'ഇതു ഞങ്ങളുടെ 'മാലാഖ' - ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന ലേഖ എം, പാലക്കാട്.
‘ആയുസ്സില്‍ എത്ര നാള്‍ കൂടി ബാക്കിയുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല.’ അപസ്മാരം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കെ 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടര്‍ ഇതു പറയുമ്പോള്‍ തളര്‍ന്നു പോയില്ല ലേഖ. പകരം ഇനിയുള്ള നാളുകള്‍ ആരോഗ്യപരിമിതിയുള്ള കുട്ടികള്‍ക്കായി ഉഴിഞ്ഞു വയ്ക്കാം എന്നു ഈ കൊല്ലങ്കോടുകാരി ഉറപ്പിച്ചു. ആ തീരുമാനം പ്രതീക്ഷയുടെ തിരി തെളിക്കുന്നത് 19 കുടുംബങ്ങളില്‍ നിന്നുള്ള 22 കുഞ്ഞുങ്ങള്‍ക്കാണ്. പാതിവഴിയില്‍ എവിടെയോ പതുങ്ങി നില്‍ക്കുന്ന മരണത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് തോൽപ്പിച്ച് ആ കുഞ്ഞുങ്ങളുടെ മാലാഖയാകുകയാണ് ലേഖ.
ഒറ്റയാള്‍ പട്ടാളം
ഏതെങ്കിലും ട്രസ്റ്റോ, ചാരിറ്റി സ്ഥാപനമോ, സംഘടനയോ ഒന്നുമില്ലാത്ത ഏകാംഗ പോരാളിയാണ് ലേഖ. അധ്യാപക ജോലി നേടിയെങ്കിലും രോഗം അവിടെയും വില്ലനായി. സ്വന്തം ചികിത്സാച്ചെലവിൽ നിന്നു മിച്ചം പിടിച്ചുള്ള തുകയും ട്യൂഷനുമാണു കുട്ടികളുടെ കാര്യങ്ങൾക്കായി മാറ്റി വയ്ക്കുന്നത്.
‘‘കൊല്ലങ്കോടും എലവഞ്ചേരിയിലും ഉള്ള 17 നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു ആദ്യം. ഈയിടയ്ക്കു രണ്ടു കുട്ടികളെ കൂടെ ചേര്‍ത്തു. ഓട്ടിസത്തിനൊപ്പം അപസ്മാരം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരാണ് ചിലർ. ഒൻപതു കുട്ടികള്‍ക്ക് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയില്ല. ചിലര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് കാണാന്‍, കേള്‍ക്കാന്‍ കഴിയില്ല.’’ മകന്‍ മിഖിലേഷിന് നല്‍കുന്ന അതേ കരുതലാണ് ഈ കുഞ്ഞുങ്ങള്‍ക്കും ലേഖ നല്‍കുന്നത്.
കുഞ്ഞുങ്ങളുടെ കുടുംബങ്ങളിലേക്ക് എല്ലാ മാസവും അരിയും പലവ്യഞ്ജനങ്ങളും ചികിത്സാ സഹായവുമെല്ലാം എത്തിക്കുന്നതു ലേഖയാണ്. ‘‘രണ്ടു വര്‍ഷം മുന്‍പു ഞാന്‍ കോമാ അവസ്ഥയിലേക്കു പോകും വരെ എന്റെ കുടുംബത്തിനുള്ളില്‍ മാത്രം നിന്നിരുന്ന രഹസ്യം. പിന്നീട് വാര്‍ത്തകളും മറ്റും വന്നപ്പോഴാണു നാട്ടുകാര്‍ പോലും ഇതേക്കുറിച്ച് അറിയുന്നത്. 13 വര്‍ഷം ആരുടെയും സഹായം ഇല്ലാതെ തന്നെയാണ് കുട്ടികളുടെ കാര്യങ്ങള്‍ ചെയ്ത് വന്നത്.’’ ലേഖയ്ക്ക് തികഞ്ഞ ചാരിതാർഥ്യം.
‘‘മൂന്നു വയസ്സുള്ളപ്പോള്‍ വന്ന ചെറിയൊരു പനിയുടെ ചൂട് ആയുസ്സുള്ള കാലത്തോളം അനുഭവിക്കേണ്ടി വരുമെന്ന് ചിന്തിച്ചില്ല. പിന്നീട് രോഗം മൂര്‍ച്ഛിച്ചു. നാഡീസംബന്ധമായ അപസ്മാര രോഗം പലപ്പോഴും എന്നെ അബോധാവസ്ഥയിലേക്കാണ് നയിച്ചിരുന്നത്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി നിന്ന നില്‍പ്പില്‍ ബോധം മറയും.’’ സ്നേഹപിന്തുണയോടെ ഭർത്താവ് സുധീഷ് ഒപ്പമുള്ളതാണ് ലേഖയുടെ ധൈര്യം.
മരണം പലപ്പോഴും ലേഖയെ കൂട്ടാനെത്തി. പക്ഷേ, അവര്‍ വീണുപോയില്ല. അത്രയും പ്രിയപ്പെട്ട കുഞ്ഞുചിരികള്‍ മായ്ക്കാന്‍ ദൈവം അത്ര ക്രൂരനായിരിക്കില്ലല്ലോ.
(2025 മാര്‍ച്ച് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)