സ്വപ്നം കണ്ട ജീവിതത്തിലേക്കുള്ള യാത്രയിലായിരുന്നു നവോമി. പക്ഷേ, വഴിമധ്യേ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, എങ്കിലും മറ്റു പലരുടെയും സ്വപ്നങ്ങൾക്ക് ചിറകാവുകയാണ് നവോമി. വാഹനാപകടത്തിൽ മരിച്ച തൃശൂർ സ്വദേശിനി നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യും. തൃശൂർ വടക്കാഞ്ചേരി പുല്ലാനിക്കാട് വാണിയക്കിഴക്കേൽ ഹൗസിൽ വിൻസന്റ് ജോസഫിന്റെയും ജിപ്സിയുടെയും മകളാണ് നവോമി വിൻസന്റ് (23).
എംഎസ്‌സി സൈക്കോളജി പഠനം പൂർത്തിയാക്കിയ നവോമി, ആദ്യമായി ലഭിച്ച ജോലിയിൽ പ്രവേശിക്കാനാണ് ഈ മാസം 24 ന് രാത്രി കാറിൽ അമ്മ ജിപ്സിക്കും സഹോദരൻ ജോയലിനുമൊപ്പം തിരുവനന്തപുരത്തേക്കു പുറപ്പെട്ടത്. 25ന് രാവിലെ നാലരയോടെ കൊട്ടാരക്കരയ്ക്കു സമീപം വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ മൂവർക്കും പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ നവോമിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മന്ത്രിമാരായ പി.സി. വിഷ്ണുനാഥും ഒ.ജെ. ജനീഷും ഇടപെട്ടാണ് ചികിത്സയ്ക്കുള്ള സഹായങ്ങൾ ചെയ്തത്. അമ്മയെയും സഹോദരനെയും തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെ ഒൻപതരയോടെ നവോമി മരിച്ചു.
നവോമിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സഹോദരി എയ്ഞ്ചൽ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് അതിനുള്ള നീക്കം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ അവയവദാന പോർട്ടൽ വഴി റജിസ്റ്റർ ചെയ്തവർക്ക് അവയവങ്ങൾ നൽകും. കരൾ, ഹൃദയം, കണ്ണുകൾ, വൃക്കകൾ എന്നിവയുൾപ്പെടെ മാറ്റാൻ അനുവാദം നൽകിയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. അവയവം മാറ്റലും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വടക്കാഞ്ചേരിയിലാണ് സംസ്കാരം.