മനുഷ്യർ ഐസിയുവിൽ ആകുന്നതുപോലെയാണു മരങ്ങളും! ചിലപ്പോൾ അത്യാസന്ന നിലയിലായിപ്പോവും. മനുഷ്യരിൽ നിന്നു വ്യത്യസ്തരായി മരങ്ങൾ ആറു മാസമെങ്കിലും അത്യാസന്നനിലയിൽ തുടരും. ആ സമയത്ത് തക്കതായ ചികിത്സ കിട്ടിയാൽ, ജീവന്റെ ഒരു ഞരമ്പെങ്കിലും ബാക്കിയുണ്ടെങ്കിൽ അവ തിരിച്ചുവരും. എങ്കിലും ഐസിയുവിൽ എത്തുന്ന ചില മനുഷ്യരെ പോലെ തന്നെ പൊലിഞ്ഞു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ചികിത്സിച്ചാൽ മരങ്ങൾ ജീവിതത്തിലേക്കു തിരിച്ചു വരും എന്നതും പുതിയൊരു അറിവല്ല. എങ്കിലും കേരളത്തിൽ ഇങ്ങനെയൊരു വൃക്ഷവൈദ്യനെക്കുറിച്ച് അധികമാരും കേട്ടുകാണില്ല.
കോട്ടയം ജില്ലയിലെ മണിമലയ്ക്ക് അടുത്ത് ഉള്ളായം യുപി സ്കൂളിലെ അധ്യാപകനാണ് കെ. ബിനു.
പരിസ്ഥിതി പ്രവർത്തകനായ ബിനുമാഷ് ശ്രീനാരായണ ഗുരുദേവൻ നട്ട 122 വർഷം പഴക്കമുള്ള പ്ലാവിന്റെ കേടുപാടുകൾ തീർത്തു സുഖചികിത്സയിലൂടെ പുനരുജ്ജീവിപ്പിച്ചതിലൂടെയാണ് വാർത്തയിൽ നിറഞ്ഞത്. വർക്കല ശിവഗിരിയിലെ മഹാസമാധിയിൽ നിന്ന ഈ പ്ലാവിൽ ഇപ്പോൾ പതിനഞ്ചോളം ചക്ക കായ്ച്ചു നിൽക്കുന്നു.
‘ശിവഗിരിയിൽ മഹാസമാധിയിലെ പ്ലാവ് ചികിത്സയ്ക്കു മുൻപ് ചെമ്പഴന്തി ഗുരുകുലത്തിലെയും ശ്രീനാരായണഗുരുദേവൻ തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രത്തിൽ നട്ട പ്ലാവിനെയും ചികിത്സിച്ചു. അതു ഫലം കണ്ടതുകൊണ്ടാണ് എന്നെ ശിവഗിരിയിലേക്കു വിളിച്ചത്.’ ബിനു പറഞ്ഞുതുടങ്ങി.
‘ഇതുവരെ ചികിത്സിച്ച മരങ്ങളിൽ കൂടുതലും പ്ലാവും മാവും തന്നെയാണ്. കൂടാതെ ആഞ്ഞിലി, അരയാൽ, പേരാൽ, പാല, നെല്ലി, മരമുല്ല അങ്ങനെ പലയിനം മരങ്ങൾ. പല മരങ്ങളും ആൾക്കാർ ചികിത്സിക്കുന്നതു ആ മരത്തോടുള്ള വൈകാരികബന്ധം കൊണ്ടുകൂടിയാണ്. മരങ്ങൾക്കു കൃത്യമായ ആയുർദൈർഘ്യമുണ്ട്. എന്നാൽ, മനുഷ്യൻ അവരുടെ ആയുസ്സ് ദുർവ്യയം ചെയ്യുന്നതുപോലെ സാഹചര്യം കൊണ്ടു പല മരങ്ങളും അകാലത്തിൽ നശിക്കും. അങ്ങനെയുള്ള മരങ്ങൾക്ക് ചികിത്സ നൽകിയാൽ അവ രക്ഷപ്പെടും.’ ബിനു പറയുന്നു.
ബിനുവും സുഹൃത്തുക്കളും ചേർന്ന് ഇതുവരെ ചികിത്സിച്ചത് 225–ഓളം മരങ്ങൾ.
മരങ്ങളുടെ ആത്മാവ്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രവർത്തക ക്യാംപിലൂടെയാണു ബിനു പരിസ്ഥിതി മേഖലയിലേക്കു വരുന്നത്. അന്നു കാഞ്ഞങ്ങാടു വച്ചു നടന്ന ക്യാംപിൽ എൻഡോസൾഫാൻ ദുരിതമേഖയിലേക്കു നടത്തിയ യാത്രയാണ് ബിനുവിന്റെ ജീവിതം മാറ്റിമറിച്ചത്.
അവിടെ കണ്ട ജീവിതങ്ങൾ പരിസ്ഥിതിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി. പിന്നീട് കോളജ് അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. എസ്. സീതാരാമനുമായുള്ള സൗഹൃദം ബിനുവിനെ വൃക്ഷായുർവേദത്തിലേക്ക് എത്തിച്ചു.
ഒരിക്കൽ ഡോ. എസ്. സീതാരാമന്റെ ആലുവയിലുള്ള വീടിനടുത്ത് ഒരു മഴമരത്തിനു തീപിടിച്ചതാണു സംഭവങ്ങളുടെ തുടക്കം. പകുതിയോളം പൊള്ളിയടർന്ന മരത്തിനെ ഡോ. സീതാരാമൻ വൃക്ഷായുർവേദപ്രകാരമുള്ള ചികിത്സയിലൂടെ ആരോഗ്യജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ആ ചികിത്സാപ്രവൃത്തികൾക്കു ബിനുവും സാക്ഷിയായിരുന്നു. അതോടെ എങ്ങനെയും അതു പഠിക്കണമെന്ന ആഗ്രഹമായി. ‘‘പഠിച്ചു തുടങ്ങിയപ്പോൾ വൃക്ഷങ്ങൾക്കും ബാല്യകൗമാരവാർധക്യങ്ങൾ ഉണ്ടെന്നും രോഗങ്ങളുണ്ടെന്നും മരണമുണ്ടെന്നും എനിക്കു മനസ്സിലായി.’’ ബിനു മാഷ് വൃക്ഷായുർവേദം പിന്തുടരുന്നതിന്റെ കൂടുതൽ കഥകൾ വായിക്കാം, പുതിയ ലക്കം (ജൂലൈ 4– 17) വനിതയിൽ.