ADVERTISEMENT

ബെംഗളൂരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലയാളി യുവതിക്ക് ചികിത്സാച്ചെലവ് നൽകുന്നതിൽ വീഴ്ച. കോഴിക്കോട് സ്വദേശിനിയായ സാനി കൃഷ്ണയ്ക്കാണ് (32) യാത്രയ്ക്കിടെ പരുക്കേറ്റത്. യാത്രാമധ്യേ ബൈക്ക് ഡ്രൈവർ അശ്രദ്ധമായി ട്രാക്ടര്‍ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ തെറിച്ചുവീണ സാനി കൃഷ്ണയുടെ ശരീരത്തിലൂടെ ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു.

ജൂൺ 17നു ഓഫിസിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ യുവതിയുടെ ഏഴു വാരിയെല്ലുകൾ ഒടി​ഞ്ഞു. പ്ലീഹ നീക്കം ചെയ്യുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്കും, മുഖത്ത് പ്ലാസ്റ്റിക് സർജറിക്കും വിധേയയാകേണ്ടി വന്നു. റാപ്പിഡോ കമ്പനിയുടെ ഭാഗത്ത് നിന്നും നഷ്ടപരിഹാരം ലഭിക്കാതെ വന്നതോടെ സാനി കൃഷ്ണ വക്കീൽ നോട്ടീസ് അയച്ചിരുന്നു. 

ADVERTISEMENT

കമ്പനി സാനിയെ സഹായിച്ചെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാൽ റാപ്പിഡോ കമ്പനി ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി സാനി കൃഷ്ണ രംഗത്തുവന്നു. ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. 

"ഈ അവസ്ഥയിൽ ക്യാമറയ്ക്ക് മുന്നിൽ വരാൻ യാതൊരു താല്പര്യവുമില്ലായിരുന്നു. എന്നാൽ റാപ്പിഡോ എന്നെ സഹായിക്കുന്നുണ്ട് എന്ന് പറഞ്ഞ് ഇന്റർനെറ്റിൽ മുഴുവൻ വരുന്ന വാർത്തകൾ കണ്ടപ്പോഴാണ്, വേറെ വഴിയില്ലാതെ ഇങ്ങനെ വന്ന് സംസാരിക്കേണ്ടി വന്നത്. ചികിത്സാ ചിലവുകള്‍ മുഴുവൻ അവർ നോക്കുന്നുണ്ടെന്നും, ഹോസ്പിറ്റലിൽ വന്ന് നേരിട്ട് കണ്ടു എന്നുമൊക്കെ റാപ്പിഡോ പല മാധ്യമങ്ങളോടും പറയുന്നത് പച്ചക്കള്ളമാണ്. 

ADVERTISEMENT

യഥാർഥത്തിൽ ഇന്നുവരെ റാപ്പിഡോയിൽ നിന്ന് ഒരു രൂപ പോലും സാമ്പത്തിക സഹായം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം. അവരുടെ ഏക ഓഫര്‍ ഒരു മൈക്രോ ഇന്‍ഷുറന്‍സ് ആപ്പുമായി പോയി ഫൈറ്റ് ചെയ്യാൻ വക്കീലിനോട് പറയുക എന്നത് മാത്രമായിരുന്നു. സ്വന്തം ഭാഗത്തുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൂർണ്ണമായും കൈ കഴുകാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. നേരിട്ട് ഒരു സഹായവും നല്‍കാതെ പ്രസ്താവന ഇറക്കുന്നത് അവരുടെ മുഖം നന്നാക്കിയെടുക്കാൻ വേണ്ടി മാത്രമുള്ള വെറുമൊരു നാടകമാണ്.

സ്വന്തം പ്ലാറ്റ്‌ഫോമിൽ യാത്ര ചെയ്ത് ജീവിതം തകർന്ന ഒരാളെ ആത്മാർഥമായി സഹായിക്കാൻ അവർക്ക് യാതൊരു ഉദ്ദേശവുമില്ല. ഇതുവരെ ചികില്‍സയ്ക്കായി ലക്ഷങ്ങള്‍ ചെലവിട്ടു. ഇതുമുഴുവന്‍  ഞാനും കുടുംബവും തന്നെയാണ് കണ്ടെത്തിയത്. റാപ്പിഡോയ്ക്ക് സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സ്വീകരിക്കും. പക്ഷെ, ആ സഹായം വെറും പ്രസ്താവനയിൽ മാത്രം ഒതുങ്ങാതെ ആവശ്യമുള്ള ആളുടെ കൈകളിൽ എത്തണം.

ADVERTISEMENT

ഈ സമയത്ത് ശരിക്കും വേണ്ടത് വിശ്രമം ആണ്. വേഗം സുഖം പ്രാപിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യത്തിനു വേണ്ടി പോരാടുന്നതിനൊപ്പം തന്നെ സത്യങ്ങൾ തെളിയിക്കാൻ വേണ്ടി നിർബന്ധിതയാവുകയാണ്. ഒരുമിച്ചു രണ്ടു കാര്യങ്ങളും ചെയ്യാൻ കഴിയില്ല. വീണ്ടും ഇതുപോലൊരു വിഡിയോയുമായി വരേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുന്നു."- സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയില്‍ സാനി കൃഷ്ണ പറഞ്ഞു. 

Rapido Denies Compensation to Severely Injured Passenger:

Rapido bike taxi, accident victim Sani Krishna, who suffered severe injuries in Bengaluru, has revealed that the company has failed to provide her with adequate medical expense coverage. The 32-year-old Kozhikode native was thrown from the bike and run over by a tractor due to the driver's negligent attempt to overtake. Despite Rapido claiming to have assisted her, Krishna stated she has received no financial compensation. She is now forced to speak out to counter false reports and is seeking genuine support for her extensive medical treatment. The company's offer to fight with a micro-insurance app highlights their attempt to evade responsibility.

ADVERTISEMENT