ADVERTISEMENT

പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ അനസ്തീസിയക്ക് പിന്നാലെ മരിച്ച ഒരു വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അനസ്തീസിയക്ക് പിന്നാലെ തലച്ചോറിലേക്ക് ഓക്സിജന്‍ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ മുഖത്തെ മുറിവുകള്‍ ഉണങ്ങിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കേസിലെ പ്രതിയായ അനസ്തീസിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.

ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ വീഴ്ച വ്യക്തമാക്കുന്നതാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ജനറല്‍ അനസ്തീസിയ നല്‍കിയതിന് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലയ്ക്കുന്ന ഹൈപ്പോക്‌സിക് ഇസ്കെമിക് എന്‍സഫലോപ്പതി എന്ന ഗുരുതാവസ്ഥയാണ് കുട്ടിക്കുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.. ഇതോടെയാണ് മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനം പകുതിയിലേറെ അവതാളത്തിലായത്. കീഴ്ചുണ്ടിലും താടിയിലുമായി കണ്ട മുറിവില്‍ ശസ്ത്രക്രിയ നടത്തേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ADVERTISEMENT

പോയിന്‍റ് 6 സെന്‍റിമീറ്റര്‍, പോയിന്‍റ് 8 സെ.മീ നീളമുള്ള രണ്ട് മുറിവുകളാണ് മുഖത്തുണ്ടായിരുന്നതെന്നും ഇവ ഉണങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, കേസില്‍ തുടര്‍നീക്കങ്ങളിലേക്ക് പൊലീസും ആരോഗ്യവകുപ്പും കടന്നു. കേസിലെ ഏകപ്രതിയായ അനസ്തീസിയ ഡോക്ടര്‍ അഞ്ജലി പൊതുവാള്‍ പൊലീസ് നിര്‍ദേശപ്രകാരം പയ്യന്നൂര്‍ സ്റ്റേഷനില്‍ ഹാജരായി. ചോദ്യം ചെയ്യലില്‍ ചികില്‍സാ പിഴവ് ആരോപണം ഡോക്ടര്‍ നിഷേധിച്ചു. 

കുഞ്ഞിന്‍റെ മുറിവിന് തുന്നലിടാന്‍ അനസ്തീസിയ അനിവാര്യമായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. മൊഴി രേഖപ്പെടുത്തിയ ശേഷം ഡോക്ടറെ വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്ന് ചികില്‍സാ രേഖകള്‍ പരിശോധിച്ചു. മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പൊലീസിന്‍റെ തുടര്‍നീക്കം.

ADVERTISEMENT
Baby's Death After Anesthesia:

The postmortem report for Deevansh Shaurya, a one-year-old who died after anesthesia at Baby Memorial Hospital Kannur, indicates oxygen deprivation to the brain as the cause of death. The report also notes that facial wounds on the child were already healed, suggesting they did not necessitate surgery requiring anesthesia.

ADVERTISEMENT
ADVERTISEMENT