സിനിമയിലെയും ജീവിതത്തിലെയും മറക്കാനാകാത്ത നിമിഷങ്ങൾ ജലജ പങ്കുവയ്ക്കുന്ന പരമ്പര ഓർമയുടെ മർമ്മരങ്ങൾ...
ആലപ്പുഴ സെന്റ് ജോസഫ്സ് കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ കലാപ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു. ഒരിക്കൽ ഫാസിൽ എന്നെ കാണാൻ വന്നു. അദ്ദേഹം അന്ന് സിനിമയിൽ വന്നിട്ടില്ല. പക്ഷേ, മിമിക്രിയും നാടകവും മറ്റുമായി ആലപ്പുഴയിൽ അറിയപ്പെടുന്ന ആളാണ്.
ഫാസിൽ വന്നത് അവർ പുതുതായി ചെയ്യുന്ന നാടകത്തിൽ അഭിനയിക്കാൻ എന്നെ ക്ഷണിക്കാനാണ്. ബാല്യകാലം മുതൽ എന്നിലൊരു കലാകാരിയുണ്ടെന്ന് അച്ഛന് അറിയാമായിരുന്നു. വീട്ടിൽ നിന്നു സമ്മതം കിട്ടിയതോടെ ഞാൻ ഫാസിലിന്റെ ‘സാലഭഞ്ജിക’ എന്ന നാടകത്തിന്റെ ഭാഗമായി. കാവാലം സാറായിരുന്നു സംഗീതസംവിധാനം. അതിന്റെ റിഹേഴ്സൽ ക്യാംപിൽ മറ്റൊരാളെക്കൂടി പരിചയപ്പെട്ടു; നെടുമുടി വേണു. എന്റെ അച്ഛന്റെ പെങ്ങളുടെ മകൻ രാമചന്ദ്രനും നെടുമുടി വേണുവും ഫാസിലുമൊക്കെ ഒരുമിച്ചു പഠിക്കുന്നവരും കലാപ്രവർത്തനം നടത്തുന്നവരുമായിരുന്നു. എങ്കിലും എനിക്ക് ഇവരെ ആരെയും നേരിൽ പരിചയമുണ്ടായിരുന്നില്ല.
റിഹേഴ്സൽ കഴിഞ്ഞ് ആലപ്പുഴ ലിയോ–തേർട്ടീൻത് എൽ.പി. സ്കൂളിൽ ‘സാലഭഞ്ജിക’ അരങ്ങേറി. അത് നാടകത്തിലേക്കുള്ള അരങ്ങേറ്റം മാത്രമായിരുന്നില്ല. ഞങ്ങൾ കുറച്ചു പേരുടെ സിനിമാപ്രവേശത്തിന്റെ തുടക്കം കൂടിയായിരുന്നു അത്.
സാലഭഞ്ജികയുടെ അരങ്ങേറ്റ സമയത്ത് നെടുമുടി വേണു ഒരു കാര്യം പറഞ്ഞു; അരവിന്ദൻ പുതിയ സിനിമയെടുക്കുന്നു. പുതുമുഖങ്ങളെ ആവശ്യമുണ്ട്. താത്പര്യമുണ്ടെങ്കിൽ ഫോട്ടോ തന്നാൽ കൊള്ളാം. ഞാൻ അച്ഛന്റെ സമ്മതം വാങ്ങിയ ശേഷം ഫോട്ടോ കൊടുത്തു. എനിക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. വിളിക്കുകയാണെങ്കിൽ പോകാം എന്നു മാത്രമായിരുന്നു ചിന്ത.
നെടുമുടിയുടെ കത്ത്
അങ്ങനെയിരിക്കെ നെടുമുടി വേണുവിന്റെ കത്ത് കിട്ടി. തിരുവനന്തപുരത്തു ചെന്ന് അരവിന്ദനെ കാണണം. ഞാനും അച്ഛനും അമ്മയും കൂടി പോയി. പക്ഷേ മറ്റൊരു സിനിമയുടെ വർക്കിനായി അദ്ദേഹം മദ്രാസിലേക്കു പോയിരുന്നു. ഞങ്ങൾ ആലപ്പുഴയ്ക്കു തിരികെ പോന്നു.
അരവിന്ദനെ കാണാൻ കഴിയാത്തതിൽ നിരാശയുണ്ടോ എന്നാരോ ചോദിച്ചു. ‘ആശയുണ്ടെങ്കിൽ അല്ലേ നിരാശയുണ്ടാവൂ’ എന്നു ഞാനും മറുപടി പറഞ്ഞു. അതു സത്യമായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വീണ്ടും നെടുമുടിയുടെ കത്തു വന്നു. തമ്പിന്റെ ഷൂട്ടിങ് തുടങ്ങുന്നു. തിരുനാവായയിലാണ് ലൊക്കേഷൻ. എത്രയും െപട്ടെന്ന് എത്തണം. അങ്ങനെ ഞാനും അമ്മയും കൂടി തിരുനാവായയിൽ എത്തി. അരവിന്ദനെ കണ്ടു. ‘ഈ സിനിമയിൽ ഡയലോഗ് ഒന്നുമില്ല. നാളെ രാവിലെ ഷൂട്ടിങ്ങിനു തയാറായി വരണം’ അദ്ദേഹം പറഞ്ഞു.
രാവിലെ മുതൽ എനിക്ക് സീനുകൾ ഉണ്ടായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ പറയും. അതാണ് അദ്ദേഹത്തിന്റെ രീതി. ഭാരതപ്പുഴയിൽ നിന്നു കുളിച്ചു കയറിവരുന്നതും ശ്രീരാമേട്ടന്റെ കഥാപാത്രത്തെ കാണുന്നതുമാണ് ആദ്യം എടുത്തത്. ഒരാഴ്ച കൊണ്ട് എന്റെ സീനുകൾ എടുത്തു തീർത്തു.
എനിക്കൊപ്പം അമ്മയും
തമ്പിൽ സർക്കസ് കാണാനെത്തുന്ന നാട്ടുകാരുടെ കൂട്ടത്തിലും ഞാനുണ്ട്. ഞാൻ മാത്രമല്ല ഷൂട്ടിങ്ങിന് എന്നോടൊപ്പം വന്ന അമ്മയും ആ രംഗത്തിൽ അഭിനയിച്ചു. ആ സീൻ കാണുമ്പോൾ എനിക്ക് അമ്മയെയും കാണാം എന്നതാണ് അതിലെ വലിയ സന്തോഷം.
ഞങ്ങൾ മൂന്നുപേരുടെ അരങ്ങേറ്റചിത്രം കൂടിയായി തമ്പ്. നെടുമുടി വേണു, വി.കെ. ശ്രീരാമൻ. പിന്നെ ഞാനും. അന്ന് അവിടെ വച്ച് മൂന്നു മഹാപ്രതിഭകളെയും കണ്ടു. സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാളും നടൻ ഭരത് ഗോപിയും, പിന്നെ, ഷാജി എൻ. കരുണും. തമ്പിന്റെ ക്യാമറാമാൻ ഷാജിയായിരുന്നു.
‘കൊടിയേറ്റ’ത്തിലെ അഭിനയത്തിനു മികച്ചനടനുള്ള ദേശീയ അവാർഡ് വാങ്ങിയശേഷമായിരുന്നു ഗോപിച്ചേട്ടൻ തമ്പിൽ അഭിനയിക്കാൻ വന്നത്. പിന്നീട് ഞങ്ങൾ പല സിനിമകളിലും ഒരുമിച്ച് അഭിനയിച്ചു.
വളരെ അദ്ഭുതത്തോടെ തമ്പ് തിരുവനന്തപുരത്തെ തിയറ്ററിൽ കണ്ടത്. അച്ഛനും അമ്മയും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ആ സിനിമയ്ക്ക് ദേശീയതലത്തിലും പ്രാദേശികതലത്തിലും പല അവാർഡുകളും കിട്ടി. ജനറൽ പിക്ചേഴ്സ് രവി സാറായിരുന്നു നിർമാണം.
ആ സിനിമയുടെ മാഹാത്മ്യം പൂർണമായി ബോധ്യമായത് റിലീസ് ചെയ്ത് 44 വർഷങ്ങൾക്കു ശേഷമാണ്. കാനിൻ റീസ്റ്റോർഡ് വിഭാഗത്തിൽ തമ്പ് പ്രദർശിപ്പിച്ചു. അന്ന് ഞാനും മകളും കൂടി കാൻ ഫെസ്റ്റിവലിൽ തമ്പ് വീണ്ടും കണ്ടു. അത് അപ്രതീക്ഷിത ഭാഗ്യമായി കരുതുന്നു.
കാനിൽ ഇരുന്ന ആ നിമിഷങ്ങളിൽ ഫാസിലിനെയും കാവാലം സാറിനെയും നെടുമുടിയെയും ഞാൻ സ്നേഹത്തോടെ ഓർത്തു. തിരുനാവായയിലെ ലൊക്കേഷനും വളരെ സൗമ്യനായി സീനുകൾ പറഞ്ഞുതന്ന അരവിന്ദേട്ടനും മനസ്സിലേക്ക് വന്നു.
രാധ എന്ന പെൺകുട്ടി
തമ്പിൽ അഭിനയിച്ച ശേഷമാണ് സിനിമയുടെ മുഖ്യധാരയിലേക്കു വരുന്നത്. അതിനു കാരണക്കാരൻ മേനോൻ ചേട്ടൻ എന്നു ഞാൻ വിളിക്കുന്ന ബാലചന്ദ്രമേനോനാണ്. അദ്ദേഹത്തിന്റെ ‘രാധ എന്ന പെൺകുട്ടി’ എന്ന സിനിമയിൽ രാധ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു മുഖ്യധാര സിനിമയിലേക്കുള്ള എന്റെ പ്രവേശനം.
ഒരു വൈകുന്നേരം കോളജിൽ നിന്നു വീട്ടിലെത്തുമ്പോൾ ഒരാൾ അച്ഛനുമായി സംസാരിച്ചിരിക്കുന്നു. എന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു. ‘ഇതു തന്നെ എന്റെ രാധ’. എനിക്കു കാര്യമൊന്നും മനസ്സിലായില്ല.
പിന്നീടാണ് അറിയുന്നത് മേനോൻ ചേട്ടൻ പുതിയ സിനിമയ്ക്കുവേണ്ടി വിളിക്കാൻ വന്നതാണെന്ന്. അതിനു മുൻപിറങ്ങിയ അദ്ദേഹത്തിന്റെ ‘ഉത്രാടരാത്രി’ ഞങ്ങൾ കണ്ടിരുന്നു. അതുകൊണ്ടുതന്നെ സിനിമ നന്നാവും എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു.
കൊല്ലത്തും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിങ്. ആ സിനിമയിലെ ദേവദാസ് രചിച്ച ‘കാട്ടുക്കുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്...’ എന്ന പാട്ട് ഇന്നും ഹിറ്റാണ്. മുഖ്യധാരസിനിമയിൽ എനിക്ക് എന്റേതായ ഒരിടം തന്ന സിനിമയായിരുന്നു അത്.
തമ്പിനു ശേഷം ഞങ്ങൾ പല വഴിക്കു തിരിഞ്ഞു. നെടുമുടി തിരക്കുള്ള നടനായി. ഫാസിൽ തിരക്കുള്ള സംവിധായകനായി. നാടകവുമായി കാവാലം സാർ തിരുവനന്തപുരത്തു സ്ഥിരതാമസമാക്കി. എങ്കിലും ഞങ്ങൾ പിന്നെയും പല തവണ കണ്ടു. നെടുമുടിക്കൊപ്പം ഒരുപാടു സിനിമകളിൽ വേഷമിട്ടു. ഫാസിലിന്റെ സംവിധാനത്തിലും അഭിനയിച്ചു.
വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഞാൻ സിനിമയിലേക്ക് മടങ്ങിയെത്തുന്നതു ഫാസിലിന്റെ മകൻ ഫഹദ് നായകനായ മാലിക്കിലൂടെയാണ്. എന്റെ മകൾ ദേവിയുടെ ആദ്യസിനിമയും മാലിക് ആയിരുന്നു.
കാനില്‍ തമ്പ് വീണ്ടും കണ്ടതു പോലെ അദ്ഭുതമായിരുന്നു ഫാസിലിന്റെ മകനൊപ്പം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും. പ്രീഡിഗ്രി കാലത്ത് നാടകത്തിന്റെ സംഭാഷണം അഭിനയിച്ചു പറഞ്ഞു തരുന്ന ഫാസിലിനെ അപ്പോൾ ഞാൻ ഓർത്തു. കാലത്തിന്റെ ഒഴുക്കിൽ സംഭവിക്കുന്ന അദ്ഭുതങ്ങളെയോർത്തു കൗതുകം തോന്നി. എത്ര യാദൃച്ഛികതകൾ ചേർന്നതാണല്ലേ ഈ ജീവിതം.