ADVERTISEMENT

ചില സഹപ്രവർത്തകരുടെ പെരുമാറ്റം ശരിക്കും അസഹനീയമാണെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? എല്ലാ കാര്യത്തിലും അനാവശ്യമായി ഇടപെടുന്ന മാനേജർ (മൈക്രോമാനേജ്മെന്റ്), പുറമെ ചിരിക്കുകയും എന്നാൽ, പിന്നിലൂടെ കുത്തുകയും ചെയ്യുന്ന സഹപ്രവർത്തകർ... ഇത്തരം സാഹചര്യങ്ങളൊക്കെ ജോലി ചെയ്യുന്ന ഭൂരിപക്ഷം പേർക്കും പരിചിതമായ കാര്യങ്ങളാകും.

സുഹൃത്തുക്കളോട് ഇതേക്കുറിച്ചു പരാതി പറയുന്നതൊക്കെ ആശ്വാസമാണെങ്കിലും, ഇത്തരം ആളുകൾ നമ്മുടെ ക്ഷമ പരീക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. അവർ നമ്മുടെ സമാധാനം തന്നെ ഇല്ലാതാക്കും. ജോലിയിലെ ശ്രദ്ധമാറ്റുകയും കാലക്രമേണ മാനസികാരോഗ്യം തകർക്കുന്നതിലേക്കു നയിക്കുകയും ചെയ്യും.

ADVERTISEMENT

ജോലിയിലെ മികവും മാനസിക സമാധാനവും നഷ്ടപ്പെടുത്താതെ ഇത്തരം ആളുകളെ എങ്ങനെ നേരിടാമെന്നു നോക്കാം.

മനഃശാസ്ത്ര പഠനങ്ങൾ ഇതേക്കുറിച്ച് എന്താണ് പറയുന്നത് എന്നതിനൊപ്പം, എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്ന അഞ്ചു പ്രതിരോധമാർഗങ്ങളും പറയാം. ജോലിസ്ഥലത്തെ കുഴപ്പക്കാരെ പ്രധാനമായും താഴെ പറയുന്ന രീതിയിൽ തരംതിരിക്കാം:

  • ബുൾഡോസർ: മീറ്റിങ്ങുകളിൽ മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ ആധിപത്യം സ്ഥാപിക്കുന്നവർ.
  • ഇരവാദം മുഴക്കുന്നവർ: എപ്പോഴും പരാതി പറയുകയും എന്നാൽ ഒരു ഉത്തരവാദിത്തവും സ്വന്തമായി ഏറ്റെടുക്കാത്തവരും.
  • രഹസ്യമായി പാര വയ്ക്കുന്നവർ: നേരിട്ട് സംസാരിക്കുമ്പോൾ എല്ലാം സമ്മതിക്കുകയും എന്നാൽ, രഹസ്യമായി കുഴി തോണ്ടുകയും ചെയ്യുന്നവർ.
  • എല്ലാം തികഞ്ഞവർ: എല്ലാം തനിക്കറിയാമെന്ന ഭാവം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തീരെ വിലമതിക്കാത്തവർ.
  • മുങ്ങൽ വിദഗ്ധർ: ഏറ്റവും ആവശ്യമുള്ള സമയത്ത് ഒരു മുന്നറിയിപ്പുമില്ലാതെ മുങ്ങുന്നവർ.
ADVERTISEMENT

പഠനങ്ങൾ പറയുന്നത് ഇത്തരം കുഴപ്പക്കാർക്കു വൈകാരിക ബുദ്ധി (Emotional Intelligence), സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ വളരെ കുറവായിരിക്കും എന്നാണ്. അമിതമായ ജോലിഭാരവും വ്യക്തിപരമായ പ്രശ്നങ്ങളും ചിലപ്പോൾ കാരണമായേക്കാം.

ഇത്തരം സാഹചര്യങ്ങളിൽ ഓർക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതാണ്: അവരുടെ ഈ പെരുമാറ്റം അവരുടെ മാത്രം പ്രശ്നമാണ്, നമ്മുടെ കുഴപ്പമല്ല. ഈ തിരിച്ചറിവു കാര്യങ്ങളെ വ്യക്തിപരമായി എടുക്കാതെ, ബുദ്ധിപരമായി നേരിടാൻ സഹായിക്കും.

ADVERTISEMENT

അതിനുള്ള അഞ്ചു വഴികൾ താഴെ നൽകുന്നു:

കാഴ്ചപ്പാട് മാറ്റുക

ഇത്തരം ആളുകളിൽ നിന്നു മോശം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ മനസ്സ് പെട്ടെന്നു പ്രകോപിതമാകും. മറ്റൊരാളുടെ പെരുമാറ്റം ശത്രുതാപരമോ ഭീഷണിപ്പെടുത്തുന്നതോ ആയി തോന്നുമ്പോൾ, നമ്മുടെ തലച്ചോറ് പെട്ടെന്ന് തന്നെ സ്വയം രക്ഷയ്ക്കായുള്ള ‘സർവൈവൽ മോഡിലേക്ക്’ മാറും. ഈ സമയത്തു തലച്ചോറിലെ ‘അമിഗ്ദല’ (amygdala) എന്ന ഭാഗം നിയന്ത്രണം ഏറ്റെടുക്കും.

ഒന്നുകിൽ തിരിച്ചടിക്കാൻ (fight), അല്ലെങ്കിൽ അവിടെനിന്ന് ഓടി രക്ഷപ്പെടാൻ (flight), പേടിച്ചു വിറങ്ങലിച്ചു നിൽക്കാൻ (freeze), അല്ലെങ്കിൽ മറ്റേയാളെ അനുനയിപ്പിച്ച് ഒതുക്കാൻ (fawn) പ്രേരിപ്പിക്കും. ഇത് കാരണം, കാര്യങ്ങളെ പക്വതയോടെ ചിന്തിച്ചു നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ കൃത്യമായി ഉപയോഗിക്കാൻ നമുക്കു കഴിയാതെ വരുന്നു.

എന്നാൽ, ചിന്താഗതിയിൽ വരുത്തുന്ന ചെറിയ മാറ്റം പോലും തലച്ചോറിലെ ഈ ‘അപകട സൈറൺ’ അഥവാ അലാം സിസ്റ്റം ഓഫ് ചെയ്യാൻ സഹായിക്കുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്.

അതിനായി നിങ്ങളുടെ മനസ്സിനെ ഇങ്ങനെ ഒന്നു മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു നോക്കൂ: ‘ഇതെന്നെ ബാധിക്കുന്ന കാര്യമല്ല. ഈ വ്യക്തിക്കു സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതുകൊണ്ട്, ആ ഭാരം എന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്.’

ഈ ചിന്ത നിങ്ങളെ ശാന്തമാകാൻ സഹായിക്കുകയും യുക്തിപൂർവം ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

lifecraftcolumn

ഗ്രേ റോക്കിങ്

നമ്മുടെ ഭാഗത്തുനിന്നുള്ള വൈകാരിക പ്രതികരണങ്ങളാണു പലപ്പോഴും ഇത്തരക്കാർക്കു ആളിപ്പടരാനുള്ള എണ്ണയാകുന്നത്. ദേഷ്യത്തോടെയുള്ള മറുപടി, ഇമെയിലുകളിലെ രൂക്ഷമായ ഭാഷ, പരദൂഷണം എന്നിവ ഒഴിവാക്കുക.

പകരം, തികച്ചും വികാരരഹിത പ്രതികരണ രീതി പരിശീലിക്കുക. ഇതിനെ ‘ഗ്രേ റോക്കിങ്’ (Gray Rocking) എന്ന് വിളിക്കാം. അതായത്, ഒരു കല്ല് പോലെ യാതൊരു വികാരവുമില്ലാതെ പ്രതികരിക്കുക. നമ്മൾ തികച്ചും നിർവികാരമായി നിൽക്കുമ്പോൾ അവർക്ക് നമ്മളിൽ നിന്ന് യാതൊരു ‘ഡ്രാമയും’ കിട്ടാതെ വരും. അതോടെ അവർ താനേ പിന്മാറിക്കൊള്ളും.

കൃത്യമായ അതിരുകൾ നിശ്ചയിക്കുക

അതിരുകൾ നിശ്ചയിക്കുക എന്നതു നമ്മുടെ സമയവും ഊർജവും മാനസികാരോഗ്യവും സംരക്ഷിക്കാനുള്ള കവചമാണ്. ഓഫിസ് അന്തരീക്ഷത്തിൽ വളരെ ശാന്തമായും എന്നാൽ വ്യക്തമായും കാര്യങ്ങൾ പറയാൻ ശീലിക്കുക.

ഉദാഹരണത്തിന്: ‘നമുക്ക് ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കാം, പക്ഷേ, അടുത്ത തവണ കുറഞ്ഞത് 24 മണിക്കൂർ മുൻപെങ്കിലും ഒരു അറിയിപ്പ് തരണം ."
‘നമുക്ക് വിഷയത്തിൽ നിന്നു മാറിപ്പോകാതെ സംസാരിക്കാം, എങ്കിലേ മീറ്റിങ് സമയത്തു തീർക്കാൻ കഴിയൂ.’

‘ജോലി സമയത്തു മാത്രമേ ഞാൻ ഇമെയിലുകൾക്കും മെസേജുകൾക്കും മറുപടി നൽകാറുള്ളൂ.’ ഇതു ദേഷ്യത്തിലല്ലാതെ, വളരെ ശാന്തമായി പറയുക. തർക്കിക്കാനുള്ള അവസരമായി ഇതിനെ മാറ്റരുത്.

എല്ലാം രേഖപ്പെടുത്തി വയ്ക്കുക

സഹപ്രവർത്തകരുടെ പെരുമാറ്റം അതിരുവിടുന്നു എന്ന് തോന്നിയാൽ (ഉദാഹരണത്തിന്: അനാദരവ്, ശല്യം ചെയ്യൽ, ബോധപൂർവം ജോലി തടസ്സപ്പെടുത്തൽ), കാര്യങ്ങൾ രേഖപ്പെടുത്തി വയ്ക്കാൻ തുടങ്ങുക. ഇത് ആരോടും വിളിച്ചു പറയേണ്ടതില്ല.

∙ തീയതിയും സമയവും ∙ എന്താണു സംഭവിച്ചത് അല്ലെങ്കിൽ പറഞ്ഞത് ∙ സംഭവസമയത്ത് ആരെല്ലാം അവിടെ ഉണ്ടായിരുന്നു

∙ഇമെയിലുകൾ അല്ലെങ്കിൽ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ (ഒരു ഫോൾഡറിൽ സൂക്ഷിക്കുക)
ഇതു ഭാവിയിൽ സുരക്ഷിതരായിരിക്കാനുള്ള മുൻകരുതലാണ്. പിന്നീട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഈ തെളിവുകൾ ഉപയോഗിക്കാം.

എപ്പോൾ പിന്മാറണം

നമ്മൾ എത്രയൊക്കെ നന്നായി സംസാരിച്ചാലും, അതിരുകൾ നിശ്ചയിച്ചാലും, വളരെ പക്വതയോടെ പെരുമാറിയാലും ചില ആളുകളെയും സാഹചര്യങ്ങളെയും മാറ്റാൻ കഴിയില്ല. നമ്മുടെ സമാധാനം നഷ്ടപ്പെടുന്നു, അല്ലെങ്കിൽ നമ്മുടെ മൂല്യം അംഗീകരിക്കപ്പെടുന്നില്ല എന്നു തോന്നിയാൽ, മേലധികാരികളെയോ എച്ച്ആർ (HR) വിഭാഗത്തെയോ വിവരമറിയിക്കുക. ആവശ്യമെങ്കിൽ ഡിപാർട്മെന്റ് മാറുന്നതിനെക്കുറിച്ചോ മറ്റൊരു ജോലി കണ്ടെത്തുന്നതിനെക്കുറിച്ചോ ചിന്തിക്കുക.

എല്ലാം സഹിച്ചു മുന്നോട്ടു പോകുന്നതിലല്ല കാര്യം, സ്വന്തം മനസമാധാനത്തിനായി ചില സാഹചര്യങ്ങളിൽ നിന്ന് ധൈര്യപൂർവം പടിയിറങ്ങുന്നതാണു യഥാർഥ കരുത്ത്.

ജോലിസ്ഥലത്തെ ഓരോ വ്യക്തിയെയും മാറ്റാൻ നമുക്ക് കഴിയില്ല. പക്ഷേ, അവരുടെ പെരുമാറ്റം മനസമാധാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാത്ത തരത്തിൽ പ്രതിരോധിക്കാൻ നമുക്ക് കഴിയും. മറ്റുള്ളവരുടെ അപക്വതയ്ക്കു നമ്മൾ ഉത്തരവാദികളല്ല; എന്നാൽ നമ്മുടെ പ്രതികരണങ്ങൾക്കു നമ്മൾ പൂർണ ഉത്തരവാദികളാണ്.∙

Resolving Workplace Issues: Dealing with Problematic Colleagues:

Workplace conflicts arising from difficult colleagues can significantly impact peace of mind and job performance. Understanding that their behavior stems from their own issues, not yours, is crucial for managing these situations. Strategies like changing your perspective, employing 'gray rocking' for emotionless responses, setting clear boundaries, documenting incidents, and knowing when to disengage or escalate are effective. Ultimately, while you can't change others, you can control your reactions to protect your well-being and maintain your self-confidence in challenging professional environments.

ADVERTISEMENT