‘സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതിനു പിന്നിൽ’. തീരുമാനങ്ങളും പുതിയ വിശേഷങ്ങളും പങ്കുവയ്ക്കുന്നു നടി ദിവ്യപ്രഭ...
ഗൗരവമുള്ള റോളുകളിൽ അഭിനയിക്കുന്ന ദിവ്യപ്രഭയെ(ഡിപി) മസ്തിഷ്ക മരണമെന്ന സൈ–ഫൈ ത്രില്ലറിൽ സ്റ്റൈലിഷ് കോമഡി റോളിൽ കണ്ടു നമ്മൾ ഞെട്ടി. അതിനിടെയാണ് സോഷ്യൽ മീഡിയയോട് ബ്രേക്കിട്ട് ഒരു ഉൾവലിയൽ. അതേക്കുറിച്ച് ഡിപിയോടു തന്നെ ചോദിക്കാം.
സോഷ്യല്‍ മീഡിയയിൽ നിന്നു ബ്രേക്ക് എടുത്തതിനു പ്രത്യേക കാരണം വല്ലതുമുണ്ടോ?
ഇപ്പോഴത്തെ രീതിയിൽ പ്രൊമോഷനുകളുടെ ഭാഗമായും മറ്റും സോഷ്യൽ മീഡിയ ഉപയോഗിക്കാതെ പറ്റില്ല.
എപ്പോഴും ഇത്രയധികം ഇൻഫർമേഷൻ വരുന്നതു വലിയ പ്രഷറാണ്. ആവശ്യമില്ലാത്ത രീതിയിൽ സ്വാധീനിക്കപ്പെടും. ബ്രെയ്ൻ ഫോഗ് ഇടയ്ക്കിടെ വരുന്നുണ്ട്. സ്ക്രീൻ ടൈം വല്ലാതെ കൂടുന്നു. വായിക്കാനോ സിനിമ കാണാനോ ഒന്നും സമയം മതിയാകാത്തതു പോലെ.
മുൻപും സോഷ്യൽ മീഡിയയിൽ നിന്നു ബ്രേക്ക് എടുത്തിട്ടുണ്ട്. ഡീ ആക്ടിവേറ്റ് ചെയ്യാറായിരുന്നു പതിവ്. അത് എസ്കേപ്പിസം ആണെന്നു തോന്നിയതു കൊണ്ടാണ് ബ്രേക്കെടുക്കാൻ തീരുമാനിച്ചത്.
മസ്തിഷ്കമരണത്തിലെ പോലെ വരാനിരിക്കുന്ന സിനിമകളിൽ വീണ്ടും ‘ഞെട്ടിക്കൽ’ പ്രതീക്ഷിക്കാമോ?
ഡോൺ പാലത്തറയുടെ ‘ഏകദേശം’ ആണ് ഇനി വരാനിരിക്കുന്നത്. മംബിൾകോർ ജോണറാണ് അതിന്റെ പ്രത്യേകത. കൊച്ചി കേന്ദ്രീകരിച്ച് ചെറുപ്പക്കാരായ കുറച്ചു പേരുടെ അതിജീവനമാണ് കഥ. റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, ജിതിൻ പുത്തഞ്ചേരി തുടങ്ങി രസമുള്ള കാസ്റ്റിങ്. മൊത്തം എട്ടൊൻപതു പേരേ ക്രൂവിലുണ്ടായിരുന്നുള്ളൂ.
പടയുടെ ഡയറക്ടറായിരുന്ന കമൽ കെഎമ്മിന്റെ സിനിമയും വരുന്നുണ്ട്. ഈ രണ്ടു സിനിമകളിലും ലീഡ് റോളാണ്. സുധയാണു തിരക്കഥ എഴുതിയിരിക്കുന്നത്. സ്ത്രീകൾക്കു വളരെ ക്ലോസ് ടു ഹാർട്ടായ കഥാപാത്രമാണ് അതിലേത്. വളരെ വ്യത്യസ്തമായ ഡബിൾ റോളിൽ എന്നെ കാണാം.
ദിവ്യപ്രഭ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം?
അമ്മവീട് പത്തനംതിട്ടയും അച്ഛന്റെ വീട് കോഴിക്കോടുമാണ്. തൃശൂരാണ് ജനിച്ചു വളർന്നത്.
ബിഎസ്‌സി ബോട്ടണി പഠിക്കാൻ കൊല്ലം ടികെഎം കോളജിൽ പോയി. അതു ക ഴിഞ്ഞ് എച്ച്‌ആർ എംബിഎ ചെയ്തു എന്തായിത്തീരണം, ഭാവി എങ്ങോട്ടു തിരിച്ചു വിടണമെന്ന് കൺഫ്യൂഷനുള്ള സമയമായിരുന്നു അതൊക്കെ. പ്രകൃതിയോട് ഇഷ്ടം കൂടുതലുണ്ട്. ബോട്ടണി പഠിക്കാൻ അതുകൊണ്ടു തന്നെ സന്തോഷമായിരുന്നു.
പറഞ്ഞു വരുന്നത് സ്വന്തം നാട് എന്നൊരു ചിന്ത എന്റെ മനസ്സിലില്ല. ഞാനിങ്ങനെ പല സ്ഥലങ്ങളുമായും കണക്ടഡാണ്. ഫ്രണ്ട്സും എന്റേതായ കാര്യങ്ങളും കൊച്ചിയിലാണു കൂടുതലുള്ളത്. അല്പം കൂടുതൽ പ്രിയപ്പെട്ട സ്ഥലവും കൊച്ചിയാണെന്നു പറയാം. അച്ഛന്റെ അച്ഛൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. അച്ഛൻ ലീഗൽ കൺസൽറ്റന്റും. ഞാൻ ജനിക്കുന്നതിനൊക്കെ മുൻപ് അമ്മ നഴ്സായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
ഒട്ടും പ്രതീക്ഷിക്കാതെയല്ലേ സിനിമയിലെ ആദ്യ അവസരം ?
അച്ഛന്റെ സുഹൃത്താണ് സംവിധായകൻ പ്രിയനന്ദൻ. ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ നടൻ മുരളിക്ക് അവാർഡ് കിട്ടുന്നത്. ആ ചടങ്ങിന് പോയപ്പോൾ അച്ഛൻ എന്നെയും കൂടെ കൂട്ടി. ആദ്യമായി നേരിട്ടു കാണുന്ന സിനിമാനടൻ മുരളിയാണ്. ആ എക്സൈറ്റ്മെന്റോടെയാണ് അന്ന് അദ്ദേഹത്തോടു സംസാരിച്ചതും.
മുംബൈയിൽ എല്ലാവരും ചുറ്റിക്കറങ്ങാൻ പോയപ്പോഴേക്കും അച്ഛൻ എന്നോടു പറഞ്ഞു. ‘നമുക്കു മറ്റു ചില സ്ഥലങ്ങൾ കാണാൻപോകണം’. അന്നു ഞാൻ കണ്ടത് ലോക്കൽ ട്രെയിനിലെ ശ്വാസം മുട്ടിക്കുന്ന യാത്രകളും കാമാത്തിപുരയിലെ മനുഷ്യരും ജുഹു ബീച്ചിന്റെ ഏറ്റവും വൃത്തികെട്ട വശങ്ങളുമൊക്കെയായിരുന്നു. ഇത്ര വൃത്തികെട്ട സ്ഥലമാണോ പേരുകേട്ട മുംബൈ എന്നു തോന്നിപ്പോയിരുന്നു. ഇന്നാലോചിക്കുമ്പോൾ അച്ഛൻ മനഃപൂർവം അങ്ങനെ ചെയ്തതാണെന്നു തോന്നാറുണ്ട്. ആ യാഥാർഥ്യങ്ങളും അറിഞ്ഞിരിക്കട്ടെയെന്നു കരുതിക്കാണും.
കഥാപാത്രങ്ങളും അവരുടെ മാനറിസവും ഷൂട്ട് കഴിഞ്ഞാലും കൂടെക്കൂടാറുണ്ടോ?
ആക്‌ഷനും കട്ടിനും ഇടയിലൊരു ബ്രേക്കിട്ട്, കഥാപാത്രത്തിൽ നിന്നു ഡിസ്കണക്ടാകാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്. വർഷങ്ങളായുള്ള എക്സ്പീരിയൻസിലൂടെ ഇപ്പോഴതിനു കഴിയാറുമുണ്ട്. പ്രാക്ടീസിലൂടെ ഡിറ്റാച്മെന്റ് ഈസിയായി ചെയ്യാൻ പറ്റും. കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തിപരമായി നമ്മളെ സ്വാധീനിക്കേണ്ട കാര്യമില്ല.
സ്വപ്നങ്ങളിൽ വിവാഹം എപ്പോഴെങ്കിലും ഇടംപിടിച്ചിട്ടുണ്ടോ?
ഇൻഡിപെൻഡന്റ് ആയി ജീവിച്ചു ഞാൻ ശീലിച്ചു. എന്നാലും ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന്. ഒരു കുഞ്ഞു വേണമെന്നു തോന്നുന്ന സമയത്തു മാത്രമേ അതിനെക്കുറിച്ചു ചിന്തിക്കൂ.
പാർട്ണർഷിപ് ഇഷ്ടപ്പെടുന്നയാള്‍ തന്നെയാണു ഞാൻ. സന്തോഷവും സമാധാനവും എല്ലാമുണ്ട് ഇപ്പോൾ. അതിനെല്ലാം ഒപ്പം ചേർന്നു പോകുന്ന പറ്റിയൊരാൾ വരുമ്പോൾ ഒന്നിക്കുമായിരിക്കും. പക്ഷേ, എഗ്രിമെന്റിൽ ഒപ്പിട്ട് വിവാഹം ഉറപ്പിക്കുന്നതൊക്കെ ഞാൻ ചെയ്യുമെന്നു തോന്നുന്നില്ല. കല്ല്യാണം എനിക്കു സെറ്റല്ല. പാർട്ണർ വേണം. അത്രേയുള്ളൂ. വീട്ടിൽ നിന്നും പ്രഷറേയില്ല. അച്ഛൻ ഗണപതി അയ്യറും അമ്മ ലീലാമണിയും പ്രണയ വിവാഹമാണു ചെയ്തത്. സഹോദരിമാരുടേതും പ്രണയം തന്നെയായിരുന്നു. അവർക്കാർക്കും അറേഞ്ച്ഡ് മാര്യേജ് പരിചയമേയില്ല.
ഒന്നിനും അനുവാദം ചോദിക്കേണ്ട ആവശ്യം വന്നിട്ടില്ല. വളരെ ഫ്രീയാണ് വീട്ടിൽ. വരുമാനം എന്നുള്ള രീതിയിൽ അഭിനയം എത്രത്തോളം വിജയകരമാകും എന്നൊരു ടെൻഷനുണ്ടായിരുന്നു അവർക്ക്. എന്നിട്ടും തീരുമാനങ്ങളിൽ ഇടപെടാൻ വന്നിട്ടില്ല. ഞാനും അത്യാവശ്യം ഇൻഡിപെൻഡന്റായി ജീവിക്കുന്ന ആളാണ്. സീരിയലിലെ പെർഫോമൻസിന് അവാർഡ് കിട്ടിയതും ടേക് ഓഫിലെ അംഗീകാരവുമെല്ലാം വളർച്ചയുടെ ഭാഗമായി കാണുന്നതു കൊണ്ടു തന്നെ, സാവകാശം വളരെ സമാധാനത്തിലായി അവർ.
കാൻസ് വേദി അഭിനേതാക്കളുടെ സ്വപ്നമാണ്. ഡിപി അതു നേടിക്കഴിഞ്ഞു. ഇനിയും പൂർത്തിയാക്കാനുള്ള സ്വപ്നങ്ങ ളെക്കുറിച്ചു പറയാമോ?
‘അറിയിപ്പിൽ’ ഞാൻ കണ്ട ആളാണ് ഇതെന്നു തോന്നുന്നേയില്ല. കുറച്ചു കൂടെ കുട്ടിത്തമുണ്ടല്ലോ എന്നാണ് മുംബൈയിൽ വച്ച് ആദ്യമായി നേരിൽക്കണ്ടപ്പോൾ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധായിക പായൽ പറഞ്ഞത്. ഓഡിഷനിൽ കനി ചെയ്ത കഥാപാത്രമായിരുന്നു ആദ്യം എനിക്കു വേണ്ടി കരുതിയിരുന്നത്. പിന്നീട് പായൽ അതു മാറ്റിത്തരികയായിരുന്നു. കാൻസിലെ ഓരോ മൊമെന്റും ഇ ന്നും കൺമുന്നിലുണ്ട്.
ഇനി ആഗ്രഹമുള്ളത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഞാൻ മരിക്കുന്നതിനു മുൻപു മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം. രണ്ട്, ഞാൻ പ്രധാന ക്രൗഡ് പുള്ളറാകുന്നത്ര പ്രാധാന്യമുള്ള റോളിൽ കമേഴ്സ്യൽ സിനിമയിൽ അഭിനയിക്കണം. മനസ്സു കൊണ്ടു സ്ഥിരമായിട്ടു മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ആളാണു ഞാൻ. പഴയകാര്യങ്ങൾ അധികം മനസ്സിൽ വയ്ക്കാറില്ല.