വിഴിഞ്ഞത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിഗ്നേശ്വരിയുടെ (27) ഭർത്താവ് അഭിലാഷ് അറസ്റ്റില്‍. മരണത്തിന് മുന്‍പ് വിഗ്നേശ്വരി എഴുതിയ ആത്മഹത്യാ കുറിപ്പിലും ഫോണ്‍ സന്ദേശത്തിലും അഭിലാഷിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഭർതൃവീട്ടിലാണ് വിഗ്നേശ്വരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികം. അഭിലാഷിന്റെ പിതാവ് ജോലിക്ക് പോയി തിരികെ വന്ന സമയത്താണ് വീട്ടില്‍ വിഗ്നേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉടന്‍തന്നെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്‍ക്വസ്റ്റിലാണ് വിഗ്നേശ്വരിയുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. കൂടാതെ വിഗ്നേശ്വരിയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. ഗാര്‍ഹിക പീഡനത്തിനാണ് അഭിലാഷിനെതിരെ കേസെടുത്തത്. കോവളത്ത് സ്വകാര്യ പണമിടപാട് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അഭിലാഷ്.
അഭിലാഷ് സ്ഥിരം മദ്യപാനിയാണെന്നും മദ്യത്തിന് അടിമയായതോടെ ജീവിതം നശിച്ചെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. മദ്യപിച്ച് വീട്ടിലെത്തിയാല്‍ അഭിലാഷ് മൃഗമായി മാറും. പുറത്തും കവിളിലും മര്‍ദിക്കും. ഇനി സഹിക്കാനാകില്ല, ഇവിടെ വിട്ടു പോകുന്നു എന്നിങ്ങനെയാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ഇക്കാര്യം പറയുന്ന വോയിസ് സന്ദേശവും മെബൈലിലുണ്ട്.