മുടി നീട്ടി വളർത്തിയ പുരുഷൻമാർ പുതിയ കാഴ്ചയല്ല; ഇപ്പോൾ തീരേ കൗതുകവുമല്ല... പക്ഷേ, അഴകും കരുത്തുമുള്ള ‘കേശഭാര’ത്തിനായി സ്ത്രീകളോളം സമയവും പണവും ചെലവഴിക്കുന്നവർ കുറവാണ്. എന്നാൽ, ഇത്തരം കാര്യങ്ങളിൽ പൊതുവേ ‘ഈസി ഗോയിങ്’ സമീപനമുള്ളവർക്കിടയിൽ വ്യത്യസ്തരാകുന്ന ചില പുരുഷൻമാരുമുണ്ട്. മനോഹരമായ മുടി, കരുത്തോടെയും അഴകോടെയും സംരക്ഷിക്കുന്നതിൽ അൽപ്പം മിനക്കെടാൻ തയാറുള്ള അത്തരമൊരു ‘മുടിയൻ’ ആണ് ഫാദർ സുനിൽ സി ഇ. കപ്പൂച്ചിൻ സന്യാസസഭയിലെ വൈദികനും പ്രശസ്ത സാഹിത്യ – കലാ നിരൂപകനുമായ സുനിൽ സി.ഇ.യുടെ ‘മുഖമുദ്ര’ തോളൊപ്പം നീട്ടി വളർത്തി മനോഹരമായി സംരക്ഷിക്കുന്ന മുടിയാണ്. വെറുതേ നീട്ടി വളർത്തിയിട്ടിരിക്കുകയല്ല, സമയവും പണവും നന്നായി ചെലവഴിച്ചാണ് തന്റെ കേശഭാരം അദ്ദേഹം കാത്തുസൂക്ഷിക്കുന്നത്.
‘‘എന്റെ മുടി പരിപോഷണത്തിന്റെ കാലഘട്ടത്തെ രണ്ടായി വിഭജിക്കാം. ഞാൻ അഞ്ച് സഹോദരങ്ങൾക്ക് താഴെ ആറാമനായി ജനിച്ചതുകൊണ്ടു ചില പരിഗണനകൾ വീട്ടിൽ നിന്നു കിട്ടിയിരുന്നു. അതിലൊന്നായിരുന്നു മുടി വളർത്താനുള്ള സ്വാതന്ത്ര്യം. ചെറുതിലെ തന്നെ മുടി കുറച്ച് സ്‌റ്റൈലിഷായി ഇറക്കി വളർത്തിയിരുന്നു. ഗൃഹാതുരത്വ കാലത്തെ ഹിപ്പി സ്‌റ്റൈൽ എന്നൊക്കെ നാം അതിനെ വിളിച്ചേക്കും. പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ പ്രവേശിച്ചപ്പോൾ ആശങ്കയായി. എന്നാലും ചെറിയ തോതിലൊക്കെ അത് കൊണ്ടുനടന്നു. ഡിഗ്രി, പി. ജി കാലങ്ങളിൽ സാമാന്യം ദൈർഘ്യമുള്ള മുടിയുണ്ടായിരുന്നു. പക്ഷെ കോഴ്‌സ് പൂർത്തിയാക്കി പൗരോഹിത്യ സ്വീകരണ ദിനം അടുത്തപ്പോൾ അധികാരികളുടെ സമ്മർദ്ദത്തെ തുടർന്ന് മുടി മുറിച്ചു. ഇതാണ് മുടി ജീവിതത്തിന്റെ ഒന്നാം അധ്യായം’’.– തന്റെ ഹെയർകെയർ വിശേഷങ്ങൾ സുനിൽ സി.ഇ. ‘വനിത ഓൺലൈനോട്’ പറഞ്ഞു തുടങ്ങിയതിങ്ങനെ.
എണ്ണ തൊട്ടിട്ട് 21 വർഷം
പൗരോഹിത്യ സ്വീകരണത്തിനു ശേഷം ആദ്യ പോസ്‌റ്റിങ് ലഭിക്കുന്നത് നെടുമങ്ങാട് ഒരു ഇടവകയിലാണ്. അവിടെ എത്തി കഴിഞ്ഞപ്പോൾ ആദ്യം എടുത്ത തീരുമാനം മുടി പഴയ മട്ടിൽ പരിപോഷിപ്പിക്കുകയെന്നതാണ്. അതിന് ആദ്യം കണ്ടെത്തിയത് ഒരു മാസം വലിയ മുതൽ മുടക്ക് വരാത്ത ഒരു ജെൻൻറ്സ് ബ്യൂട്ടി പാർലറാണ്. അത് നെടുമങ്ങാടായിരുന്നു.
‘നിങ്ങളുടെ മുടിയിൽ ഓയിൽ കണ്ടൻറ് കൂടുതലുണ്ട്. അതുകൊണ്ട് ഈ മുടിയിൽ എണ്ണ തൊടരുത്’ എന്നായിരുന്നു ബ്യൂട്ടീഷൻ സനീഷിന്റെ ഉപദേശം. മുടിയിൽ എണ്ണ തൊട്ടിട്ട് ഇരുപത്തിയൊന്ന് വർഷമായി. ഇപ്പോൾ തിരുവനന്തപുരം എ. കെ. ജി സെന്ററിനടുത്തുള്ള ‘Veenux’ ൽ ആണ് മുടി പരിപോഷണം നടത്തുന്നത്.
എന്റെ ഹെയർകെയർ ടിപ്സ്
മുടി സംരക്ഷണത്തിനായി ഞാൻ പാലിക്കുന്ന ചില ചിട്ടകളുണ്ട്. ഷാമ്പു ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത്, അതേ ബ്രാൻഡ് കണ്ടീഷണർ ഉപയോഗിക്കുന്നത്, താരൻ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ Selsun പോലെയുള്ള മെഡിക്കേറ്റഡ് ഷാമ്പു ഉപയോഗിക്കുന്നത്, മുടി സ്ട്രെയിറ്റൻ ചെയ്യുന്നത്, അതിന്റെ പരിപോഷണത്തിനായുള്ള ഹെയർ ക്രീമുകൾ ഉപയോഗിക്കുന്നത്, സിറം ഉപയോഗിച്ച് അതിന്റെ ടൈറ്റ്നസ് കുറയ്ക്കുന്നത്...എന്നിങ്ങനെയുള്ള ചിട്ടകൾ തുടരുകയാണ്.
എടീ...
ഈ മുടി കാരണം ജീവിതത്തിൽ രസകരങ്ങളായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ രാത്രികളിൽ സിനിമ കാണാൻ പോകാറുണ്ട്. ഒരു ആക്സിഡന്റിനു ശേഷം കൂടുതലായി ഉപയോഗിക്കുന്നത് ആക്ടീവ പോലെയുള്ള വാഹനങ്ങളാണ്. ചിലപ്പോഴെങ്കിലും കുർത്തയാണ് ധരിക്കുന്നത്. ഒരിക്കൽ രാത്രി സിനിമ കണ്ട് മടങ്ങുമ്പോൾ ഒരു ബൈക്കിൽ രണ്ട് ചെറുപ്പക്കാർ എന്നെ പിന്തുടർന്നു. ഞാൻ സ്ലോഡൗൺ ചെയ്യുമ്പോൾ അവരും അങ്ങനെ ചെയ്തു. ഞാൻ സ്‌പീഡിൽ ഓടിക്കുമ്പോൾ അവരും അങ്ങനെ തന്നെ ചെയ്തു. ഇടയ്ക്ക് എനിക്കൊരു കോൾ വന്നപ്പോൾ ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി, ഫോണെടുക്കാനായി. അവരും എന്റെ പറ്റേ വണ്ടി ഒതുക്കി. ഞാൻ ഹെൽമെറ്റ് ഊരിയപ്പോൾ അവർ വിയർത്തുനാറി. ‘ഓ ആണായിരുന്നോ ?’ എന്നായിരുന്നു അപ്പോൾ അവരുടെ കമൻറ്.
ചിലയിടങ്ങളിൽ ആൺ / പെൺ ഭേദമില്ലാത്ത തിരക്കുകൾ വരുമല്ലോ. അവിടെ ജെൻഡർ ക്യൂ ഉണ്ടാവില്ല. അത്തരം ഇടങ്ങളിൽ (റെയിൽവേ സ്‌റ്റേഷൻ പോലുള്ള) ‘എടീ...’ വിളികൾ ധാരാളം കേട്ടിട്ടുണ്ട്.
ഇത് സ്വാതന്ത്ര്യവുമാണ്
കഴിഞ്ഞ ഇരുപത്തിരണ്ടു വർഷമായി കൃത്യമായി അരിക് കത്രിച്ചും സ്ട്രെയിറ്റൻ ചെയ്തും ഇടയ്ക്കിടെ കെരാറ്റിൻ ട്രീറ്റ്മെൻറ് എടുത്തും മുടി സംരക്ഷിച്ചു വരികയാണ്. ഇപ്പോൾ മനസ്സിലാക്കുന്നു - മുടി അഴകു മാത്രമല്ല, അത് സ്വാതന്ത്ര്യവുമാണ്. ഒരു ഐഡന്റിറ്റിക്കു വേണ്ടിയുള്ള നിർമ്മിത സ്വാതന്ത്ര്യം.
മലയാളത്തിലെ യുവ സാഹിത്യനിരൂപകനും കോളമിസ്റ്റുമാണ് സുനിൽ സി ഇ. സിനിമ, പാട്ട്, സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു തുടർച്ചയായി എഴുതുന്നു. നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 2018 ൽ, സിനിമ ലേഖനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി.