ADVERTISEMENT

കിടങ്ങൂരിലെ വീടിനടുത്ത് മീനാക്ഷി അനൂപിന്റെ കുടുംബം വല്ലപ്പോഴും ദോശ വാങ്ങാൻ പോകുന്നൊരു തട്ടുകടയുണ്ട്. അമ്മയുടെ സാരിത്തുമ്പിൽ നിന്നു വിട്ടുമാറാത്ത കുട്ടിയെപ്പോലെ ഗ്രാമത്തിന്റെ ഭംഗിയിൽ പതുങ്ങി നിൽക്കുന്ന ചെറിയൊരു കട.

യുദ്ധം തുടങ്ങി, ഗ്യാസിനു ക്ഷാമം വന്നതിനു ശേഷമുള്ള ഒരു ദിവസം. ദോശ വാങ്ങാൻ പോയിട്ട് അൽപം നിരാശ പൊതിഞ്ഞെടുത്താണ് തിരികെ വന്നത്. ഗ്യാസില്ലാത്തതുകൊണ്ട് അവരുടെ ദോശക്കല്ല് പണിമുടക്കി.

ADVERTISEMENT

യുദ്ധം നമ്മളെ ഇങ്ങനെയും ബാധിക്കുമെന്ന തോന്നലിലാണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടത്. അതിനു വിചാരിക്കാത്ത വ്യാഖ്യാനങ്ങളുണ്ടായി. പക്ഷേ, എയറിലാകാനും വിഷ മിക്കാനും ഒന്നും മീനാക്ഷിക്കു സമയമില്ല.  പരീക്ഷക്കാലമല്ലേ. മണർകാട് സെന്റ് മേരിസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ രണ്ടാം വർഷ വിദ്യാർഥിയാണിപ്പോൾ. അനുനയ എന്നാണ് ശരിക്കുള്ള പേര്. സ്നേഹത്തോടെ കിട്ടിയ വിളിപ്പേരാണ് ‘മീനാക്ഷി’.

സോഷ്യൽമീഡിയ ക്യാപ്ഷനുകൾക്കു പിന്നിലെ ക്രിയേറ്റിവിറ്റി ആരുടേതാണ്?

ADVERTISEMENT

വീട്ടിൽ ഞങ്ങളെല്ലാവരും തമാശകൾ പറഞ്ഞും പ്രാസമൊപ്പിച്ചും സംസാരിച്ചു രസിക്കുന്നവരാണ്. ക്യാപ്ഷനുകൾ എന്റേതു മാത്രമാണെന്ന് പറയാനാവില്ല. സംസാരങ്ങൾക്കിടയിൽ വരുന്ന പലതും ക്യാപ്ഷനായി  പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ്ബുക്കിൽ കമന്റിൽ വരുന്ന രസകരമായ മറുപടികളിൽ നിന്നും ക്യാപ്ഷൻ കിട്ടാറുണ്ട്. ഗൗരവമുള്ള വിഷയങ്ങളിൽ ഞാൻ തന്നെയാണ് അടിക്കുറിപ്പ് എഴുതുന്നത്.  

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ പഠനം ബുദ്ധിമുട്ടാകാറുണ്ടോ?  

ADVERTISEMENT

പതിനൊന്നോ പന്ത്രണ്ടോ വയസുള്ളപ്പോഴാണ്. ടോപ് സിങ്ങറിൽ പങ്കെടുക്കുന്ന സമയം. പരിപാടിക്കിടയിൽ എന്നോടു ചോദിച്ചു, ‘ഒരു കിലോ പഞ്ഞിക്കാണോ ഒരു കിലോ ഇരുമ്പിനാണോ ഭാരം കൂടുതൽ?’ ഒരു നിമിഷം പോലും സംശയിച്ചു നിൽക്കാതെ ഞാൻ പറഞ്ഞു. ‘‘ഒരു കിലോ ഇരുമ്പിന്.’’ എല്ലാവരും എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും ഞാൻ നിന്നങ്ങു തർക്കിച്ചു.

‘‘എംജി അങ്കിളിനെ ഒരാള്‍ ഒരു കിലോ പഞ്ഞി കൊണ്ടും ഒരു കിലോ ഇരുമ്പു കൊണ്ടും തല്ലിയെന്ന് ഓർത്തു നോക്കിയേ. ഏതാ കൂടുതൽ വേദനിക്കുക. ഇരുമ്പല്ലേ. അപ്പോൾ ഭാരം ഇരുമ്പിനല്ലേ കൂടുതൽ?’’ ആ എപ്പിസോഡ് പുറത്തിറങ്ങിയതോടെ കാഴ്ചക്കാർ രണ്ടു വഴിയേ പിരിഞ്ഞൊഴുകുന്ന പുഴ പോലെയായി. എത്ര നിഷ്കളങ്കമായാണ് ആ കുട്ടി സംസാരിക്കുന്നതെന്ന് ഒരു കൂട്ടർ പറഞ്ഞു. പഠിക്കേണ്ട സമയത്ത് പബ്ലിക് ഫിഗറാക്കി, അഭിനയിക്കാൻ വിട്ടു. അച്ഛനുമമ്മയും പൈസയുണ്ടാക്കിയെങ്കിലും കുട്ടിക്ക് വിവരമില്ലാതായി എന്നു മറുകൂട്ടരും പറഞ്ഞു. ഇതൊക്കെ കേട്ടിട്ടും അച്ഛനുമമ്മയും അവരുടെ സമാധാനത്തില്‍ ഉറച്ചു നിന്നു. അവർക്ക് എന്നെ ഏതു വഴിയേ നടത്തണമെന്നു നല്ല ബോധ്യമുണ്ടായിരുന്നു.

meenakshi--family

പഠനത്തിനൊപ്പം കരിയർ തുടരാൻ അവർ പിന്തുണച്ചു. മുടങ്ങുന്ന ക്ലാസുകൾക്കു പകരമായി വീട്ടിൽ ട്യൂഷൻ ഏർപ്പാടാക്കി തന്നു. തീരുമാനങ്ങളെടുക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും അവർ ഫുൾ സപ്പോർട്ടാണ്.

ആദ്യമായി അഭിനയിച്ചത്,ആദ്യത്തെ വരുമാനം. ഇത്തരം വലിയ സന്തോഷങ്ങൾക്ക് ഓർമയിൽ ഇടമുണ്ടോ?

ആദ്യമായി അഭിനയിച്ചതിനെക്കുറിച്ചൊക്കെ പറഞ്ഞു കേട്ടുള്ള അറിവുകളേയുള്ളൂ. വീടിനടുത്തുള്ള അഖിലേട്ടനും നിഖിലേട്ടനും തേടിയെത്തി. അവരുടെ ഷോർട് ഫിലിമിൽ ചൈൽഡ് ആർട്ടിസ്റ്റ് വേണമായിരുന്നു. ആ ഷോർട്ഫിലിമിലാണ് ആദ്യമായി അഭിനയിച്ചത്. മൂന്നോ നാലോ വയസ്സു കാണും അപ്പോൾ.

ഇരുപത് വയസ്സുണ്ട് ഇപ്പോഴെനിക്ക്. ഇതുവരെ വരുമാനമുണ്ടാക്കുന്നു എന്നൊരു സന്തോഷം തോന്നിയിട്ടില്ല. എനിക്കു സന്തോഷം അഭിനയിക്കാനും ആളുകളോട് ഇടപഴകാനും സംസാരിക്കാനുമൊക്കെയാണ്. ഇഷ്ടമുള്ളത് സന്തോഷത്തോടെയങ്ങു ചെയ്യുന്നു. പോക്കറ്റ് മണി കിട്ടുമ്പോഴാണ് സന്തോഷം.

വരുമാനം മാനേജ് ചെയ്യുന്നത് സ്കിൽ ആണ്.  പൈസ കിട്ടുന്നതിനേക്കാൾ വേഗത്തിൽ ചെലവാക്കാനാണ് എളുപ്പം. അത്യാവശ്യത്തിനു മാത്രം ചെലവാക്കാനും ബാക്കി സൂക്ഷിക്കാനും ഇൻവസ്റ്റ് ചെയ്യാനും പഠിക്കാനുള്ള  ശ്രമങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. അച്ഛനുമമ്മയും ചെയ്യുന്നതു പോലെ പ്ലാൻ ചെയ്യണം. ഭാവിയെക്കുറിച്ച് ലക്ഷ്യങ്ങളും സ്വപ്നങ്ങളുമൊക്കെയുള്ള ആളാണു ഞാൻ.

അടുത്ത യാത്ര എങ്ങോട്ടേക്ക്?

ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞ് ഓടി വീട്ടിലേക്കെത്തുന്നതാണ് എനിക്കിഷ്ടം. അനിയന്മാരും ഉണ്ടല്ലോ. നേരേ ഇളയ അനിയൻ ആരിഷ് ഏഴാം ക്ലാസിലാണ്. അവനും അഭിനയിക്കാറുണ്ട്. ഏറ്റവും ഇളയവൻ  ർവിന് ആറു വയസേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ വീട്ടിൽ നിൽക്കാൻ രസമാണ്. അവർക്ക് അമ്മയുടെ സ്ഥാനത്താണ് ഞാൻ. തറവാടിനും ഞങ്ങളുടെ വീടിനും മുറ്റം ഒന്നാണ്.

നൂറ്റിമൂന്നു വയസുള്ള വലിയ മുത്തശ്ശൻ വരെ അവിടെയുണ്ട്. കുഞ്ഞുകുട്ടികളെ ഒരുപാടിഷ്ടം. അവരുടെ കാര്യങ്ങള്‍ നോക്കി വീട്ടിൽ നിന്നാൽ സമയം പോകുന്നതറിയില്ല. ഏറ്റവും ഇളയ അനിയൻ എന്നെ ഇടയ്ക്കെപ്പോഴോ ചേച്ചിപ്പ എന്നു വിളിച്ചു തുടങ്ങി. പിന്നെ, എല്ലാവർക്കും ഞാൻ ചേച്ചിപ്പയായി. അച്ഛനും  അമ്മയും വരെ അങ്ങനെ തന്നെയാണു വിളിക്കുന്നത്.

കിടങ്ങൂരില്‍ ജീവിതരീതികൾ കൊച്ചിയിലേതു പോലെയേ അല്ല. പഴയതെന്നു കരുതപ്പെടുന്ന പല രീതികളും സ്നേഹത്തോടെ മുറുക്കെപ്പിടിച്ചാണ് അവിടെ. ഷൂട്ടിങ് കൊച്ചിയിൽ കൂടുതലുള്ളതുകൊണ്ട് എനിക്കിവിടെ കൂട്ടുകാരും ധാരാളമുണ്ട്. നാട്ടിൻപുറത്തെ കാര്യങ്ങൾ പലതും അവർക്ക് അതിശയമാണ്. എല്ലാം ഒരു പോലെയെന്നു പറയാമെങ്കിലും നഗരം വേറൊരു ലോകമാണ്. എനിക്ക് രണ്ടും ഇഷ്ടമാണ്. കരയും വെള്ളവും പോലെ രണ്ടിടത്തും ഞാൻ ജീവിക്കുന്നുണ്ടല്ലോ.

അടുത്ത സിനിമ സെവൻ സെക്കന്റ്സ് ആണ്. ഷൂട്ടിങ് കാസർകോട് പുരോഗമിക്കുന്നു. താമസിക്കേണ്ട ആവശ്യം വരുന്ന സാഹചര്യങ്ങളിൽ അച്ഛൻ ഒപ്പം വരും.  എനിക്ക് ഒറ്റയ്ക്കു യാത്ര പോകുന്നതോ താമസിക്കുന്നതോ ഇഷ്ടമേയല്ല. ഇഷ്ടമുള്ളവർക്കൊപ്പം  സന്തോഷത്തോടെ എവിടെപ്പോകാനും ഇഷ്ടമാണു താനും.

actress-meenakshi-interview

ഭാവിജീവിതത്തെക്കുറിച്ചു വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നു പറഞ്ഞല്ലോ. വിവാഹത്തെക്കുറിച്ചുള്ള നിലപാട് എന്താണ്?

ഇത്രകാലം അച്ഛയും അമ്മയും വളർത്തി. ഇനിയങ്ങോട്ടു വളരേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഏറ്റവും യോജിച്ച അല്ലെങ്കിൽ എനിക്ക് ഏറ്റവും അടുത്തു നിൽക്കാൻ കഴിയുന്നയാളെ കണ്ടെത്താനും എനിക്കല്ലേ പറ്റൂ.

വിവാഹച്ചെലവിന്  അച്ഛയെയും അമ്മയെയും സമ്മർദത്തിലാക്കാൻ എനിക്കിഷ്ടമല്ല.  അപ്പോഴത്തെ സാമ്പത്തിക നിലവാരത്തിനനുസരിച്ച് ലളിതമായോ ആഘോഷമായോ ഒക്കെ നടത്താൻ തീരുമാനിക്കാവുന്നതല്ലേയുള്ളൂ.

സ്വന്തമായി വീട് വേണമെന്ന് ചെറിയ പ്രായത്തിലേ ആഗ്രഹമുണ്ട്. വിവാഹത്തിലൂടെ ഒരു പറിച്ചു നടൽ വേണ്ട എന്നാണ് കരുതുന്നത്. ആൺകുട്ടി ഇങ്ങോട്ട് വന്നാലും ഞാൻ അങ്ങോട്ടു പോയാലും അത് പറിച്ചുനടലാകും.

രണ്ടുപേർ ഒരുമിക്കുമ്പോളുള്ള പുതുമ എല്ലാ കാര്യത്തിലും വേണം. ഒരുമിച്ച് പുതിയൊരിടത്തു നിന്നു തുടങ്ങുന്നതാകും നല്ലത്.  നിലവിലുള്ള ജീവിതരീതികളൊന്നും അതിനായി മാറേണ്ടി വരരുത്.

അതുപോലെ സ്വർണം വച്ചു വിവാഹം നടത്തുന്നതിനോടൊന്നും എനിക്കു തീരെ താൽപര്യമില്ല. എനിക്കു സ്വർണം വേണമെങ്കിൽ ഞാനല്ലേ വാങ്ങിയിടേണ്ടത്. വീട്ടുകാർ അതിനുവേണ്ടി സമ്മർദത്തിലാകേണ്ട കാര്യമേയില്ല.

മീനാക്ഷിയുടെ സിനിമാമോഹങ്ങളുടെ ദിശയേതാണ്?‌

സിനിമ എന്റെ പ്ലാനിലില്ല എന്നുള്ളതാണു യാഥാർഥ്യം. സിനിമയ്ക്ക് എന്നെ ആവശ്യമില്ല. എനിക്കു സിനിമയെയാണ് ആവശ്യം. അങ്ങനെയൊരു ഇൻഡസ്ട്രിയിൽ വലിയ പ്ലാനുകളോടെയും സ്വപ്നങ്ങളോടെയും നിൽക്കുന്നത് മണ്ടത്തരമല്ലേ. പഠിക്കുന്നു. അതിനനുസരിച്ച് കരിയർ സ്വപ്നങ്ങളും മാറിവരാം.  

Meenakshi Anoop: From Child Artist to Aspiring Scholar:

Meenakshi Anoop is a young Malayalam actress who has garnered attention for her roles since childhood. Currently pursuing English Literature, she balances her studies with acting, demonstrating a mature approach to her career and future aspirations.

ADVERTISEMENT