നീറ്റ് പരീക്ഷ കുട്ടികളെ സംബന്ധിച്ചിത്തോളം വലിയ അഗ്നിപരീക്ഷയാണ്. ഫോട്ടോ മറന്നാലോ, വസ്ത്രം പരീക്ഷയ്ക്ക് അനുയോജ്യമല്ലാതായാലോ, സെന്ററിലെത്താന്‍ ഒരു മിനിറ്റ് വൈകിയാലോ പരീക്ഷ എഴുതാനാകില്ല. കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷാ കേന്ദ്രമായ കൊച്ചി എളമക്കര ജി.എച്ച്.എസ്.എസ് സ്കൂളില്‍ എത്തിയ പരീക്ഷാര്‍ഥിക്ക് രക്ഷകരായി എത്തിയത് കേരളാ പൊലീസ്.
ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വൈപ്പിന്‍ സ്വദേശിയായ പെണ്‍കുട്ടി. പരീക്ഷാ കേന്ദ്രത്തില്‍ എത്തിയ കുട്ടിയുടെ കയ്യില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉണ്ടായിരുന്നില്ല. ഒപ്പം ഉണ്ടായിരുന്ന ബന്ധു വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
പരീക്ഷാ ഹാളില്‍ കയറാനാവാതെ വിഷമിച്ചുനിന്ന പെണ്‍കുട്ടിയെ ആദ്യം കണ്ടത് എളമക്കര പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഓഫിസര്‍മാരായ ചിഞ്ചുവും അശ്വതിയുമാണ്. കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഇവര്‍ തൊട്ടടുത്തുള്ള സ്റ്റുഡിയോകളില്‍ വിളിച്ചെങ്കിലും ഞായറാഴ്ച അവധി ആയതിനാല്‍ തുറന്നിട്ടുണ്ടായിരുന്നില്ല. തുടര്‍ന്ന് ദേശാഭിമാനി ജംഗ്ഷനില്‍ പരിചയമുള്ള ഫോട്ടോഗ്രാഫറെ വിളിച്ച് വരുത്തി സ്റ്റുഡിയോ തുറന്ന് ആവശ്യത്തിന് കോപ്പികള്‍ എടുക്കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മഹേഷ് പൊലീസ് വാഹനത്തില്‍ പോയി ഫോട്ടോ വാങ്ങി തിരികെ പരീക്ഷ കേന്ദ്രത്തില്‍ എത്തിച്ച് പെണ്‍കുട്ടിക്ക് നല്‍കി പരീക്ഷ ഹാളിലേക്ക് കയറ്റി. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കേണ്ട സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ പെണ്‍കുട്ടിക്ക് പരീക്ഷ എതുതാന്‍ സാധിച്ചത്.