വയനാട് ചൂരൽമല ഉരുൾപൊട്ടലില്‍ വീടും കുടുംബവും ഉള്‍പ്പെടെ സർവ്വതും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ കൂട്ടായി ഇനി സന്ദീപുണ്ടാകും. തുടർച്ചയായ ദുരന്തങ്ങളാണ് ശ്രുതിയെ തേടിയെത്തിയത്. അച്ഛനും അമ്മയും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബം നഷ്ടപ്പെട്ടപ്പോള്‍ പ്രതിശ്രുത വരനായ ജെൻസണ്‍ തുണയുണ്ടായിരുന്നു. എന്നാല്‍ ജെൻസണെ വാഹനാപകടം കവര്‍ന്നതോടെ ശ്രുതി പൂര്‍ണ്ണമായും ഒറ്റയ്ക്കാവുകയായിരുന്നു.
ചൂരൽമല ഉരുൾപൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പിന്നീട് ആ പെൺകുട്ടിക്ക് ജീവിതത്തില്‍ ആകെയുണ്ടായിരുന്ന പ്രതീക്ഷ പ്രിയപ്പെട്ട ജെൻസനായിരുന്നു. എന്നാൽ വിധി അവിടെയും ശ്രുതിയോട് കരുണ കാണിച്ചില്ല. വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു വിധി ജെൻസനെ കവർന്നെടുത്ത വാഹനാപകടം നടന്നത്.
പുതിയ തുടക്കം..
ഒന്നിനുപുറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ തികച്ചും ഒറ്റപ്പെട്ടുപോയ ശ്രുതിയെ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി ചേർത്തുപിടിച്ചു. ഇപ്പോൾ തീരാവേദനകള്‍ക്കിടയില്‍ ശ്രുതിക്ക് കൂട്ടാവുകയാണ് സന്ദീപ്. പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ശ്രുതിക്ക് എല്ലാവിധ പിന്തുണയും ആശംസകളുമായി നാടും ഒപ്പമുണ്ട്.