ADVERTISEMENT

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം..

രാവിലെ ഏഴു മണി. മുന്‍പായിരുന്നെങ്കില്‍ ഒരു സ്റ്റേജ് ഷോ കഴിഞ്ഞു രമേഷ് പിഷാരടി പലപ്പോഴും ഉറങ്ങാന്‍ കിടക്കുന്ന സമയം. അല്ലെങ്കില്‍ ഷൂട്ട് വൈകിയ ദിവസങ്ങളില്‍ സുഖനിദ്രയിലാവുന്ന സമയം. ഇന്നിപ്പോള്‍ പാലക്കാട് പുത്തൂരിലെ വീടിന്റെ മുന്നില്‍ എംഎല്‍എ ബോര്‍ഡ് വച്ച കാറിലേക്കു ധൃതിയില്‍  പിഷാരടി കയറുന്നു.  

ADVERTISEMENT

ഇന്നത്തെ പരിപാടികളെക്കുറിച്ചുമുള്ള ചര്‍ച്ച ആദ്യം... നെല്ലുസംഭരണത്തിലെ വേവലാതികൾ കർഷകർ അറിയിച്ചിട്ടുണ്ട്. അവിടെ പോവണം. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം, മലയാള മനോരമയില്‍ ഹ ലോ എംഎൽഎ എന്ന ഫോണ്‍ ഇന്‍ പ്രോഗ്രാം, എന്‍ജിഒ അസോസിയേഷന്‍ പരിപാടി... കാര്‍ പാലക്കാട്ടെ വയലുകള്‍ക്കു നടുവിലൂടെ മുന്നോട്ടു പോവുമ്പോള്‍ പിഷാരടിയുടെ ഓര്‍മയിലൊരു കരിമ്പനക്കാറ്റു വീശി...

‘‘ഇവിടുത്തെ ഒരുപാടു വയലുകളില്‍ മിമിക്രിയും സ്‌റ്റേജ് ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.  പാലക്കാട് പരിപാടിയുമായി വരാൻ പേടിയായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തായിരിക്കും സ്റ്റേജ്. റോഡിൽ നിന്നു ദൂരേക്കു നോക്കിയാൽ സ്റ്റേജ് കാണാം. അവിടെ വരെ സൗണ്ട് സിസ്റ്റം ചുമക്കണം. പിന്നെയുള്ളതു വീശിയടിക്കുന്ന കാറ്റാണ്.  എ ത്ര ഉറക്കെ പറഞ്ഞിട്ടും കാര്യമില്ല, കോമഡി പാതിയും കാറ്റു കൊണ്ടു പോവും.’’

ADVERTISEMENT

ഇതുപോലെ ഒരു നിയോഗം വരുമെന്ന് എപ്പോഴെങ്കിലും കരുതിയോ? ഈ മാറ്റത്തെ കുടുംബം കണ്ടതെങ്ങനെ?

ഞാന്‍ ചിന്തിച്ചിട്ടില്ല. അച്ഛന് വെള്ളൂര്‍ പേപ്പര്‍ കമ്പനിയിലായിരുന്നു ജോലി, ഐഎന്‍ടിയുസി പ്രവര്‍ത്തകനായിരുന്നു. അതിനപ്പുറം രാഷ്ട്രീയപാരമ്പര്യം എനിക്കില്ല.  തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ജീവിതത്തില്‍ ഉണ്ടാവാന്‍ പോവുന്ന മാറ്റത്തെക്കുറിച്ചു ഭാര്യയോടു പറഞ്ഞിരുന്നു. കുടുംബത്തിനു വേണ്ടി  മാറ്റിവയ്ക്കുന്ന സമയം ഇനി മുതല്‍ വളരെ കുറയും. വീട്ടിലെ ഉത്തരവാദിത്തം  ഏറ്റെടുേക്കണ്ടിയും വരും. അവൾ  സപ്പോർട്ടു ചെയ്തു.

ADVERTISEMENT

കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ലൊക്കേഷനുകളില്‍ വരാന്‍ ഭാര്യ താല്‍പര്യം കാണിച്ചിട്ടില്ല. പക്ഷേ, ഇലക്‌ഷനില്‍ അവള്‍ക്കും ആവേശമായി. രണ്ടാഴ്ചയോളം വീടുകള്‍ തോറും കയറി ഇറങ്ങി വോട്ട് അഭ്യര്‍ഥിച്ചു.

മക്കള്‍ക്കു പാലക്കാട്ടെ രാഷ്ടീയച്ചൂടും വിജയത്തിന്റെ വലുപ്പവും അറിയില്ല. വിജയിച്ചു കഴിഞ്ഞപ്പോള്‍ മോന്‍  ആദ്യം ചോദിച്ചത് പ്രചാരണ സമയത്തു  ഞാന്‍ കയറിയ തുറന്ന ജീപ്പിനെക്കുറിച്ചാണ്. അതെവിടുന്നു കിട്ടി? ഏതു മോഡലാണു വണ്ടി....

എംഎൽഎയെക്കാത്തു കൃഷിക്കാർ നിൽക്കുന്നു,  പെയ്യാൻ മുട്ടി നിൽക്കുന്ന  മഴക്കാലം ഉണ്ടാക്കുന്ന ആധികൾ അവർ പറഞ്ഞു. മുഖ്യന്ത്രിയെ ഇത് ധരിപ്പിക്കും എന്ന ഉറപ്പു കൊടുത്ത്  അടുത്തുള്ള  കടയിൽ നിന്നൊരു ചായയും കുടിച്ച് അസോസിയേഷൻ സമ്മേളനത്തിലേക്കു പാഞ്ഞു.

വിജയ്‍യും പിഷാരടിയും സിനിമ ഉപേക്ഷിച്ചാണല്ലോ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്...

സിനിമ ഉപേക്ഷിച്ചാണു ഞാനും വിജയ‍്‍യും രാഷ്ട്രീയത്തിലേക്കു വന്നതെങ്കിലും ഞങ്ങൾ തമ്മിൽ  ഒരു വ്യത്യാസമേയുള്ളൂ. വിജയ്‍യുടെ അത്ര ബാങ്ക്ബാലൻസ് എനിക്കില്ല,  എന്റെയത്രയും ലോണ്‍ വിജയ്ക്കും.  

സിനിമയും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോവുന്നതിൽ എന്നെ സംബന്ധിച്ചിടത്തോളം ആത്മാര്‍ഥതയുടെ പ്രശ്‌നം ഉണ്ടെന്നു തോന്നി. സിനിമയില്‍ അഭിനയിക്കാന്‍ പോയാൽ മനസ്സു മുഴുവനായും അവിടെ വേണം. ഈ സാഹചര്യത്തില്‍ അതു നടക്കില്ല. രണ്ടും മര്യാദയ്ക്കു ചെയ്യാനാവില്ല. അതോടെ തൽക്കാലം കലാജീവിതം ഉപേക്ഷിക്കാം എന്നുറപ്പിച്ചു.  ഞാനിപ്പോള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ജീവിതത്തിനു വേണ്ടുന്ന വരുമാനം കിട്ടില്ല എന്നുറപ്പാണ്.അതറിഞ്ഞു കൊണ്ടു തന്നെയാണു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്.   

സിനിമയിൽ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആള്‍ അതൊക്കെ വിട്ടു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൽ റിസ്ക് ഇല്ലേ?

കലയില്‍ നിന്നു കിട്ടിയതെല്ലാം ലാഭം എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍. ഡിഗ്രി വരെ  പഠിച്ച എനിക്കു കിട്ടിയ പേരും സമ്പാദ്യവും  വിചാരിച്ചതിലും വലുതാണ്. നാട്ടിൽ കിട്ടുമായിരുന്ന സുരക്ഷിതമായ മാസവരുമാനം ഉള്ള ജോലി വേണ്ടെന്നു വച്ചിട്ടാണ് മിമിക്രിയിലേക്കു ചാടുന്നത്. സ്‌റ്റേജില്‍ നിന്ന് എന്തു കിട്ടും എന്ന് ഒരുറപ്പുമില്ല. അന്ന് എടുത്തത്ര റിസ്‌ക് ഇപ്പോഴത്തെ ചാട്ടത്തില്‍ ഇല്ല.    

ഒരു ഘട്ടം കഴിയുമ്പോള്‍ ഇനി ഒന്നും പുതുതായി ചെയ്യാനില്ലെന്ന തോന്നല്‍ വരും. അങ്ങനെയൊരു മനസ്സുമായി നിൽക്കുമ്പോഴാണു കുറച്ചു നാള്‍ മുൻപ്  ഉദ്ഘാടനത്തിനു പോയപ്പോള്‍ ആ സ്ത്രീയെ ഞാൻ കണ്ടത്. നിറഞ്ഞ കണ്ണുകളോടെയാണ് അവർ ഒരു കാര്യം പറഞ്ഞു–

‘‘എനിക്ക് ഓട്ടിസ്റ്റിക് ആയ ഒരു മകള്‍ ഉണ്ട്. മകളുടെ അസുഖം അംഗീകരിക്കാനും അതുമായി പൊരുത്തപ്പെടാനും ആദ്യമൊക്കെ  പ്രയാസമായിരുന്നു. ഡിപ്രഷനിലേക്ക് വീണുപോയിരുന്നു. അപ്പോഴാണു ജീവിതത്തെക്കുറിച്ചു പിഷാരടി പറഞ്ഞ ഒരു വിഡിയോ  കണ്ടത്.

പിന്നെ പിഷാരടി സംസാരിക്കുന്ന വീഡിയോകൾ കാണുന്നതു ശീലമായി. ഇതുവരെ വന്ന എതാണ്ട് എല്ലാ അഭിമുഖങ്ങളും ചാനല്‍ പരിപാടികളും കണ്ടു. അതുകണ്ടു ചിരിക്കുമ്പോള്‍ എന്റെ സങ്കടങ്ങള്‍ മറക്കാന്‍ തുടങ്ങി.’’   

ഞാനപ്പോള്‍ ഓര്‍ത്തു സത്യത്തിൽ പണം ഉണ്ടാക്കാന്‍ വേണ്ടി ചെയ്ത ജോലിയാണിത്. എനിക്ക് ഒരു ക്രെഡിറ്റും എടുക്കാൻ അർഹതയില്ല. അപ്പോഴാണ് ഇത്രയും നാൾ പൈസ വാങ്ങി ജനങ്ങളെ ചിരിപ്പിച്ചതല്ലേ, അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത മനസ്സിലേക്കു വന്നത്.  കല എന്റെ കയ്യില്‍ ഉണ്ട്. ഇന്നല്ലെങ്കില്‍ നാളെ മറ്റൊരിടത്ത് അതുപയോഗിക്കാം എന്ന ആത്മവിശ്വാസം ഉണ്ട്.

മലയാള മനോരമയുടെ പാലക്കാട് ഒാഫിസ്.  പാലക്കാട് എംഎൽഎയോടു ജനങ്ങൾക്കു ഫോണിൽ സംവദിക്കാനുള്ള,  ‘ഹലോ എംഎൽഎ’ എന്ന പ്രോഗ്രാം. ഫോൺ കോളുകൾ തുടരെ വന്നു തുടങ്ങി, ഗ്രൗണ്ടിലെ  തെരുവുനായ്ക്കളുടെ ശല്യത്തെക്കുറിച്ചു ചിറ്റൂർ വിക്ടോറിയ  സ്കൂളിലെ ഹെലൻ ഷൈൻ, ഭിന്നശേഷി കുട്ടികളുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെക്കുറിച്ചു വടക്കന്തറയിലെ സത്യഭാമ.  മേഴ്സിജംക്‌ഷനിലെ അപകടകരമായ റോഡിനെക്കുറിച്ചു വഴിയോരക്കച്ചവടം നടത്തുന്ന ഷാജഹാൻ സൂചിപ്പിക്കുന്നു... ഫോൺ ചെയ്യുന്നവർ ‘പിഷാരടി അല്ലേ’ എന്നതിനു പകരം എംഎൽഎ അല്ലേ എന്നാണു ചോദിക്കുന്നത്. എല്ലാവർക്കും കൃത്യമായ മറുപടി കൊടുത്ത ശേഷം പിഷാരടി പറയുന്നു– പണ്ട് ചെയ്ത ബ്ലഫ് മാസ്റ്റർ എന്നപരിപാടിക്കു ശേഷം ഇപ്പോഴാണ് ഒരു ഫോൺ ഇൻ പ്രോഗാം.

palakkad-mla-and-actor-ramesh-pisharody-family
1. ഭാര്യ സൗമ്യയ്ക്കൊപ്പം രമേഷ് പിഷാരടി 2. മക്കൾ ധീരൻ, വീരൻ, പീലി

തിരഞ്ഞെടുപ്പു കാലത്തെ വിവാദങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ പഠിച്ചത് എങ്ങനെ?

അങ്ങനെ തന്ത്രമൊന്നും അല്ല. സ്‌കിറ്റ് ഉണ്ടാക്കിയിരുന്ന കാലത്തു കിട്ടിയ ശീലം ആണ്. ഒരു സീന്‍ കഴിഞ്ഞാല്‍ അടുത്തത് എന്തായിരിക്കും എന്നു മനസ്സില്‍ തെളിയും. അത് പാളാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കാണും  ഇതും അതു പോ ലെ തന്നെയാണ്. ഒരു സംഭവം ഉണ്ടായപ്പോൾ പരസ്യമായി പ്രതികരിച്ചാൽ വലിയ ഗുണം കിട്ടും എന്നു പലരും പറഞ്ഞു. ഞാൻ  അതിന്റെ അടുത്ത സീന്‍ എന്താവും എന്നൂഹിച്ചു നോക്കി. ചാടിക്കയറി പ്രതികരിച്ചില്ല. സോഷ്യൽ മീഡിയയിൽ കണ്ട  പൊസിറ്റീവ് കമന്റുകള്‍ ഞാന്‍ മുന്‍കൂട്ടി കണ്ട രംഗം ശരിയെന്നു തെളിയിച്ചു.

വിജയിച്ചു കഴിഞ്ഞ് എ. കെ. ആന്റണി സാറിനെ കാണാന്‍ പോയി.  അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. ജനമനസ്സില്‍ നില്‍ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു ഞാന്‍ ചോദിച്ചു- വിനയം വേണം അതു മതി എന്നായിരുന്നു മറുപടി.

മമ്മൂക്ക എന്താണു പറഞ്ഞത്?

നാലഞ്ചു വര്‍ഷം മുന്‍പാണ്. കെ.കെ. ശൈലജ ടീച്ചര്‍ക്ക് മ നോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ അവാര്‍ഡ് സമ്മാനിക്കുന്ന ദിവസം, ആ ചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂക്കയ്ക്ക് ഒപ്പം ഞാനും പോയി. അന്നു ഞാന്‍ രാഷ്ട്രീയത്തില്‍ എത്തുമെന്ന വാര്‍ത്ത അന്തരീക്ഷത്തിലുണ്ട്.

ആ യാത്രയിൽ മമ്മൂക്ക പറഞ്ഞു- ‘‘നാളെ നേരേ സിനിമയില്‍ നിന്നിറങ്ങി തിരഞ്ഞെടുപ്പില്‍ നില്‍ക്കരുത്. ആദ്യം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം.‌ പിന്നെ, സിനിമാ നടന്‍ എന്ന വിലാസം രാഷ്ട്രീയത്തില്‍ ഉപയോഗിക്കരുത്. രണ്ടും രണ്ടാണ്’’. അതു ഞാന്‍ പാലിച്ചു.

പാലക്കാട്ടെ തറവാട്. നൊസ്റ്റാള്‍ജിയ എന്തൊക്കെയാണ്?

കുഴല്‍മന്ദത്തിനടുത്തു കളപ്പാറയാണ് അച്ഛന്റെ തറവാട്. വെള്ളൂര്‍ പേപ്പര്‍ കമ്പനിയുടെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു  എന്റെ ബാല്യം.  രണ്ടു ചെറിയ മുറികള്‍.  അവധിക്കാലത്ത് പാലക്കാടേക്ക് എത്തുമ്പോഴാണ് കാഴ്ചകള്‍ വലുതാവുന്നത്. പാടം– കുളം– തറവാട്. കണ്ടാല്‍ തീരാത്ത ലോകം.

അന്നു കാറുള്ള വീട്ടിലെ കുട്ടികൾ സ്കൂളിലുണ്ട്. അവർ കാറിൽ കയറിയാൽ സൈഡ് സീറ്റിലേ ഇരിക്കൂ. അവിടെ ഇരുന്ന് കാഴ്ചകൾ ആസ്വദിക്കുന്നത് അവകാശമാണ്.  എനിക്കൊക്കെ കാറിൽ കയറാൻ വല്ലപ്പോഴും മാത്രമേ ഒരവസരം കിട്ടു. ഞാന്‍ കാറിനുള്ളിലെ  മീറ്ററും  സൂചിയും ലൈറ്റുകളും ഒക്കെ കണ്ടു തീരുമ്പോഴേക്കും എന്നെ ഇറക്കി വിട്ടിട്ടുണ്ടാവും. അതു പോലെയായിരുന്നു  ആ തറവാടും സ്ഥലവും.  കണ്ടൊന്ന് അദ്ഭുതപ്പെട്ടു വരുമ്പോഴേക്കും വെള്ളൂരിലേക്കു മടങ്ങാനുള്ള സമയം ആയിട്ടുണ്ടാവും.

പിന്നെ, ഭക്ഷണത്തിന് അങ്ങനെ നൊസ്റ്റാൾജിയ ഇല്ല. ഞാൻ രുചി പിടിച്ചു കഴിക്കാറില്ല. അങ്ങനെ ശീലിച്ചില്ല. ഒരു കാലഘട്ടം മുഴുവൻ രുചിക്കായിരുന്നില്ല വിശപ്പിനായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിലെ വേഷം ശ്രദ്ധിക്കപ്പെട്ടല്ലോ...

എന്തു വേഷം വേണമെന്നാലോചിച്ചപ്പോൾ പട്ടണപ്രവേശത്തിലെ ശ്രീനിയേട്ടന്‍ കഥാപാത്രമാണ് മുന്നിലേക്കു വ ന്നത്. ഫിലോമിനച്ചേച്ചിയുെട വീട്ടില്‍ താടി  ഒട്ടിച്ച് ബനിയനും മുണ്ടും ഉടുത്തു  വേലക്കാരനായി വേഷം മാറി ശ്രീനിയേട്ടൻ എത്തുന്നു. ബെല്ലടിച്ചു വാതില്‍ തുറന്നു ഫിലോമിനച്ചേച്ചി ചോദിക്കും– ‘‘നീ ആരാടാ?’’ ശ്രീനിയേട്ടന്റെ മറുപടി-‘‘ഞാന്‍ വേലക്കാരനായിട്ടു വന്നതാണ്. അതുകേട്ടു ചേച്ചിയുടെ മറുപടി ഇങ്ങനെ- ‘വേലക്കാരന്‍ ആയിട്ടോ അപ്പോ നീ വേലക്കാരനല്ലേ...’ ഇതുപോലെ  പെട്ടെന്ന് ഒരു ദിവസം വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചു പതിവു രാഷ്ട്രീയഛായയിൽ പോയാൽ അഭിനയമാണെന്നു ജനം തിരിച്ചറിയും. പത്തിരുപത്തഞ്ചു വർഷമായില്ലേ ഞാൻ അവർക്കു മുന്നിൽ...

അമ്മയിലെ പ്രശ്‌നപരിഹാരത്തിന്  മുൻകയ്യെടുക്കുമോ?

ആ സംഘടനയ്ക്ക് അര്‍ഹിക്കുന്നതില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്നതാണു യഥാര്‍ഥ പ്രശ്‌നം.  അവിടെയുണ്ടാവുന്ന ആക്‌ഷനുകള്‍ക്കു ജനങ്ങളുടെ മനസ്സിലുണ്ടാവുന്ന റിയാക്‌ഷനുകള്‍ വലുതാണ്.  ആഭ്യന്തരകാര്യങ്ങള്‍  ചര്‍ച്ച യിലൂടെ പരിഹരിക്കാവൂന്നതേയുള്ളൂ. സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

സിനിമ മിസ്‌ ചെയ്യുന്നുണ്ടോ?

ഒരിക്കലും ഇല്ല. ഞാന്‍ മിസ് ചെയ്യാന്‍ പാടില്ല. മിസ് ചെയ്താല്‍ എന്റെ തീരുമാനത്തിന്റെ ആത്മാര്‍ഥതയെ ആണ് അത് ചോദ്യം ചെയ്യുക. അതു പാടില്ല. അതുകൊണ്ട് ജനങ്ങള്‍ക്കൊപ്പം ഉഷാറായി ഞാന്‍ നില്‍ക്കുന്നു.

പാലക്കാടിന്റെ കയ്യൊപ്പായ ടിപ്പു കോട്ടയ്ക്കു മുന്നിൽ രണ്ടു മിനിറ്റ് മാത്രം നീണ്ട ഫോട്ടോഷൂട്ട്. അതിനിടയിൽ  കൊച്ചിയിലെ വീട്ടിൽ നിന്നു  ഭാര്യ സൗമ്യ വിളിച്ചു.  ‘ഫിഷ് ടാങ്കിലെ വെള്ളം മാറുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?’  ഒട്ടും തിരക്കു കാണിക്കാതെ  വിശദമായി മറുപടി കൊടുക്കുന്നു. നാട്ടിലെ നെൽകൃഷി മുതൽ വീട്ടിലെ ഫിഷ്ടാങ്ക് വരെ–  പിഷാരടി ഉഷാറാണ്.

Ramesh Pisharody's New Role as Palakkad MLA:

Ramesh Pisharody, a popular Malayalam actor and comedian, is now serving as an MLA in Palakkad, Kerala. This transition has seen him shift from stage shows and film sets to engaging directly with the concerns of his constituents, including farmers and various associations, demonstrating his commitment to public service.

ADVERTISEMENT