മലയിടുക്കിലെ മണ്‍പാതയിൽ ക്യാംപിങ് ടെന്റ് വിരിച്ച് വിശ്രമിക്കുന്ന ട്രെക്കിങ് സംഘം, തിരക്കുള്ള ഹൈവേയിലെ ട്രാഫിക് സിഗ്നൽ, മലഞ്ചരിവിലെ വ്യൂപോയിന്റിൽ നിർത്തിയിട്ട കാറുകൾ... ഏതോ സഞ്ചാരിയുടെ ഇൻസ്റ്റഗ്രാം പേജിലെ ചിത്രങ്ങളാണിതെന്നു കരുതല്ലേ. മലയാളി നെഞ്ചിലേറ്റിയ ഡൈകാസ്റ്റ് ഹോബിയിലെ സൂപ്പർ ഹീറോയായ കോട്ടയം സ്വദേശി ചാക്സൺ ചാക്കോയുടെ ഫോട്ടോഗ്രഫി പേജിലാണു നമ്മളിപ്പോൾ.
കിതച്ചും മുരണ്ടും പിന്നെ റിവേഴ്സ് എടുത്ത് ഇരമ്പിപ്പാഞ്ഞും നീങ്ങുന്ന ജീപ്പ്. ഒരു വശത്തു കലങ്ങിയൊഴുകുന്ന പുഴ. മറുവശത്ത് ഉയരത്തിൽ മലഞ്ചെരിവുകൾ. റിമോട് കൺട്രോളിലോടുന്ന കുഞ്ഞൻ വണ്ടികളും ഡൈകാസ്റ്റ് മോഡലുകളുമൊക്കെയുള്ള കുഞ്ഞൻ വണ്ടികളുടെ ഒട്ടും ചെറുതല്ലാത്ത അത്ഭുതലോകത്താണ് ഇന്നു മലയാളികൾ.
റിയലിനെ വെല്ലും കുഞ്ഞൻ
ഡൈകാസ്റ്റ് മോഡലുകൾക്കു സിനിമയിലും വലിയ ഡിമാൻഡാണ്. അപകട രംഗങ്ങൾ ചിത്രീകരിക്കാനും മറ്റും വാഹനങ്ങളുടെ ചെറുമോഡലുകൾ മിക്കവരും ഉപയോഗിക്കുന്നുണ്ട്. സിനിമയെ പോലും വെല്ലുന്ന തരത്തിൽ ഡൈകാസ്റ്റ് വാഹനങ്ങളുപയോഗിച്ച് അപകടരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതിൽ സ്പെഷലൈസ് ചെയ്തയാളാണ് കോട്ടയം ചങ്ങനാശ്ശേരിയിലെ ഫൊട്ടോഗ്രഫർ ചാക്സൺ ചാക്കോ.
പഠിച്ചതു സിനിമയായതു കൊണ്ടുതന്നെ സിനിമാറ്റിക് ആയ ഇത്തരം ചിത്രങ്ങളെടുക്കാൻ വലിയ ത്രില്ലാണെന്നു ചാക്സൺ പറയുന്നു. ‘‘ഡൈകാസ്റ്റ് ഭ്രമമുള്ളതു കൊണ്ടാണ് ഇത്തരം ചിത്രങ്ങളെടുക്കുന്നതിൽ സ്പെഷലൈസ് ചെയ്തത്. ഡൈകാസ്റ്റ് ഫൊട്ടോഗ്രഫിയിൽ റഫറൻസ് ഇല്ലാത്തതുകൊണ്ടു തന്നെ ഏതു പരീക്ഷണത്തിനും സ്കോപ്പുണ്ട്. പരസ്യചിത്രങ്ങളിൽ ജോലി ചെയ്ത പരിചയവും കൈമുതലായി.
ലൊക്കേഷൻ മുഖ്യം ഡാ...
പ്രത്യേകം ലൊക്കേഷനൊക്കെ കണ്ടുപിടിച്ചാണ് ഡൈകാസ്റ്റ് ഫോട്ടോകളെടുക്കുന്നത്. മലനിരകൾ തേടി ഇടുക്കിയിലേക്കും കടൽത്തീരം തേടി ആലപ്പുഴയിലേക്കും പോകും. പൊഴി തെളിക്കാനായി കൂട്ടിയ മണൽക്കൂനയ്ക്ക് അരികിലാണ് മരുഭൂമി സെറ്റ് ചെയ്തത്. സാൻഡ് പേപ്പറിൽ വെള്ള പെയിന്റടിച്ച് റോഡുണ്ടാക്കി. സ്ട്രോ കൊണ്ടും മറ്റും ട്രാഫിക് സിഗ്‌നലുകൾ കൂടി സെറ്റ് ചെയ്തു മണലാരണ്യത്തിലെ അപകടം ഷൂട്ട് ചെയ്തു,’’ ചാക്സൺ റിയലിനെ വെല്ലും ഫോട്ടോകളുടെ കഥ പറഞ്ഞുനിർത്തി.
ഡൈകാസ്റ്റ് വാഹനങ്ങളുടെ ഫോട്ടോകൾ കുറേയുണ്ട് സോഷ്യൽ മീഡിയയിൽ. മിക്കവയും യഥാർഥ കാറുകളെ പോലും തോൽപിക്കുന്ന ലുക്കിലും ഗമയിലുമാണ്. അവയ്ക്കു പിന്നിലുള്ളതും ഇത്തരം ടെക്നിക്കുകളാണ്.