ആരോഗ്യകരമായ സ്ത്രീ ജീവിതത്തിന്റെ അടിത്തറ കൗമാരപ്രായത്തിൽ തന്നെ തുടങ്ങുന്നു ശരിയായ ഭക്ഷണക്രമം, വ്യായാമം, ശുചിത്വം, മാനസികാരോഗ്യം എന്നിവയ്ക്ക് ഈ കാലഘട്ടം മുതൽ പ്രാധാന്യം നൽകിയാൽ ഭാവിയിൽ പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ കഴിയും. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ പതിവായ ആരോഗ്യപരിശോധനകൾ എത്രത്തോളം സഹായിക്കും ആരോഗ്യ സംരക്ഷണത്തിനായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നതിനെക്കുറിച്ച് കൊച്ചി വിജയലക്ഷ്മി മെഡിക്കൽ സെന്ററിന്റെ മാനേജിങ് ഡയറക്ടർ ഡോ. ദീപക് ഗോപകുമാർ പറയുന്നു.
പീരിയോഡിക്കൽ ചെക്കപ്പ്സ് എന്തിന് ?
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പതിവായ ആരോഗ്യപരിശോധനകൾക്ക് വളരെ വലിയ പങ്കുണ്ട്. പല രോഗങ്ങളും പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങളില്ലാതെ ആരംഭിക്കാം. കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനകളിലൂടെ രോഗങ്ങൾ നേരത്തേ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും സാധിക്കും. ഇതിലൂടെ ചികിത്സയുടെ വിജയസാധ്യത വർധിക്കുകയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യുന്നു.
എന്നാൽ പരിശോധനകൾ മാത്രം പോരാ. സമ്മർദ്ദനിയന്ത്രണം (Stress Management), മതിയായ ഉറക്കം (Sleep), സ്ഥിരമായ വ്യായാമം (Exercise), മാനസികാരോഗ്യം (Mental Well-being) എന്നിവയും സ്ത്രീകളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്.
ആരോഗ്യസംരക്ഷണത്തിലേക്കുള്ള താക്കോലുകളെ അറിയാം
സമ്മർദ്ദനിയന്ത്രണം (Stress Management)
ദിവസവും 10–15 മിനിറ്റ് ധ്യാനം, യോഗ, അല്ലെങ്കിൽ ശ്വസന വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ മികച്ച രീതിയിൽ സമ്മർദ്ദങ്ങളെ നിയന്ത്രിക്കാൻ കഴിയും. ജോലിയും കുടുംബജീവിതവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കുക, ഇഷ്ടപ്പെട്ട ഹോബികൾക്ക് സമയം കണ്ടെത്തുക.
അമിത സമ്മർദ്ദം അനുഭവപ്പെടുമ്പോൾ കൗൺസിലറുടെയോ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടുക എന്നിവ ചെയ്യണം.
ഉറക്കം (Sleep)
ദിവസവും 7–9 മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ആരോഗ്യത്തിനായി ചെയ്യുന്ന ഏറ്റവും മികച്ച നിക്ഷേപമാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുക.ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ സ്ക്രീനുകളുടെ ഉപയോഗം കുറയ്ക്കുക. വൈകുന്നേരങ്ങളിൽ അമിതമായ കഫീൻ ഉപയോഗം ഒഴിവാക്കുക.
വ്യായാമം (Exercise)
ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായി വ്യായാമം ചെയ്താൽ ആരോഗ്യജീവിതത്തിലേക്കുള്ള മികച്ച ചുവടുവയ്പ്പായി. വേഗത്തിലുള്ള നടത്തം, സൈക്ലിങ്ങ്, നീന്തൽ, യോഗ തുടങ്ങിയവ ഉൾപ്പെടുത്താം. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമങ്ങൾ ചെയ്യുക. ദീർഘനേരം ഇരിക്കുന്ന ശീലം കുറയ്ക്കുക.
മാനസികാരോഗ്യം (Mental Well-being)
മാനസികാരോഗ്യത്തിനായി തെറപ്പി എടുക്കുക എന്നത് ഇന്നും സ്വാഭാവികമായ ആരോഗ്യാവശ്യമായി മനസ്സിലാക്കാത്ത സമൂഹമാണ് നമ്മളുടേത്. നല്ല ഉപദേശങ്ങൾ നൽകുകയാണ് മെന്റൽ തെറപ്പി എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ശാസ്ത്രീയമായി മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ ഒരു തെറാപ്പിസ്റ്റിന് നൽകാൻ കഴിയും. മാനസിക രോഗത്തിനല്ലാതെ മാനസികാരോഗ്യത്തിനായി മാനസികാരോഗ്യ വിദഗ്‌ധനെ കാണുന്ന ശീലം നമ്മൾ വളർത്തിയെടുക്കേണ്ടതുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം നിലനിർത്തുക.സ്വന്തം വികാരങ്ങൾ തുറന്ന് പങ്കുവയ്ക്കുക. ഉത്കണ്ഠ, വിഷാദം, നിരന്തരമായ മാനസിക ബുദ്ധിമുട്ടുകൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ ചികിത്സ തേടാൻ മടിക്കാതിരിക്കുക എന്നിവ അത്യാവശ്യമാണ്.
സ്ത്രീകൾ പതിവായി ചെയ്യേണ്ട ആരോഗ്യ പരിശോധനകൾ
∙ രക്തസമ്മർദ്ദം
∙ രക്തത്തിലെ പഞ്ചസാര
∙ കൊളസ്‌ട്രോൾ പരിശോധന
∙ തൈറോയ്ഡ് പരിശോധന (ആവശ്യമെങ്കിൽ)
∙ ഗർഭാശയമുഖ കാൻസർ പരിശോധന (Pap Smear)
∙ സ്തനപരിശോധനയും
∙ ഹീമോഗ്ലോബിൻ, വിറ്റാമിൻ D, B12 തുടങ്ങിയ പരിശോധനകൾ (ഡോക്ടറുടെ നിർദേശപ്രകാരം)
സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാൻ പതിവായ ആരോഗ്യപരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും ഒരുപോലെ പ്രധാനമാണ്. നേരത്തെയുള്ള രോഗനിർണയം, സമ്മർദ്ദനിയന്ത്രണം, നല്ല ഉറക്കം, സ്ഥിരമായ വ്യായാമം, മാനസികാരോഗ്യ സംരക്ഷണം സമീകൃതമായ ഭക്ഷണശീലം എന്നിവ ചേർന്നാൽ ആരോഗ്യകരവും സജീവവുമായ ജീവിതം നയിക്കാൻ സാധിക്കും.