വനിതയും -ലുലു ഫൺട്യൂറയും ചേർന്നു സംഘടിപ്പിച്ച ലിറ്റിൽ സ്റ്റാർ 2026 കാക്കനാട് സ്വദേശിനി ഋതിക ഋഷികേശ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടി ദിവ്യ പിള്ള പുരസ്ക്കാരം കൈമാറി. ഗ്രീറ്റ് പബ്ലിക് സ്ക്കൂൾ നോളജ് പാർട്ണറായ ഷോയിൽ രണ്ടാം സ്ഥാനം ആലുവ സ്വദേശിനി കെ.എസ് ആവണിയും, മൂന്നാം സ്ഥാനം പാലക്കാട് സ്വദേശി എസ്. പ്രജ്വലും സ്വന്തമാക്കി. മിൽക്കി മിസ്റ്റിന്റെ സഹകരണത്തോടെയാണ് വനിത ലുലു ലിറ്റിൽ സ്റ്റാർ ഫൈനൽ മത്സരം അരങ്ങേറിയത്.
എം.എം പബ്ലിക്കേഷൻസ് സി..ഇ.ഒ വി. സജീവ് ജോർജ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, ലുലു ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, കൊച്ചി ലുലുമാൾ ജനറൽ മനേജർ വിഷ്ണു രഘുനാഥ്, മിൽക്കി മിസ്റ്റ് കേരള റീജ്യണൽ മാനേജർ സുഹൈൽ ഹബീബ്, ഗ്രീറ്റ് പബ്ലിക് സ്ക്കൂൾ പ്രിൻസിപ്പൽ ബെലിൻഡ വിവേര, പരിപാടിയുടെ വിധികർത്താക്കളായ സിനിമാ താരം ഡയാന ഹമീദ്, ഗായിക അമൃത രാജൻ, നർത്തകി സിന്ധു സണ്ണി, ഗ്രൂമർ മനീഷ കെ.എസ് എന്നിവർ ചേർന്ന് ബാലപ്രതിഭകൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
5 വയസിനും 15 വയസിനും ഇടയിൽ പ്രായമുള്ള കേരളത്തിലുടനീളമുള്ള കുട്ടികൾക്കായാണ് വനിതയും ലുലു ഫൺട്യൂറയും ചേർന്ന് മത്സരം സംഘടിപ്പിച്ചത്. ആയിരത്തോളം അപേക്ഷകരിൽ നിന്നും വിവിധ ഘട്ടങ്ങളിലായി മത്സരിച്ച 25 പേരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ നിന്നും വിജയിച്ച 10 കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്.
ലുലു ഫൺട്യൂറ നൽകുന്ന ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവുമാണ് ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് 25,000 രൂപയുടെയും 15,000 രൂപയുടെയും ക്യാഷ് അവാർഡും ഫലകവും പ്രശസ്തി പത്രവും പുരസ്ക്കാരമായി സമ്മാനിച്ചു. അവസാന റൗണ്ടിൽ പങ്കെടുത്ത എല്ലാ പ്രതിഭകൾക്കും മിൽക്കി മിസ്റ്റും ഫൺട്യൂറയും ചേർന്ന് പ്രോത്സാഹന സമ്മാനം നൽകി. വിജയികളെക്കൂടാതെ ജുവൽ മരിയ,നൈനിക രവീന്ദ്രൻ, സയ്യിദ് ആലം, തെരേസ വിൽസ്, നൂറ ഫാത്തിമ, മഹാലക്ഷ്മി പരമേശ്വർ എന്നിവരാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചവർ.
പാട്ടും, നൃത്തവും, ലൈവ് പെർഫോമൻസുമായി നടന്ന കലാമത്സരങ്ങളുടെ ഗ്രാൻഡ് ഫിനാലെയിൽ പ്രതിഭ പ്രകടിപ്പിച്ചത് പത്ത് മത്സരാർത്ഥികളാണ്. രണ്ട് റൗണ്ട് മത്സരങ്ങളിലായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവെച്ചത്.