മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുഞ്ഞു ഋതുവേദയുടെ ജീവന്‍ പൊലിഞ്ഞത്. ഉരുണ്ടുവന്ന വാഹനം മകളുടെ ദേഹത്ത് കയറിയിറങ്ങുന്നത് നിസഹായരായി നോക്കിനില്‍ക്കാനേ കാട്ടാക്കട സ്വദേശി അനുപ്രസാദിനും നിഷയ്ക്കും കഴിഞ്ഞുള്ളൂ.. ചോരയില്‍ കുളിച്ചു കിടന്ന കുഞ്ഞിനെക്കണ്ട് ബോധം നഷ്ടമായ അമ്മ നിഷ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് 6 മണിക്ക് സെക്കന്റുകള്‍ക്കുള്ളിലായിരുന്നു അപകടം. അനുപ്രസാദ് ഡ്രൈവറായ വാനിൽ എത്തിയ വിനോദസഞ്ചാര സംഘം, വാഹനത്തിൽ പാട്ടു വച്ച് പാലത്തിൽ നൃത്തം വയ്ക്കുന്നതിനിടെയാണ് സംഭവം. ഇറക്കത്തിലായിരുന്നു വാഹനം നിര്‍ത്തിയിട്ടിരുന്നത്.
ഹാന്‍ഡ് ബ്രേക്ക് പൊട്ടിയതാണെന്നും പാട്ട് മാറ്റാനായി ശ്രമിച്ചപ്പോള്‍ കൈതട്ടി സംഭവിച്ചതാണെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും മോട്ടോര്‍വാഹന വകുപ്പിന്റെ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ... വാഹനം പെട്ടെന്ന് ഉരുണ്ടെത്തിയപ്പോള്‍ മറ്റുള്ളവർ ഓടി മാറിയെങ്കിലും ഋതുവേദയുടെ മുകളിലൂടെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ കുട്ടിയെ വലിച്ച് പുറത്തെടുക്കുമ്പോള്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. രക്തത്തിൽ കുളിച്ച കുട്ടിയെ പൂച്ചമുക്കിലെ ക്ലിനിക്കിൽ ആദ്യം എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.