ADVERTISEMENT

ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങളും കുട്ടികളുടെ പഠനവും ഒരുമിച്ചു കൊണ്ടുപോവുന്നതിനിടയിൽ സ്വന്തം സന്തോഷവും ആരോഗ്യവും  കാത്തുസൂക്ഷിക്കാൻ മറക്കരുത്. രാവിലെ 6.30. അടുക്കളയിൽ പ്രഷർ കുക്കറിന്റെ വിസിൽ. ഒരു കൈ കൊണ്ട് ദോശ ചുട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ വാട്ടർ ബോട്ടിലിൽ വെള്ളം നിറയ്ക്കുന്ന അമ്മ.

റിബൺ കാണാനില്ലെന്നു വീട് മുഴുവൻ ഓടി നടന്നു തിരയുന്ന മകൾ. ഷൂ ലേസ് കെട്ടാനറിയാതെ ഒച്ച വയ്ക്കുന്ന മകൻ. അതിനിടയിൽ ഓഫിസിലെ ആദ്യ മീറ്റിങ്ങിന്റെ റിമൈൻഡർ ഫോണിൽ തെളിയുന്നു.

ADVERTISEMENT

സ്കൂൾ തുറക്കുന്ന ദിവസം മുതല്‍ കേരളത്തിലെ മിക്കവാറും ജോലിക്കാരായ അമ്മമാരുടെ രാവിലെ ഇങ്ങനെയായിരിക്കും. കുട്ടികൾക്ക് പുത്തൻ കുടയും കുപ്പായവും ബാഗുമൊക്കെയായി ക്ലാസുകളിലേക്ക് മടങ്ങാനുള്ള ആവേശം. എന്നാൽ അമ്മമാർക്കോ?

അവധിക്കാലം കഴിഞ്ഞ്, വീണ്ടും രാവിലെ അലാം അടിക്കുന്നതു മുതൽ രാത്രി കിടക്കുന്നതുവരെയുള്ള ‘ഓട്ടപ്പന്തയം’ തുടങ്ങുകയാണല്ലോ എന്ന ആകുലതയാവും മനസ്സിൽ.

ADVERTISEMENT

ജോലിക്കു പോകുന്ന സ്ത്രീകളെ സംബന്ധിച്ച് സ്കൂൾ തുറക്കുന്ന കാലം വലിയ പരീക്ഷണഘട്ടമാണ്. ഓഫിസിലെ തിരക്കുകൾക്കിടയിലും  മനസ്സ് വീട്ടിലെ ടൈംടേബിളിലും കുട്ടിയുടെ ലഞ്ച് ബോക്സിലുമൊക്കെയായിരിക്കും. ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങളും കുട്ടികളുടെ പഠനവും ഒരുമിച്ചു കൊണ്ടുപോവുക അത്ര എളുപ്പമായ ഒന്നല്ല. ഇതിനിടയിൽ സ്വന്തം സന്തോഷവും ആരോഗ്യവും എങ്ങനെ കാത്തുസൂക്ഷിക്കാം?

1. രാവിലത്തെ ടെൻഷൻ ഒഴിവാക്കാൻ:  രാവിലത്തെ ടെൻഷൻ പകുതിയായി കുറയ്ക്കാനുള്ള ഒരേയൊരു വഴി തലേദിവസത്തെ കൃത്യമായ ആസൂത്രണമാണ്. കുട്ടികളുടെ യൂണിഫോം ഇസ്തിരിയിടുക, ബാഗ് ടൈംടേബിൾ അനുസരിച്ച് അടുക്കിവയ്ക്കുക,  അടുത്ത ദിവസത്തെ കറിക്കുള്ള പച്ചക്കറികൾ അരിഞ്ഞ് ഫ്രിജിൽ സൂക്ഷിക്കുക എന്നിവ രാത്രി തന്നെ ചെയ്യാം. രാവിലെ വെറും അരമണിക്കൂർ നേരത്തെ എഴുന്നേൽക്കുന്നതു പോലും, വരും മണിക്കൂറുകളിലെ ഓട്ടപ്പാച്ചിൽ ഒഴിവാക്കാൻ സഹായിക്കും.

ADVERTISEMENT

2.  സൂപ്പർ വുമൺ പരിവേഷം അഴിച്ചുവയ്ക്കാം:  എല്ലാ കാര്യങ്ങളും ഞാൻ തന്നെ പെർഫെക്റ്റ് ആയി ചെയ്യും എന്ന ചിന്ത ആദ്യം തന്നെ അങ്ങ് മാറ്റിവയ്ക്കണം. നമ്മൾ യന്ത്രങ്ങളല്ല, വികാരങ്ങളും ക്ഷീണവുമുള്ള മനുഷ്യരാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ പഠിക്കുക.

കുട്ടികളോട് അവരുടെ പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികൾ ചെയ്യാൻ ആവശ്യപ്പെടാം. ഉദാഹരണത്തിന്: വാട്ടർ ബോട്ടിൽ നിറയ്ക്കുക, ഷൂസ് തുടച്ചു വയ്ക്കുക, സ്കൂൾ കഴിഞ്ഞു വന്നാൽ ലഞ്ച് ബോക്സ് കഴുകി വയ്ക്കുക.

പങ്കാളിയോടു രാവിലത്തെ ജോലികളിൽ സഹായിക്കാൻ മടിയില്ലാതെ, വ്യക്തമായി ആവശ്യപ്പെടുക. സഹായം ചോദിക്കുന്നതു കുറച്ചിലല്ല, മറിച്ചു പരസ്പര പിന്തുണയാണ്.

3. സ്മാർട്ടായി ഉപയോഗിക്കാം, ഗാഡ്‌ജെറ്റുകൾ:  സാങ്കേതികവിദ്യയെ നമ്മുടെ സഹായത്തിനായി ഉപയോഗിക്കാം. ആഴ്ചയിലെ മെനു മുൻകൂട്ടി പ്ലാൻ ചെയ്ത് ഗ്രോസറി സാധനങ്ങൾ ഓൺലൈനായി ഓർഡർ ചെയ്യുന്നത് സമയം ലാഭിക്കും.

അതുപോലെ, ഓഫിസിലായാലും വീട്ടിലായാലും ഒരു ‘ടു-ഡൂ ലിസ്റ്റ്’ (To-do list) തയാറാക്കുന്നത് ശീലമാക്കുക. ഫോണിലെ കലണ്ടറിലോ റിമൈൻഡറുകളിലോ പ്രധാനപ്പെട്ട കാര്യങ്ങൾ (ഫീസ് അടയ്ക്കേണ്ട തീയതി, പേരന്റ്സ് മീറ്റിങ്) രേഖപ്പെടുത്തി വയ്ക്കുക.

lifecraftcolumnvanithaschoolopening

4. അതിരുകൾ നിശ്ചയിക്കാം: ഓഫിസിലെ ജോലി കൃത്യസമയത്ത് തീർത്ത് വീട്ടിലേക്കു മടങ്ങാൻ ശ്രദ്ധിക്കുക. ഓഫിസ് കാര്യങ്ങൾ വീട്ടിലേക്കും  വീട്ടിലെ ടെൻഷൻ ഓഫിസിലേക്കും കൊണ്ടുപോകാതിരിക്കാൻ ബോധപൂർവം ശ്രമിക്കണം.

വീട്ടിലെത്തിയാൽ ലാപ്ടോപ്പും ഒഫീഷ്യൽ മെയിലുകളും നിശ്ചിത സമയത്തിനു ശേഷം നോക്കില്ല എന്ന് ഉറപ്പിക്കുക. ക്വാളിറ്റി ടൈം കുട്ടികൾക്കായി മാറ്റിവയ്ക്കാം.

5. കുട്ടികളോട് മനസ്സ് തുറക്കാം: സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കും മാനസികസമ്മർദം  ഉണ്ടാകാം. ഓഫിസിൽ നിന്നു വന്ന ശേഷം കുറച്ചു സമയം അവർക്കായി മാറ്റിവയ്ക്കുക. സ്കൂളിലെ വിശേഷങ്ങൾ ചോദിച്ചറിയാം. ‘അമ്മയ്ക്ക് ഓഫിസിൽ കുറച്ചു തിരക്കുണ്ട്, അതുകൊണ്ട് നമുക്ക് ഒരുമിച്ച് കാര്യങ്ങൾ ചെയ്യാം’ എന്ന് അവരോട് തുറന്നു പറയുന്നത് അവരിൽ ഉത്തരവാദിത്തബോധം വളർത്താൻ സഹായിക്കും. പഠനകാര്യങ്ങൾ ദിവസവും നോക്കാൻ കഴിഞ്ഞില്ലെങ്കിലും ആഴ്ചാവസാനങ്ങളിൽ കൃത്യമായി വിലയിരുത്താം.

6. 'മീ ടൈം' (Me Time) ആഡംബരമല്ല, അത്യാവശ്യമാണ്: കുടുംബത്തിനും ജോലിക്കും വേണ്ടി ഓടുമ്പോൾ സ്വന്തം ആരോഗ്യവും മനസ്സാന്നിധ്യവും പലരും മറന്നുപോകും.

ദിവസവും കുറഞ്ഞത് 15-20 മിനിറ്റ് നിങ്ങൾക്കായി മാത്രം മാറ്റിവയ്ക്കുക. അതൊരു ചെറിയ നടത്തമാകാം, ഇഷ്ടമുള്ള പാട്ട് കേൾക്കുന്നതാകാം, ചായ കുടിച്ചുകൊണ്ട് വെറുതെ ഇരിക്കുന്നതാകാം, അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുന്നതാകാം. ആരോഗ്യകരമായ ഭക്ഷണരീതിയും മതിയായ ഉറക്കവും ഉറപ്പുവരുത്തുക.  

പെർഫെക്റ്റ് ആയ ലൈഫ് ആർക്കുമില്ല. ചില ദിവസങ്ങളിൽ ലഞ്ച് ബോക്സ് തയാറാക്കാൻ വൈകിയേക്കാം, ചിലപ്പോൾ ഓഫിസിലെ പ്രൊജക്റ്റ് വിചാരിച്ച പോലെ നടന്നു എന്ന് വരില്ല. അതുകൊണ്ട് സ്വയം കുറ്റപ്പെടുത്താതിരിക്കുക. അത്തരം ചെറിയ നെഗറ്റീവ് ചിന്തകൾ കുന്നുകൂടി നമ്മുടെ ജീവിതസന്തോഷത്തെ തന്നെ കെടുത്തുന്ന തരത്തിലേക്കു വളരാം.  

 ഓരോ ദിവസവും പെർഫെക്റ്റ് ആക്കാൻ ശ്രമിക്കുന്നതിനേക്കാൾ, ആ ദിവസങ്ങൾ സന്തോഷകരമാക്കാൻ നോക്കാം. കാരണം കുട്ടികൾ ഓർക്കുക, അമ്മ ഉണ്ടാക്കിയ  മികച്ച ലഞ്ച് ബോക്സിനെയല്ല, മറിച്ച് തിരക്കുകൾക്കിടയിലും അവർക്ക് വേണ്ടി മാറ്റിവച്ച ആ ചെറിയ സമയമാകും.

അച്ഛന് ഏറ്റെടുക്കാവുന്ന എട്ടു സ്കൂൾ ചുമതലകൾ

1. കുട്ടികളെ ഉണർത്തലും ഒരുക്കലും:  കുട്ടികളുടെ യൂണിഫോം, സോക്സ്, ഷൂസ്, ബെൽറ്റ് എന്നിവ കൃത്യമായി എടുത്തു കൊടുക്കുക

2. സ്കൂൾ ബാഗ് ഒരുക്കൽ: അന്നന്നത്തെ ടൈംടേബിൾ അനുസരിച്ച് പുസ്തകങ്ങളും ഡയറിയും പെൻസിൽ ബോക്സുമൊക്കെ ബാഗിൽ എടുത്തു വയ്ക്കാൻ   സഹായിക്കുക.

3. ഭക്ഷണവും പാക്കിങ്ങും :  തലേദിവസം കഴുകി വച്ച വാട്ടർ ബോട്ടിലിൽ കുടിവെള്ളം (ആവശ്യമെങ്കിൽ തിളപ്പിച്ചാറിയ വെള്ളം) നിറച്ചു വയ്ക്കുക.  തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണവും സ്നാക്സും ബോക്സുകളിലാക്കി, സ്പൂണും നാപ്കിനും സഹിതം കുട്ടികളുടെ ബാഗിൽ കൃത്യമായി എടുത്തു വയ്ക്കുക.

4. യാത്രയും ചുമതലകളും:  കുട്ടികളെ സ്കൂൾ ബസ്സിലോ ഓട്ടോയിലോ കയറ്റി വിടുക. സ്കൂൾ വാനിന്റെയോ ഓട്ടോയുടെയോ ഡ്രൈവറുമായി കൃത്യമായ ആശയവിനിമയം നടത്തുക, മാസാവസാനം അവർക്കുള്ള പണം കൃത്യമായി നൽകുക.

5.  ഹോംവർക്ക് മേൽനോട്ടം: വൈകുന്നേരം കുട്ടികളുടെ സ്കൂൾ ഡയറി പരിശോധിച്ച് ഹോംവർക്കുകൾ ഉണ്ടോ എന്ന് നോക്കുക. പ്രൊജക്റ്റുകളും അസൈൻമെന്റുകൾ  ചെയ്യാൻ കുട്ടികളെ സഹായിക്കുക.

6. ലഞ്ച്ബോക്സുകൾ വൃത്തിയാക്കൽ: സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികളുടെ ലഞ്ച് ബോക്സും വാട്ടർ ബോട്ടിലും ബാഗിൽ നിന്ന് പുറത്തെടുത്ത് സിങ്കിൽ വയ്ക്കുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്യുക.

7. മറ്റ് പുറംജോലികൾ : ഷോപ്പിങ്, സ്കൂളിലേക്ക് ആവശ്യമായ ബുക്കുകൾ, പേനകൾ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവ വാങ്ങി നൽകുക.

8. പേരന്റ്സ് മീറ്റിങ് : സ്കൂളിലെ പേരന്റ്സ് മീറ്റിംങ്ങുകളിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കുകയോ, തിരക്കുള്ള ദിവസങ്ങളിൽ അച്ഛൻ ഒറ്റയ്ക്കു പോയി അധ്യാപകരുമായി സംസാരിച്ചു കുട്ടിയുടെ പുരോഗതി വിലയിരുത്തുകയോ ചെയ്യുക.

Fathers' Role in School Responsibilities:

Balancing work responsibilities and a child's education is a common challenge for working mothers in Kerala. Prioritizing self-care amidst the chaos is crucial for their well-being and happiness.

ADVERTISEMENT