപ്പോയി. ‘ഇനി ഞാൻ പഠിക്കുന്നില്ല’. അത്ര നന്നായി പഠിച്ചിരുന്ന കുട്ടി ഇനി സ്കൂളിലേക്കില്ലെന്ന്...
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ വീണ്ടും വഷളായി തുടങ്ങി. വിദൂരതയിലേക്ക് നോക്കി കരയാൻ തുടങ്ങി. പിന്നെ എല്ലാവരോടും ദേഷ്യപ്പെട്ടു തുടങ്ങി. ഒരു ഘട്ടത്തിൽ വച്ച് അവൾ അക്രമാസക്തയാകുമോ എന്നു പോലും കൂട്ടുകാർ ഭയപ്പെട്ടു.
അങ്ങനെയാണ് മദർ സുപ്പീരിയർ എന്നെ വിളിച്ച് ഈ പെൺകുട്ടിയെ കൗൺസലിങ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഞാൻ അവളോടു സംസാരിക്കാൻ തുടങ്ങി.’’
ആ പെൺകുട്ടി പറഞ്ഞത്
‘‘അമ്മൂമ്മയ്ക്ക് തൊഴുത്തു പണിയാനായി മദർ സുപ്പീരിയർ കുറച്ചു പൈസ തന്നിരുന്നു. ഞാൻ വീട്ടിെലത്തിയപ്പോൾ അമ്മൂമ്മയെ സഹായിക്കുന്ന ആൾ അവിടെയുണ്ടായിരുന്നു. പശുത്തൊഴുത്തിന്റെ പണി നാളെ തുടങ്ങണമെന്നും സഹായി ആയി ഞാൻ നിൽക്കണമെന്നും അവൻ അമ്മൂമ്മയോടു പറഞ്ഞു. അവന്റെ നോട്ടം എനിക്കിഷ്ടപ്പെട്ടില്ല. പിന്നെ ‘കിടന്നുറങ്ങരുത്. രാവിലെ തുടങ്ങേണ്ടതാണെ’ന്നുമൊക്കെ അധികാരഭാവത്തിലാണ് പറഞ്ഞത്. എനിക്കപ്പോഴേ ദേഷ്യം തോന്നി.
ചേച്ചി ഗർഭിണിയായിരുന്നു. പിറ്റേന്ന് അമ്മൂമ്മ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വെളുപ്പിനെ പശുവിനെ കറക്കാൻ വരുന്നവൻ അന്നു വൈകിയാണു വന്നത്. ഞാനപ്പോൾ പല്ലുതേക്കുകയായിരുന്നു. പാല്‍ കറക്കാനുള്ള പാത്രം എടുക്കാൻ അവൻ അടുക്കളയിലേക്കു കയറി. ‘പാത്രം കാണുന്നില്ല. നോക്കി താ’ എന്നു പറഞ്ഞ് അവനെന്നെ അടുക്കളയിലേക്കു വിളിച്ചു. ഞാൻ ചെന്നപ്പോൾ പാത്രം അവന്റെ അടുത്തു തന്നെയുണ്ട്. ഇതല്ലേ പാത്രം എന്നു ചോദിച്ചപ്പോൾ ഞാൻ തന്നെ എടുത്തു കൊടുക്കണമെന്നു പറഞ്ഞു. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു തിരിച്ചു. എന്നെ തള്ളി താഴെയിട്ടു.
എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എന്നെയെടുത്ത് അമ്മൂമ്മയുടെ കട്ടിലിൽ കൊണ്ടുപോയിട്ടു. എന്റെ വായ് പൊത്തിപ്പിടിച്ചു. ‘അമ്മൂമ്മയോടു പറഞ്ഞാൽ എന്നെയും അമ്മൂമ്മയെയും കൊന്നുകളയും’ എന്നു പറഞ്ഞു.
ഈസ്റ്റർ ദിവസം ഞാനില്ലാത്തതു കൊണ്ട് എനിക്കു മഠത്തിൽ നിന്നു നേരത്തേ തന്നെ സമ്മാനമായി കിട്ടിയ പുതിയ മിഡിയും ടോപ്പുമാണ് അന്നു ഞാനിട്ടത്. അതെല്ലാം അവൻ വലിച്ചു കീറി. പിടിവലിയിൽ ഞാൻ കട്ടിലിൽ നിന്നു താഴേക്ക് തെറിച്ചു വീണു. എന്റെ ബോധം പോയി.
കുറേ കഴിഞ്ഞു ഞാൻ എഴുന്നേറ്റപ്പോൾ എന്റെ ഉടുപ്പൊക്കെ കട്ടിലിന്റെ അടിയിൽ കിടക്കുന്നതു കണ്ടു. എനിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല. ശരീരമാകെ നീറുന്നുണ്ടായിരുന്നു. എനിക്കു ബാത്ത്റൂമിൽ പോണമെന്ന് തോന്നി. പക്ഷേ, എഴുന്നറ്റതും വേദന സഹിക്കാൻ വയ്യാതെ വീണ്ടും വീണുപോയി’’
പെൺകുട്ടി പറഞ്ഞതു മുഴുവനായി പറഞ്ഞ് ആ കൗൺസിലർ ഒരുനിമിഷം നിർത്തിയിട്ട് എന്നോടു പറഞ്ഞു, ‘‘സർ,ആ വേദന ഒാർമയിലുള്ളതു കൊണ്ടാണെന്നു തോന്നുന്നു ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ വീണ്ടും ബോധരഹിതയായി. അതോടെ ഈ വിവരമെല്ലാം ഞാൻ മദറിനോടു പറഞ്ഞു. വിവരം പൊലീസിൽ അറിയിച്ചു.’’
വിധി പറയുന്ന ദിനം
പോക്സോ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 2012 ലെ പ്രൊട്ടക്‌ഷൻ ഒാഫ് ചിൽഡ്രൺ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്ട്(Protection of Children from Sexual Offenses Act 2012) ഒരു പരിധിവരെ ശക്തമായ നിയമമാണെങ്കിലും അതിൽ കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷിക്കാമെന്നോ അത്തരം അതിക്രമങ്ങൾ എങ്ങനെ തടയാമെന്നോ അതിജീവിതരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്നോ ഉള്ള അർഥവത്തായ ഒരു പദ്ധതിയും വിഭാവനം ചെയ്യുന്നില്ല. അതിജീവിതർ ക്കു ജീവിതകാലം മുഴുവനും ഒരു സാമൂഹികവിലക്കും (social stigma) ഉണ്ടാകുമെന്ന വിമർശനവും നിയമവൃത്തങ്ങളിലുണ്ട്.
അതുകൊണ്ടൊക്കെ തന്നെ ലൈംഗിക അതിക്രമകേസുകളിൽ 'in camera trial' ആണ് അതിജീവിതരേയും അതുമായി ബന്ധപ്പെട്ട ചിലസാക്ഷികളെയും വിസ്തരിക്കുമ്പോൾ പാലിക്കേണ്ടത്. അതായത്, വിചാരണകൾ തുറന്ന കോടതിയിലല്ല മറിച്ച്, അടഞ്ഞകോടതിയിലായിരിക്കും നടക്കുക. അവിടെ ജഡ്ജിയും പ്രോസിക്യൂട്ടറും ബെഞ്ച് ക്ലാർക്കും പ്രതിയുടെ അഭിഭാഷകനും പീഡനം നേരിട്ട സാക്ഷിയും പ്രതിയും മാത്രമാകും ഉണ്ടാകുക.
പ്രതിയെ കണ്ടു സാക്ഷി ഭയക്കാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. സാക്ഷിയും പ്രതിയും രണ്ടു മുറികളിലായിരിക്കും. സിസിടിവിയിലൂടെയാകും പ്രതി കോടതി നടപടികൾ കാണുക. ഇങ്ങനെയൊരു മോഡൽ കോടതി ഡൽഹിയിൽ ഉള്ളതായി അറിയാം. നമ്മുടെ സംസ്ഥാനത്തു പ്രതിയെ കോടതിയിൽ തന്നെ ഒരു കർട്ടനു പിന്നിൽ നിർത്തി വിസ്തരിക്കുന്ന രീതിയാണു തുടർന്നു വരുന്നത്.
വിധി പറയുന്ന ദിവസം. രാവിലെ 11 മണി. പോക്സോ സ്പെഷൽ കോടതി ജനനിബിഡം. ചാനൽ ക്യാമറകളുടെ തിരക്ക്. ആ പെൺകുട്ടിയുെട കേസ് നമ്പർ വിളിച്ചു. ജില്ലാ ജയിലിൽ നിന്നും കൊണ്ടുവന്ന പ്രതിയെ എസ്കോർട്ട് പൊലീസ് പ്രതിക്കൂട്ടിലേക്ക് കയറ്റി നിർത്തി. പ്രതിയെ ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു. കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ള ശിക്ഷാവകുപ്പുകൾ ഒാരോന്നായി പറഞ്ഞു. അതെല്ലാം െതളിഞ്ഞു. പ്രതിക്ക് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചു. ‘‘ഞാനൊന്നും ചെയ്തിട്ടില്ല. പിന്നെ സാറിന് തോന്നിയിട്ടുണ്ടെങ്കിൽ ഞാനെന്തു പറയാനാണ്?’’ എന്നായിരുന്നു അയാളുടെ മറുചോദ്യം.
എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പിച്ചി വലിച്ചെറിഞ്ഞിട്ട് അവളുടെ മനോനില തന്നെ ഉടച്ചു കളഞ്ഞിട്ടു കോടതിയോട് അയാളുടെ മറുചോദ്യം കേട്ടില്ലേ? ചെയ്തു കൂട്ടിയ നീച കുറ്റകൃത്യങ്ങളെപ്പറ്റി യാതൊരു ബോധവുമില്ലാത്ത മനസ്സിന്റെ ഉടമ.
പിറ്റേ ദിവസം അയാൾക്കുള്ള ശിക്ഷ വിധിച്ചു, ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. പ്രതി യഥാസമയം പിഴയടച്ചാൽ തുക പെൺകുട്ടിക്കു കൊടുക്കണം. പ്രതി അടച്ചില്ലെങ്കിൽ ആ നഷ്ടപരിഹാര സംഖ്യ ‘കേരള വിക്ടിം കോംപൻസേഷൻ സ്കീം’ൽ നിന്ന് കൊടുക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. മറ്റു വകുപ്പുകൾ പ്രകാരം വേറെ തടവു ശിക്ഷകൾ ഉണ്ടെങ്കിലും ഒന്നിച്ചനുഭവിച്ചാൽ മതി.
ശിക്ഷാവിധി പറഞ്ഞ ശേഷം ഞാൻ അയാളെ ഒന്നു കൂടി നോക്കിയിട്ടു പറഞ്ഞു, ജീവപര്യന്തം എന്നാൽ, കുറ്റവാളിയുടെ മരണം വരെയുള്ള തടവാണ്.
അതുപറഞ്ഞപ്പോഴേക്കും ഭാരമുള്ള എന്തോ ഒന്ന് എന്റെ നെഞ്ചിന്റെ വലതുഭാഗത്തു വന്നിടിച്ചു. വേദന കൊണ്ടു കണ്ണിൽ ഇരുട്ടു കയറി. കഠിനമായ ശ്വാസതടസം വന്നു. സീലിങ് ഫാൻ പൊട്ടിവീണെന്നാണ് ആദ്യം ഒാർത്തത്. പിന്നെയാണു തിരിച്ചറിഞ്ഞതു മരണം വരെയുള്ള ശിക്ഷയാണെന്നു കേട്ടപ്പോൾ പ്രതി ഭാരമുള്ള അയാളുടെ ഷൂ എനിക്കു നേരെ എറിഞ്ഞതാണ്. എന്റെ മുഖത്തു വന്നിടിച്ചിരുന്നെങ്കില്‍ കാഴ്ച നഷ്ടപ്പെട്ടേനെ.
എന്റെ വേദനയേക്കാളും എപ്പോഴും ഞാൻ ഒാർക്കുന്നത് ആ പെൺകുട്ടിയുടെ കണ്ണുകളാണ്. കരയാൻ പോലും മരവിച്ചു പോയ കണ്ണുകൾ.
ആരോരുമില്ലാത്ത സാധു പെൺകുട്ടിയുടെ മാനം കവർന്നവൻ അയാളുടെ മരണം വരെ ജയിലിലാണ്. ഇനിയൊരു പെൺകുട്ടിക്കു നേരെയും അയാളുടെ കൈ ഉയരില്ലല്ലോ...