ട്രാഫിക് ബ്ലോക്കുള്ള റോഡിൽ സിഗ്നൽ കാത്തുകിടക്കുന്ന ഒരു ഡ്രൈവറെപ്പോലെയായിരുന്നു കുറച്ചുകാലം മുൻപുവരെ ഇന്ത്യൻ വാഹനവിപണി. തിരക്കിട്ടു പോകുമ്പോൾ റെഡ് ലൈറ്റ് തെളിയുന്നതുപോലെ, പ്രതീക്ഷിച്ച വേഗതയെടുക്കാൻ കഴിയാതെ വിപണി ഒന്നു കിതച്ചു.
എന്നാൽ, ആ നിശബ്ദതയിലേക്കാണ് ഒരു ‘മൂളിപ്പാട്ടോടെ’ ഇലക്ട്രിക് വാഹനങ്ങൾ വിപ്ലവകരമായി കടന്നു വന്നത്. ഇവിയുടെ പച്ച നമ്പർ പ്ലേറ്റ് പോലെ പിന്നെ വിപണിയിൽ കണ്ടതെല്ലാം കുതിപ്പിന്റെ ‘ഗ്രീൻ സിഗ്നലുകൾ’ മാത്രമായിരുന്നു.
പരിസ്ഥിതി സൗഹൃദം, പൂജ്യം മലിനീകരണം, പുത്തൻ സാങ്കേതികവിദ്യ തുടങ്ങി ഇലക്ട്രിക്കിന്റെ പച്ചക്കൊടികൾ എണ്ണിയാലൊടുങ്ങില്ല. ഡൽഹി സർക്കാർ പ്രഖ്യാപിച്ച പുതിയ ഇവി പോളിസി 2.0 ഇതിനൊരു ഉദാഹരണമാണ്– വാഹനം രജിസ്റ്റർ ചെയ്താൽ സബ്‌സിഡി തുക 60 ദിവസത്തിനകം അക്കൗണ്ടിലെത്തും; ഒപ്പം റോഡ് നികുതിയും റജിസ്ട്രേഷൻ ഫീസും 100 ശതമാനം ഫ്രീ !
ഡൽഹി മാത്രമല്ല, നമ്മുടെ കേരളവും ഇവി സൗഹൃദ പാതയിലാണ്. റോഡ് നികുതിയിൽ വൻ ഇളവുകളാണു പുതിയ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, ട്രെൻഡറിഞ്ഞ് ഇവിയിലേക്കു മാറാൻ ഇതിലും നല്ലൊരു സമയമില്ല.
കണക്കിലെ 'അതിശയം'
ആഗോളതലത്തിൽ ഇവി വിപണി നടത്തുന്നത് അതിശയിപ്പിക്കുന്ന നിശബ്ദ കുതിപ്പാണ്. ലോകത്ത് ഇന്നു വിൽക്കപ്പെടുന്ന പുതിയ കാറുകളിൽ നാലിലൊന്നും (25 ശതമാനം) ഇലക്ട്രിക് വണ്ടികളാണ്.
ലക്ഷക്കണക്കിന് ഇവികൾ: ഇന്ത്യയിലെ കണക്കുകളും ഒട്ടും പിന്നിലല്ല. കഴിഞ്ഞ ഒരു വർഷത്തിൽ 35 ലക്ഷത്തോളം ഇലക്ട്രിക് വാഹനങ്ങൾ (കാർ, സ്കൂട്ടർ, ഓട്ടോ ഉൾപ്പെടെ) ഇവിടെ വിറ്റഴിക്കപ്പെട്ടു എന്നു കണക്കുകൾ പറയുന്നു.
പ്രീമിയം വിപണിയിലെ കുതിപ്പ്: ലക്ഷ്വറി ഇവി കാറുകളുടെ വിപണിയിൽ 105 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതിൽ ജർമൻ കരുത്തരായ ബിഎംഡബ്ല്യൂ (BMW) ആണ് മുന്നിൽ.
മോഡലുകളുടെ പെരുമഴ: ഈ വർഷം അവസാനത്തോടെ ലോകവിപണിയിലെ ഇവി മോഡലുകളുടെ എണ്ണം 1,100 കടക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മത്സരം കനക്കുന്നതോടെ വണ്ടികളുടെ വില കുറയുമെന്നത് ഉപഭോക്താക്കൾക്ക് ഇരട്ടി മധുരമാണ്.
ഇരമ്പിയാർക്കുന്ന വേഗതയും റീജനറേറ്റീവ് മാജിക്കും
ഇലക്ട്രിക് വണ്ടികൾക്കു വേഗത പോരെന്ന ധാരണയുണ്ടെങ്കിൽ അതങ്ങു മാറ്റിയേക്കൂ. ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കാറുകൾ ഇന്ന് ഇലക്ട്രിക്കാണ്. ‘റിമാക് നെവേര’ (Rimac Nevera) എന്ന ഇ–കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 412 കിലോമീറ്ററാണ്. വെറും 1.81 സെക്ക ൻഡ് കൊണ്ട് ഈ കാർ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് കുതിച്ചെത്തും.
വേഗത കൂടുന്നതുപോലെ തന്നെ ഹരം പിടിപ്പിക്കുന്ന ഒന്നാണ് ഇതിന്റെ വേഗത കുറയുന്ന തന്ത്രവും. നമ്മളൊരു മല കയറുകയാണെന്ന് കരുതുക; എൻജിന്റെ പരമാവധി കരുത്ത് വേണ്ടിവരുന്നതിനാൽ ചാർജ് വേഗത്തിൽ തീരും. എന്നാൽ മലയിറങ്ങുമ്പോൾ കഥ മാറും– ബാറ്ററി തനിയെ ചാർജ് ആകും! ഇതാണ് ഇവികളിലെ റീജനറേറ്റീവ് ബ്രേക്കിങ് സിസ്റ്റം (Regenerative Braking).
റീജനറേറ്റീവ് ബ്രേക്കിങ്: സാധാരണ കാറുകളിൽ ബ്രേക്ക് ചെയ്യുമ്പോൾ ഊർജം ചൂടായി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, ഇലക്ട്രിക് കാറുകളിൽ ബ്രേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന ഘർഷണത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിച്ച് അതു തിരികെ ബാറ്ററിയിലേക്കു വിടുന്നു. അങ്ങനെ മലയിറങ്ങുമ്പോൾ ഇവിയുടെ ചാർജ് കൂടുന്നു!
റോബട്ടിക് കാറുകളും റെക്കോർഡ് യാത്രകളും
ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ റീലുകൾ നമ്മൾ കാണാറുണ്ട്. ഇത്തരം റോബട്ടിക് ടാക്സികളും സ്വയം നിയന്ത്രിത വണ്ടികളും പൂർണമായും ഇലക്ട്രിക്കിലാണു പ്രവർത്തിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന ഈ റോബോ കാറുകൾ യാത്രക്കാരന്റെ ലൊക്കേഷനിലെത്തി, അവരെ പിക്ക് ചെയ്ത്, കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച്, ഡിജിറ്റലായി പണം വാങ്ങി ട്രിപ്പ് അവസാനിപ്പിക്കും.
അമേരിക്കയിലും ചൈനയിലുമൊക്കെ ഇത്തരം റോബോ ടാക്സികൾ ഇന്ന് സജീവമാണ്.
നമ്മുടെ നാട്ടിലും സൈഡ് സ്റ്റാൻഡ് ഇട്ടാൽ എൻജിൻ ഓ ഫാകുന്ന ഇലക്ട്രിക് സ്കൂട്ടറുക ൾ മുതൽ ഇ– സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾ കാണാം.
റേഞ്ച് പേടിയോ? ഈ റെക്കോർഡുകൾ ഞെട്ടിക്കും
ലൂസിഡ് എയർ ഗ്രാൻഡ് ടൂറിങ് (Lucid Air Grand Touring): ഇലക്ട്രിക് കാറുകൾക്കു ദീർഘദൂരം ഓടാൻ കഴിയില്ലെന്ന ധാരണ തിരുത്തിക്കുറിച്ച്, ഈ കാർ സ്വിറ്റ്‌സർലൻഡിൽ നിന്നും ജർമനിയിലെ മ്യൂണിക്ക് വരെ ഒരൊറ്റ ചാർജിൽ സഞ്ചരിച്ചത് 1,205.8 കിലോമീറ്റർ ആണ്.
ഹിമാലയൻ അതിർത്തി കടന്ന് മഹീന്ദ്ര: ഇന്ത്യയിലും നടന്നു സമാനമായൊരു മാസ് പ്രകടനം. ഡൽഹിയിൽ നിന്നാരംഭിച്ചു മഞ്ഞും കുത്തനെയുള്ള കയറ്റങ്ങളുമുള്ള ഹിമാലയൻ മലനിരകൾ താണ്ടി മഹീന്ദ്രയുടെ 10 ഇലക്ട്രിക് എസ്‌യുവികളാണ് ഭൂട്ടാന്റെ തലസ്ഥാനമായ തിംഫു വരെ 2000 കിലോമീറ്റർ വിജയകരമായി ഓടിയെത്തിയത്. ഈ സാഹസികയാത്ര ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി.
ശബ്ദമില്ലാത്ത വണ്ടികൾക്ക് ഇനി ‘ശബ്ദം’ വരും
ഇവിയുടെ പ്രധാന പ്ലസ് പോയിന്റായ ‘നിശബ്ദത’ ചിലപ്പോഴെങ്കിലും കാൽനടയാത്രക്കാർക്കും കാഴ്ചശക്തി കുറഞ്ഞവർക്കും വണ്ടി വരുന്നത് അറിയാൻ കഴിയാത്തതിനാൽ അപകടങ്ങൾക്കു കാരണമാകാറുണ്ട്. എന്നാൽ അതിനും കേന്ദ്ര സർക്കാർ പരിഹാരം കാണുകയാണ്.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കു പ്രത്യേക ശ ബ്ദസംവിധാനം നിർബന്ധമാക്കാൻ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുന്നു. വണ്ടി ഓടുമ്പോൾ ഒരു നിശ്ചിത ശബ്ദം പുറപ്പെടുവിക്കുന്ന അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം (AVAS) പുതിയ വണ്ടികളിൽ ഉടൻ തന്നെ നിർബന്ധമാക്കും.
കേരളത്തിൽ 2030-ഓടെ ഇവികളുടെ എണ്ണം 10.3 ലക്ഷം കടക്കുമെന്നാണ് കെഎസ്ഇബിയുടെ (KSEB) കണക്കുകൂട്ടൽ. ഇതിനനുസരിച്ച് ചാർജിങ് സൗകര്യങ്ങൾ കൂട്ടാൻ കെഎസ്ഇബി ഒരുങ്ങിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ഇ-ഡ്രൈവ്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 335 പൊതു ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ 63.12 കോടി രൂപയുടെ കേന്ദ്ര ഗ്രാന്റും അനുവദിച്ചുകഴിഞ്ഞു.