തിരുവനന്തപുരം ആറ്റുകാലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല സ്വദേശിനി ആരതിയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ ജീവനൊടുക്കിയത്. ഭരതന്നൂർ സ്വദേശിയായ ഭർത്താവ് അതുൽ ശ്രീകുമാറിന്റെ പീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഒന്നര വർഷം മുൻപാണ് അതുലും ആരതിയും വിവാഹിതരായത്. അതുലിനു വിവാഹത്തിന് മുൻപ് കൊല്ലം സ്വദേശിയായ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അതിലും നല്ല ബന്ധം കണ്ടതോടെ അതുൽ ആ വിവാഹം വേണ്ടെന്നുവച്ചു. ഇതിൽ മനംനൊന്ത് ആ പെൺകുട്ടി ജീവനൊടുക്കിയിരുന്നു.
ഈ സംഭവത്തിനുശേഷമാണ് ആരതിയെ വിവാഹം ആലോചിക്കുന്നത്. ഇക്കാര്യം വളരെ വൈകിയാണ് ആരതിയും കുടുംബവും അറിയുന്നത്. ഇതിനെത്തുടർന്ന് ഇവർ തമ്മിൽ വഴക്ക് പതിവായി. പ്രശ്ന പരിഹാരത്തിനായി ഇടയ്ക്ക് ബന്ധുക്കൾ ഇടപെട്ട് ഇരുവരെയും സ്വകാര്യ കൗൺസലിങ് സെന്ററിൽ എത്തിച്ചിരുന്നു.
അതുൽ പ്രമുഖ സ്വകാര്യ ബാങ്കിൽ മാനേജറാണെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്. ആരതിക്ക് കൊല്ലം കലക്ടറേറ്റിൽ താൽക്കാലിക ജോലിയുണ്ടായിരുന്നു. അതിന്റെ കാലാവധി കഴിഞ്ഞശേഷം മറ്റൊരു ജോലി കിട്ടിയിട്ടു വിവാഹം നടത്താമെന്നു പറഞ്ഞെങ്കിലും വിവാഹം പെട്ടെന്നു വേണമെന്ന് ആരതിയും അതുലും ആവശ്യപ്പെടുകയായിരുന്നു.
വിവാഹത്തിനു ആരതിക്ക് നല്‍കിയ 50 പവൻ സ്വർണ്ണത്തിന്റെ ഭൂരിഭാഗവും അതുൽ വിറ്റു നശിപ്പിച്ചെന്ന് ആരതിയുടെ കുടുംബം പറയുന്നു. അവശേഷിച്ച സ്വർണം പണയം വയ്ക്കുന്നതിനെ ആരതി എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവം തുടങ്ങി. വാഹനങ്ങൾ വാങ്ങുന്നതിനും വിനോദയാത്രകൾ പോകുന്നതിനുമെല്ലാം ഭാര്യയുടെ സ്വർണം വിറ്റാണ് അതുൽ പണം കണ്ടെത്തിയിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
മരണത്തിന് മുന്‍പ് ആരതി അമ്മയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചിരുന്നു.13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിനു പുറമേ ഉണങ്ങിയ ഏതാനും മുറിവുകളുടെ പാടുകളും ദേഹത്തുണ്ട്. ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തു. ആരതിയുടെ അമ്മ ജിനുവിന്റെ പരാതിയിൽ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് അതുലിനെതിരെ ചുമത്തിയത്.
സ്ത്രീധനമായി ലഭിച്ച സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ചയും വഴക്കുണ്ടായി. വെള്ളിയാഴ്ച മകളെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലെന്ന് അമ്മ ജിനു അറിയിച്ചതോടെ വൈകിട്ടോടെ അതുൽ വീട്ടിലെത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ആരതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് പൊലീസ് വാഹനം എത്തുന്നതു കണ്ടാണ് നാട്ടുകാർ വീട്ടിലേക്ക് എത്തിയത്. വാടക വീടായതിനാൽ കതക് പൊളിക്കാൻ ആകില്ലെന്ന് പറഞ്ഞ് അതുൽ മടിച്ചു നിന്നു. തുടർന്ന് നാട്ടുകാരാണ് വാതിൽ തകർത്തത്. ഭാര്യയെ ജീവനൊടുക്കിയ നിലയിൽ കണ്ടിട്ടും കൂസലില്ലാതെ നിൽക്കുകയായിരുന്നു അതുൽ എന്നും നാട്ടുകാര്‍ പറയുന്നു.
ജൂലൈ 25 എന്ന തീയതി രേഖപ്പെടുത്തിയാണ് ആരതി തന്റെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പെഴുതിയത്. ഭർത്താവിൽനിന്നുള്ള ശാരീരിക, മാനസിക പീഡനങ്ങൾ കാരണം ജീവനൊടുക്കാൻ തീരുമാനിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഫോർട്ട് പൊലീസ് വീടിനുള്ളിൽനിന്ന് ഡയറി കണ്ടെത്തുമ്പോൾ അതിലെ മറ്റു പേജുകളെല്ലാം കീറിമാറ്റിയ നിലയിലായിരുന്നു.