ആ ബസ് സ്റ്റോപ്പില്‍ മകനുണ്ടായേക്കുമെന്ന് സനില്‍കുമാറിനു അറിയാം, എന്നാല്‍ മണ്ണിനടിയില്‍ അവനുണ്ടെന്ന് ചിന്തിച്ചതേയില്ല. മണ്ണ് നീക്കി തുടങ്ങിയപ്പോഴാണ് ഒരു കാല്‍വിരല്‍ കണ്ടത്, അപ്പോഴും അത് സ്വന്തം മകനാണന്ന് സംശയിക്കാനുള്ള ധൈര്യം ആ അച്ഛനുണ്ടായിരുന്നില്ല. അതിവേഗത്തില്‍ മണ്ണ് മാറ്റിയപ്പോള്‍ കണ്ടത് പൊന്നുമകനെ...
മൂക്കിൽനിന്നു രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ വാരിയെടുത്ത് പല വാഹനങ്ങള്‍ക്ക് മുന്നില്‍ കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഒടുവിൽ സുഹൃത്തിന്റെ ബൈക്കിന്റെ നടുവിലിരുത്തി ആശുപത്രിയിലെത്തിച്ചു. കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് രക്ഷപ്പെട്ട നവനീത്. അപകടത്തില്‍ മറ്റൊരു കുട്ടിയേയും സനില്‍കുമാര്‍ രക്ഷിച്ചിരുന്നു.
അമ്പലപ്പുറം കാർത്തികയിൽ പി. സനിൽകുമാർ സ്കൂട്ടറിൽ മകനെ ബസ് സ്റ്റോപ്പിലെത്തിച്ചശേഷം അൽപമകലെ നിൽക്കുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തില്‍ മൂന്നുപേരുടെ ജീവനാണ് നഷ്ടമായത്. ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സ്കൂള്‍ സമയത്ത് ടിപ്പര്‍ ഓട്ടം തടയാത്ത അധികൃതര്‍ക്കെതിരെ അപകടത്തിനുപിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകേട്ടത്.
നീലേശ്വരം സ്വദേശി ഹരിലാല്‍, 15 വയസുകാരനായ പാര്‍ഥിപന്‍, അജയകുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 5 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ടിപ്പറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ രണ്ട് ഉദ്യോഗസ്ഥരെ മോട്ടോര്‍വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. എംവിഐ സുധിന്‍ ഗോപി, അസിസ്റ്റന്റ് എംവിഐ ശരത് എസ്. കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.