സൂപ്പർമോഡൽ വാഹനങ്ങളുടെ ലുക്കും ഫീച്ചറുകളും തികഞ്ഞ കുഞ്ഞൻ പതിപ്പ്... മലയാളി ഡൈകാസ്റ്റിനു പിന്നാലെ പോകാൻ തുടങ്ങിയിട്ടു കാലം കുറച്ചായെങ്കിലും ഡൈകാസ്റ്റ് ഹോബി ട്രെൻഡായത് അടുത്തിടെയാണ്. എന്തു വില കൊടുത്തും എക്സ്ക്ലൂസീവ് മോഡലുകൾ എത്തിക്കാൻ ഇന്നു പലർക്കും മടിയില്ല.
വിദേശത്തുനിന്നും മറ്റും വരുന്നവർ മക്കൾക്കു സമ്മാനമായി കൊണ്ടുവന്നിരുന്ന കുഞ്ഞൻ കാറുകളാണ് ഈ ട്രെൻഡിനു തുടക്കമിട്ടത് എന്നു വേണമെങ്കിൽ പറയാം. ഇപ്പോൾ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് കുഞ്ഞൻ വാഹനങ്ങളോടിച്ച് ട്രെക്കിങ്ങും, റേസിങ്ങുമടക്കമുള്ള മത്സരങ്ങൾ നടത്ത്താൻ ഡൈകാസ്റ്റ് മീറ്റ് അപ്പുകൾ സംഘടിപ്പിക്കുന്നതടക്കം ഈ ട്രെൻഡ് വളർന്നു കഴിഞ്ഞു.
ആ ട്രെൻഡിൽ കരവിരുത് തെളിയിച്ചാണു മലയാളിയായ പ്രവീൺ ഭാസ്കരൻ റെക്കോർഡിട്ടത്. പിവിസി, ഫോം ഷീറ്റുപയോഗിച്ച് 1:16 സ്കെയിലിൽ എട്ടുമാസമെടുത്ത് പ്രവീൺ ഉണ്ടാക്കിയ വില്ലീസ് ജീപ്പാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചത്.
വില്ലീസിലൂടെ റെക്കോർഡിട്ട്
ഡൈകാസ്റ്റ് മോഡലുകൾ കലക്ട് ചെയ്യുന്നതു മാത്രമല്ല അവ ഉണ്ടാക്കുന്നതും ചിലർക്ക് ഹരമാണ്. അത്തരത്തിൽ വില്ലീസ് ജീപ്പിന്റെ ഡൈകാസ്റ്റ് മോഡലുണ്ടാക്കിയ ആലപ്പുഴക്കാരനായ പ്രവീൺ ഭാസ്കരന് ഫ്രീടൈമിലെ ഹോബിയാണ് ഇത്.
‘‘മെക്കാനിക്കൽ എൻജിനിയറിങ് കഴിഞ്ഞു കൊച്ചിയിലെ നവഗതി മറൈനിൽ ജോലി ചെയ്യുന്ന സമയം. ഇന്ത്യയിലെ ആദ്യ സോളർ ഫെറി ഞങ്ങളുടെ കമ്പനിയാണ് ലോഞ്ച് ചെയ്തത്. ഫോം ഷീറ്റിൽ അതിന്റെ വർക്കിങ് മോഡൽ ഉണ്ടാക്കി അവസരിപ്പിക്കാനുള്ള അവസരം കിട്ടി.
മിനിയേച്ചർ ക്രാഫ്റ്റ് ചെയ്യുന്നവരുടെ ഗ്രൂപ്പിനെ കുറിച്ച് അറിഞ്ഞതോടെ അത്തരം മോഡലുകളോടു ഹരമായി. ജെസിബിയുടെയും കെഎസ്ആർടിസി ബസിന്റെയും റോബോട്ടിന്റെയുമൊക്കെ കുഞ്ഞൻ രൂപങ്ങളുണ്ടാക്കി.
പിന്നെയാണ് വില്ലീസ് ജീപ് എന്ന ഐഡിയ മനസ്സിലെത്തിയത്. പലതരം ജീപ്പുകളുണ്ടെങ്കിലും ഏറ്റവും നന്നായി ഡീറ്റെയ്‌ലിങ് ചെയ്യാനാകുന്ന മോഡലും ഇന്റർനാഷനൽ ലുക്കുമുള്ളത് വില്ലീസിനാണ്.
അങ്ങനെ എട്ടുമാസമെടുത്ത് 1:16 സ്കെയിലിലുള്ള മോഡലുണ്ടാക്കി. പിവിസി, ഫോം ഷീറ്റുപയോഗിച്ചാണ് ജീപ്പിന്റെ മിക്ക പാർട്സുമുണ്ടാക്കിയത്. സാധാരണ വില്ലീസ് ജീപ്പിന്റെ എല്ലാ പ്രത്യേകതകളും ഉണ്ടായിരുന്നതു കൊണ്ടാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലും ഏഷ്യ ബുക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചത്. എസ് ആൻഡ് ഓ മാരിടൈമിലെ ജോലിയുടെ തിരക്കിനിടയിലും ബിഎംഡബ്ല്യൂ എം3 ഇ36 മോഡൽ ഡൈകാസ്റ്റ് ഉണ്ടാക്കുകയാണിപ്പോൾ,’’ പ്രവീൺ പറയുന്നു.
യഥാർഥ വാഹനങ്ങളുടെ കെട്ടിലും മട്ടിലും ഉണ്ടാക്കിയെടുക്കുന്ന കുഞ്ഞൻ ‘കളിപ്പാട്ട’ങ്ങളാണ് ഡൈകാസ്റ്റ് മോഡലുകൾ. ആഡംബര വാഹനങ്ങളുടെ വലുപ്പത്തിന്റെ അനുപാതം പാലിച്ച് പുറത്തിറക്കുന്ന സ്കെയിൽ മോഡലുകൾക്കു വലിയ ഡിമാൻഡാണ്. 200 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ മോഹവിലയുള്ള മോഡലുകളുമുണ്ട്.