കെനിഷ ഫ്രാൻസിസ്, മലയാളിക്ക് ഈ പേരു സുപരിചിതമായത് ഈയിടെയാണ്. പാട്ടിലൂടെ ലോകമെമ്പാടുമുള്ള ആരാധക മനം കീഴടക്കിയ കെനിഷ ഇതാ, മലയാളത്തിലേക്കു വരുന്നു.
പാട്ടിലെ സന്തോഷങ്ങളും ജീവിതത്തിലെ അനുഭവങ്ങളും തുറന്നു പറഞ്ഞാണ് കെനിഷ വനിതയ്ക്കൊപ്പം ചേർന്നത്. സോഷ്യൽ മീഡിയ വിവാദങ്ങൾക്കു തെല്ലും മറയില്ലാതെ കെനിഷ മറുപടി പറഞ്ഞു.
മലയാളത്തിന്റെ സന്തോഷത്തിൽ തുടങ്ങാം...
വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ എന്റെ തുടക്കം. പാലക്കാട് പല്ലശ്ശന, മീൻകുളത്തി ക്ഷേത്രത്തിലെ സംഗീതനിശയാണ് ഇതിനു വഴി തുറന്നത്. സ്റ്റേജ് ഇവന്റുകളിൽ മലയാളം പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും റിക്കോർഡിങ്ങിനെത്തിയപ്പോൾ വട്ടം ചുറ്റിപ്പോയി. ഉച്ചാരണം ശരിയാക്കാൻ ത ന്നെ മണിക്കൂറുകൾ വേണ്ടി വന്നു. എങ്കിലും ഒരു കാര്യം ഉറപ്പു പറയാം, ഈ പാട്ടു കേട്ടാൽ വർഷങ്ങളായി മലയാളമറിയുന്ന ഒരാൾ പാടിയതാണെന്നേ നിങ്ങൾക്കു തോന്നൂ.
സംഗീതം സ്വയം തിരഞ്ഞെടുത്തതാണോ ?
അച്ഛൻ ജോസഫ് ഫ്രാൻസിസ് ആഫ്രിക്കൻ വംശജനാണ്. കെനിയയിലാണ് ഞാൻ ജനിച്ചതും 10 വയസ്സു വരെ വളർന്നതും. പിന്നീട് അമ്മ ലൂസിയുടെ നാടായ ബെംഗളൂരുവിലേക്ക് എത്തി.
ക്രിസ്ത്യൻ കുടുംബമായതു കൊണ്ടും ആഫ്രിക്കൻ രക്തം ഉള്ളിലുള്ളതു കൊണ്ടും പാട്ടും നൃത്തവും ഒപ്പമുണ്ടായിരുന്നു. അച്ഛനുമമ്മയും നന്നായി പാടും. പള്ളി ക്വയറിൽ ഞാനുണ്ടായിരുന്നു. അന്നു പക്ഷേ, പാട്ടു പഠിച്ചിട്ടില്ല. ആ വഴിയിലേക്ക് തനിയെ എത്തിയതാണ്.
10 വർഷത്തിനു ശേഷം ലണ്ടനിലേക്കും ലൊസാഞ്ചലസ്സിലേക്കും പറന്നു. മ്യൂസിക്കൽ തിയറ്ററും സൈക്കോളജി പഠനവും അവിടെയായിരുന്നു. പിന്നെ, കുറച്ചു നാൾ മുംബൈയി ൽ. ചെന്നൈയിൽ എത്തിയിട്ട് രണ്ടു വർഷമാകുന്നേയുള്ളൂ. പാട്ടു പാടി, നാടു ചുറ്റി പുതിയ ആളുകളെ പരിചയപ്പെട്ടു ജീവിക്കുന്നതാണു സംഗീതം തന്ന മറ്റൊരു ഭാഗ്യം.
ആദ്യത്തെ സ്റ്റേജ് ഷോ ?
ബാല്യവും കൗമാരവും നിറം മങ്ങിയ ഓർമകളാണ്. അച്ഛനുമമ്മയും സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ബെംഗളൂരുവിലെ ഒരു കമ്പനിയിൽ വോയിസ് & ആക്സന്റ് ട്രെയിനറായി എനിക്കു ജോലി ലഭിച്ചെങ്കിലും മുന്നോട്ടു പോകാൻ ആ വരുമാനം മതിയാകുമായിരുന്നില്ല. അങ്ങനെയിരിക്കെ പള്ളി ക്വയറിലെ ഒരു സുഹൃത്ത് കോഫി ഷോപ്പിൽ പാടാൻ അവസരമുണ്ടെന്നു പറഞ്ഞു. അതാണ് എന്റെ ആദ്യ വേദി.
പിന്നീട് പബ്ബിലും ഫൈവ് സ്റ്റാർ ഹോട്ടലിലും പാടാൻ ഓഫർ കിട്ടി. സംഗീതം തന്ന അടിത്തറയുടെ മൂല്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. പാടിത്തുടങ്ങിയ കാലത്ത് ഒരു ദിവസത്തെ എന്റെ പ്രതിഫലം 500 രൂപയാണ്. ഒരു മ്യൂസിക് ബാൻഡ് ഷോയ്ക്ക് ഇപ്പോഴെന്റെ പ്രതിഫലം പല ലക്ഷങ്ങളും.
നിറം മങ്ങിയ കാലമാണോ ഹീലിങ് തെറപ്പിയിലെത്തിച്ചത് ?
ഒരിക്കൽ ഫ്ലൈറ്റിൽ യാത്ര ചെയ്യുകയാണ്. തൊട്ടടുത്ത് വാടിയ മുഖവുമായി ഒരു പയ്യനിരിക്കുന്നുണ്ട്. അൽപസമയം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, ‘എന്താണെന്ന് അറിയില്ല, എനിക്കു നിങ്ങളോടു സംസാരിക്കാൻ തോന്നുന്നു’. ആ യാത്രയിലുടനീളം അവന്റെ സങ്കടങ്ങളും ഉത്കണ്ഠയും ഞാൻ കേട്ടിരുന്നു. ഇത്തരം അനുഭവങ്ങൾ ഏറെയുണ്ട്. എന്നിലേക്കു വരുന്നവരെ ആശ്വസിപ്പിക്കാനുള്ള വഴി കൂടിയാണ് ഹീലിങ് തെറപ്പി. കോവിഡ് കാലത്തു മാനസികപ്രയാസങ്ങൾ നേരിടുന്നവർക്കായി ഒരു സ്റ്റാർട് അപ്പും തുടങ്ങി.
റെയ്ക്കി ഹീലിങ്, കാർമിക് ഹീലിങ്, വൂണ്ട് ഹീലിങ്, എനർജി വാസ്തു, ന്യൂമറോളജി തുടങ്ങിയ മേഖലകളിൽ അനുഭവസമ്പത്തുണ്ട്. 14 തരം ഹീലിങ് പരിശീലിച്ചിട്ടുമുണ്ട്.
തമിഴ് ഹീറോ രവി മോഹനുമായി ചേർത്താണ് കെനിഷയുടെ പേര് ഈയിടെ ശ്രദ്ധ നേടിയത്...
പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വൽ ഹീലർ എന്നീ വ്യക്തിത്വങ്ങളിൽ അറിയപ്പെടുന്ന ആളാണു ഞാൻ. 700 ഓളം സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ പലരും നൽകിയ മേൽവിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റീസ് സുഹൃത്തുക്കളായുണ്ട്. അവരെ നിങ്ങൾക്കറിയില്ല എന്നേയുള്ളൂ.
രവി മോഹൻ എനിക്കെല്ലാമാണ്, എന്നാൽ, എന്റെയാരുമല്ല താനും. ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീടു മാനസികപ്രയാസങ്ങളിൽ പ്രഫഷനൽ സഹായം തേടി എന്നെ സമീപിച്ചു. അതു സൗഹൃദമായി വളർന്നു.
അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നു എന്നു മനസ്സിലായപ്പോഴാണു നിശബ്ദമായിരിക്കാം എന്നു തീരുമാനിച്ചത്. ഒന്നിച്ച് ഒരു വെൽനസ് ഹീലിങ് സെന്റർ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.
ഐ ബോണ്‍ ഇൻ ലൈറ്റ്, ഐ ലിവ് ഇൻ ലൈറ്റ്, ഐ ഗിവ് ലൈറ്റ്... ഏത് ഇവിൽ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളൂ...
സോഷ്യൽ മീഡിയ ഉപേക്ഷിച്ചോ?
‘കെനീഷ ഹു’ എന്ന ചോദ്യത്തിനുത്തരമായിരുന്നു എന്റെ അക്കൗണ്ട്. ഈയടുത്താണു സമൂഹമാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുൻവിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയിൽ നിൽക്കാൻ എനിക്കു പ്രയാസമാണ്. അതുകൊണ്ടു ബ്രേക് എടുത്തു. പക്ഷേ, സോഷ്യൽ മീഡിയയിലേക്കു തിരിച്ചു വരും, പുതിയ പാട്ടുമായി.
എന്റെ അമ്മ പണ്ടു പറഞ്ഞിട്ടുണ്ട്, ഒരാളെ പരിചയപ്പെടുന്ന ആദ്യ പത്തു സെക്കൻഡിൽ അവരുടെ മൂന്നു നല്ല കാര്യങ്ങൾ കണ്ടെത്തുക. അതിനുശേഷം മാത്രം അവരെ കുറിച്ച് അഭിപ്രായം പറയുക. ഈ രീതി സോഷ്യൽ മീഡിയയിലാണ് എല്ലാവരും പിന്തുടരേണ്ടത് എന്നു തോന്നുന്നു.
ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോടു പറയാനുള്ളത് ?
23ാം വയസ്സിൽ അമ്മയേയും 27ാം വയസ്സിൽ അച്ഛനെയും നഷ്ടമായ വ്യക്തിയാണു ഞാൻ. 18ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് എന്നെ പല തരത്തിൽ ഉപദ്രവിക്കുമായിരുന്നു. ഗർഭകാലത്തു ഡംബൽ വച്ച് എന്റെ വയറിനിടിച്ചു. എനിക്കന്ന് 19 വയസ്സേയുള്ളൂ. വേദനിച്ചു കരഞ്ഞപ്പോൾ നേരം വെളുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിലെ തെരുവിലേക്കു വലിച്ചെറിഞ്ഞു. ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല. പ്രായമായ മാതാപിതാക്കൾ വന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാൻ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളിൽ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്നേഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാൻ എന്നെപ്പോലുള്ളവരുണ്ട് എന്നുമോർക്കുക.
കെനിഷയെ ഹീൽ ചെയ്യുന്നത് ?
ഭക്ഷണം. എന്നെ സന്തോഷിപ്പിക്കാൻ നല്ല ഭക്ഷണം വാങ്ങിത്തന്നാൽ മതി. അധികം സ്പൈസിയാകുന്നത് ഇഷ്ടമല്ല. കേരളത്തിൽ എ ന്റെ ഫേവറിറ്റ് എന്തെന്നോ... കഞ്ഞി, ചമ്മന്തി, മത്തി ഫ്രൈ.
ഇപ്പോൾ മാനിഫെസ്റ്റ് ചെയ്യുന്നത് എന്താണ് ?
ഈ ജീവിതം എന്റെ മാനിഫെസ്റ്റേഷനാണ്. ഹീലിങ് തെറപ്പി, ഫിലിം പ്രൊഡക്‌ഷൻ, സാരി ബിസിനസ്... തിരക്കിലാണിപ്പോൾ. സിനിമയാണ് ഇനി മുന്നിൽ.
ബിഗസ്റ്റ് ഫ്രീക്കിങ് ബിസിനസ് വുമൻ ആകണം, എല്ലാവരും ഇഷ്ടപ്പെടുന്ന ശബ്ദമാകണം. ഒപ്പം ഏവർക്കും തുണയാകുന്ന നല്ലൊരു മനുഷ്യനായി തുടരണം. ഈ കാര്യങ്ങളാണ് ഇ പ്പോൾ മാനിഫെസ്റ്റ് ചെയ്യുന്നത്.