മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയും മകളും മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42), മൂത്തമകള്‍ മരിയ തെരേസ തോമസ് (16) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മകള്‍ മരിച്ചതിനു പിന്നാലെയാണ് അമ്മയുടെ മരണം. മകളുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയായതിന് ശേഷം വൈകിട്ടോടെയാണ് ജോസ്ന മരിച്ചത്.
ജോസ്നയുടെ ഭര്‍ത്താവ് മറ്റപ്പള്ളി ചിറപ്പുറത്ത് ജോബിയുടെ നില അതീവ ഗുരുതരമാണ്. ഇളയ മകനും മെഡിക്കൽ കോളജിൽ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും കളനാശിനി കഴിച്ച് അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. സമീപത്തു നിന്നും കളനാശിനിയുടെ കുപ്പിയും കണ്ടെടുത്തിരുന്നു.
സാമ്പത്തിക ഇടപാടുകളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് നിഗമനം. തിങ്കളാഴ്ച ഉച്ചമുതൽ കോതനല്ലൂർ സ്വദേശിയായ ജോസ്നയുടെ സഹോദരൻ പലപ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ വൈകിട്ട് മറ്റപ്പള്ളിയിലെ വീട്ടിൽ എത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുപേരെയും വീടിനുള്ളിൽ അവശനിലയിൽ കാണുകയായിരുന്നു. പിൻവാതിൽ ചവിട്ടിത്തുറന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്നുപേരെ കോട്ടയം മെഡിക്കൽ കോളജിലും മകനെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജോസ്നയുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടം ചെയ്യും. ഇരുവരുടെയും സംസ്കാരം പിന്നീട് തീരുമാനിക്കും.