ADVERTISEMENT

ഒരു നിമിഷം മുൻപ് വരെ ഒപ്പമുണ്ടായിരുന്ന അച്ഛൻ‍ പെട്ടെന്ന് കൺമുന്നിൽ നിന്നു മറഞ്ഞുപോയി. അച്ഛനെ നഷ്ടപ്പെട്ട ആഘാതത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ മരവിച്ചിരിക്കുകയാണ് കൊട്ടാരക്കര നീലേശ്വരം അനഘഭവനിൽ ആവണി (13). അച്ഛനൊപ്പമാണ് ആവണി രാവിലെ വീട്ടിൽ നിന്നിറങ്ങുന്നത്. 

പുനലൂർ കെഎസ്ആർടിസി ഡിപ്പോയിൽ മെക്കാനിക്കായ അജയൻ ആചാരി (50) ജോലിസ്ഥലത്തേക്കും ഇരുമ്പനങ്ങാട് സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിയായ മകൾ ആവണി കൊട്ടാരക്കരയിലെ ട്യൂഷൻ സെന്ററിലേക്കും ഒരേ ബസിലാണ് പോകുന്നത്. ഇന്നലെയും മുക്കോണിമുക്കു വരെ ഇരുവരും കാര്യം പറഞ്ഞ് ഒരുമിച്ചു വന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ ആവണി കൂട്ടുകാർക്കൊപ്പം കൂടി. അച്ഛൻ ഇത്തിരി മുന്നിലേക്ക് പുരുഷന്മാർ നിൽക്കുന്ന ഭാഗത്തേക്ക് മാറിനിന്നു. 

ADVERTISEMENT

പെട്ടെന്നാണ് അമ്പലപ്പുറം റോഡിൽ നിന്നു പാഞ്ഞുവന്ന ടിപ്പർ ലോറി ബൈക്കിനെ ഇടിച്ചു നിരക്കിക്കൊണ്ടു പാഞ്ഞുവന്നത്. ആവണിക്കും കൂടെ നിന്നവർക്കും ഓടി മാറാൻ ഇടം കിട്ടി. പിന്നിൽ വലിയ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ നിന്ന ഭാഗത്ത് മറിഞ്ഞുകിടക്കുന്ന ലോറിയും ലോറിയിൽ നിന്നു വീണ മൺകൂനയുമാണ് കണ്ടത്. അച്ഛനും അവിടെയുണ്ടായിരുന്നവരും ഓടിമാറിക്കാണും എന്നായിരുന്നു പ്രതീക്ഷ.

പക്ഷേ, ആ പ്രതീക്ഷ പെട്ടെന്ന് അസ്തമിച്ചു. പിന്നീട് അച്ഛനെ കണ്ടതേയില്ല. കടയുടെ മൂലയും സമീപത്തെ മതിലും തകർത്തു മറിഞ്ഞ ലോറിക്കടിയിലായിരുന്നു അജയൻ ആചാരിയും മരിച്ച മറ്റു 2 പേരും. മണ്ണുമാന്തി യന്ത്രം എത്തിയാണ് മൂവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. കെഎസ്ആർടിസി കൊട്ടാരക്കര ഡിപ്പോയിൽ പൊതുദർശനത്തിനു വച്ച ശേഷം ഇന്നലെ വൈകിട്ട് അജയൻ ആചാരിയുടെ സംസ്കാരം നടത്തി.

ADVERTISEMENT

മുത്തച്ഛന്റ കൺമുന്നിൽ ദേവനന്ദ ജീവിതത്തിലേക്ക് ഓടിമാറി 

കൊട്ടാരക്കര ടിപ്പർ അപകടം നേരിൽക്കണ്ടതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല മുക്കോണിമുക്കിലെ ഹോട്ടലുടമ ഉണ്ണിക്കൃഷ്ണൻ (65). രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ സ്വന്തം കൊച്ചുമകളും ഉണ്ടായിരുന്നു എന്നതിന്റെ ആശ്വാസവും ചെറുതല്ല. ചായക്കടയിലായിരുന്ന ഉണ്ണിക്കൃഷ്ണന്റെ കൺമുന്നിലൂടെയാണ് കൊച്ചുമകൾ എട്ടാം ക്ലാസ് വിദ്യാർഥി ദേവനന്ദ ബസ് കയറാൻ ജംക്‌ഷനിലെത്തിയത്. 

ADVERTISEMENT

കുട്ടികളെല്ലാം സംസാരിച്ചു നിൽക്കുമ്പോഴാണ് അമിത വേഗത്തിലെത്തിയ ടിപ്പർ അവർ നിന്ന ഭാഗത്തേക്കു പാഞ്ഞെത്തിയത്. കുട്ടികൾ ഓടി മാറുകയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഉണ്ണിക്കൃഷ്ണൻ റോഡിലേക്കു നോക്കുമ്പോൾ മറിഞ്ഞു കിടക്കുന്ന ടിപ്പറും ഓടി മാറുന്ന കുട്ടികളെയുമാണ് കണ്ടത്. കൂട്ടത്തിൽ കൊച്ചുമകളെയും. 

ഓടിയെത്തിയപ്പോൾ‍ തന്നെ മനസ്സിലായി ടിപ്പറിനടിയിലും ടിപ്പറിൽ നിന്നു വീണ മൺകൂനയ്ക്കടിയിലും ആരൊക്കെയോ പെട്ടിട്ടുണ്ട്. ടിപ്പർ ഉയർത്തി മണ്ണും പൂർണമായി മാറ്റിയപ്പോഴാണു എല്ലാം വ്യക്തമായത്. ടിപ്പറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

അപകടം കൺമുന്നിൽ നടുക്കം മാറാതെ ഷിബു 

രാവിലെ പതിവ് ചായ കുടിക്കാൻ മുക്കോണിമുക്കിലെത്തിയതാണ് കെഎസ്ആർടിസി കണ്ടക്ടർ ഷിബു. ചായയുമായി ആളൊഴിഞ്ഞ ഭാഗത്തേക്കു മാറിയിരുന്നപ്പോഴാണ് അമ്പലപ്പുറം റോഡിൽ നിന്ന് ടിപ്പർ പാഞ്ഞുവരുന്നതു കണ്ടത്. വരവ് പന്തിയല്ലല്ലോ എന്നു ചിന്തിച്ചു തീരും മുൻപേ ടിപ്പർ മുൻപിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച് അതും വലിച്ചുകൊണ്ടു റോഡിന്റെ എതിർവശത്തേക്കു പാഞ്ഞുകയറി.  

ബസ് കയറാൻ നിന്ന കുട്ടികൾ അടക്കം ചിലർ ഓടിമാറുന്നതും കണ്ടു. സമീപത്തെ കടയുടെ ചരിപ്പും ഒരു ഭിത്തിയുടെ മൂലയും ഇടിച്ചുതെറിപ്പിച്ചു ടിപ്പർ മറിയുന്നതായിരുന്നു പിന്നെ കണ്ടത്. ഓടിയെത്തി നോക്കിയപ്പോൾ ടിപ്പറിൽ നിന്നു വീണ മൺകൂനയിൽ ഒരു കുട്ടിയടക്കം രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അപ്പോഴേക്കും മറ്റുള്ളവരും ഓടിയെത്തി. 

മണ്ണു നീക്കി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ടിപ്പറിന്റെ ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാത്ത തരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഡോർ മുറിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റിയത്. ടിപ്പർ ഉയർത്തിയപ്പോൾ ഒരാൾ അടിയിൽ. മണ്ണു നീക്കം ചെയ്തപ്പോൾ ഒരു കുട്ടിയെയും കിട്ടി. ഇവർ രണ്ടുപേരും മരിച്ചു. ആദ്യം രക്ഷപ്പെടുത്തി അയച്ചവരിൽ ഒരാളും അതിനകം മരിച്ചു. 

Tragic Tipper Accident Shakes Kottarakkara:

Witnesses to the harrowing Kottarakkara Tipper Accident recount the terrifying moments when a speeding Tipper lorry caused a fatal crash, resulting in multiple fatalities and leaving survivors in shock. The accident, which occurred in broad daylight, highlights the urgent need for increased road safety measures and awareness campaigns to prevent such tragic incidents.

ADVERTISEMENT