ലേഡീസ് ക്ലബ്ബിലെ ‘രാജ്യാന്തര ചർച്ചകൾക്ക്’ ഒടുവിലാണ് ആ തീരുമാനമുണ്ടായത്—ഈ വർഷത്തെ ടൂർ വിയറ്റ്നാമിലേക്ക്! മോളിയാന്റിയും കൂട്ടുകാരികളും ചേർന്ന് ഒന്നൊന്നര പ്ലാനിങ് ആയിരുന്നു. ഗ്രൂപ്പ് അഡ്മിൻ ലീലമ്മ ‘വിയറ്റ്നാം വൈബ്സ് 2026’ എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതോടെയാണു പൂരം ആരംഭിച്ചത്.
ദിവസവും വിയറ്റ്നാമിലെ കാലാവസ്ഥ, എയർപോർട്ട്ട് ലുക്ക്, ഫാഷൻ ട്രെൻഡുകൾ എന്നിവയെക്കുറിച്ചുള്ള മെസ്സേജുകൾ കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു. തൊപ്പികൾ, സൺഗ്ലാസുകൾ, കളർഫുൾ വസ്ത്രങ്ങൾ... അങ്ങനെ വിയറ്റ്നാമിലെ ഫോട്ടോസിൽ തിളങ്ങാൻ വേണ്ടതെല്ലാം മോളിയാന്റി റെഡിയാക്കി. പക്ഷേ, മോളിയാന്റിയുടെ നിഘണ്ടുവിൽ യാത്ര പൂർണമാകണമെങ്കിൽ വസ്ത്രങ്ങൾ മാത്രം പോരാ, കൂടെ കൊറിക്കാൻ എന്തെങ്കിലും ‘സിഗ്‌നേച്ചർ സ്‌നാക്‌സും’ വേണം.
ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്വന്തം കൈപ്പുണ്യത്തിൽ വിരിഞ്ഞ പലഹാരങ്ങൾ കൂടെക്കരുതുകയും അതു കൂടെയുള്ളവർക്ക് വിതരണം ചെയ്ത് ‘കയ്യടി’ നേടുകയും ചെയ്യുന്നത് ആന്റിയുടെ സ്ഥിരം പരിപാടിയാണ്. വിയറ്റ്നാം യാത്രയയ്ക്കായി ആന്റി കണ്ടെത്തിയ സ്പെഷലാണ് അവലോസുണ്ട!
യാത്രയ്ക്കു രണ്ടു ദിവസം മുൻപ് അടുക്കളയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ തുടങ്ങി. അരിപ്പൊടിയും തേങ്ങയും ജീരകവുമെല്ലാം പാകത്തിന് ചേർത്ത്, വിയറ്റ്നാമീസ് കാറ്റിൽ കേരളത്തിന്റെ രുചിക്കൊടി പാറിക്കാനായി മോളിയാന്റി അവലോസുപൊടി റെഡിയാക്കി. അളവ് ലേശം കൂടിയോന്ന് ഒരു സംശയം തോന്നി. ഏകദേശം രണ്ടു കിലോയുണ്ട് സാധനം.
സുരക്ഷാപ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ മോളിയാന്റി ബുദ്ധിപൂർവം അത് അവലോസുണ്ടയാക്കി ക്ലിയർ സിപ്‌ലോക്ക് കവറുകളിലാക്കി. പിന്നെ, ഹാൻഡ് ബാഗേജിൽ വയ്ക്കാതെ നേരെ ചെക്ക്-ഇൻ ബാഗേജിലേക്ക് മാറ്റി. വിയറ്റ്നാമിലെ ഹാനോയി എയർപോർട്ടിൽ സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.
എയർപോർട്ടിലെ ‘ട്വിസ്റ്റ്’!
ഹാനോയിയിൽ നിന്നും ഹോ ചി മിൻ സിറ്റിയിലേക്കുള്ള ആഭ്യന്തര വിമാനയാത്രയ്ക്കായി മോളിയാന്റിയും സംഘവും എയർപോർട്ടിലെത്തി. ഇമിഗ്രേഷൻ കൗണ്ടറിലേക്കു ചിരിച്ചുകളിച്ചു നടക്കുകയായിരുന്ന മോളിയാന്റിയും കൂട്ടുകാരും.
പെട്ടെന്നാണു കൂട്ടത്തിലുണ്ടായിരുന്ന ലീലമ്മ വിമാനത്താവളത്തിലെ വലിയ ടിവി സ്ക്രീനിലേക്ക് നോക്കിയത്. അവിടെ ചുവന്ന അക്ഷരങ്ങളിൽ ഒരു പേര് മിന്നിമറയുന്നു: MOLLY MATHEW – REPORT TO SECURITY.
‘ദേ മോളീ... നിന്റെ പേര് ദാ കിടക്കുന്നു സ്ക്രീനിൽ!’ ലീലമ്മ അലറി. കേട്ടപാതി കേൾക്കാത്തപാതി മോളിയാന്റിയുടെ നെഞ്ചിടിപ്പ് ഇരട്ടിയായി. ചുറ്റുമുള്ള വിയറ്റ്നാമീസ് സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവത്തോടെ മോളിയാന്റിയെ നോക്കി. ഒടുവിൽ രണ്ട് ഗാർഡുകൾ വന്നു മോളിയാന്റിയെ കൂട്ടിക്കൊണ്ടുപോയി. ഒരു വലിയ ഗ്ലാസ് മുറി, ചുറ്റും കർട്ടനുകൾ ഇട്ടിരിക്കുന്നു!
ഉള്ളിൽ കയറിയതും മോളിയാന്റി ശരിക്കും പേടിച്ചുപോയി. സിനിമകളിൽ കാണുന്നതുപോലെ തോക്കേന്തിയ സെക്യൂരിറ്റിക്കാർ കൺമുന്നിൽ നിൽക്കുന്നു.
അവർ മോളിയാന്റിയുടെ ബാഗ് തുറന്ന്, അവലോസുണ്ട പാക്കറ്റുകൾ മേശപ്പുറത്തേക്ക് എടുത്തുവെച്ചു. യാത്രയ്ക്കിടയിൽ അവലോസുണ്ടകളെല്ലാം പൊടിഞ്ഞ് അവലോസുപൊടിയായി മാറിയിരിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പരസ്പരം നോക്കി വിയറ്റ്നാമീസിൽ എന്തൊക്കെയോ ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്. അവരുടെ ഭാവം കണ്ടാൽ രാജ്യാന്തര സ്മഗ്ലറെ പിടികൂടിയ മട്ടാണ്!
ഇംഗ്ലിഷും മലയാളവും വിയറ്റ്നാമീസും ഏറ്റുമുട്ടിയപ്പോൾ അവരിൽ ഒരാൾ മോളിയാന്റിയെ നോക്കി കടുപ്പത്തിൽ ചോദിച്ചു: "What is this powder?"
മോളിയാന്റി പതറിപ്പോയി. "ഇത്... ഇത് വന്ന്... അവലോസുപൊടി..." മോളിയാന്റി അറിയാതെ മലയാളത്തിൽ പറഞ്ഞുപോയി.
ഉദ്യോഗസ്ഥന് ഒന്നും മനസ്സിലായില്ല. അവൻ പാക്കറ്റിൽ തട്ടി വീണ്ടും ചോദിച്ചു: "Is it chemical? Drugs? Explosive?"
"അയ്യോ... നോ നോ! നോ ഡ്രഗ്സ്, നോ കെമിക്കൽ!" മോളിയാന്റി കയ്യും കാലും ഇളക്കി ആംഗ്യഭാഷയിൽ പറഞ്ഞു നോക്കി. ‘ദിസ് ഈസ് റൈസ് പൗഡർ... ആൻഡ് കോക്കനട്ട്... റോസ്റ്റഡ്!
അവലോസുപൊടിയെ ഇംഗ്ലിഷിൽ എങ്ങനെ വിശദീകരിക്കുമെന്ന് അറിയാതെ മോളിയാന്റി വിയർത്തു. ‘റോസ്റ്റഡ് റൈസ് പൗഡർ’ എന്ന് കേട്ടപ്പോൾ അവർ വിചാരിച്ചത് ഇതേതോ വെടിമരുന്നാണെന്നാണ്! ക്ലിയർ പ്ലാസ്റ്റിക് കവറിനുള്ളിൽ ഇരിക്കുന്ന തരിതരിയായ ആ പൊടി കസ്റ്റംസുകാർക്ക് വലിയൊരു പ്രഹേളികയായി തോന്നി.
മോളിയാന്റി ആ കർട്ടനിട്ട മുറിയിൽ ശ്വാസമടക്കി നിൽക്കാൻ തുടങ്ങിയിട്ട് അപ്പോൾ 20 മിനിറ്റ് കഴിഞ്ഞിരുന്നു. അച്ചായനെ ഓർത്ത് മോളിയാന്റിയുടെ കണ്ണുകൾ നിറഞ്ഞു.
‘അവലോസുപൊടി കാരണം വിയറ്റ്നാം ജയിലിൽ കിടക്കേണ്ടി വരുമോ ഈശ്വരാ..’ മോളിയാന്റി മനസ്സിൽ പ്രാർഥിച്ചു.
രക്ഷകനായി ഭാഷാവിദഗ്ധൻ
ഒടുവിൽ മോളിയാന്റിയുടെ ഭാഗ്യത്തിന്, കസ്റ്റംസ് ഓഫിസിലേക്ക് വിയറ്റ്നാമിസും ഇംഗ്ലിഷും നന്നായി അറിയാവുന്ന ലോക്കൽ ഗൈഡ് കടന്നുവന്നു. മോളിയാന്റിയുടെ അവസ്ഥ കണ്ട് അയാൾ കാര്യം തിരക്കി. മോളിയാന്റി ആശ്വാസത്തോടെ അയാളോട് കാര്യങ്ങൾ വിശദീകരിച്ചു: ‘‘മോനേ... ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പലഹാരമാണ്. അരിയും തേങ്ങയും വറുത്തതാണ്. അല്ലാതെ വേറെയൊന്നുമല്ല, നീയൊന്ന് ഇവർക്ക് പറഞ്ഞു മനസ്സിലാക്ക്!’’
ആ ദ്വിഭാഷി കസ്റ്റംസ് ഉദ്യോഗസ്ഥരോടു വിയറ്റ്നാമീസിൽ കാര്യങ്ങൾ വിശദീകരിച്ചു. അതു കഴിക്കുന്ന സാധനമാണെന്നും, കേരളത്തിലെ പരമ്പരാഗത സ്നാക്ക് ആണെന്നും അയാൾ ഉറപ്പുനൽകി.
അതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്തെ ഗൗരവം മാറി, പകരം ഒരു ചിരി വിരിഞ്ഞു. അവർ പാക്കറ്റ് മോളിയാന്റിക്ക് തിരികെ നൽകി.
പക്ഷേ... വിമാനത്താവളത്തിലെ കർശന നിയമങ്ങൾ അനുസരിച്ച്, കൃത്യമായ ലേബലോ ബ്രാൻഡിങ്ങോ ഇല്ലാത്ത ഇത്തരം പൊടികൾ ആഭ്യന്തര വിമാനങ്ങളിൽ കയറ്റാൻ കഴിയില്ലായിരുന്നു. ഒടുവിൽ കസ്റ്റംസുകാർ ആ വിധി പ്രസ്താവിച്ചു– പൊടി ഇവിടെ ഉപേക്ഷിക്കണം!
മോളിയാന്റിയുടെ ചങ്കു തകര്‍ന്നു പോയി.
മണിക്കൂറുകളോളം അടുപ്പത്ത് ഇളക്കി വറുത്തെടുത്ത പൊടിയാണ് ഇവർ ഡസ്റ്റ് ബിന്നിൽ ഇടാൻ പറയുന്നത്. ഹൃദയവേദനയോടെ മോളിയാന്റി അതു ചെയ്തു.
ഗ്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങിയ മോളിയാന്റിയെ കൂട്ടുകാരികൾ ഓടിവന്ന് കെട്ടിപ്പിടിച്ചു.
‘‘എന്തായി മോളീ?’’ ലീലമ്മ ചോദിച്ചു. മോളിയാന്റി കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു: ‘‘എന്താകാൻ... എന്റെ അവലോസുപൊടി ഇവിടെ പൊടിയും പുകയുമായി!’’
എന്തായാലും, വിയറ്റ്നാമിലെ ആ നീണ്ട ബസ് യാത്രകളിൽ മോളിയാന്റിയുടെ അവലോസുണ്ട ആർക്കും കഴിക്കാൻ കിട്ടിയില്ലെങ്കിലും, നാട്ടിൽ തിരിച്ചെത്തിയ ശേഷം ലേഡീസ് ക്ലബ്ബിൽ പറയാൻ മോളിയാന്റിക്ക് വമ്പനൊരു 'വിയറ്റ്നാം എയർപോർട്ട് ത്രില്ലർ' കഥ സമ്മാനിച്ചാണ് ആ യാത്ര അവസാനിച്ചത്!