‘ടീച്ചര്‍ രക്ഷാപ്രവര്‍ത്തനത്തിലാണ്...’: ശ്രുതി കെ.എസ്, തൃശൂർ. സിവില്‍ ഡിഫന്‍സ് വോളണ്ടിയർ
‘കോവിഡ് കാലമാണ്. ചാവക്കാടു ഭാഗത്തു മരുന്ന് വിതരണം നടത്തുകയാണ് ഞങ്ങളുടെ സംഘം. ഒരു വീട്ടിലേക്ക് ചെന്നപ്പോള്‍ ഗൃഹനാഥനൊപ്പം ഒരു കുട്ടിയും ഓടി ഉമ്മറത്തേക്ക് എത്തി.
കൊതിയോടെ അവള്‍ ചോദിച്ചു, ‘ചോറാണോ ചേച്ചീ...’ ആ കുഞ്ഞു കണ്ണുകൾ കണ്ടപ്പോള്‍ മനസ്സിലായി അവള്‍ ചോറുണ്ടിട്ടു കുറച്ചു ദിവസമായെന്ന്. രാത്രി തന്നെ ആ വീട്ടിലേക്കു കുറച്ച് അരിയും സാധനങ്ങളും എത്തിക്കാൻ സാധിച്ചു.’’ സിവില്‍ ഡിഫന്‍സ് വോളണ്ടിയറായ ചാവക്കാടുകാരി ശ്രുതിയുടെ വാക്കുകള്‍ ഇതു പറയുമ്പോള്‍ ഇടറുന്നുണ്ടായിരുന്നു.
കുന്നംകുളം ശ്രീവിവേകാനന്ദ കോളജില്‍ ജേണലിസം അധ്യാപികയാണ് ശ്രുതി. അവിടെനിന്ന് അവധിയെടുത്താണു സിവില്‍ ഡിഫന്‍സ് വോളണ്ടിയറാകുന്നത്.
സേവനവഴിയിലെ ‘തീ’നാളം
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കീഴില്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ പദ്ധതി കേരളത്തില്‍ ആരംഭിച്ചത് 2019 ലാണ്. അക്കാലത്ത് പിആര്‍ഡിയില്‍ ജോലി ചെയ്തിരുന്ന ശ്രുതി സിവില്‍ ഡിഫന്‍സ് സേനയിലേക്ക് ആളെ ക്ഷണിച്ചു കൊണ്ടുള്ള പത്രപ്പരസ്യം കണ്ടപ്പോള്‍ തന്നെ അപേക്ഷ അയച്ചു.
‘‘15 ദിവസം നീളുന്ന കഠിനമായ പരിശീലനമായിരുന്നു. വെള്ളപ്പൊക്കത്തില്‍ നിന്നും മറ്റു അപകട ഘട്ടങ്ങളില്‍ നിന്നുമെല്ലാം ആളുകളെ രക്ഷിക്കുന്നതിനുള്ള തീവ്ര പരിശീലനമാണ് നൽകിയത്. അതില്‍ സര്‍വൈവ് ചെയ്തവരാണ് ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്റ്റേഷനിലായിരുന്നു എന്റെ റിപ്പോര്‍ട്ടിങ്. ഞാനടക്കം രണ്ടു സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിശീലനം ലഭിച്ചത് വെള്ളപ്പൊക്കം നേരിടാന്‍ ആണെങ്കിലും കോവിഡിലേക്കാണ് ചാടിയിറങ്ങേണ്ടി വന്നത്. സേവനങ്ങൾ ആവശ്യമായ സമയത്ത് വാട്സാപ്പിലാണ് മെസേജ് വരിക. ഉടനെ ലീവെടുത്തു പുറപ്പെടും. പൊലീസിനൊപ്പം ട്രാഫിക് നിയന്ത്രണം മുതല്‍ പൂരവും കടല്‍ക്ഷോഭ സമയത്തു ജനങ്ങളെ ക്യാംപിലേക്കു മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ വരെ ഭാഗമാകും. റിഫ്രഷ്‌മെന്റ് ട്രെയിനിങ് ഇടയ്ക്കിടെ ഉള്ളതിനാല്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്.
2023ല്‍ ബ്രഹ്‌മപുരത്തും 2024ല്‍ വയനാട് ദുരന്ത മുഖത്തേക്കും പോയതാണ് ഇന്നും കനലെരിയുന്ന ഓര്‍മകളായി മനസ്സിലുള്ളതെന്നു ശ്രുതി. സന്നദ്ധ സേവനത്തിന് ഇറങ്ങുമ്പോൾ വീട്ടില്‍ അച്ഛനും അമ്മയും മക്കൾ 13കാരനായ ഇഷാനും 10 വയസ്സുകാരി പാർവണയും ഉണ്ടെന്നത് എന്നെ ഒട്ടും ഭയപ്പെടുത്താറില്ല. ഏറെ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ് സിവില്‍ ഡിഫന്‍സ് വോളണ്ടിയറുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും പ്രാര്‍ഥിക്കുന്നത് ഒന്നു മാത്രം, ദുരന്തങ്ങള്‍ ആരുടെയും ജീവന്‍ എടുക്കരുതേ...’’
(2025 മാര്‍ച്ച് ലക്കം വനിത മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)