തിരുവനന്തപുരം സ്വദേശിയായ എൻജിനിയർ ജോലിസാധ്യതകൾ തേടി ലിങ്ക്ഡ് ഇന്നിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നിടത്തു നിന്നാണ് ഈ കഥ തുടങ്ങുന്നത്. എല്ലാ ദിവസവും പല കമ്പനികളുടെയും ജോലി ഓഫർ നോട്ടിഫിക്കേഷനുകൾ കണ്ണിലുടക്കുമെങ്കിലും പ്രതീക്ഷിക്കുന്ന ശമ്പളവും ലൊക്കേഷനുമൊന്നും ലഭിക്കാത്തതിനാൽ പലതും വിട്ടുകളഞ്ഞു. ചിലതൊക്കെ അപേക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോയുമില്ല.
അങ്ങനെയിരിക്കെയാണ് ആ പരസ്യം ശ്രദ്ധയിൽപെട്ടത്. വിദേശരാജ്യങ്ങളിലടക്കം നൂറിലേറെ കമ്പനികളുമായി ടൈ അപ് ഉള്ള എച്ച്ആർ ഫേമിന്റെ പരസ്യമാണത്. ഇവരുടെ ക്ലൈയന്റ് കമ്പനികളിലൊന്നിലേക്ക് എൻജിനിയർമാരെ തേടിയുള്ള പരസ്യമായിരുന്നു അത്. മൾട്ടിനാഷനൽ കമ്പനി, കനത്ത ശമ്പളം, തിരുവനന്തപുരത്തെ ലൊക്കേഷൻ, കൂടാതെ ആഴ്ചയിൽ ഇത്ര മണിക്കൂർ ജോലി വേണമെങ്കിൽ വർക് ഫ്രം ഹോം വരെയായി ചെയ്യാവുന്ന ഓപ്ഷനും...
ശരാശരി തൊഴിലന്വേഷകൻ കണ്ണഞ്ചിപ്പിക്കുന്ന ഈ ഓഫറിൽ മയങ്ങിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. യുവാവിന്റെ കഥയിലും അതുതന്നെ സംഭവിച്ചു. പരസ്യത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക് ചെയ്തു ജോലിയുടെ സ്വഭാവവും മറ്റും ഒന്നുകൂടി ഉറപ്പാക്കിയ ശേഷം ഇന്റർവ്യൂവിനു റജിസ്റ്റർ ചെയ്യാനുള്ള ലിങ്കിലും ക്ലിക് ചെയ്തു. വിവരങ്ങൾ ഫിൽ ചെയ്ത ശേഷം റജിസ്ട്രേഷൻ ഫീസായി 1000 രൂപയുമടച്ചു.
വിഡിയോ ഇന്റർവ്യൂ
ഫീസ് അടച്ച ഉടനേ ഇമെയിലിലും ഫോണിലുമൊക്കെ കൺഫർമേഷൻ മെസേജ് വരുകയും ഇന്റർവ്യൂ തിയതി അറിയിക്കാമെന്ന ഉറപ്പും ലഭിച്ചു.
തൊട്ടടുത്ത ആഴ്ചയാണു കഥയുടെ അടുത്ത എപ്പിസോഡ്. ഇന്റർവ്യൂ തീയതി അറിയിച്ചുകൊണ്ടുള്ള ഇമെയിൽ യുവാവിനു ലഭിച്ചു. വിഡിയോ കോൾ ഇന്റർവ്യൂവിൽ പങ്കെടുക്കാനായി കമ്പനി നിർദേശിക്കുന്ന ഇന്റർവ്യൂ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്കും അതിനൊപ്പമുണ്ടായിരുന്നു. ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഡെമോ കോൾ നടത്താനുള്ള സൗകര്യവും എച്ച്ആർ കമ്പനി ചെയ്തിരുന്നു.
ഇന്റർവ്യൂ ദിവസം. പ്രസ്തുത മൾട്ടിനാഷനൽ കമ്പനിയുടെ ഉദ്യോഗസ്ഥർ വിഡിയോ കോളിലൂടെ യുവാവിനെ ഇന്റർവ്യൂ ചെയ്തു. പെർഫോമൻസും യോഗ്യതയുമൊക്കെ അളന്നു ബോധ്യപ്പെട്ട അവർ കോളിനൊടുവിൽ ഓഫർ അറിയിക്കുന്നു. സ്വദേശത്തു മാത്രമല്ല, വിദേശത്തും കമ്പനി പ്രതിനിധിയായി ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടെന്നും അതിനായി പാസ്പോർട് പ്രോസസിങ്ങിനായി നൽകണമെന്നും, വീസയ്ക്കായി അപേക്ഷ നൽകണമെന്നും ആവശ്യപ്പെട്ട ശേഷം കോൾ അവസാനിച്ചു.
പിന്നാലെ അവയുടെ സോഫ്റ്റ് കോപ്പി അയച്ചുനൽകണമെന്നാവശ്യപ്പെട്ട് എച്ച് ആർ വിഭാഗത്തിൽ നിന്നു മെയിലും ലഭിച്ചു. മറുപടിയായി പാസ്പോർട് കോപ്പി, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ അയച്ചുകൊടുത്തു കാത്തിരുന്ന യുവാവിനു കിട്ടിയ മറുപടി, പാസ്പോർട്– വീസ പ്രോസസിങ്ങിനായി 10,000 രൂപ അയക്കണമെന്നാണ്. ആ പണം നൽകി അപ്പോയ്ന്റ്മെന്റ് ലെറ്റർ പ്രതീക്ഷിച്ചു കാത്തിരുന്ന യുവാവിന് ഒരു മാസമായിട്ടും ഒന്നും ലഭിച്ചില്ല.
വിവരമന്വേഷിച്ച് എച്ച് ആർ വിഭാഗത്തിലേക്ക് അയച്ച മെയിലുകൾക്കു മറുപടി ഇല്ലാതായതോടെയാണ് അയാൾക്കു സംശയം തോന്നിയത്.
അപ്പോഴേക്കും ലിങ്ക്ഡ് ഇന്നിലെ എച്ച് ആർ കമ്പനിയുടെ പരസ്യവും അപ്രത്യക്ഷമായിരുന്നു. രണ്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ തട്ടിപ്പിനിരയായെന്നു ബോധ്യമായതോടെയാണ് അയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കെണി ഇങ്ങനെ
വിദേശത്തേക്കു ജോലിക്ക് ഇന്റർവ്യൂ നടത്തിയിട്ടു പണം വാങ്ങി പറ്റിച്ചിരുന്ന പഴയ തട്ടിപ്പുകാരെ ഓർമയില്ലേ. ഇൻസ്റ്റഗ്രാമിലൂടെയും ഫെയ്സ് ബുക്കിലൂടെയും പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കള്ളന്മാരെ കുറിച്ചു കുറച്ചു ലക്കം മുൻപു പറഞ്ഞതു മറന്നില്ലല്ലോ. അ ത്തരം തട്ടിപ്പുകളുടെ ‘ഹൈ പ്രൊഫൈൽ’ വെർഷനാണ് ലിങ്ക്ഡ് ഇൻ ജോലി തട്ടിപ്പ്.
ഏതെങ്കിലും മൾട്ടിനാഷനൽ ക മ്പനി ജോലിക്ക് ആളെ എടുക്കുന്നുണ്ടെങ്കിൽ ആ വിവരം ആദ്യം പ്രത്യക്ഷപ്പെടുക കമ്പനി വെബ്സൈറ്റിലെ കരിയർ / ജോബ്സ് ടാബിനു കീഴിലാകും. അതു ക്രോസ് ചെക്ക് ചെ യ്തുറപ്പിക്കാതെ എച്ച്ആർ കമ്പനി എന്നു പറഞ്ഞെത്തിയവരുടെ വാക്കു വിശ്വസിച്ചതാണു യുവാവ് ചെയ്ത ആദ്യത്തെ തെറ്റ്.
വലിയ കമ്പനികളൊക്കെ ഇന്റർവ്യൂ നടത്താനായി ഉപയോഗിക്കുന്നതു സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന വിഡിയോ കോൾ, മീറ്റിങ് ആപ്പുകൾ മാത്രമാകും. അതിനു വേണ്ടി മാത്രം പുതിയ വിഡിയോ കോ ൾ ആപ്ലിക്കേഷൻ ഉണ്ടാക്കി, അതു ലിങ്ക് വഴി അയച്ചു ഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുന്നതൊക്കെ തട്ടിപ്പുകാർ മാത്രം ചെയ്യുന്ന വളഞ്ഞ വഴിയാണ്.
ലിങ്കിൽ ക്ലിക് ചെയ്ത് ഒരു ആപ്ലിക്കേഷനും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത് എന്ന് ഇപ്പോൾ കൊച്ചു കുട്ടികൾക്കു വരെയറിയാം. പണത്തിനൊപ്പം ഫോണിലെ വിവരങ്ങൾ ചോർത്തി മാനവും നഷ്ടപ്പെടുന്ന ആ തെറ്റാണ് യുവാവ് രണ്ടാമതായി ചെയ്തത്.
മൾട്ടിനാഷനൽ കമ്പനികൾ നടത്തുന്ന ഇന്റർവ്യൂവിനായി റജിസ്ട്രേഷൻ ഫീസ് ഈടാക്കുന്നത് എന്തിന് എന്ന ചിന്ത പോലും വരാതിരുന്നതാണു യുവാവ് മൂന്നാമതായി ചെയ്ത തെറ്റ്. ആയിരക്കണക്കിനു പേർ അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂവിലൂടെ മാത്രം കമ്പനി മാസം തോറും ലക്ഷങ്ങൾ ഉണ്ടാക്കുമല്ലോ എന്ന ചിന്ത പോലും അയാൾക്ക് ഉണ്ടായില്ല.
ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാരുടെ വീസ, പാസ്പോർട്ട് പ്രോസസിങ് എന്നല്ല മെഡിക്കൽ ചെക്കപ് വരെ സ്വന്തം നിലയ്ക്കാണു നടത്തുന്നത്. ഇതിനു സ്വന്തം പോക്കറ്റിലെ പണം വേണ്ടിവരുമെന്നു തെറ്റിദ്ധരിച്ചതാണ് നാലാമത്തെ തെറ്റ്.∙
സൈബർ സേഫ്റ്റി ടിപ്സ്
- വർക് ഫ്രം ഹോം പോലെ നിങ്ങളുടെ സൗകര്യത്തിനു ജോലിയെടുക്കുന്ന ഓപ്ഷനുകളിൽ റെഗുലർ ഓഫിസ് ജോലിയേക്കാൾ കുറഞ്ഞ ശമ്പളമേ കിട്ടൂ എന്ന പൊതുതത്വം ആദ്യമേ മനസ്സിൽ വയ്ക്കുക.
- അധികം മേലനങ്ങാതെ വലിയ വരുമാനം ഉണ്ടാക്കാമെന്ന ചിന്താഗതിക്കാരെയാണ് കെണിയിൽ വീഴ്ത്താനെളുപ്പം. ആ മാനസികനിലയോടെ ജോലി തേടുന്നത് അപകടമാണ്. ഉയർന്ന യോഗ്യതയും കഴിവുമുള്ളവർ പോലും ഇത്തരം കെണികളിൽ വീഴുന്നത് ഈ ചിന്ത കൊണ്ടാണ്.
- ജോലി, പ്രോഡക്ട്, പർച്ചേസ് ഓഫർ സംബന്ധിച്ചു വരുന്ന ലിങ്കുകളിൽ ക്ലിക് ചെയ്യും മുൻപ് ‘WHY’ എന്ന ചോദ്യം ചോദിക്കുക. ഔദ്യോഗിക വെബ്സൈറ്റുകളിൽ ഈ ഓഫറുകളുണ്ടെന്ന് ഉറപ്പാക്കാൻ മറക്കരുത്.
- ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തട്ടിപ്പുകളേക്കാൾ ജോലി തട്ടിപ്പുകൾ ഇപ്പോൾ ലിങ്ക്ഡ് ഇന്നിലൂടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വ്യാജ ജോലി വാഗ്ദാന ട്വീറ്റുകൾ എക്സ് പ്ലാറ്റ്ഫോമിൽ വരെയുണ്ട്. അവയുടെ പിന്നാലെ പോകും മുൻപ് കമ്പനി വെബ്സൈറ്റ് പരിശോധിച്ച് ഓഫർ ശരിയണെന്ന് ഉറപ്പാക്കുക.