പഴഞ്ഞി തൃശൂർ അരുവായി പത്തങ്ങാടി റോഡിൽ കൂട്ട ആത്മഹത്യാ ശ്രമം നടത്തിയ പിതാവും മകളും മരണത്തിനു കീഴടങ്ങി. അമ്മയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മടക്കനായ്ക്കൽ വീട്ടിൽ സിബിയുടെ കുടുംബമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സിബിയും(52) മകൾ അലീനയും(19) മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.
ഗൾഫിൽ ഡിസൈനറായിരുന്ന സിബി ശനിയാഴ്ച പുലർച്ചെയാണ് വീട്ടിലെത്തിയത്. രാത്രിയോടെ കുടുംബം വിഷം കഴിച്ചതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽ ആളുകളെ കണ്ടില്ലെന്ന് അയൽവാസികൾ പറഞ്ഞു. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾ അലീന ജനലിലെ കയറിൽ തൂങ്ങുകയായിരുന്നു.
സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു. സിബിയുടെ ഭാര്യ ബീന(42) കൈ ഞരമ്പു മുറിക്കാനും തൂങ്ങി മരിക്കാനും ശ്രമിച്ചെങ്കിലും മകൻ ആദിത്യൻ(18) കയർ മുറിച്ച് ബീനയെ രക്ഷിക്കുകയായിരുന്നു.
ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ജീവിതം മടുത്തു എന്നാണ് കുറിപ്പിലുള്ളത്. ആദിത്യൻ ബിടെക് കോഴ്സിന് ചേരാനിരിക്കുകയായിരുന്നു. നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് അലീന. ബീനയും ആദിത്യനും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ ജോലി നഷ്ടപ്പെട്ടതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നു. കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. വിഷം കഴിച്ച വിവരം മകന്‍ ആദിത്യന്‍ പൊലീസിലറിയിക്കുകയായിരുന്നു. ആദിത്യൻ പൊലീസിനെ വിളിച്ചപ്പോൾ എത്രയും വേഗം അയൽക്കാരെ അറിയിക്കാനാണ് നിർദേശിച്ചത്. ഇതനുസരിച്ച് ആദിത്യൻ അയൽവാസിയായ സുധാകരനെ ഫോൺ ചെയ്തു. അമ്മയ്ക്കു തീരെ വയ്യ എന്നാണ് പറഞ്ഞത്. സുധാകരൻ വീട്ടിൽ ചെന്നപ്പോഴാണ് മരണ വിവരം അറിയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)