പട്ടാമ്പിക്കാരിയൊരു പെൺകുട്ടി, അനുമോൾ സിനിമയിലും വെബ് സീരീസുകളിലും ഗൗരവമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായപ്പോൾ...
ഒരാഴ്ചത്തെ പട്ടിണി
പ്രതീക്ഷിക്കാതെ സിനിമയിൽ വന്ന്, അറിഞ്ഞും അടുത്തും അതിനെ സ്നേഹിക്കാൻ തുടങ്ങിയ ആളാണു ഞാൻ. എന്റർടെയ്ൻമെന്റ് മാത്രമായി സിനിമയെ കാണാനേ വയ്യ. കല എന്നു തന്നെ പറയണം. എനിക്കു കാണാൻ കഴിയാത്ത ആളുകളെയും സ്ഥലങ്ങളേയുമൊക്കെ കാണുന്നതു സിനിമയിലൂടെയാണ്. അത്തരം കാമ്പുള്ള കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാനും ശ്രമിക്കാറുണ്ട്.
പഠിക്കാനും ജോലിക്കും വീടുവിട്ടു വരാനും വിവാഹം വൈകിപ്പിക്കാനും എല്ലാം പൊരുതിപ്പൊരുതിയാണ് ഞാൻ മുന്നോട്ടു പോന്നത്. ഡാൻസിനു പോകാൻ ഒരാഴ്ച വരെ പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്.
എന്നെക്കാൾ എന്നെ കെയർ ചെയ്യുന്നൊരാളെ കണ്ടെത്തിയാൽ മാത്രമേ വിവാഹം കഴിക്കൂ. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ അതിനു വേണ്ടി പൊരുതുന്ന കഥാപാത്രങ്ങൾ അതുകൊണ്ടു തന്നെ വേഗം കണക്ടാകും.
എന്തും ഏതും കണ്ടന്റല്ല
ഓൺലൈൻ മീഡിയയുടെ ഈ കാലത്തു ചുറ്റുമുള്ള ആളുകളെ സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കാണാനും അവരെ ചേർത്തു പിടിക്കാനും കഴിയുന്ന രീതിയിൽ കുട്ടികൾ വളർന്നു വരണമെന്നു തോന്നാറുണ്ട്.
മുമ്പു പെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കുന്നതാണ് ഏറ്റവും എതിർപ്പു തോന്നിയിട്ടുള്ള കാര്യം. അതു പതിയെ മാറി. സ്വന്തം റൂമിൽ പുതച്ചു മൂടിയിരുന്ന് ഫോണിലൂടെ മറ്റൊരാളെ വേഗത്തിൽ ജഡ്ജ് ചെയ്യാനും വേദനിപ്പിക്കാനും കഴിയുമെങ്കിലും അതു ചെയ്യാതിരിക്കാനുള്ള വിവേകമാണ് ഇന്നത്തെ തലമുറയ്ക്ക് ഏറ്റവും ആവശ്യം.
വേണ്ടാത്തതു വേണ്ടെന്നും വേണമെന്നുള്ളതു വേണമെന്നും തുറന്നു പറയാനുള്ള പ്രാപ്തി എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകണം.
ഭക്ഷണം വേണ്ടെന്നു വച്ച് അഭിനയിച്ചു ജീവിച്ച ദിവസങ്ങൾ
ഇവൻ മേഘരൂപൻ, അകം, വെടിവഴിപാട്, ഞാൻ, പത്മിനി തുടങ്ങി ഓരോ സിനിമയും കരിയറിലെ മൈൽ സ്റ്റോണുകളാണ്. അയലി എന്ന വെബ് സീരീസും അതിനു ശേഷം ഹാർട്ട് ബീറ്റും നല്ല റീച്ച് നേടിത്തന്നു. മരം പെയ്യുമ്പോൾ എന്നൊരു സിനിമ ചെയ്തിരുന്നു. അരുണ ഷാൻബാഗിന്റെ കഥ. വൈകാരികമായി വളരെ സ്വാധീനിച്ച കഥാപാത്രമായിരുന്നു അത്. മുഖം മുഴുവൻ മുറിവുകളും പാടുകളുമൊക്കെയായി മേക്കപ്പിട്ടു വരുത്തും. ഭക്ഷണം പോലും വേണ്ടെന്നു വച്ചിട്ടുണ്ട്. കഥാപാത്രമായി ഞാൻ ഒരുങ്ങിയതു കാണാൻ അമ്മയ്ക്കു സങ്കടമായിരുന്നു. ഏകദേശം പൂർത്തിയാക്കിയെങ്കിലും ആ സിനിമ മുടങ്ങി. വലിയ സങ്കടമായിരുന്നു അത്.
എന്റെ അച്ഛൻ അബ്കാരി കോൺട്രാക്ടറായിരുന്നു. 1995 ലാണ് അദ്ദേഹം മരിച്ചത്. അമ്മ പുറത്തിറങ്ങി കാര്യങ്ങൾ നോക്കി നടത്താൻ പ്രാപ്തിയുള്ള ആളായിരുന്നില്ല. അതുകൊണ്ടു തന്നെ അത്യാവശ്യം നന്നായി സ്ട്രഗിൾ ചെയ്യേണ്ടി വന്നിട്ടുണ്ട്.
പട്ടാമ്പിക്കാരി കൊച്ചിയുടെ തിരക്കുകളിലേക്കു വന്നപ്പോൾ
ഒരുപാടു നല്ല ആൺസുഹൃത്തുക്കളുണ്ടെനിക്ക്. കൊച്ചിയിൽ കാലെടുത്തു വച്ചപ്പോൾ പരിചയപ്പെട്ടയാളാണ് ജെറിറ്റ് വേണുഗോപാൽ. എന്റെ ആത്മാവു പോലെയാണ് അദ്ദേഹം. കൈരളി ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. അരുൺ ഗോകുൽ എന്ന സുഹൃത്തുമുണ്ട്. എന്നെ ഈക്വലായി കാണുന്ന സുഹൃത്തുക്കൾ ഇനിയുമുണ്ട്. എന്തെങ്കിലും പ്രതിസന്ധിയിൽ വിശ്വസിച്ചു സഹായത്തിനു വിളിക്കാൻ കഴിയുന്നവരിൽ ഈ രണ്ടുപേർ എന്തായാലുമുണ്ട്. അനിയത്തി അഞ്ജുവുമായും ഏറ്റവും ആഴത്തിലുള്ള ആത്മബന്ധമാണുള്ളത്. എന്നെ ഏറ്റവും സില്ലിയായി കണ്ടിട്ടുള്ളതും അവളാണ്.
പട്ടാമ്പിയിൽ നടുവട്ടം എന്ന സ്ഥലത്താണ് ജനിച്ചു വളർന്നത്. ഇപ്പോഴും അവിടെയാണ്. ഷൂട്ടിനൊക്കെ വേണ്ടി യാത്ര ചെയ്യുമെന്നേയുള്ളൂ.
യാത്രകൾ ഇഷ്ടമായതുകൊണ്ട് യൂട്യൂബ് ചാനലിലൂടെ അതിന്റെ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. നാട്ടിൽ കൃഷിയും വാടകക്കെട്ടിടങ്ങളുമൊക്കെയാണു പ്രധാന വരുമാനം.